ശാസ്ത്രീയ ചരിത്ര രചനയുടെ അടിസ്ഥാന പണ്ഡിതൻ
text_fieldsഎനിക്ക് പ്രിയപ്പെട്ട ഗുരുനാഥനാണ് എം.ജി.എസ്. പിന്നീട് ഞങ്ങൾ സഹപ്രവർത്തകരായി. പിന്നെയത്, കുടുംബബന്ധം പോലെ വളർന്നു. കഴിഞ്ഞയാഴ്ച കോഴിക്കോട് മലബാർ ആശുപത്രിയിൽ ഞാൻ പോയി കണ്ടിരുന്നു. നിയന്ത്രണം വിട്ടുപോയ എന്റെ കണ്ണുനീർ തുടച്ചത് ഞങ്ങളുടെ പഴയ രജിസ്ട്രാർ ദാസനായിരുന്നു. ആദ്യമായി മോസ്കോവിലും ലണ്ടനിലുമെല്ലാം പോയപ്പോൾ ഞാൻ ധരിച്ചത് എം.ജി.എസിന്റെ ഓവർകോട്ടാണ്.
അദ്ദേഹത്തിന്റെ മകളെ ഡാൻസറായി വളർത്തുന്നതിൽ എന്റെ മകൾ ചെറിയ പ്രായത്തിൽ സ്വാധീനം ചെലുത്തി. ഇങ്ങനെ വ്യക്തിപരമായി പറയാൻ കുറെയേറെയുണ്ട്. ഒരു ചരിത്രകാരൻ എന്ന നിലയിൽ സമാനതകളില്ലാത്ത സംഭാവനയാണ് എം.ജി.എസ് ജീവിതം കൊണ്ട് നൽകിയത്. കേരളത്തിന്റെ ശാസ്ത്രീയ ചരിത്ര രചനയുടെ അടിസ്ഥാന പണ്ഡിതനാണ് അദ്ദേഹം.
ചരിത്ര പഠനത്തിന്റെ തലവര മാറ്റിക്കുറിച്ച ഒരാൾ
ഐതിഹ്യങ്ങളിൽനിന്നും കെട്ടുകഥകളിൽ നിന്നും കേരള ചരിത്രത്തെ ചേരഭരണത്തെയും ശിലാശാസനകളുടെയും മറ്റും വെളിച്ചത്തിൽ വിശകലനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പഠനം കേരള ചരിത്രത്തിന്റെ ഒരടിസ്ഥാന ശിലയാണ്. ഒരു പക്ഷേ, രണ്ടോ മൂന്നോ അധ്യാപകരുള്ള ചരിത്ര വകുപ്പിനെ വിഭവങ്ങളില്ലാതെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര വകുപ്പായി മാറ്റാൻ അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് കഴിഞ്ഞു.
പ്രാചീന ഇന്ത്യാ ചരിത്രത്തിലും കേരള ചരിത്രത്തിലും ആഴത്തിൽ അറിവുള്ള പണ്ഡിതനായിരുന്ന എം.ജി.എസ് അനേകം പേരെ ചരിത്ര വഴിയിലെത്തിച്ചു. അവരെല്ലാം തന്നെ ചരിത്രാധ്യാപകരായി തീർന്നതോടെ കേരള ചരിത്രത്തിന്റെ പഠനമേഖലയും അധ്യാപനമേഖലയും ഇതര സംസ്ഥാനങ്ങളേക്കാൾ ഉയർന്ന നിലയിലെത്തിയെന്ന് ധൈര്യപൂർവം പറയാൻ കഴിയും. പഠനങ്ങളിൽ യുക്തിയുടെ പണിയായുധമായ മാർക്സിയൻ ടൂൾ ഉപയോഗിച്ചുവെങ്കിലും മറ്റ് ചിന്താധാരകളോട് വിദ്വേഷം പുലർത്തിയിരുന്നില്ല.
ചരിത്ര പഠനത്തിലെ വലിയ നാഴികക്കല്ല്
1976ൽ നടന്ന ഇന്ത്യാ ചരിത്ര കോൺഫറൻസ് കേരളത്തിന്റെ ചരിത്ര പഠനത്തിലെ വലിയ നാഴികക്കല്ലായിരുന്നു. 1999ൽ ടിപ്പു സുൽത്താന്റെ സ്മരണയിൽ മറ്റൊരു ഇന്ത്യാചരിത്ര സമ്മേളനം നടത്താൻ എനിക്ക് വഴികാട്ടിയായതും ഈ ആദ്യകാല സമ്മേളനമായിരുന്നു. ഇതെല്ലാം നേതൃനിരയിലെ പ്രശസ്ത ചരിത്രകാരന്മാരെ കേരളത്തിലെ ചരിത്ര വിദ്യാർഥികളുമായി പരിചയപ്പെടുത്താൻ ഇടയാക്കി. ഇത്തരത്തിൽ തന്റെ പഠന പരിചയവും ഗവേഷണ പരിചയവും എം.ജി.എസ് തന്റെ വിദ്യാർഥികൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി. ലണ്ടനിലെ ഓറിയന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 1974ൽ നടത്തിയ ഗവേഷണവും പിന്നീട് മോസ്കോവിൽ ഇന്ത്യൻ കൾചറൽ സംഘത്തിന്റെ പ്രതിനിധിയായി പങ്കെടുത്തതും അവിടത്തെ അധ്യാപനവും ജപ്പാനിലും യു.എസിലും മറ്റുമുള്ള പഠനയാത്രകളും ലോക ചരിത്രം ഉൾക്കൊള്ളാൻ അദ്ദേഹത്തെ ഏറെ സഹായിച്ചു.
ഒരു വിദ്യാർഥിയായിരിക്കെ എം.ജി.എസ് ഉൾപ്പെടെയുള്ള അധ്യാപകരിൽനിന്ന് ലഭിച്ച പരിചയം എന്റെ ഗവേഷണ മേഖലകളെ സമ്പന്നമാക്കാനും പുതിയ ഗവേഷണ മേഖലകൾ കണ്ടെത്താനും സഹായിച്ചു. എം.ജി.എസിൽ നിന്ന് സ്വീകരിച്ച മാർക്സിയൻ പഠന രീതി ഇന്നും തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. തെയ്യം തുടങ്ങിയ ഗോത്രകലകളിലെ എന്റെ പഠനത്തിന് സഹായകമായ ഉപദേശങ്ങളും മറ്റും നൽകാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. എന്റെ ആദ്യമായി അച്ചടിച്ച പുസ്തകം ‘ദ കൾട്ട് ഓഫ് തെയ്യം ആൻഡ് ഹീറോ വർഷിപ് ഇൻ കേരള’ ( the cult of theyyam and hero worship in kerala) എന്ന ഗ്രന്ഥത്തിന്, ചരിത്രവും ഫോക് ലോറും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നുകാണിച്ച് അദ്ദേഹമെഴുതിയ പഠനം ഇന്നും ശ്രദ്ധേയമാണ്.
ചരിത്ര സെമിനാറിനു പിന്നിൽ
വിഭിന്ന ചിന്താധാരകൾ ഉൾക്കൊള്ളുന്ന ചരിത്രകാരിൽനിന്ന് വേറിട്ട നടന്നയാളാണ് എം.ജി.എസ്. സിദ്ധാന്തങ്ങളുടെ ഊരാക്കുടുക്കിൽ കുരുങ്ങിക്കിടക്കുന്നതിനേക്കാൾ അതിൽനിന്ന് ആവശ്യമായ വിധത്തിൽ മോചനം നേടണമെന്നുകൂടി അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ചരിത്രത്തെ ജനലക്ഷങ്ങളിലെത്തിക്കാനുള്ള ഒരു പരിശ്രമം ഞങ്ങൾ കാലിക്കറ്റ് ചരിത്ര വകുപ്പ് ആരംഭിച്ചതിന്റെ പരിണിതഫലമാണ് ഏത് രാഷ്ട്രീയ സമ്മേളനത്തോടുമൊപ്പം ചരിത്ര സെമിനാർ നടത്തുന്നതിലേക്ക് നയിച്ചത്. ഈ നീക്കത്തിന് വിത്തിട്ടത് എം.ജി.എസിന്റെ നേതൃപാടവമാണ്.
സർവകലാശാലതലത്തിൽ ചരിത്ര വിഷയത്തിൽ എം.ഫിൽ ആരംഭിക്കാനും സെമസ്റ്റർ പരീക്ഷ നടത്താനും ആദ്യമായി കാലിക്കറ്റ് സർവകലാശാല മുന്നോട്ടുവരാൻ ഇടയാക്കിയത് എം.ജി.എസിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്. അന്ന് നാലു വർഷത്തെ പഠനരീതി ഞങ്ങൾ ആരംഭിച്ചുവെങ്കിലും അതിനെതിരായി സ്വകാര്യ കോളജുകൾ ഉയർത്തിയ പ്രക്ഷോഭങ്ങളാൽ പിൻവലിക്കേണ്ടി വന്നതും ഓർമയിൽ വരുകയാണ്. ഇന്നാകട്ടെ, നാലുവർഷം നടപ്പാക്കിയെന്നത് നാം കാണുന്നുണ്ടല്ലോ. വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ. പ്രിയപ്പെട്ട വഴികാട്ടിക്ക് പ്രണാമം...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.