മിൽഖാജി, അങ്ങ് എങ്ങോട്ടാണ് പറന്നു പോയത്?
text_fieldsപറക്കും സിങ്ങിനെ കുറിച്ച് കോച്ച് ഒ.എം. നമ്പ്യാർ ഒരുപാട് കഥകൾ പറയുമായിരുന്നു. കണ്ണൂർ സ്പോർട്സ് സ്കൂളിൽ പഠിക്കുേമ്പാൾ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് തമാശകളും കേട്ടു. കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. ട്രാക്കിലെ ഇതിഹാസത്തെ നേരിൽ കാണാൻ പക്ഷേ പിന്നെയും അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നു. കൊറിയയിൽ നടന്ന ലോക ജൂനിയർ ഇൻവിറ്റേഷൻ മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഞങ്ങളുടെ ടീം ചീഫ് ആയിരുന്നു മിൽഖ. 1982ലായിരുന്നു അത്. ഞാൻ 200 മീറ്ററിൽ സ്വർണ മെഡലും 100 മീറ്ററിൽ വെങ്കലവും നേടിയപ്പോൾ അദ്ദേഹം എന്നെ അഭിനന്ദിച്ചു. അദ്ദേഹവുമായി കൂടുതൽ സംസാരിക്കണമെന്നുണ്ടായിരുന്നു. ഹിന്ദി അറിയാത്തതിനാൽ അന്നത് സാധിച്ചില്ല.
1984ൽ ലോസ് ആഞ്ജലസിൽ ഞാൻ ഒളിമ്പിക്സ് മെഡലിന് അടുത്തെത്തിയപ്പോൾ അേദ്ദഹം എന്നെ ഇടക്കിടക്ക് ഉപദേശിക്കാൻ തുടങ്ങി. ഇന്ത്യക്ക് പുറത്തുള്ള മത്സരങ്ങളിൽ പങ്കെടുക്കണം. വേൾഡ് ക്ലാസ് മെഡൽ നേടണം. അതിനുള്ള കഴിവുണ്ടെന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം കരുതിയത് എനിക്ക് സ്കോളർഷിപ്പുകളൊക്കെ കിട്ടിയിട്ടും ഞാൻ പോകുന്നില്ല എന്നായിരുന്നു. അന്ന് അത്തരം തെറ്റായ പല വാർത്തകളും എന്നെ കുറിച്ച് പത്രത്തിൽ വന്നിരുന്നു. അദ്ദേഹവുമായുള്ള ബന്ധം പിന്നീട് ശക്തമായി. പീടീ എന്നാണ് വിളിക്കുക, ചിലപ്പോൾ ബേട്ടീ എന്നും.
മിൽഖയുടെ ചെറുപ്പകാലത്ത് വലിയ നേട്ടമൊക്കെ െകായ്യുേമ്പാൾ രാജ്യം എങ്ങനെയാണ് ആദരിച്ചത് എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. അദ്ദേഹം ഏതോ ഒരു വലിയ മെഡൽ നേടിയപ്പോൾ പ്രധാനമന്ത്രി ചോദിച്ചത്രേ, എന്താണ് വേണ്ടത് എന്ന്. മിൽഖ ആവശ്യപ്പെട്ടത് രാജ്യത്തിന് ഒരു ദിവസത്തെ അവധി കൊടുക്കണമെന്നായിരുന്നു. അതുപ്രകാരം അവധി അനുവദിച്ചുവത്രേ.
കാലങ്ങൾ പിന്നിട്ടിട്ടും ഞങ്ങൾക്കിടയിലെ ബന്ധം ഉൗഷ്മളമായിരുന്നു. ഭർത്താവിനെയും മകനെയും കുറിച്ച് എപ്പോഴും അന്വേഷിക്കും, ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയും,സ്പോർട്സ് സ്കൂളിന്റെ കാര്യങ്ങൾ ചോദിക്കും. മൂന്നു വർഷം മുമ്പ് അദ്ദേഹത്തെ ചണ്ഡിഗഢിലെ വീട്ടിൽ പോയി കണ്ടു. അന്ന് കുറച്ചു ദിവസം അദ്ദേഹത്തിെൻറ അതിഥിയായി അവിടെ കഴിഞ്ഞു. അദ്ദേഹം ചെറുപ്പകാലത്ത് ഓടിപ്പരിശീലിച്ച ഗ്രൗണ്ട് കാണാൻ അദ്ദേഹത്തോടൊപ്പം മൂന്നര മണിക്കൂർ യാത്ര ചെയ്തു. സൗകര്യങ്ങളൊന്നുമില്ലാത്ത കുട്ടിക്കാലത്തെ പരിശീലനത്തെ കുറിച്ചൊക്കെ മിൽഖ വാചാലനായി. മടങ്ങാൻ നേരം തന്റെ അധ്യായം അവസാനിക്കാറായെന്നും മെഡലുകളും സ്പൈക്കുമെല്ലാം മ്യൂസിയത്തിന് സമ്മാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ട് നടുങ്ങിപ്പോയിരുന്നു. പക്ഷേ, ഇത്ര തിടുക്കപ്പെട്ട് അദ്ദേഹം പോകുമെന്ന് കരുതിയിട്ടേയില്ല.
അന്തർ സംസ്ഥാന മീറ്റിൽ പങ്കെടുക്കുന്ന ശിഷ്യയോടൊപ്പം പാട്യാലയിൽ വന്നതാണ് ഞാൻ. ഇവിടെ വെച്ചാണ് പ്രിയ മിൽഖയുടെ വേർപാട് അറിഞ്ഞത്. ഇതുപോലൊരു ഇതിഹാസം ഇനിയില്ല. അന്നും ഇന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.