ഗാരന്റിപ്പൂരം!
text_fieldsആർക്കും തോന്നുംപടി വന്നും ഇരുന്നും നിന്നും പോയും കഴിയാവുന്ന സംവിധാനമാണ് പ്രതിപക്ഷത്തിന്റെ ഇൻഡ്യ സഖ്യം എന്ന ഉറപ്പിലാണ് ‘400 സീറ്റ് ഞാനിങ്ങെടുത്തു’വെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം. മോദിയുടെ ഒന്നാമത്തെ ഗാരന്റി പ്രതിപക്ഷം തന്നെ. രണ്ടാമത്തെ ഗാരന്റി, ആവനാഴിയിലെ വിഭാഗീയാസ്ത്രമാണ്
സുരേഷ് ഗോപി തൃശൂർ അങ്ങെടുത്ത മാതിരി 400 സീറ്റും അടിച്ചുമാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തള്ളിമാറ്റി കേരളത്തിലെ വോട്ടർമാർ നൽകുമെന്നു കരുതുന്ന ഇരട്ടയക്ക സീറ്റുകളും ഇതിൽപെടും. ബി.ജെ.പി ഒറ്റക്ക് 370; സഖ്യകക്ഷികൾക്ക് 30ൽപരമെന്നാണ് കണക്ക്. കൃത്യമായ കണക്കുണ്ടെങ്കിൽ, ശരിക്കും ഒരു തെരഞ്ഞെടുപ്പുതന്നെ ആവശ്യമുണ്ടോ എന്ന ശങ്കയേ വേണ്ടൂ. മോദി മാത്തമാറ്റിക്സ് പ്രകാരം ലോക്സഭ തെരഞ്ഞെടുപ്പിൽ 400 കഴിച്ചാൽ ബാക്കിയുള്ളത് 143ൽ താഴെ സീറ്റാണ്. ഇൻഡ്യയെന്ന് പ്രതിപക്ഷവും ഇൻഡിയെന്ന് ബി.ജെ.പിയും വിവക്ഷിക്കുന്ന സഖ്യത്തിന് പങ്കിട്ടെടുക്കാനുള്ളത് ഇത്രയും സീറ്റു മാത്രം. കഴിഞ്ഞ രണ്ടു തവണത്തെ പ്രകടനം വെച്ചാണെങ്കിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മോദിസർക്കാറിനെ പുറമെനിന്ന് പിന്തുണക്കുന്ന കക്ഷികളും അടിച്ചുമാറ്റാൻ പോകുന്നതുകൂടി കണക്കിലെടുത്താൽ സമാജ് വാദി പാർട്ടി, ഡി.എം.കെ, എൻ.സി.പി എന്നിങ്ങനെ ബാക്കി രണ്ടു ഡസൻ വരുന്ന പാർട്ടികൾ, ഗോവിന്ദ!
അതുകൊണ്ടാണോ, വെവ്വേറെതന്നെ മത്സരിച്ച് സ്വന്തം വോട്ട് എണ്ണി തിട്ടപ്പെടുത്താമെന്ന് പലയിടത്തും ഇൻഡ്യയിലെ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതെന്ന് വ്യക്തമല്ല. ബംഗാളിൽ പ്രതിപക്ഷ പാർട്ടികളോട് പേരിനുപോലും മമത കാണിച്ചില്ല തൃണമൂൽ കോൺഗ്രസ് നേതാവ്. ഏതെങ്കിലും ഒരു പാർട്ടിയോടല്ല അഭിപ്രായഭിന്നത എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ്, സി.പി.എം. ബി.ജെ.പി തുടങ്ങി സർവ പാർട്ടികളോടുമാണ് ശത്രുത. അവരെ വളർത്താനല്ല, തൃണമൂലിന്റെ എണ്ണം പരമാവധിയാക്കാനാണ് നോക്കേണ്ടതെന്നാണ് ദീദിയുടെ താത്ത്വിക ലൈൻ. എങ്കിൽപിന്നെ ഇൻഡ്യ സഖ്യത്തിന്റെ ഫോട്ടോയെടുപ്പിന് മുൻപന്തിയിൽ നിന്നതെന്തിന് എന്നാണെങ്കിൽ, സീറ്റ് പങ്കിടാനല്ല, വിചാരധാര പങ്കിടാനാണ് ഇൻഡ്യയെന്ന ജാമ്യവചനം ഇൻഡ്യ കക്ഷികൾ കണ്ടെടുത്തുവെച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സഖ്യമല്ല, തെരഞ്ഞെടുപ്പാനന്തര സഖ്യമെന്ന് മലയാളം. അതേതായാലും, ഉന്നംതെറ്റിയിറങ്ങിയ കൺവീനറെത്തന്നെ ബി.ജെ.പി അടിച്ചെടുത്ത് വീണ്ടും ബിഹാർ മുഖ്യമന്ത്രിയാക്കിയ ദുരവസ്ഥയിലാണ് ഇൻഡ്യ.
തേക്കിൻകാട് മൈതാനംപോലെ ആർക്കും തോന്നുംപടി വന്നും ഇരുന്നും നിന്നും പോയും കഴിയാവുന്ന സംവിധാനമാണ് പ്രതിപക്ഷത്തിന്റെ ഇൻഡ്യ സഖ്യം എന്ന ഉറപ്പിലാണ് ‘400 സീറ്റ് ഞാനിങ്ങെടുത്തു’വെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം. മോദിയുടെ ഒന്നാമത്തെ ഗാരന്റി പ്രതിപക്ഷംതന്നെ. രണ്ടാമത്തെ ഗാരന്റി, ആവനാഴിയിലെ വിഭാഗീയാസ്ത്രമാണ്. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, എയ്യുമ്പോൾ നൂറ് എന്ന മട്ടിലാണ് ആ അസ്ത്രം കൊണ്ടുള്ള നൂറുമേനി വിളവെടുപ്പ്. ഇലക്ടറൽ ബോണ്ട്, തെരഞ്ഞെടുപ്പ് കമീഷണർ നിയമനം എന്നിങ്ങനെയൊക്കെയായി സുപ്രീംകോടതി ഇടങ്കോലിടുന്നുണ്ടെങ്കിലും, ഭരണത്തിന്റെ അവിഹിത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന സാഹചര്യമാണ് മൂന്നാമത്തെ ഗാരന്റി. രാഷ്ട്രീയത്തിൽ സാമാന്യ മര്യാദ എന്നൊന്ന് ബാധകമല്ലെങ്കിൽ മുന്നണി പൊളിക്കാനും പാരപണിയാനും സർക്കാറിനെ മറിച്ചിടാനും കൂറുമാറ്റത്തിനുമൊക്കെ ഭരണസൗകര്യം പ്രയോജനപ്പെടുത്താം.
അതല്ലാതെ, ജനത്തിനു മുന്നിൽ വെക്കുന്ന ‘മോദി കാ ഗാരന്റി’കളൊന്നും 400 പ്രതീക്ഷിക്കാനുള്ള ഇനങ്ങളല്ല. ഗാരന്റിയെന്നു പേരിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിലെ മോഹവിൽപനയെന്നു മാത്രം. എമ്മാതിരി ഗാരന്റികളാണ്! പഴയൊരു സിനിമാപ്പാട്ടിലെപ്പോലെ ‘തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കു’മെന്നൊക്കെ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞുകളയും, നേതാക്കൾ. പത്തു വർഷം ഭരിച്ചവരും പതിറ്റാണ്ടുകൾ ഭരിച്ചവരുമൊക്കെയാണ്, നിത്യപ്രാരബ്ധത്തിൽ മുങ്ങിത്തുഴയുന്ന ജനത്തെ പിന്നെയും മോഹിപ്പിക്കുന്നത്. യുവാക്കൾ, മഹിളകൾ, ദരിദ്രർ, ആദിവാസികൾ എന്നിങ്ങനെ ഭരണത്തിന്റെ കെടുതികൾക്ക് പ്രധാന ഇരകളായ വോട്ടുബാങ്ക് മേഖലകളെ ലാക്കാക്കിയാണ് പ്രലോഭന പെരുമഴ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ ഇമ്മാതിരിയാണ് വായ്ത്താരിയെങ്കിൽ വരാനിരിക്കുന്നതേയുള്ളൂ, ഗാരന്റിപ്പൂരം. മോദി കാ ഗാരന്റിയോടോ കോൺഗ്രസിന്റെ ഗാരന്റിയോടോ മറ്റു ഗാരന്റികളോടോ ജനം എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല. അതേതായാലും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വാഗ്ദാനം തോട്ടിലെറിഞ്ഞ് നേതാക്കൾ അവരുടെ പാട്ടിനു പോകും. അതാണ് ജനത്തിന്റെ പതിവു ദുരനുഭവം.
400 എന്ന കൊട്ടത്താപ്പ് കണക്കിന്റെ യുക്തി വ്യക്തമല്ലെങ്കിലും ഉന്നം കൃത്യമാണ്. നിർണായകമായ ഭരണഘടന ഭേദഗതികൾക്ക് പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽരണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന ഉന്നം ബി.ജെ.പിയുടെ സിറ്റിങ് എം.പി തന്നെ കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അവരെ അലട്ടുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവുമൊന്നുമല്ല. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ സിവിൽ കോഡ് എന്നിങ്ങനെ, പ്രഖ്യാപിച്ചതും അജ്ഞാതവുമായ പലജാതി ഒറ്റനമ്പർ പ്രയോഗങ്ങളുടെ സാക്ഷാത്കാരത്തിനാണ് മൂന്നിൽ രണ്ടിനായുള്ള വെമ്പൽ. ദേശീയോദ്ഗ്രഥനം കുടികൊള്ളുന്നത് ഒറ്റ നമ്പർ മുദ്രാവാക്യങ്ങളിലത്രേ. പക്ഷേ, അതിലത്രയും കാണുന്നത് ഇരട്ടത്താപ്പാണ്. ഒരു രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കിയാൽ അടിക്കടിയുള്ള തെരഞ്ഞെടുപ്പുകളുടെ അലട്ടലും രാഷ്ട്രീയ അസ്ഥിരതയുമില്ലാതെ അഞ്ചു വർഷം തുടർച്ചയായി ഭരണത്തിലും വികസനത്തിലും കേന്ദ്രീകരിച്ച് മുന്നോട്ടുപോകാൻ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകൾക്ക് സാധിക്കുമെന്നാണ് ബി.ജെ.പിയുടെ വാദം. അതേ ബി.ജെ.പി തന്നെ കാലുമാറ്റവും പിളർത്തലുമായി ഓരോ സംസ്ഥാനത്തും അട്ടിമറി നടത്തി ഭരണസ്തംഭനവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു എന്നതാണ് വിരോധാഭാസം. ഹരിയാന, ബിഹാർ, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് എന്നിങ്ങനെ നീളുന്നു, തുരപ്പൻപ്രയോഗത്തിലൂടെ ഒരു സംസ്ഥാനം, പല കാലുമാറ്റം എന്ന മുദ്രാവാക്യം നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടിക.
ബഹുസ്വര സമൂഹത്തിൽ ഏക സിവിൽ കോഡ് അടിച്ചേൽപിക്കുന്നതിന് ഉത്തരാഖണ്ഡിൽ തുടക്കമായി. ഒരു രാജ്യം, ഒറ്റ ജനത മുദ്രാവാക്യം വേണ്ടിടത്താണ് നിയമം ഭേദഗതി ചെയ്ത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകിത്തുടങ്ങുന്നത്. മൂന്ന് അയൽപക്ക രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഉദാരമായി പൗരത്വം നൽകാൻ നാലു വർഷം മുമ്പ് പാസാക്കിയ നിയമം നടപ്പാക്കാനുള്ള ചട്ടം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വിജ്ഞാപനം ചെയ്തതും ദേശീയോദ്ഗ്രഥനം ഊട്ടിയുറപ്പിക്കാനാവണം. പെട്രോളിന് 10 രൂപയെങ്കിലും കുറക്കാൻ കഴിയാതെ, ജീവിതസമരം നടത്തുന്ന കർഷകനോട് സഹാനുഭൂതി കാണിക്കാതെ, സൈനികന്റെ യൂനിഫോമും ദേശീയപതാകയും ദുരുപയോഗം ചെയ്ത് ഗാരന്റിപ്പൂരം പരസ്യങ്ങളിൽ നിറക്കുന്നവർക്കു മുന്നിൽ ബാക്കിയാവുന്ന ചോദ്യം മറ്റൊന്നാണ്: വിദ്വേഷാന്തരീക്ഷം അകറ്റി സൗഹാർദവും സമാധാനവും ഗാരന്റി നൽകാനാവുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.