വീഴുന്നവരുടെ ൈകപിടിക്കാൻ ആളില്ലാതാവുന്നുവോ?
text_fieldsമലയാളിമനസ്സില്‍ അവശേഷിച്ച മനുഷ്യത്വവും ചോര്‍ന്നുപോകുന്നുവെന്നാണ് സമീപദിവസങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ സംഭവങ്ങളോേരാന്നും ഓര്‍മിപ്പിക്കുന്നത്. സഹജീവികള്‍ക്കു നേരെയുണ്ടാകുന്ന ക്രൂരതകളും അവര്‍ അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും കണ്ടാസ്വദിച്ച് നിര്‍വൃതിയടയുന്ന സമൂഹമായി നമ്മള് മാറുകയാണെന്ന സന്ദേഹമുയര്‍ത്തുകയാണ് കൊച്ചിയില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ടു സംഭവങ്ങളും തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നടന്ന മറ്റൊരു സംഭവവും. കൊച്ചി നഗരമധ്യത്തില്‍ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കിനിന്ന ആള്‍ക്കൂട്ടവും കൊച്ചിയിലെ വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ അയല്‍വാസികളായ സ്ത്രീകള്‍ ക്രൂരമായി മര്‍ദിക്കുമ്പോള്‍ തടയാതിരുന്ന ജനക്കൂട്ടവും മലയാളികളുടെ മരവിച്ച മനഃസാക്ഷിയുടെ പ്രതീകങ്ങളാണ്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ സഹോദരിയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ക്രൂരമായി മര്‍ദിച്ച സംഭവവും മനുഷ്യത്വമില്ലാത്ത മലയാളിയുടെ സ്വാർഥമനസ്സ് വെളിപ്പെടുത്തുന്നുണ്ട്. മര്‍ദനത്തിനിരയായ സുജിത് എന്ന യുവാവ് മരണപ്പെട്ടു. യുവാവിനെ മൃഗീയമായി മര്‍ദിച്ചയാളെ ആള്‍ക്കൂട്ടത്തില്‍ ഒരാളെങ്കിലും തടഞ്ഞിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന് ഇന്നും ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഫേസ്ബുക്കിലും മറ്റും ഘോരഘോരം പ്രതികരിക്കുകയും വാക്കുകളിലൂടെ കൊന്ന് കൊലവിളിക്കുകയും ചെയ്യുന്ന വീരശൂരപരാക്രമികള്‍ ആയിരക്കണക്കിനുണ്ട്. എന്നാല്‍, നേരില്‍ കാണുന്ന അതിക്രമങ്ങള്‍ തടയാനും ജീവനുവേണ്ടി പിടയുന്നവരെ ആശുപത്രിയിലെത്തിക്കാനും ആരുമുണ്ടാകുന്നില്ല എന്നതാണ് അവസ്ഥയെന്നറിയുമ്പോള്‍ നമ്മളെയോര്‍ത്ത് നമ്മള് തന്നെ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളത്. ഉയര്‍ന്ന ബുദ്ധിയും ചിന്തയും സംസ്കാരവുമുണ്ടെന്ന് മേനിനടിക്കുന്ന മലയാളിസമൂഹത്തില്‍ നിന്നു ചോര്‍ന്നുപോയ്ക്കൊണ്ടിരിക്കുന്ന മഹത്തായ ചില വികാരങ്ങളുണ്ട്.
സ്നേഹം, കാരുണ്യം, മനുഷ്യത്വം എന്നീ പേരുകളിലാണ് അത് അറിയപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ മാനുഷികമായ ഈ മൂന്നു ഗുണങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നുവെന്നതിെൻറ തെളിവാണ് കൊച്ചിയില്‍ നടന്ന രണ്ടുസംഭവങ്ങളും. നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തില്‍നിന്നും ചുഴലിയെ തുടര്‍ന്ന് തലചുറ്റി താഴെ വീണ് മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന മനുഷ്യനെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതെ നോക്കിനിന്ന ആ ജനക്കൂട്ടം നമ്മുടെ നാട്ടില്‍ മനഃസാക്ഷി അവശേഷിച്ചവരില്‍ ഉളവാക്കുന്ന ഉത്കണ്ഠകളും ആശങ്കകളും ഏറെ വലുതാണ്. മനുഷ്യത്വമില്ലാത്തവരും മനഃസാക്ഷി മരവിച്ചവരുമായ തലമുറയാണ് ഇവിടെ വാര്‍ത്തെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ് ഭാവിയെ ഏറെ ഭീതിയോടെ നോക്കിക്കാണാനുള്ള സാഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി പത്മ ജങ്ഷനിലെ സ്വകാര്യഹോട്ടലിെൻറ നാലാംനിലയില്‍ നിന്നും വീണ സജി ആേൻറാ എന്ന നാൽപത്തേഴുകാരന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് വീഴുകയും അവിടെ നിന്ന് നടപ്പാതയിലേക്ക് പതിക്കുകയുമായിരുന്നു. നിരവധി പേര് ഈ സമയത്ത് സജി വീണുകിടന്ന ഭാഗത്തുണ്ടായിരുന്നുവെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. സജി ജീവനുവേണ്ടി പിടയുമ്പോള്‍ അതുനോക്കി ആസ്വദിക്കാനും സെല്‍ഫിയെടുക്കാനും മത്സരിച്ചവര്‍, കണ്ടിട്ടും കാണാത്തതുപോലെ നടന്നുനീങ്ങിയവര്‍, എത്തിനോക്കിയ ശേഷം പിന്തിരിഞ്ഞുനടന്നവര്‍, നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ സ്ഥലത്തുനിന്നും നീക്കം ചെയ്ത ശേഷം കാഴ്ചക്കാരായി മാറിയ ഡ്രൈവര്‍മാര്‍... അങ്ങനെ വ്യത്യസ്ത മേഖലകളിലുള്ള ആളുകളെല്ലാം മനുഷ്യത്വമില്ലായ്മയില്‍ ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തിയ അഭിശപ്തദിനം. രക്തംവാര്‍ന്ന് മരണത്തോടടുക്കുന്ന മനുഷ്യനെ വിഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ എത്ര ലൈക്കും ഷെയറും നേടാനാകുമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന ഇരുകാലികള്‍ക്കിടയിലേക്കാണ് അഭിഭാഷകയായ അഡ്വ. ആര്. രഞ്ജിനി എന്ന അഭിഭാഷക മാലാഖയെ പോലെ കടന്നുവന്നത്.
അവിടെ കൂടിനിന്നിരുന്ന നപുംസകജന്മങ്ങളോട് രഞ്ജിനി വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചിട്ടുപോലും ആരും ഇത് ഗൗനിച്ചില്ല. ഒടുവില്‍ അതുവഴി വന്ന കാര്‍ രഞ്ജിനി തടഞ്ഞുനിര്‍ത്തുകയും സജിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആ സമയത്ത് രഞ്ജിനി വന്നില്ലായിരുന്നുവെങ്കില്‍ ആരും സഹായിക്കാനില്ലാതെ സജി അവിടെ തന്നെ പിടഞ്ഞുമരിക്കുമായിരുന്നു.
വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ നാട്ടുകാരികളായ മൂന്നുസ്ത്രീകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്ത സംഭവം കാണാന്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. മുന്നില്‍ നടന്ന ഈ കൊടിയ അനീതിയെ ചെറുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. പൊലീസ് പോലും ഈ പ്രശ്നത്തില്‍ സ്വീകരിച്ചത് ദയാരഹിതമായ സമീപനമായിരുന്നു. വീട്ടമ്മയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ പരാതി നല്കിയപ്പോള് അക്രമാസക്തയാകുന്ന സ്ത്രീയെ മുട്ടിന് താഴെ അടിച്ച് കീഴ്പ്പെടുത്താന്‍ നിര്‍ദേശിച്ച പൊലീസിെൻറ വിവരദോഷത്തെ ഓര്‍ക്കുമ്പോള്‍ അമര്‍ഷവും സഹതാപവും ഒരുപോലെ തോന്നുന്നു. മാനസികനില ശരിയല്ലാത്തവരോട് കാണിക്കുന്ന അക്രമങ്ങളും ക്രൂരതകളും ഗുരുതരമായ ക്രിമിനല്‍കുറ്റമാണെന്നിരിക്കെ അത്തരം കുറ്റകൃത്യങ്ങള്‍ തടയാനും ഇരകള്‍ക്ക് നീതി നല്‍കാനും ഉത്തരവാദപ്പെട്ട പൊലീസുകാര്‍ തന്നെ കുറ്റത്തിന് പ്രേരണ നല്കുന്ന സ്ഥിതി എത്രമാത്രം ഭയാനകമാണെന്നോര്‍ക്കണം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ജനക്കൂട്ടത്തിന് മുന്നില്‍ എത്രയോ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മലയാളികള്‍ സ്വതഃസിദ്ധമായ പുച്ഛഭാവത്തോടെ പറയുന്ന ഒരു പൊതുവാചകമുണ്ട്: അവിടങ്ങളിലൊക്കെ അങ്ങനെയാണ്; കേരളം പോലെയല്ല എന്ന്. ആപത്തിലകപ്പെടുന്നവരെ സഹായിക്കുന്ന മനഃസ്ഥിതി കൈവിടാത്ത സാമൂഹികസംസ്കാരം സമീപകാലം വരെ നമുക്കുണ്ടായിരുന്നതിനാല്‍ ഈ അവകാശവാദം എവിടെയും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ഇനി കരുതിയിരുന്നേ മതിയാകൂ. കാരണം, അത്രമേല്‍ നമ്മുടെയൊക്കെ പൊതുബോധത്തില്‍ ആര്‍ദ്രത നഷ്ടമായിക്കൊണ്ടിരിക്കുന്നു. എവിടെയും അരക്ഷിതാവസ്ഥയാണെന്നും വീണുപോയാല്‍ എഴുന്നേൽപിക്കാന് ഒരുകരം പോലും നീണ്ടുവരില്ലെന്നുമുള്ള മനസ്സിെൻറ ഓര്‍മപ്പെടുത്തലുമായി മാത്രമേ എങ്ങോട്ടും യാത്രപോകാന്‍ സാധിക്കുകയുള്ളൂ. എല്ലാവരും കൈയൊഴിയുമ്പോള്‍ ഒരു രഞ്ജിനി കാരുണ്യത്തിെൻറ വിരൽത്തുമ്പുമായി എല്ലായിടത്തും ഉണ്ടായിക്കൊള്ളണമെന്നില്ല.
കൊച്ചിയിലുണ്ടായ ആള്‍ക്കൂട്ട നിഷ്ക്രിയത്വം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ പലഭാഗങ്ങളിലും സമാനരീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലുമാസം മുമ്പ് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതെ ഈ രംഗം ആള്‍ക്കൂട്ടം മൊബൈലില്‍ പകര്‍ത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അവസാനം ഏതോ ഒരു വ്യക്തി പരിക്കേറ്റയാളെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമായത്. മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം പ്രവണതകള്‍ കേരളീയസമൂഹത്തില്‍ വര്‍ധിക്കുമ്പോഴും മനുഷ്യനന്മയുടെ ഉദാത്തമായ പ്രതീകങ്ങളായി സമൂഹത്തില്‍ പ്രകാശം പരത്തുന്നവരുമുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല.
ഏതുസമയത്തും എവിടെയും എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ ചുറ്റിനും ആളുകളുണ്ടായിട്ടും സഹായം കിട്ടാതെ പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള മാനവികതാബോധത്തിെൻറ കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. അക്രമത്തിനിരയാവുകയോ അപകടത്തില്‍ പരിക്കേല്‍ക്കുകയോ ചെയ്ത ആളെ ആശുപത്രിയിലെത്തിച്ച് പിന്നീട് ആ വ്യക്തിക്ക് മരണം സംഭവിച്ചാല്‍ പൊലീസ് വേട്ടയാടുമെന്നും തങ്ങള്‍ പ്രതികളാക്കപ്പെടുമെന്നും ചിന്തിക്കുന്നവരും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ സ്വന്തം കാര്യം നോക്കുന്ന മാനസികാവസ്ഥയിലെത്തുന്നു. സഹായം നല്‍കിയതിെൻറ പേരില്‍ പൊലീസ് സ്റ്റേഷനും കോടതിയും കേസുമായി ജീവിതം തള്ളിനീക്കുന്നതിെൻറ ദുരനുഭവകഥകളായിരിക്കും ഇവരില്‍ നിറഞ്ഞുനില്‍ക്കുക.
ഭരണകൂടവും പൊലീസും ഈ വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജനമൈത്രി പൊലീസിനെ ഉപയോഗിച്ച് ഇക്കാര്യത്തില്‍ മതിയായ ബോധവത്കരണം നടത്തണം. അപകടത്തില്‍പെട്ടവരെയും മറ്റും സഹായിക്കുന്നവര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.