കുടിയേറ്റ തൊഴിലാളികളും പൗരാവകാശങ്ങളും
text_fields2020 മാർച്ച് 24നു പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് നഗരങ്ങളിൽനിന്നു നൂറു നൂറു കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമങ്ങളിലേക്ക് ഒറ്റക്കും കുടുംബത്തോടൊപ്പവും കാൽനടയായി പോകുന്ന നിസ്വരും നിസ്സഹായരുമായ ആയിരക്കണക്കിന് തൊഴിലാളികളുടെ ആശയറ്റ മുഖങ്ങൾ ഒരു നോവോർമയായി നമ്മുടെ മനസ്സുകളിൽ എക്കാലവും നിന്നേക്കാം.
ഒരു വൈകാരികപ്രതികരണത്തിെൻറ സാധുതയും സാംഗത്യവും ഒട്ടും കുറക്കാതെതന്നെ ആഭ്യന്തരപ്രവാസത്തെ ഒരു മൗലികമായ മാനവാധികാരപ്രശ്നമായി കാണേണ്ടത് ആവശ്യമാണ്. ജന്മദേശത്തുനിന്നു മാറി രാജ്യത്തിനകത്തുതന്നെ ദൂരെ ഇടങ്ങളിൽ താൽക്കാലികജോലികൾ ചെയ്ത് ഉപജീവനം കഴിക്കുന്ന, സവിശേഷ നൈപുണ്യം ഇല്ലാത്ത തൊഴിലാളികളാണ് ആഭ്യന്തരപ്രവാസികൾ.
നഗരോന്മുഖമായ വ്യവസായീകരണത്തിൽ ഊന്നിയ വികസനമാതൃകയാണ് കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഇന്ത്യ പിന്തുടർന്നുപോരുന്നത്. ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്ക് ഉപജീവനം തേടിയുള്ള മനുഷ്യരുടെ നിരന്തരമായ ഒഴുക്ക് ഈ മാതൃകയുടെ നിലനിൽപിനെ സഹായിച്ചു.
2011ലെ ദേശീയ സെൻസസ് പ്രകാരം ഏകദേശം ഒന്നര കോടി ആളുകൾ ഇങ്ങനെ ഒരു സംസ്ഥാനത്തെ ഗ്രാമങ്ങളിൽനിന്നു മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 2017ലെ സാമ്പത്തികസർവേ അനുസരിച്ച് 2011-16 കാലഘട്ടത്തിൽ സംസ്ഥാനങ്ങൾക്കിടയിലെ കുടിയേറ്റ തൊഴിലാളി സഞ്ചാരം 90 ലക്ഷത്തോളം ഉണ്ടായിരുന്നു.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ തൊഴിലാളികളും വരുന്നതെങ്കിൽ, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് അവരെ സ്വീകരിക്കുന്നതിൽ മുൻപന്തിയിൽ.
മഹാരാഷ്ട്രയിലെ മുംബൈ, താണെ, പുണെ, ഗുജറാത്തിലെ സൂറത്ത്, അഹ്മദാബാദ്, കർണാടകയിലെ ബംഗളൂരു എന്നീ വൻനഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പുറംതൊഴിലാളികൾ ജോലിചെയ്യുന്നത്. കുടിയേറ്റ തൊഴിലാളികൾ അവരുടെ ജന്മദേശങ്ങൾക്കും തൊഴിലിടങ്ങൾക്കുമിടയിൽ നിരന്തരം വന്നുപോകുന്നവരായതിനാൽ ഈ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോൾ ലഭ്യമായ കണക്ക് എത്രത്തോളം യുക്തിസഹമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നഗരങ്ങളിലെ അനൗപചാരിക തൊഴിൽവിപണിയുടെ ഭാഗമായി വളരെ കുറഞ്ഞ വേതനത്തിൽ, സാമൂഹികസുരക്ഷ പദ്ധതികളുടെ സംരക്ഷണം ഒന്നും ഇല്ലാതെയാണ് ബഹുഭൂരിപക്ഷം കുടിയേറ്റ തൊഴിലാളികളും വ്യവസായ-സേവനമേഖലകളിൽ പണിയെടുക്കുന്നത്.
ഇവരിൽതന്നെ ശരിയായ വിദ്യാഭ്യാസവും എന്തെങ്കിലും സവിശേഷമായ നൈപുണ്യവും സ്വായത്തമാക്കിയവർ വളരെ കുറയും. അതിനാൽ തൊഴിലിടങ്ങളിൽ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനുള്ള സ്ഥിതിയിലല്ല ഈ തൊഴിലാളികൾ.
മറ്റൊന്ന്, കുടിയേറ്റ തൊഴിലാളികളുടെ വൈവിധ്യമാണ്. ബംഗളൂരുവിലെ സമ്പന്നമായ ആഗോള ഐ.ടി സ്ഥാപനത്തിൽ ജോലിചെയ്ത് ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു പ്രഫഷനൽ ഉദ്യോഗസ്ഥയും അതേ സ്ഥാപനത്തിൽ ദിവസക്കൂലിക്ക് കെട്ടിടനിർമാണത്തിൽ സഹായിയായ തൊഴിലാളിയും കുടിയേറിയവരാണല്ലോ.
നിർമാണമേഖല കൂടാതെ ചെറുകിട വ്യവസായ യൂനിറ്റുകൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഹെഡ് ലോഡിങ്, വീട്ടുജോലി/പരിചരണ സേവനം, കൃഷി/പ്ലാേൻറഷൻ തുടങ്ങി മറ്റനേകം അനൗപചാരിക തൊഴിൽ മേഖലകളിലും ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
ഗുജറാത്തിലെ സൂറത്ത്, അഹ്മദാബാദ് നഗരങ്ങളെ കേന്ദ്രീകരിച്ച് 'ആജീവിക' ബ്യൂറോ (ഉദയ്പുർ) ഈയിടെ നടത്തിയ പഠനം പ്രവാസിതൊഴിലാളികളുടെ പ്രശ്നങ്ങൾ വിശദീകരിക്കുന്നു. 13 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന അഹ്മദാബാദ് നഗരത്തിലും (ജനസംഖ്യയുടെ ആറിൽ ഒന്ന്) 70 ശതമാനത്തോളം തൊഴിലാളികളും കുടിയേറ്റക്കാരായ സൂറത്ത് നഗരത്തിലും ബഹുഭൂരിപക്ഷവും താമസിക്കുന്നത് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ള ഇടങ്ങളിലല്ല എന്ന് 'ആജീവിക'യുടെ പഠനം കാണിക്കുന്നു.
പലരും ജോലിസ്ഥലത്തുതന്നെയാണ് താമസം. ഫാക്ടറികൾക്കുള്ളിൽ യന്ത്രങ്ങൾക്കും ബോയ്ലറുകൾക്കും ഇടയിലും കെട്ടിടനിർമാണ സൈറ്റുകളിലും ആളുകൾ തിങ്ങി ഞെരുങ്ങിയ കുടുസ്സുമുറികളിലും റസ്റ്റാറൻറുകൾക്കുള്ളിലും എല്ലാം കുടിയേറ്റ തൊഴിലാളികൾ തലചായ്ക്കാൻ ഇടം കണ്ടെത്തുന്നു.
സ്ഥലവാസികളാണ് എന്നു കാണിക്കുന്ന ഒരു രേഖയും കൈവശമില്ലാത്തതിനാൽ ഒരു ക്ഷേമപദ്ധതിയുടെയും ഗുണഭോക്താക്കളാകാൻ അവർക്കു കഴിയുന്നില്ല. അതത് മേഖലകൾക്കായി ഏർപ്പെടുത്തിയ ക്ഷേമപദ്ധതികളുടെ കാര്യത്തിൽപോലും ഇതാണ് സ്ഥിതി.
കുടിവെള്ളം, ശൗചാലയം, ആരോഗ്യസേവനങ്ങൾ എന്നിവയെല്ലാം കുടിയേറ്റ തൊഴിലാളികൾക്ക് അപ്രാപ്യം തന്നെ. തൊഴിലിടങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ പര്യാപ്തമായ തൊഴിൽനിയമങ്ങളില്ല എന്നത് വലിയ പോരായ്മയാണ്. കുടുംബത്തോടൊപ്പം ജോലിചെയ്യാനെത്തുന്ന തൊഴിലാളികുടുംബങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനാവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ്.
ചുരുക്കത്തിൽ, ഒരു വലിയ വിഭാഗം കുടിയേറ്റ തൊഴിലാളികളും ഭരണസ്ഥാപനങ്ങളെ സംബന്ധിച്ച് അദൃശ്യരാണ്. സെൻസസും മറ്റു ദേശീയ സർവേകളും ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകളിൽ തഴയപ്പെട്ടവരായി, ജനസംഖ്യാപരമായി പാഴാക്കപ്പെട്ട (demographically lost) വിഭാഗമായി അവർ തുടരുന്നു.
പലപ്പോഴും കുറ്റവാളികളെപ്പോലെയാണ് പൊതുസമൂഹം അവരെ കാണുന്നത്. കുടിയേറ്റ തൊഴിലാളികളെ സമാന അധികാരങ്ങളുള്ള പൗരന്മാരായി കാണാനുള്ള മഹാമനസ്കതയും ഭരണഘടനബോധവും തദ്ദേശഭരണ സ്ഥാപനങ്ങളും കാണിക്കാറില്ല.
ഈ പശ്ചാത്തലത്തിലാണ് അന്തർസംസ്ഥാന തൊഴിലാളികളോടുള്ള കേരളത്തിെൻറ സമീപനത്തെ വിലയിരുത്തേണ്ടത്. ലോക്ഡൗണിൽപെട്ടുപോയ കുടിയേറ്റ തൊഴിലാളികളെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കരുതലോടെ സംരക്ഷിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം. പക്ഷേ, ഒരു സവിശേഷ സാഹചര്യത്തിൽ ചെയ്യേണ്ടിവന്ന സവിശേഷ നടപടിയായി ഈ ഇടപെടൽ മാറാതിരിക്കേണ്ടതുണ്ട്.
വികേന്ദ്രീകൃത രീതിയിൽ തദ്ദേശതലത്തിൽ വിവരം ശേഖരിക്കുകയും കുടിയേറ്റ തൊഴിലാളികളുടെ പൗരാവകാശങ്ങൾ അംഗീകരിച്ച് സർക്കാർ ക്ഷേമപദ്ധതികളിൽ അവരെ ഉൾപ്പെടുത്തുകയും വേണ്ടതുണ്ട്.
ഈ തൊഴിലാളികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകാൻ തൊഴിലുടമകൾക്കും ഭൂവുടമകൾക്കും നിയമപരമായ ബാധ്യതയുെണ്ടന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയും ഉചിതമായ എക്സിക്യൂട്ടിവ് ഓർഡറുകളിലൂടെ അതിെൻറ നിർവഹണം ഉറപ്പുവരുത്തുകയും വേണം. ഈ ചട്ടങ്ങളും നിലപാടുകളുമാവും ഭാവി നിയമനിർമാണങ്ങളുടെ അടിസ്ഥാനം.
കോവിഡ്-19 എന്ന മഹാമാരി ഒഴിയുമ്പോൾ ഇനിയും ദൂരഗ്രാമങ്ങളിൽനിന്ന് അതിഥികൾ വരും, തൊഴിൽ തേടി. അവരുടെ അധ്വാനം വിലയ്ക്കു വാങ്ങുന്നതിനോടൊപ്പം അവരെ നിർണായക പൊതുസേവനങ്ങൾ ആവശ്യമുള്ള പൗരന്മാരായി അംഗീകരിക്കുകയും തുല്യതയും അന്തസ്സും ഉറപ്പുവരുത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും വേണം. അങ്ങനെ മാത്രമേ പൗരത്വവും സമത്വവും സാമൂഹികമായ ഉൾക്കൊള്ളലും പുനർവിഭാവനം ചെയ്യാനാവൂ.
താര നായർ ( പ്രഫസർ, ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് െഡവലപ്മെൻറ് റിസർച്ച് അഹ്മദാബാദ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.