വേദിയിൽ മുഴങ്ങുന്ന നാദനിർഘോഷവും കുലീനമായ നീലപ്പെൻസിലും
text_fields''പ്രാചിയുടെ ചേതനയിൽ അതാ
ഒരു ഗാനസൂനം വിരിയുന്നു:
'അപ്നീ മില്ലത്ത് പർ ഖിയാസ്
അഖ്വാമെ മഗ്രിബ് സേ ന കർ
ഖാസ് ഹേ തർകീബ് മേ
ഖൗേമ റസൂേല ഹാശിമി
ഉൻകീ ജംഇയ്യത്ത് കഹീൻ
മുൽകോ നസബ് പർ ഇൻഹിസാർ
ഖുവ്വത്തെ മദ്ഹബ് സെ മുസ്തഹ്കം
ഹേ ജംഇയ്യത്ത് തെരീ''
(പാശ്ചാത്യരുമായി സ്വന്തം സമുദായത്തെ
താരതമ്യപ്പെടുത്താതിരിക്കുക.
ഘടനയിൽ സവിശേഷമാണ്
ഹാശിം ഗോത്രത്തിലെ
ദൈവദൂതന്റെ ജനം
അവരുടെ സംഘം ഒരിടത്തും
ദേശഗോത്രങ്ങളിൽ ഒതുങ്ങുന്നവരല്ല
മതത്തിെൻറ ശക്തിയാൽ നിർഭരം
നിെൻറ സംഘം സുഭദ്രം).
വേദിയിൽ മുഴങ്ങുന്ന ആ നാദനിർഘോഷം പതിറ്റാണ്ടുകൾ താണ്ടി ഇന്നും കാതിൽ അലതല്ലുന്നു. കാസർകോട് ആലിയ കോളജിെൻറ വാർഷിക സമ്മേളനത്തിൽ, വിദേശപ്രതിനിധികൾ നിറഞ്ഞ സ്റ്റേജിൽ നിശ്ശബ്ദം സാകൂതം ചെവികൂർപ്പിച്ച് കേൾക്കുന്ന ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് ടി.കെ. അബ്ദുല്ല സാഹിബ് പ്രസംഗിക്കുകയാണ്. അമ്പതിലേറെ ആണ്ടുകൾ പിന്നിട്ടിട്ടും ആ വാഗ്ധോരണി ഓർമയിൽ ഓളംവെട്ടുന്നു. കാരണമുണ്ട്; പ്രഭാഷണം ഒരു കലയാണെങ്കിൽ അതിന്റെ മൂർത്തമായ ഉദാഹരണമായിരുന്നു ടി.കെ. അക്കാലത്തെ വ്യത്യസ്തരായ എണ്ണംപറഞ്ഞ പ്രഭാഷകരിലൊരാൾ.
രാഷ്ട്രീയവേദിയിൽ സി.എച്ച്. മുഹമ്മദ് കോയയും പി.പി. ഉമ്മർകോയയും സാഹിത്യ സാംസ്കാരിക വേദികളിൽ സുകുമാർ അഴീക്കോടും തിളങ്ങിനിന്നപ്പോൾ ടി.കെ മറ്റൊരു തലത്തിൽ പ്രസംഗവേദിയിലെ ക്രൗഡ് പുള്ളറായി. രൂക്ഷപരിഹാസത്തിന്റെ ഭാഷാലീലയായിരുന്നു സി.എച്ചിന്റെ കൈമുതൽ. മർമത്തിൽ കൊള്ളുന്ന നർമം ടി.കെയുടെയും ആയുധമാണ്. സി.എച്ചിൽനിന്ന് ഭിന്നമായി, ടി.കെയുടെ സൗമ്യമധുരമായ നർമം പൊട്ടിച്ചിരിപ്പിക്കുകയല്ല; ഒരു മന്ദസ്മിതത്തിലേക്ക് നയിച്ച് ഉറക്കെ ചിന്തിപ്പിക്കുകയാണ് ചെയ്യുക.
1982 നവംബറിൽ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി ഫിലിം ഡൽഹിയിൽ പുറത്തിറങ്ങിയ കാലം. ബെൻ കിങ്സ്ലിയാണല്ലോ അതിൽ ഗാന്ധിവേഷമിട്ടത്. 1983ൽ മലപ്പുറത്തെ ദഅ്വത്ത് നഗറിൽ ചേർന്ന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമ്മേളനത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയാപചയത്തെ ചിത്രീകരിക്കവെ പ്രസംഗത്തിൽ ഗാന്ധി കയറിവന്നു.
'ഗാന്ധിജിയായി അഭിനയിക്കാൻപോലും ആളില്ലാതെ വിദേശത്തുനിന്ന് കടംവാങ്ങേണ്ട ഗതികേടിലാണ് ഇപ്പോൾ നമ്മുടെ രാജ്യം.' മറ്റൊരിക്കൽ, ബിഹാറിലെ പൊലീസ്, തടുവുപുള്ളികളുടെ കണ്ണ് ചൂഴ്ന്ന വാർത്ത പത്രങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ 'മനുഷ്യത്വത്തിന്റെ കണ്ണ് നഷ്ടപ്പെട്ട ബിഹാറിലെ പൊലീസിന് ആ കണ്ണ് നൽകാൻ പ്രാപ്തമായ ഒരു സന്ദേശത്തിനുവേണ്ടി ദാഹിക്കുകയാണ് നമ്മുടെ രാജ്യം...' എന്നിങ്ങനെ പോയി ടി.കെയുടെ പ്രസംഗം. ഇത്തരം എമ്പാടും ഉദ്ധരണികൾ ആ പ്രഭാഷണങ്ങളിൽനിന്ന് ഓർത്തെടുക്കാൻ കഴിയും. തികച്ചും കാലികമാണെന്നതായിരുന്നു അവയുടെ എടുത്തോതേണ്ട പ്രത്യേകത.
രാഷ്ട്രീയം അതിന്റെ അകക്കാമ്പായി സ്പന്ദിച്ചുകൊണ്ടിരിക്കും. ഇഖ്ബാലിെൻറ ദാർശനികഗരിമയാർന്ന വരികളും അക്ബർ ഇലാഹാബാദിയുടെ ഹാസ്യരസം തുളുമ്പുന്ന പദ്യശകലങ്ങളും അനർഗളമായ ആ വാക് പ്രവാഹത്തിന് അകമ്പടിയായെത്തും. ഭാഷയുടെ ലാവണ്യവും വാക്കുകളുടെ മഞ്ജുള വിന്യാസവും ശരിക്കും കർണപീയൂഷമായിത്തന്നെ നമുക്ക് അനുഭവപ്പെടും.പ്രസംഗത്തെയും കവച്ചുവെക്കുന്നതാണ് ടി.കെയുടെ പഠന ക്ലാസുകൾ. സന്ദർഭോചിതമായ നർമോക്തികളും മനസ്സിൽ തറക്കുന്ന ഉദാഹരണങ്ങളും കൊണ്ട്, പ്രമേയമേതുമാകട്ടെ, സദസ്സിനെ ജ്ഞാനസ്നാനം ചെയ്തേ ആ ക്ലാസുകൾ അവസാനിക്കൂ.
പാരമ്പര്യവും ആധുനികതയും
യാഥാസ്ഥിതികമായ ഒരു ഗൃഹാന്തരീക്ഷത്തിലാണ് ടി.കെ വളർന്നത്. പിതാവ് തറക്കണ്ടി അബ്ദുറഹ്മാൻ മുസ്ലിയാർ അക്കാലത്തെ അറിയപ്പെടുന്ന സുന്നി പണ്ഡിതനും ആത്മീയ നേതാവുമായിരുന്നു. വലിയ്യിനെ േപാലെയാണ് ജനങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നത്. എങ്കിലും, പക്ഷപാത ബുദ്ധിയല്ലാത്ത അേദ്ദഹത്തിന്റെ ലൈബ്രറിയിൽ മക്തി തങ്ങളുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന 'ഇശാഅത്ത്' തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ കണ്ടതായി ടി.കെ തന്നെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
പിതാവിെൻറ മരണശേഷം കടവത്തൂരിലെ അമ്മാവന്മാർ ടി.കെയെ വിദ്യാഭ്യാസത്തിനയച്ചത് പാരമ്പര്യരീതിയിലുള്ള പള്ളി ദർസിലേക്കായിരുന്നു. മാട്ടൂൽ വേദാമ്പുറത്ത് പള്ളിയിൽ ദർസ് നടത്തിയിരുന്ന, പിതാവിെൻറ ശിഷ്യനായ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരായിരുന്നു ടി.കെയുടെ പ്രഥമ ഗുരു. വാഴക്കാട് ദാറുൽ ഉലൂമിലും പുളിക്കൽ മദീനത്തുൽ ഉലൂമിലും കാസർകോട് ആലിയ അറബിക് കോളജിലും അദ്ദേഹം പഠിച്ചു. മുജാഹിദ് പണ്ഡിതന്മാരായ എം.സി.സി സഹോദരന്മാരും കെ.സി. അലവി മൗലവി, സഹോദരൻ അബൂബക്കർ മൗലവി എന്നിവരും അധ്യാപകരായിരുന്നു. ആലിയ കോളജിൽ ത്വാഈ മൗലവിയിൽനിന്നാണ് അദ്ദേഹം ഉർദു ഭാഷ പഠിച്ചത്. ഇഖ്ബാലിന്റെ കാവ്യലോകത്തിലേക്ക് പ്രവേശിക്കുന്നത് അങ്ങനെ. മാതൃഭാഷ പോലെത്തന്നെയായിരുന്നു അദ്ദേഹത്തിന് ഉർദു. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളോടുകൂടിയ ഈ വിദ്യാഭ്യാസം പിൽക്കാലത്ത് സന്തുലിതമായൊരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നുേവണം കരുതാൻ. കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങളാകാം മുസ്ലിം പൗരോഹിത്യമതത്തിന്റെ മിഥ്യാലോകത്തുനിന്ന് പുറത്തുപോകാൻ അദ്ദേഹത്തിന് പ്രചോദനമായത്.
നീലപ്പെൻസിൽ
കാസർകോട് ആലിയ കോളജിൽ പഠിക്കുന്ന കാലത്താണ് അന്നത്തെ ജമാഅത്ത് അമീർ വി.പി. മുഹമ്മദലി എന്ന ഹാജി സാഹിബ് 'പ്രബോധനം' വാരികയിലേക്ക് ക്ഷണിക്കുന്നത്. ഹാജി സാഹിബ് തെന്നയായിരുന്നു പത്രാധിപർ. എഴുപതുകളുടെ ആദ്യം ഈ ലേഖകൻ പ്രബോധനത്തിൽ ചേരുേമ്പാഴും 1987ൽ വിടുേമ്പാഴും ടി.കെ തന്നെയായിരുന്നു പത്രാധിപർ. രചനാ സംഭാവനകളുടെ അഭാവത്തിലും അച്ചടിച്ചുവരുന്ന മാറ്ററുകളിൽ എപ്പോഴും അദ്ദേഹത്തിന്റെ ഒരു കണ്ണുണ്ടാകാറുണ്ടായിരുന്നു. ചെറിയ അച്ചുപിഴയും ശൈലീഭംഗങ്ങളും ഭാഷാ വൈകല്യങ്ങളും അദ്ദേഹത്തിന് ഒട്ടും സഹിക്കാൻ പറ്റുമായിരുന്നില്ല. പൂർണത, പെർഫക്ഷൻ- ഇതിൽ ഇത്ര പെർഫെക്ടായ ഒരു പത്രാധിപരെ ഞാൻ കണ്ടിട്ടില്ല. പ്രബോധനപരമായ വിശാല താൽപര്യങ്ങൾക്ക് വലിയ പ്രാധാന്യമാണ് അദ്ദേഹം കൽപിച്ചിരുന്നത്.
അവർഗീയ സമീപനം
'പ്രബോധന'ത്തിെൻറ എഡിറ്റോറിയൽ ചുമതലയിലായിരിക്കെ, അദ്ദേഹം മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. അതൊരു പതിവില്ലാത്ത വിളിയായിരുന്നു. കാരണം, വലിയ തോതിലൊന്നും എഡിറ്റോറിയൽ ഇടപെടലുകൾ അദ്ദേഹം അന്ന് നടത്താറില്ല. മതവും ലൈംഗികതയും മാധ്യമങ്ങളിൽ ചർച്ചാവിഷയമായ പശ്ചാത്തലത്തിൽ ഞാൻ എഴുതിയ ലേഖനമായിരുന്നു വിഷയം. ക്ഷേത്രഭിത്തികളിലെ രതിശിൽപങ്ങളും വാത്സ്യായന മഹർഷിയുടെ കാമസൂത്രവും പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ ലൈംഗിക കേളികളുമൊക്കെയായിരുന്നു ലേഖനത്തിലെ പ്രതിപാദ്യം; അതിലെ വിവരങ്ങളാകട്ടെ നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത ഹാവ്ലോക് എല്ലീസിന്റെ 'രതി സാമ്രാജ്യ'ത്തിൽനിന്ന് എടുത്തതും. തീർത്തും അക്കാദമിക സ്വഭാവത്തോടെ എഴുതപ്പെട്ട ഒരു രചനയായേ പത്രാധിപരുടെ മുന്നിൽ നിന്നപ്പോഴും എനിക്കതിനെപ്പറ്റി തോന്നിയുള്ളൂ. ആ നിലക്ക് ഞാനതിനെ ന്യായീകരിക്കാനും ശ്രമിച്ചു. പക്ഷേ, ടി.കെ അത് സമ്മതിച്ചില്ല. ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുമെന്ന നിലപാടിൽതന്നെ അദ്ദേഹം ഉറച്ചുനിന്നു. ഞാൻ തർക്കിക്കാൻ മുതിർന്നപ്പോൾ ഒരാളെങ്കിലും അങ്ങനെ ഉണ്ടെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. പാലക്കാട്ടുകാരനായ രാമസ്വാമി അയ്യരായിരുന്നു അത്.ഇടക്കിടെ അംബാസഡർ കാറിൽ വന്ന് ടി.കെയെ സന്ദർശിച്ചുപോകുന്ന ജമാഅത്തെ ഇസ്ലാമിയുടെ 'ഗുണകാംക്ഷി'. എന്നുവെച്ചാൽ, ഇൻറലിജൻസ് ഡിപ്പാർട്മെൻറിലെ ഡിവൈ.എസ്.പി. ഇമ്മാതിരി ലേഖനങ്ങളൊക്കെ ഗുണത്തേക്കാളേറെ ദോഷമല്ലേ വരുത്തുക എന്ന് അദ്ദേഹം ചോദിച്ചുവത്രെ. ആ സന്ദർഭത്തിൽ ഇൻറലിജൻസിെൻറ പ്രതിനിധിയായല്ല, ശുദ്ധാത്മാവായ ഒരു പാലക്കാടൻ പട്ടരായാണ് ടി.കെ അേദ്ദഹത്തെ കണ്ടത്.
നമ്മൾ പത്രം നടത്തുന്നത് വിനോദത്തിനോ കേവല വിജ്ഞാന പ്രചാരണത്തിനോ അല്ലെന്നും അതിന് പ്രബോധനപരമായ ഒരു ദൗത്യമുണ്ടെന്നും ടി.കെ ഓർമിപ്പിച്ചു. അത് ഒരാളിൽ പരാജയപ്പെട്ടാൽ തീർത്തും പരാജയപ്പെട്ടതിന് സമമാണെന്നും അത് മറന്നുപോകരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്റെ എഴുത്തു ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു ആ ഉപദേശം. അതോടെ പ്രതിയോഗികളെ കടന്നാക്രമിക്കുന്നതിലെ 'ത്രില്ല്' പാടെ ഉപേക്ഷിച്ചു. അതിന് ഫലവുമുണ്ടായി. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ആർ.എസ്.എസിനെ കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ ലേഖനമെഴുതിയപ്പോൾ അനുദ്ധതമായ ശൈലിയോട് പ്രതിബദ്ധത പുലർത്താനായി.
കോഴിക്കോടുനിന്ന് രാമദാസ് വൈദ്യരും മാതൃഭൂമിയിൽനിന്നുതന്നെ ആർ.എം. മനക്കലാത്തും കെ.എ കൊടുങ്ങല്ലൂരും പ്രഫ. വി. മുഹമ്മദുമടക്കം ആ ലേഖനത്തെ അഭിനന്ദിച്ചു. ജമാഅത്തിന്റെ ഉർദു മുഖപത്രമായ 'ദഅ്വത്തി'ന്‍റെ പത്രാധിപർ മുഹമ്മദ് മുസ്ലിം ആയിരുന്നു ടി.കെയുടെ റോൾമോഡൽ. ശങ്കർ ദയാൽ ശർമ, കുൽദീപ് നയാർ, ഭഗവാൻ സഹായ്, കെ.എ. അബ്ബാസ്, എ.എ. ഖുസ്രു, ഐ.കെ. ഗുജ്റാൽ എന്നിവരൊക്കെ ആദരിച്ചിരുന്ന അദ്ദേഹത്തെ മാതൃകയാക്കാനാണ് ടി.കെ സദാ ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നത്. 'നടന്നു തീരാത്ത വഴികൾ' അവസാനിക്കുന്നിടത്ത് ടി.കെ കുറിച്ചിട്ട ഇഖ്ബാലിെൻറ വരികൾ ഉദ്ധരിച്ച് ഈ ഗുരു പ്രണാമവും അവസാനിപ്പിക്കട്ടെ.
ജഹാനെ നൗ ഹോ രഹാഹെ പൈദാ
യെ ആലേമ പീർ മർരഹാ ഹെ'
(ഉദിക്കുന്നു പുതുലോകം
മരിക്കുന്നു പഴകുമുലകം)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.