ന്യൂനപക്ഷങ്ങളുടെ ദുരിതവും പഴയ ബദൽരേഖയും
text_fieldsമൂന്നു പതിറ്റാണ്ടു മുമ്പ് സി.പി.എമ്മിൽ അവതരിപ്പിച്ച ബദൽരേഖയിൽ പറഞ്ഞ പലകാര്യങ്ങളും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ ഇന്നും വളരെ പ്രസക്തമായിത്തന്നെ നിൽക്കുകയാണ്. കേരളത്തിൽ പാർട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസങ്ങൾ 1985-86കളിൽ സി.പി.എമ്മിൽ ഉണ്ടായി. ഇടതുമുന്നണിക്കെതിരായി നിലകൊള്ളുന്ന യു.ഡി.എഫ് അന്ന് കൂടുതൽ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താം എന്ന ചർച്ച പാർട്ടിയിൽ ഉണ്ടായത്. ന്യൂനപക്ഷ -ഭൂരിപക്ഷ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ അഖിലേന്ത്യ അടിസ്ഥാനത്തിൽതന്നെ പ്രസക്തമായിരിക്കുന്ന സാഹചര്യത്തിൽ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച് ഒരു എത്തിനോട്ടം നടത്തുന്നത് ഗുണകരമായിരിക്കും. രാഷ്ട്രീയ രംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദൽ രേഖയാണല്ലോ സി.എം.പി രൂപവത്കരണത്തിെൻറ അടിസ്ഥാന ശില.
പാർട്ടിയിൽ വിവിധ ഘടകങ്ങളിലും സംഘടനകളിലും സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചർച്ചകൾ നടത്തുന്നത് പാർട്ടിയെ ഏകീകരിക്കുന്നതിന് ആവശ്യമാണെന്നാണ് സി.പി.എം ഭരണഘടനയിൽ പറയുന്നത്. അതിെൻറ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ പാർട്ടിയായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എന്നീ പാർട്ടികളുമായുള്ള സഖ്യം പാർട്ടിയെ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ എന്ന സി.പി.എം നിലപാടിനെതിരായി എം.വി. രാഘവൻ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞിക്കണ്ണൻ, ഇ.കെ. ഇമ്പിച്ചിബാവ, ടി. ശിവദാസമേനോൻ, വി.വി. ദക്ഷിണാമൂർത്തി, പാട്യം രാജൻ, പി.വി. മൂസാൻകുട്ടി, സി.കെ. ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും പാർട്ടി സമ്മേളനത്തിലും അവതരിപ്പിച്ചത്. കേരളത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എന്നീ പാർട്ടികളുമായുള്ള മുന്നണി പാർട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രകമ്മിറ്റിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും ബദൽരേഖയിൽ എടുത്തുപറഞ്ഞിരുന്നു. നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകിയിട്ടുള്ള മൗലികമായ അവകാശങ്ങൾ പോലും ഇന്ന് ഇവർക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ കമ്യൂണിസ്റ്റ് പാർട്ടികൾ തയാറാകണമെന്നും അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുത ഇതായിരിക്കെ, ന്യൂനപക്ഷങ്ങളുടെ പൊതുവായ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചാൽ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നും ഭൂരിപക്ഷ വിഭാഗങ്ങൾക്ക് എതിരാകുമെന്നുമുള്ള വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്നായിരുന്നു ബദൽരേഖയുടെ രത്നച്ചുരുക്കം. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇന്ന് ഏറ്റവും കടുത്ത വെല്ലുവിളിയെ നേരിടുകയാണ്. തനി ന്യൂനപക്ഷ വിരുദ്ധരുടെ ഭരണമാണ് രാജ്യത്ത് ഉള്ളതെന്ന് ആർക്കും നിഷേധിക്കാനും കഴിയുകയില്ല. സി.പി.എം പാർട്ടി പരിപാടിയിൽ അടിവരയിട്ട് പറയുന്നതുപോലെ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ പോലും അനുസ്യൂതം ന്യൂനപക്ഷങ്ങൾക്ക് ഇന്ന് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ അവരുടെ നില കുറച്ചെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. എന്നാൽ, രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും അവകാശങ്ങൾ ആകെ നിഷ്കരുണം നിഷേധിക്കപ്പെട്ട ഒരു വിഭാഗമായി ഇക്കൂട്ടർ മാറിയിരിക്കുകയാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ ഇവർ കൂട്ടക്കൊലക്കു വരെ നിരന്തരം ഇരയാകുകയും ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗക്കാർ പരമ്പരാഗതമായി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലുകളായ കന്നുകാലി കച്ചവടവും മാംസക്കച്ചവടവും അതുപോലുള്ള തൊഴിലുകളും ഇവരെ ചെയ്യാൻ അനുവദിക്കാതെ ഇവരുടെ ജീവനോപാധികൾ ആകെ ഇല്ലാതാക്കുകയാണ്. ഫലത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങൾ പോലും ഭരണകൂടം കവർന്നെടുക്കുന്ന ചിത്രങ്ങളാണ് രാജ്യത്തൊട്ടാകെ കാണാൻ കഴിയുന്നത്.
ഏറ്റവും ഒടുവിൽ അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച ശക്തികൾ അവിടെ രാമക്ഷേത്രം നിർമിക്കാനുള്ള ഏറ്റവും ശക്തമായ രീതിയിലുള്ള പുറപ്പാടും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസ് നീണ്ടുപോകുന്നതുകൊണ്ട് കോടതിയെത്തന്നെ നോക്കുകുത്തിയാക്കി രാമക്ഷേത്രം സ്ഥാപിക്കാൻ കേന്ദ്രസർക്കാറിെൻറ ഓർഡിനൻസ് കൊണ്ടുവരാനാണ് സംഘ്പരിവാർ തീരുമാനിച്ചിരിക്കുന്നത്. 1992ൽ ബാബരി മസ്ജിദ് തകർന്നതോടുകൂടി ഇന്ത്യൻ മതേതരത്വം യഥാർഥത്തിൽ വെറും കടലാസിൽ മാത്രമുള്ള ഒന്നായി മാറിയിരിക്കുകയാണല്ലോ.
രാജ്യത്തെ ഭരണകൂടം ജുഡീഷ്യറിയെ വിശ്വാസത്തിൽ എടുക്കാനേ തയാറാകുന്നില്ല. സർക്കാറിനെ താങ്ങിനിർത്തുന്ന മൂന്ന് നെടും തൂണുകളാണ് എക്സിക്യൂട്ടിവ്, പാർലമെൻറ്, ജുഡീഷ്യറി എന്നിവ. ഈ മൂന്ന് ഘടകങ്ങൾക്കും തുല്യ പ്രാധാന്യമാണ് ഭരണഘടന നൽകിയിരിക്കുന്നത്. ജുഡീഷ്യറിയെ നോക്കുകുത്തിയാക്കി എക്സിക്യൂട്ടിവ് തന്നെ കാര്യങ്ങൾ ആകെ ചെയ്യുന്ന സമീപനമാണ് കേന്ദ്രത്തിലെ മോദിസർക്കാറിനുള്ളതെന്ന കാര്യം വളരെ വ്യക്തമാണ്. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും കൊളീജിയം തീരുമാനത്തെ പോലും അംഗീകരിക്കാൻ കേന്ദ്ര ഭരണകൂടം വൈമുഖ്യം കാട്ടുന്നു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് കൊണ്ടുവരുമെന്ന് സംഘ്പരിവാർ നേതാക്കൾ മാത്രമല്ല കേന്ദ്രമന്ത്രിമാർതന്നെ പരസ്യമായി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനർഥം പരമോന്നത കോടതിയായ സുപ്രീംകോടതിയെപ്പോലും രാജ്യത്തെ ഭരണവർഗം അംഗീകരിക്കുന്നില്ലെന്നുള്ളതുതന്നെയാണ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉടൻതന്നെ ആരംഭിക്കുമെന്ന് സാരം.
രാജ്യത്തെ കോടാനുകോടി വരുന്ന ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിെൻറ കടുത്ത വെല്ലുവിളിയെയും കിരാതമായ കടന്നാക്രമണങ്ങളേയും നേരിടാൻ പോകുകയാണ്. ഇവരെ ആര് സംരക്ഷിക്കുമെന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ്. 1992ൽ ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടമാണ്. ന്യൂനപക്ഷങ്ങൾക്കു വേണ്ടി തങ്ങൾ നിലകൊള്ളുമെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം വിശ്വാസ യോഗ്യമാണെന്ന് തെളിയിക്കപ്പെടേണ്ടതാണ്. ബി.ജെ.പിയെക്കാൾ കടുത്ത ഹിന്ദുത്വ കാർഡ് ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് നേതൃത്വം പല അവസരത്തിലും ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ ശബരിമല വിഷയത്തിൽപോലും സംഘ്പരിവാർ സംഘടനകളോടൊപ്പമാണ് ഈ പാർട്ടി നിലകൊള്ളുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളാകെ ഇന്ന് അനാഥരാണെന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് സമർഥിക്കാൻ പ്രയാസമാണ്. ഇവരെ ആര് സംരക്ഷിക്കും എന്നുള്ള ഏറ്റവും പ്രസക്തമായ ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട്. ഇവിടെയാണ് ബദൽ രേഖയുടെ പ്രസക്തി. ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങൾ പോലും നിർദയം നിഷേധിക്കപ്പെട്ട വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങളെന്ന് അദ്ദേഹം തെൻറ രേഖയിൽ അടിവരയിട്ട് പറഞ്ഞു. ബദൽരേഖ എഴുതിയ കാലഘട്ടത്തേക്കാൾ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഇന്ന് കൂടുതൽ ദയനീയമായി മാറിയിരിക്കുകയാണ്. ഈ ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിർത്താൻ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം തയാറാകണമെന്നുള്ളതാണ് ബദൽ രേഖയുടെ സാരം. രാജ്യത്തെ സംഘ്പരിവാർ ഭരണത്തിൻ കീഴിൽ ഏറ്റവും വലിയ കടന്നാക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ രാജ്യത്തെ ഇടതുപക്ഷങ്ങൾക്ക് മാത്രമേ കുറച്ചെങ്കിലും സാധിക്കുകയുള്ളൂ. ബാബരി മസ്ജിദ് പൊളിക്കലിൽ കൂടി ന്യൂനപക്ഷങ്ങളിൽനിന്നും ഒറ്റപ്പെട്ട കോൺഗ്രസിന് ആ പാർട്ടിയുടെ ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധത പ്രവൃത്തിയിൽ കൂടി ഇനി തെളിയിക്കേണ്ടിവരും.
ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ബാധ്യത രാജ്യത്തെ ഇടതുപക്ഷത്തിനാണുള്ളത്. സി.പി.ഐ, സി.പി.എം അടക്കമുള്ള പാർട്ടികൾ ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടരുത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട വിഭാഗമാണ് ന്യൂനപക്ഷങ്ങളെന്നും, അതുകൊണ്ട് ഇക്കൂട്ടരെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്നുമുള്ള പാർട്ടി പരിപാടിയിലെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതലയും സി.പി.എമ്മിനുണ്ട്. ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിർത്താൻ സഹായകരമായ നിലയിൽ ന്യൂനപക്ഷങ്ങളുടെ പാർട്ടികളേയും ഇടതുപക്ഷം തങ്ങളുമായി എല്ലാ നിലയിലും സഹകരിപ്പിക്കേണ്ടിവരും. ഇക്കാര്യത്തിൽ തുറന്നചർച്ചകളും രാഷ്ട്രീയ വിശകലനങ്ങളും ഉയർന്നുവരേണ്ട സമയമാണിപ്പോൾ. ന്യൂനപക്ഷങ്ങളുടെ പാർട്ടികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ഒരു രാഷ്ട്രീയ പുനഃപരിശോധനക്ക് തയാറാകേണ്ടിവരും.
ഭൂരിപക്ഷ മതമൗലിക വാദികൾ ദേശീയ രാഷ്ട്രീയരംഗം മലീമസമാക്കിയിരിക്കുകയാണ്. അതിെൻറ പ്രതിധ്വനികൾ നമ്മുടെ സംസ്ഥാനത്തും ആഞ്ഞടിക്കുകയാണ്. ബദൽരേഖയിൽ ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവുമായി ബന്ധപ്പെടുത്തണമെന്നുള്ള അഭിപ്രായത്തിെൻറ പ്രസക്തി കൂടുതൽ വർധിച്ച സാഹചര്യവുമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. എം.വി.ആറിെൻറ ഈ നാലാം ചരമവാർഷിക ദിനത്തിൽ ഇക്കാര്യങ്ങൾ ആകെ ഒരു തുറന്നചർച്ചക്ക് വിധേയമാക്കേണ്ടതാണ്.
(സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.