ബാപ്പുജിയുടെ ബലിദാനം ഞങ്ങൾക്കു വേണ്ടി
text_fields'ബാപ്പുവിന്‍റെ ബലിദാനം ഞങ്ങൾക്കുവേണ്ടിയാണ്' എന്ന് ഉറച്ചുവിശ്വസിക്കുന്നു മേവാത്തുകാർ. അവർക്ക് ഗാന്ധിജി എന്നത് രാഷ്ട്രപിതാവിന്‍റെ മൂന്നക്ഷരപ്പേരല്ല; അവരുടെ പ്രാണന്‍റെ പര്യായമാണ്. പ്രാണൻ വേണേൽ പാകിസ്താനിലേക്ക് പോകണം എന്ന കൂട്ടക്കൊലക്കുള്ള ആക്രോശങ്ങൾ ആർത്തിരച്ചുവന്നപ്പോൾ ''നിങ്ങളുടെ ജീവനും ജീവിതവും ഇവിടെ, ഇന്ത്യയിലാണ്'' എന്ന് ഗാന്ധിജി അവരോട് സമാശ്വാസത്തിന്‍റെ വെറും വാക്ക് പറഞ്ഞതല്ല. രാജ്യത്തിന്‍റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ചോരയും ജീവനും നൽകിയ മേവുമാരുടെ പോരാട്ടത്തെക്കുറിച്ച് രാഷ്ട്രപിതാവിന് നല്ല ബോധ്യമുണ്ടായിരുന്നു
ഭറോസാ ഉഠ് ഗയാ മേവാൻ കാ
ഗോലീ ലഗീ ഹേ ഗാന്ധിജി കേ ഛത്തീ ബീച്
(മേവുമാരുടെ ആത്മവിശ്വാസമെല്ലാം ചോർന്നു
വെടിയുണ്ട പാഞ്ഞില്ലേ ഗാന്ധീടെ നെഞ്ചു പിളർന്ന്)
ഹരിയാനയിലെ മേവാത്തിപ്പെണ്ണുങ്ങളുടെ ചുണ്ടിൽ ഇന്നും മായാതെ കിടക്കുന്ന നാടൻപാട്ടിന്‍റെ ഈരടികളാണിത്. ഡിസംബറിന്‍റെയും ജനുവരിയുടെയും ആണ്ടറുതികളിൽ ആ വരികളുരുവിട്ട് അവർ ബാപ്പുജിയുടെ രക്തസാക്ഷ്യ സ്മരണയെ നെഞ്ചോടു ചേർക്കും. മേവാത്തിന് ഗാന്ധിജി എന്നത് രാഷ്ട്രപിതാവിന്‍റെ മൂന്നക്ഷരപ്പേരല്ല; അവരുടെ പ്രാണന്‍റെ പര്യായമാണ്. 'ബാപ്പുവിന്‍റെ ബലിദാനം തങ്ങൾക്കുവേണ്ടിയാണ്' എന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. വിഭജനദുരന്തത്തിന്‍റെ നട്ടുച്ചയിൽ അൽവർ, ഭരത്പൂർ നാട്ടുരാജാക്കന്മാരുടെ ചോറ്റുപട്ടാളം, പ്രാണൻ വേണേൽ പാകിസ്താനിലേക്ക് പോകണം എന്നു കൂട്ടക്കൊലക്കുള്ള ആക്രോശവുമായി ആർത്തിരച്ചുവന്നപ്പോൾ നിവൃത്തിയില്ലാതെ നാടു വിട്ടോടുകയായിരുന്നു മേവാത്തുകാർ. ആയിരങ്ങൾ രാജസ്ഥാനിലെ പാക് അതിർത്തി കടന്നുകഴിഞ്ഞിരുന്നു. അതുകേട്ടറിഞ്ഞ് ഓടിയെത്തുകയായിരുന്നു ഗാന്ധി. ഇപ്പോൾ നൂഹ് ജില്ലയായി മാറിയ മേവാത്തിൽ ഘസേഡ ഗ്രാമത്തിലെ കുറ്റിക്കാടുകളിൽ തമ്പടിച്ച അഭയാർഥികളുടെ മുന്നിൽവന്നു ഗാന്ധി പറഞ്ഞു: ''ഇല്ല, നിങ്ങൾ മേവ് മുസ്ലിംകൾ ഈ നാടിന്‍റെ നട്ടെല്ലാണ്. നിങ്ങളെങ്ങും പോകുന്നില്ല. നിങ്ങളുടെ ജീവനും ജീവിതവും ഇവിടെ, ഇന്ത്യയിലാണ്''.
ഗാന്ധിജി അവരോട് സമാശ്വാസത്തിന്‍റെ വെറും വാക്ക് പറഞ്ഞതല്ല. രാജ്യത്തിന്‍റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ചോരയും ജീവനും നൽകിയ മേവുമാരുടെ പോരാട്ടത്തെക്കുറിച്ച് രാഷ്ട്രപിതാവിന് നല്ല ബോധ്യമുണ്ടായിരുന്നു. അവരെ ഉന്മൂലനം ചെയ്യാൻ പദ്ധതിയിട്ട നാട്ടുരാജാക്കന്മാരെയും അവർക്കു പിറകിലെ വംശീയ പ്രതിലോമശക്തികളെയും ഗാന്ധിജി കണ്ണുവെച്ചിട്ടുണ്ടായിരുന്നു.
മേവുമാർ നട്ടെല്ലായത് ഇങ്ങനെ
കേരളത്തിലെ മാപ്പിള മുസ്ലിംകളുമായി സാമ്യമേറെയുണ്ട് മേവാത്തികൾക്ക്. അധിനിവേശത്തിനെതിരെ പോരടിച്ചും ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പടനയിച്ചും പോന്ന ജീവിതമാണ് തെക്കുപടിഞ്ഞാറൻ ഡൽഹിയുടെ പ്രാന്തത്തിൽ രാജസ്ഥാൻ, ഹരിയാന, യു.പി അതിർത്തികൾ പങ്കുവെക്കുന്ന മേവാത്തിന്‍റേത്. ബ്രിട്ടീഷ് കാലത്ത് പഞ്ചാബിലെ ഗുഡ്ഗാവ് (ഇപ്പോഴത്തെ ഗുരുഗ്രാം) ജില്ലയിലും അൽവർ, ഭരത്പൂർ നാട്ടുരാജ്യങ്ങളിലുമായിരുന്നു മേവ് മുസ്ലിംകൾ എന്ന മേവാത്തികൾ കഴിഞ്ഞുപോന്നത്. ഹിന്ദുക്കളിലെ ആഹിർ, ജാട്ട്, ഠാകുർ ജാതികളെപോലെ കൃഷിഭൂമി കൈവശമുണ്ടായിരുന്നു അവർക്കും. ഇന്ത്യയിലേക്ക് അധിനിവേശം ചെയ്ത ആര്യന്മാരുടെ പിന്മുറക്കാരാണ് തങ്ങൾ എന്നു വംശാവലി പറയുന്ന മേവുമാർ ഛത്രി (ക്ഷത്രിയർ) വിഭാഗമായി സ്വയം വിശേഷിപ്പിച്ചു. ഇന്ത്യയിലും പാകിസ്താനിലുമായി ഇപ്പോൾ 220 ലക്ഷം വരും ഇവരുടെ ജനസംഖ്യ എന്നാണ് ചരിത്രകാരന്മാരുടെ കണക്ക്.
വൈദേശിക അധിനിവേശങ്ങളിൽനിന്ന് ഡൽഹിയെ കാത്തുരക്ഷിച്ചത് മേവ് മുസ്ലിംകളായിരുന്നു. മഹ്മൂദ് ഗസ്നി ഇന്ത്യ ആക്രമിച്ചപ്പോൾ ദക്ഷിണ ഗുജറാത്ത് വരെയുള്ള പ്രദേശം അവർക്കു കീഴൊതുങ്ങാതെ കാത്തത്, മുഹമ്മദ് ഗോറിയുടെ ആക്രമണം ചെറുത്തത്, അജ്മീറിൽ അടിയറ പറയിച്ച് ഖുത്ബുദ്ദീനെ ആദ്യവട്ടം ഡൽഹി എത്താതെ കാത്തത്. 1527ൽ ബാബർ ഇന്ത്യയിൽ കാലൂന്നിയ ഖൻവാ യുദ്ധത്തിൽ ചിറ്റോറിലെ രജപുത്ര രാജാവ് റാണാ സിങ്ങിന്‍റെ സേനയെ ഹസൻ ഖാൻ മേവാത്തി നയിച്ചത്- നൂഹിലെ റസ്റ്റാറന്റിലിരുന്ന് ഗാന്ധിഗ്രാം ഘസേഡ സ്കൂളിലെ അധ്യാപകനും കവിയുമായ അശ്റഫ് മേവാത്തി ഒറ്റവീർപ്പിൽ വീരഗാഥ പറഞ്ഞു തീർക്കുകയാണ്. ഡൽഹിയുടെ ദ്വാരപാലകരായിരുന്നു തങ്ങളെന്ന് ഉറച്ച ശബ്ദത്തിൽ ആത്മാഭിമാനത്തോടെ അശ്റഫ് പറയുന്നു.
സ്വാതന്ത്ര്യസമരത്തിന്‍റെ മുന്നണിപ്പോരാളികൾ
1857 മേയ് 10ന് മീററ്റിൽ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ ജ്വാലയുയർന്നപ്പോൾ അത് ഏറ്റുവാങ്ങിയ രാജ്യത്തെ ആദ്യ പൗരാവലി മേവുമാരുടെതായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടഹധ്വനി മുഴക്കി മീററ്റിൽനിന്ന് മുന്നൂറ് ഇന്ത്യൻ സൈനികർ ഡൽഹിയിലേക്കു മാർച്ചുചെയ്ത് ഗുഡ്ഗാവിലെത്തി. മേവാത്തിലെ കർഷകരും കരകൗശലപ്പണിക്കാരും സാധാരണക്കാരുമൊന്നടങ്കം അവർക്കൊപ്പം പിന്തുണയായി അണിചേർന്നു. ഗുഡ്ഗാവിലെ ബ്രിട്ടീഷ് കലക്ടർ വില്യം ഫോർഡ് അവരെ തടയാൻ നോക്കി. പരാജയപ്പെടുത്തിയ സമരസേനാനികൾ പിനാങ്വായിലെ തൊഴിലാളിയായിരുന്ന സദ്റുദ്ദീൻ മേവാത്തിയുടെ നേതൃത്വത്തിൽ ജില്ല ആസ്ഥാനമന്ദിരം ആക്രമിച്ചു. രണ്ടാമതും ഫോർഡിന്‍റെ പട്ടാളം ഒരു കൈ നോക്കിയെങ്കിലും സമരം അടിച്ചമർത്താനാകാതെ ഓടിപ്പോകേണ്ടി വന്നു. തുടർന്ന് ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകളും ഓഫിസുകളും പ്രക്ഷോഭക്കാർ തല്ലിത്തകർത്ത് തീയിട്ടു. റെയ്സിനയിൽ ഗുഡ്ഗാവ് അസി. കലക്ടർ വിഗ്രാം ക്ലിഫോർഡ് അടക്കം 60 സൈനികരെ വധിച്ചു.
കലിപൂണ്ട ബ്രിട്ടീഷ് സേന തുടർന്നുള്ള മാസങ്ങളിൽ മേവാത്തിലെ ഗ്രാമങ്ങളിൽ സംഹാരതാണ്ഡവമാടി. 1857 നവംബർ എട്ടു മുതൽ 1858 ഡിസംബർ ഏഴു വരെ തുടർച്ചയായ ഒരു കൊല്ലക്കാലം ബ്രിട്ടീഷുകാർ മേവാത്തികളുടെ രക്തംകൊണ്ട് ഹോളി ആഘോഷിച്ചു. പതിനായിരത്തോളം പേരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടതെന്ന് എല്ലാ ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നുണ്ട്. ഘസേഡയിൽ ബ്രിട്ടീഷ് സേനയിൽ നിന്ന് ഓടിപ്പോന്ന അലിഹസൻ എന്ന ചെറുപ്പക്കാരന്‍റെ നേതൃത്വത്തിൽ മേവുമാർ വെള്ളക്കാരോട് ചെറുത്തുനിന്നു. 157 പേർ ആ പോരാട്ടത്തിൽ രക്തസാക്ഷികളായി. രൂപ്ഡാക ഗ്രാമത്തിൽ മാത്രം നവംബർ 19ന് 425 പേരെ കൊല ചെയ്തു. വെള്ളപ്പട്ടാളത്തിനെതിരെ ആദ്യമായി പോരിനിറങ്ങിയ സദ്റുദ്ദീൻ ഉൾപ്പെടെ മഹുവിൽ 170 പേരെ അവർ കൊന്നു പകവീട്ടി. ധൻസിങ് അടക്കമുള്ള 52 പേരെ കൊന്ന് ആനകളെക്കൊണ്ട് വലിപ്പിച്ച് മരക്കൊമ്പുകളിൽ കെട്ടിത്തൂക്കി.
അഖില ഭാരതീയ ശഹീദാനെ മേവാത്ത് സഭ മേവാത്തിലെ വിവിധ ഗ്രാമങ്ങളിൽ രക്തസാക്ഷികളായവരുടെ പേരുവിവരം ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൽവൽ ജില്ലയിലെ രൂപ്ഡാകയിൽ വീരമൃത്യു വരിച്ച നാനൂറോളം സ്വാതന്ത്ര്യപോരാളികളുടെ പേരുവിവരമടങ്ങുന്ന ശഹീദ് മിനാർ കാണാം. മേവാത്തിലെ റോഡുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പേരു നൽകി രക്തസാക്ഷികളെ ആദരിക്കണമെന്ന ആവശ്യം ഇനിയും വേണ്ടരീതിയിൽ അധികൃതർ ചെവിക്കൊണ്ടിട്ടില്ല. മനോഹർലാൽ ഖട്ടറിന്‍റെ ബി.ജെ.പി സർക്കാർ അനുസ്മരണാർഥം പലയിടത്തായി 'ഗൗരവ് പട്ട' (നാമഫലകം) സഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാം നാമമാത്രമാണെന്ന് അതു വായിച്ചാലറിയാം. ഘസേഡയിൽ ഗാന്ധിജിയുടെ സന്ദർശനത്തിന് സ്മാരകമായി സ്ഥാപിച്ച സ്കൂളിന്‍റെ പ്രവേശനകവാടത്തിലെ ഗൗരവ് പട്ടയിൽ അന്നാട്ടിലെ എട്ടു രക്തസാക്ഷികളുടെ പേരുകളേയുള്ളൂ.
എന്നിട്ടും മേവാത്തുകാർ അസ്പൃശ്യരായി
ഇക്കണ്ട ത്യാഗമെല്ലാം ചെയ്ത് ദേശത്തിന്‍റെ ഉപ്പാണെന്നു തെളിയിച്ചിട്ടും മേവാത്തികളെ ഉൾക്കൊള്ളാൻ ബ്രിട്ടീഷുകാരുടെ പാദസേവകരായ അൽവറിലെയും ഭരത്പൂരിലെയും നാട്ടുരാജാക്കന്മാർ തയാറായില്ല. അവരുടെ വംശശുദ്ധിബോധത്തിനും വംശീയവികാരത്തിനും മേവ് മുസ്ലിംകളെ കണ്ണിൽ പിടിച്ചില്ല. തുർക്കികൾ, അഫ്ഗാനികൾ അഥവാ പത്താന്മാർ, മുഗളർ, ബ്രിട്ടീഷുകാർ തുടങ്ങി അധിനിവേശശക്തികൾക്കെല്ലാം അവർ കലാപകാരികളും കലഹികളുമായതിൽ അൽഭുതമില്ല. എന്നാൽ, സ്വദേശി വീരസ്യം പറഞ്ഞ അൽവറിലെയും ജയ്പൂരിലെയും രജപുത്രരാജാക്കന്മാർക്കും ഭരത്പൂരിലെ ജാട്ട് ഭരണത്തിനും അവർ അപരരും അപശകുനവുമായി. ആ വിരോധാഭാസത്തിന്‍റെ വിചിത്രമായ അനുഭവമുണ്ട്. 1918-19 കാലത്ത് ബ്രിട്ടീഷുകാർ ഡൽഹി പരിസരത്തെ നാലു നാട്ടുരാജ്യങ്ങൾ ചേർത്തൊരു വേദി രൂപവത്കരിച്ചിരുന്നു. അതിന്‍റെ യോഗത്തിനെത്തിയ മേവ് പ്രതിനിധിക്ക് വൈസ്രോയി കസേര നീക്കിയിട്ടു കൊടുത്തത് ജയ്സിങ് രാജാവിനു പിടിച്ചില്ല. അവർ ശൂദ്രരാണെന്നായിരുന്നു രാജാവിന്‍റെ ന്യായം. എന്നല്ല, അവർ ഇന്ത്യക്കാരല്ല എന്നു കൂടി വാദിച്ചുകളഞ്ഞു അദ്ദേഹം. അതിന് മേവാത്തിന്‍റെ അനിഷേധ്യനേതാവ് മുഹമ്മദ് യാസീൻ ഖാൻ മറുപടി പറഞ്ഞത് നൂഹിൽ വൻപ്രതിഷേധസമ്മേളനം സംഘടിപ്പിച്ചാണ്. ''നമ്മുടെ സമുദായത്തിനെതിരെ മഹാരാജാ ജയ്സിങ് കലാപക്കൊടി ഉയർത്തിയിരിക്കുന്നു. മേവുമാർ ഈ ദേശക്കാരെല്ലന്നും അവരാരെന്ന് അറിയില്ലെന്നുമാണ് രാജാവ് പറഞ്ഞത്. അതിന് ഞാൻ മറുവാക്കും പറഞ്ഞിട്ടുണ്ട്. നമ്മൾ യഥാർഥ ക്ഷത്രിയരാണ്. വേണമെങ്കിൽ അന്യോന്യം നമുക്ക് വംശാവലി വെളിപ്പെടുത്താം''- സ്വത്വാഭിമാനത്തിന്‍റെ വെല്ലുവിളി ഉയർത്തി ചൗധരി യാസീൻ ഖാൻ പ്രഖ്യാപിച്ചു.
മേവാത്തുകാരുടെ കിരീടം വെക്കാത്ത സുൽത്താനാണ് രഹ്ന സ്വദേശിയായ ചൗധരി മുഹമ്മദ് യാസീൻഖാൻ എന്നു പറയാം. അവർക്കിടയിൽ വിദ്യാഭ്യാസ, സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം നൽകിയ, അവരെ അധിനിവേശവിരുദ്ധ സമരത്തിനു സജ്ജരാക്കിയ അനിഷേധ്യനേതാവ്. സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഗുഡ്ഗാവ് കോഓപറേറ്റിവ് സൊസൈറ്റികളുടെ ഇൻസ്പെക്ടറായിരുന്ന ചൗധരി പിന്നീട് നിയമപഠനം പൂർത്തിയാക്കി ജില്ല കോടതിയിൽ അഭിഭാഷകനായി. 1930കളിൽ നികുതി വർധന അടക്കമുള്ള കർഷക ചൂഷണനിയമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. കർഷകചൂഷണത്തിനും സാമൂഹികവിവേചനത്തിനുമെതിരായ ആ പ്രക്ഷോഭത്തിനു വർഗീയനിറം നൽകി അടിച്ചമർത്തുകയായിരുന്നു അൽവർ ഭരണകൂടം. എന്നാൽ പൂർവികരിൽനിന്നും വിശ്വാസത്തിൽനിന്നും ലഭിച്ച സാഹോദര്യബോധ (ഭായീചാര)ത്തിന്‍റെ തിരി അണയാതെ സൂക്ഷിക്കാൻ അന്നും ആൾക്കൂട്ടക്കൊലകൾക്ക് ഇരയാകുന്ന ഇന്നും മേവാത്തികൾക്ക് കഴിയുന്നു. മുപ്പതുകളിലെ സമരത്തിലൂടെ ചൗധരി യാസീൻ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, വിനോബഭാവെ, പി.സി. ജോഷി എന്നിവരുടെ ശ്രദ്ധയിലും സുഹൃദ്വലയത്തിലും ഉൾപ്പെട്ടതും അങ്ങനെത്തന്നെ.
പോരാട്ടവീര്യം തകർക്കാൻ വംശീയവൈരം
1933ലെ കാർഷിക വിമോചന പ്രക്ഷോഭത്തിനു മുന്നിൽ പരാജയപ്പെട്ട അൽവർ രാജാവിനെ മാറ്റി ബ്രിട്ടീഷുകാർ ഭരണം നേരിട്ട് ഏറ്റെടുത്തു. അതിൽ കലിപൂണ്ട് ഭരണകാലത്ത് പ്രദേശം ഹിന്ദുരാഷ്ട്രമാക്കുന്നതിനു കൊണ്ടുപിടിച്ചു ശ്രമിച്ച ജയ്സിങ് തന്‍റെ വംശീയ ചോറ്റുപട്ടാളത്തെ രംഗത്തിറക്കി. ഭരത്പൂരിലെ ജാട്ടുരാജാവ് ആർ.എസ്.എസ്.എസി (ആർ.എസ്.എസിന്‍റെ പ്രാഗ്രൂപം)ന്‍റെ അംഗവും ജാട്ടിസ്ഥാൻ വാദിയുമായിരുന്നു. അൽവറിലെ പ്രധാനമന്ത്രി ഡോ. എൻ.ബി ഖരെയും മിക്ക കാബിനറ്റ് അംഗങ്ങളും ഹിന്ദുമഹാസഭ പ്രവർത്തകരും. ആർ.എസ്.എസിന്‍റെ താത്ത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കർ ഭരത്പൂരിൽ തീപ്പൊരി പ്രസംഗം നടത്തി. മാത്രമല്ല, ആയുധങ്ങൾ സമാഹരിക്കുകയും സൈനികപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തു. എൽ.കെ. അദ്വാനി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, ബജ്റംഗ് ദൾ സ്ഥാപകൻ ആചാര്യ ധർമേന്ദ്ര എന്നിവരും മേവാത്തിലെ ഹിന്ദുത്വപ്രചാരകരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാട്ടുരാജ്യങ്ങളെ ഹിന്ദുത്വബെൽറ്റിൽ കോർത്തിണക്കാനായി വി.ഡി. സവർക്കർ, ഡോ. ബി.എസ്. മൂഞ്ചെ എന്നിവർ അവിടെ കളം നിറഞ്ഞു പ്രവർത്തിച്ചു. ഇന്ത്യ-പാക് വിഭജനം അവർക്ക് വംശീയ അജണ്ട നടപ്പാക്കാനുള്ള നല്ല അവസരമായി.
ഒന്നുകിൽ ശുദ്ധി ചെയ്ത് ഹിന്ദുമതത്തിലേക്ക് വരുക, അല്ലെങ്കിൽ 'സഫായ' എന്ന വംശശുദ്ധീകരണത്തിനു തയാറാകുക, അതുമല്ലെങ്കിൽ പാകിസ്താനിലേക്ക് പൊയ്ക്കൊള്ളുക -ഈ മൂന്നു വഴികൾ മുസ്ലിംകൾക്കുമുന്നിൽ വെച്ചാണ് വംശഹത്യയിലേക്ക് അവർ മേവാത്തിനെ തെളിച്ചത്. ഭരത്പൂരിൽ മാത്രം മുപ്പതിനായിരം മേവുമാർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അൽവറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലെന്നും മേവാത്തിന്‍റെ ചരിത്രമെഴുത്തിൽ മുന്നിൽനിൽക്കുന്ന ഷെയ്ൽ മായാറാം രേഖപ്പെടുത്തുന്നു. ഈ കൂട്ടക്കൊലയിൽനിന്ന് രക്ഷതേടി 1947 മേയ് അന്ത്യമായപ്പോഴേക്കും അൽവാർ, ഭരത്പുർ സ്റ്റേറ്റുകളിൽനിന്ന് മൂന്നു ലക്ഷത്തോളം മേവുമാർ പാകിസ്താനിലേക്ക് കെട്ടുകെട്ടാനൊരുങ്ങി. വിഭജനത്തെയും പാകിസ്താനെയും എതിർത്ത മേവുമാർക്ക് മരണത്തേക്കാൾ ഭീകരമായിരുന്നു പലായനം. പരസഹസ്രം ഗുഡ്ഗാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു. ഒക്ടോബർ ആകുമ്പോഴേക്കും സ്ഥിതിഗതികൾ വഷളായി. മേവുമാർ രക്ഷകനെ കണ്ടത് ഗാന്ധിയിലാണ്. ചൗധരി യാസീൻ ഖാനും ഓൾ ഇന്ത്യ മേവ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൽഹയ്യും അവരെ നയിച്ചു. 1947 സെപ്റ്റംബർ 20ന് ഡൽഹിയിലെ ബിർള ഹൗസിൽ ഗാന്ധിജിയെ കണ്ട് യാസീൻ ഖാനും സംഘവും തീർത്തുപറഞ്ഞു: ''പാകിസ്താനിൽ പോകുന്നതിലും ഭേദം മരണമാണ്''. ആ വികാരം ഗാന്ധി പൂർണമായും ഉൾക്കൊണ്ടു. 1947 ഡിസംബർ 17ന് അദ്ദേഹം ഘസേഡയിലെത്തി.
കൂട്ടമരണത്തിനും പലായനത്തിനുമിടയിലെ നൂൽപാലത്തിൽ നിൽക്കുന്ന ഘസേഡയിലെ അഭയാർഥിക്കൂട്ടത്തിലേക്ക് ഗാന്ധി എത്തിയ നിമിഷങ്ങളെക്കുറിച്ച്, മങ്ങിത്തുടങ്ങിയ ഓർമയുടെ ചെപ്പു തുറക്കുമ്പോൾ അന്നു പതിനഞ്ചുകാരനായിരുന്ന ബുദ്ദുഖാന്‍റെ കണ്ണുകളിൽ തൊണ്ണൂറ്റിരണ്ടാം വയസ്സിലും ആവേശത്തിളക്കം. ''അഭയാർഥികളെ പിന്തിരിപ്പിക്കാൻ ഗാന്ധിയെ ക്ഷണിച്ചത് യാസീൻ ഖാനായിരുന്നു. അദ്ദേഹം ഇവിടെ വന്ന് ആളുകളോട് സംസാരിച്ചു. എന്‍റെ ദേഹത്തു ചവിട്ടിമെതിച്ചല്ലാതെ നിങ്ങൾക്കു മുന്നോട്ടു നീങ്ങാനാവില്ല. പൂർവപിതാക്കളുടെ ഭൂമി ഇട്ടെറിഞ്ഞ് നിങ്ങൾ എങ്ങും പോകരുത് എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം കേട്ട ജനത്തിന്‍റെ ബഹുഭൂരിഭാഗവും പലായനം ഒഴിവാക്കി മടങ്ങി''-ഗാന്ധിജീവിതത്തിലെ സുപ്രധാന അധ്യായത്തിനു സ്മാരകമായി പണികഴിപ്പിച്ച ഗാന്ധിഗ്രാം സെക്കൻഡറി സ്കൂളിനു സമീപത്തെ വീട്ടിലിരുന്ന് പതിഞ്ഞ ശബ്ദത്തിൽ ബുദ്ദു ഖാൻ പറഞ്ഞു. ഗാന്ധി മേവാത്തി മുസ്ലിംകളെ പിടിച്ചുനിർത്തിയത് വലതു വംശീയവാദികൾക്കു പിടിച്ചില്ല. ഡൽഹിയുടെ തൊട്ടടുത്ത് ഇത്തരമൊരു മുസ്ലിം ഭൂരിപക്ഷപ്രദേശമുണ്ടാകുന്നതിലെ ഭീഷണി കോൺഗ്രസ് നേതാവ് സർദാർ വല്ലഭ്ഭായ് പട്ടേൽ തുറന്നുപറഞ്ഞു. മേവാത്തികളുടെ സങ്കടം പറയാൻചെന്ന അബ്ദുൽഹയ്യിനോടും സംഘത്തോടും പട്ടേൽ ചോദിച്ചത്രേ: ''നിങ്ങൾക്കുള്ള രാജ്യം തന്നുകഴിഞ്ഞല്ലോ''. അതിന് ഉരുളക്കുപ്പേരി പോലെ ഹയ്യ് തിരിച്ചടിച്ചു: ''ഞങ്ങളുടെ നാട് ഏതാണെന്ന് ശിവജിക്കും ഔറംഗസീബിനും ഞങ്ങൾ ഒരു പോലെ കാണിച്ചുകൊടുത്തിട്ടുണ്ട്'' -അശ്റഫ് മേവാത്തി അനുസ്മരിക്കുന്നു.
ഗാന്ധിജിയെയും ഭായീചാരയെയും ചേർത്തുപിടിച്ച്
ഘസേഡയിൽ മേവാത്തികൾക്കു വേണ്ടി സംസാരിച്ച് 41ാം ദിനം ഗാന്ധിജി ഗോദ്സെയുടെ വെടിയേറ്റു മരിച്ചു. ഗോദ്സെക്കു പ്രചോദനമായിരുന്നവരിൽ അൽവർ പ്രധാനമന്ത്രി എൻ.ബി. ഖരെയുമുണ്ടായിരുന്നു. ഗാന്ധിജിയുടെ പരമതസ്നേഹത്തിൽ കടുത്ത അസഹിഷ്ണുത പുലർത്തിയ ഖരെ അദ്ദേഹത്തിനെതിരെ ശാപപ്രാർഥന നടത്തിയത് ചരിത്രം. ഈ ഖരെ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നു വ്യക്തമായെങ്കിലും തെളിവുകളുടെ ദൗർബല്യത്തിന്‍റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയായിരുന്നു. എല്ലാം ചേർത്തുവായിച്ചാൽ ഗാന്ധി ബലിയായത് ഞങ്ങൾക്കു വേണ്ടിയായിരുന്നു എന്നു മേവാത്തുകാർ ആണയിടുന്നതിന്‍റെ പൊരുൾ വ്യക്തമാകും.
''നാട്ടിൽനിന്ന് ആട്ടിയിറക്കാതെ കാത്ത ഗാന്ധിജിയോട് ഞങ്ങൾക്ക് കടപ്പാടുണ്ട്. വർഷംതോറും ഡിസംബർ 19ന് ഞങ്ങൾ മേവാത്ത് ദിവസ് ആചരിക്കുന്നത് അതിനുവേണ്ടിയാണ്''-അശ്റഫ് പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷ്യത്തോടെ തങ്ങൾ അനാഥരായെന്ന് മേവാത്തുകാർ. ഗാന്ധിജി പിടിച്ചുനിർത്തിയ മണ്ണിൽ പിന്നെ പൗരത്വം തെളിയിക്കാനുള്ള മോദിസർക്കാറിന്‍റെ തീട്ടുരം കേൾക്കേണ്ടിവന്ന ഗതികേടിലേക്ക് അവർ വിരൽ ചൂണ്ടുന്നു. 2020ൽ അവർ മേവാത്ത് ദിവസ് ആഘോഷിച്ചത് പൗരത്വഭേദഗതിനിയമത്തിനെതിരെ കാൽ ലക്ഷം പേരെ അണിനിരത്തി നൂഹിൽനിന്ന് ഘസേഡയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചാണ്. സർക്കാർ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി പ്രതിഷേധത്തിന് തടയിട്ടു. മേവാത്ത് വികാസ് സഭ ഇതിനെതിരെ കോടതികയറി.
അൽവാറിൽ മുളച്ച വംശീയതയുടെ വിഷവിത്തുകൾ തഴച്ചുവളർന്നപ്പോൾ അത് മേവാത്തി മുസ്ലിംകൾക്ക് പിന്നെയും പേടിസ്വപ്നമായി മാറി. ബിരിയാണിക്കെതിരെയും മേവുകളുടെ മുഖ്യ ഉപജീവനമാർഗമായ കാലിക്കച്ചവടത്തിനെതിരെയും കൊലവിളിയുമായി പഴയ വൈതാളികർ ഗോരക്ഷ സേനയുടെ പേരിൽ ഉണർന്നെണീറ്റപ്പോൾ പഹ്ലു ഖാൻ, റക്ബർ ഖാൻ, ജുനൈദ് ഖാൻ എന്നിങ്ങനെ മേവാത്തികൾ പിന്നെയും രക്തസാക്ഷിത്വത്തിന്‍റെ കഥകൾ കേട്ടു. ഈ കെട്ടകാലത്തും പക്ഷേ, 'ഭായിചാര' എന്ന സാഹോദര്യമാണ് തങ്ങൾക്ക് പകരം തരാനുള്ളത് എന്ന് ഓരോ മേവാത്തിയും ഇപ്പോഴും വിളിച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.