കൈകോർക്കാം ന്യൂനപക്ഷ അവകാശങ്ങൾക്കായി
text_fieldsപ്രതിബദ്ധതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി ഡിസംബർ 18 ന് നാം വീണ്ടും ലോക ന്യൂനപക്ഷ അവകാശദിനം ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള ന്യൂനപക്ഷ സമൂഹം കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിദമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ന്യൂനപക്ഷ അവകാശദിനത്തിന്റെ പ്രസക്തിയേറുകയാണ്. വംശീയ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്യ്രത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
1992ൽ ഐക്യരാഷ്ട്രസഭ ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചതിന് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും തുല്യനീതിക്കും നിലനിൽപിനുമായുള്ള പോരാട്ടത്തിലാണ് ലോകമാസകലമുള്ള ന്യൂനപക്ഷ ജനവിഭാഗം.
ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ഭരണഘടനയും പാർലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി രൂപംനൽകിയിട്ടുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താനുമാണ് 1992 ലെ നാഷനൽ കമീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമീഷന് കേന്ദ്രസർക്കാർ രൂപംനൽകിയത്. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർതലത്തിൽ ന്യൂനപക്ഷ വകുപ്പും ന്യൂനപക്ഷ ഡയറക്ടറേറ്റും സംസ്ഥാന ന്യൂനപക്ഷ കമീഷനും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഓർഡിനൻസും 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ആക്ടും പ്രകാരം കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപവത്കരിച്ചിട്ടുള്ളത്. പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരികയെന്ന ദൗത്യമാണ് ന്യൂനപക്ഷ കമീഷൻ പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈനർ എന്നീ മതവിഭാഗങ്ങളാണ് ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നത്. എന്നാൽ, ഇവയിൽ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളാണ് കേരളത്തിൽ കൂടുതലായുള്ളത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം മികച്ച ജീവിതനിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നാക്കാവസ്ഥ നിലനിൽക്കുന്നുണ്ട്. സർക്കാർ സർവിസുകളിലടക്കം ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരിലുണ്ടായിട്ടുള്ള കുറവ് ഇനിയും പരിഹരിക്കപ്പെടേണ്ടതായുണ്ട്.
വിദ്യാഭ്യാസമേഖലയിൽ ഏറെ പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷമേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നമ്മുടെ സംസ്ഥാനത്താണെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്രരായ കുട്ടികൾ ഇപ്പോഴും പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവരാണ്. അവർക്കിടയിൽ തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് വേണ്ട അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ബൃഹദ് പരിപാടികൾക്ക് രൂപംനൽകിവരുകയാണ്.
ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ചും നീതി നിഷേധിക്കപ്പെട്ടാൽ കൈക്കൊള്ളേണ്ട നിയമനടപടികളെ സംബന്ധിച്ചും അവകാശ സംരക്ഷണത്തിനായി ന്യൂനപക്ഷ കമീഷനെ സമീപിക്കുന്നത് സംബന്ധിച്ചുമൊക്കെയുള്ള സമഗ്രമായ ദിശാബോധം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വളർത്തിയെടുക്കുന്നതിനുമുള്ള പ്രചാരണപരിപാടികൾക്കാണ് കമീഷൻ പദ്ധതിയിടുന്നത്. കമീഷന് മുന്നിൽ വരുന്ന പരാതികളിൽ കാലതാമസം കൂടാതെ തീർപ്പുവരുത്തുന്നതിലും ജാഗ്രത പുലർത്താറുണ്ട്.
ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്ന വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരമാർന്ന പുതിയ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലേക്ക് കൂടുതൽ അടുത്തിടപഴകുന്നതിനുള്ള നൂതനാശയങ്ങൾ നടപ്പാക്കുന്നതും കമീഷന്റെ പരിഗണനയിലാണ്.
സർക്കാർതലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമീഷൻ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
മാറിയ കാലത്തും അരക്ഷിതബോധം പേറി ജീവിക്കാൻ വിധിക്കപ്പെട്ട ന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനസമൂഹം ഇന്നും നമുക്കിടയിലുണ്ട്. അവരുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും ജാഗ്രത്തായുള്ള പ്രവർത്തനങ്ങളാണ് അനിവാര്യം. അതിനുള്ള ഇന്ധനം പകരുവാൻ ഇത്തരം ദിനാചരണങ്ങൾക്കാകണം.
മതപരമോ ഭാഷാപരമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നതിനുള്ള തത്ത്വങ്ങൾ ഊന്നിപ്പറയാനുള്ള അവസരമായി വിനിയോഗിക്കാൻ ന്യൂനപക്ഷ അവകാശദിനത്തിന് കഴിയണം. മരണത്തിനും ജീവിതത്തിനുമിടയിൽ നിശ്ചലമാക്കപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല, എല്ലാ മൗലികാവകാശങ്ങളോടുംകൂടി വർണ, വർഗ, വംശ വ്യത്യാസങ്ങളേതുമില്ലാതെ, മുഖ്യധാരയിലേക്കുയർത്തപ്പെടേണ്ടവരാണ് ഏവരുമെന്ന പൊതുബോധ സൃഷ്ടിക്കായി ലോക ന്യൂനപക്ഷ അവകാശദിനത്തിൽ നമുക്കൊന്നായ് കൈകൾ കോർക്കാം.
(കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.