മോദി ഷോ
text_fieldsഇതാദ്യമായി രാമക്ഷേത്ര നിർമാണത്തിന് വഴിതുറന്ന ജുഡീഷ്യറിയുടെ ഇടപെടലിനെ അഭിനന്ദിക്കാൻ മോദി തയാറായി എന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം. അതേസമയം, അയോധ്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, മഹന്ത് ധരം ദാസ് തുടങ്ങിയ സംഘ്പരിവാർ നേതാക്കളെക്കുറിച്ച് ഒരക്ഷരം സംസാരിച്ചതുമില്ല
സംഘ്പരിവാറും രാജ്യത്തെ മതേതരകക്ഷികളുമെല്ലാം ഒരുപോലെ കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് അവസാനിച്ചപ്പോൾ, ബാക്കിയായത് മുഖ്യ യജമാനനായി അരങ്ങിലെത്തിയ മോദിയുടെ ‘വൺ മാൻ ഷോ’. തിങ്കളാഴ്ച രാവിലെ 11ഓടെ തുടങ്ങി ഏകദേശം നാലു മണിക്കൂർ നീണ്ട ‘പ്രകടന’ത്തിൽ ‘അയോധ്യ പ്രസ്ഥാന’ത്തിന്റെ നേതാക്കൾവരെ അദൃശ്യരായി.
എണ്ണായിരത്തിലധികം വി.വി.ഐ.പികളും ലക്ഷക്കണക്കിന് ഭക്തജനങ്ങളും തടിച്ചുകൂടിയ, ‘ജയ് ശ്രീറാം’ വിളികളാൽ മുഖരിതമായ ചടങ്ങ് അക്ഷരാർഥത്തിൽ മോദി കൈയടക്കിയെന്ന് പറയാം.
രാം ലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മോദി ‘മുഖ്യസാക്ഷി’യായി എത്തിയത് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമായിരുന്നു. നേരത്തേ, ചടങ്ങിലെ ആചാരലംഘനത്തെച്ചൊല്ലി പ്രമുഖ ശങ്കരാചാര്യന്മാർതന്നെ വിവാദമുയർത്തുകയും ബഹിഷ്കരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, കൂടുതൽ വിവാദങ്ങളൊഴിവാക്കാൻ 15 ‘യജമാനന്മാരെ’ ക്ഷേത്രട്രസ്റ്റ് പ്രത്യേകമായി ഒരുക്കിനിർത്തിയിരുന്നു.
ചടങ്ങുമായി ബന്ധപ്പെട്ട പ്രാർഥനകൾക്കും മറ്റും ഇവരായിരുന്നു നേതൃത്വം നൽകേണ്ടിയിരുന്നത്. പക്ഷേ, മുമ്പേതന്നെ, താൻ പ്രതീകാത്മക യജമാനനാണെന്ന് പ്രഖ്യാപിച്ച മോദി ചടങ്ങിന് നേതൃത്വം നൽകാനെത്തിയ യഥാർഥ യജമാനന്മാരെ മാറ്റിനിർത്തി മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ സർവം കൈയടക്കി.
ചടങ്ങിനുശേഷം, സദസ്സിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും മോദി തന്റെ ‘ഷോ’ തുടർന്നു. ഇതാദ്യമായി രാമക്ഷേത്രനിർമാണത്തിന് വഴിതുറന്ന ജുഡീഷ്യറിയുടെ ഇടപെടലിനെ അഭിനന്ദിക്കാൻ അദ്ദേഹം തയാറായി എന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം.
അതേസമയം, അയോധ്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, മഹന്ത് ധരം ദാസ് തുടങ്ങിയ സംഘ്പരിവാർ നേതാക്കളെക്കുറിച്ച് ഒരക്ഷരം സംസാരിച്ചതുമില്ല. ഇവരെയെല്ലാം പരിപാടിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. വാസ്തവത്തിൽ, ക്ഷേത്രട്രസ്റ്റ് അദ്വാനിക്കും ജോഷിക്കും പ്രത്യേകം ക്ഷണക്കത്തുകൾ അയച്ചിരുന്നു.
എന്നാൽ, ഇവരുടെ പ്രായവും ആരോഗ്യവുമെല്ലാം പരിഗണിച്ച് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് പ്രചാരണം. അതേസമയം, രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ഇവരുടെ ‘സേവനം’ മുൻനിർത്തി ഈ നേതാക്കൾക്കെല്ലാം മോദി ഇടപെട്ട് എന്തുകൊണ്ട് പ്രത്യേക സൗകര്യം നൽകി ചടങ്ങിന് കൊണ്ടുവന്നില്ല എന്ന ചോദ്യം ബാക്കിയാവുന്നു.
അയോധ്യയിലെ ക്ഷേത്രപ്രക്ഷോഭത്തിൽ അദ്വാനിയെപ്പോലെ ഒരാളുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. 90ൽ, സോമനാഥിൽനിന്ന് അയോധ്യയിലേക്ക് അദ്ദേഹം നടത്തിയ രഥയാത്രയാണ് വാസ്തവത്തിൽ പ്രക്ഷോഭത്തെ ദേശീയതലത്തിലേക്ക് ഉയർത്തിയത്; പ്രത്യേകിച്ച് ബിഹാറിൽ ലാലു യാത്ര തടയുകയും അദ്വാനി അറസ്റ്റിലാവുകയുമൊക്കെ ചെയ്ത സന്ദർഭത്തിൽ.
അതിനുശേഷം, ഗുജറാത്ത് കലാപാനന്തരം മോദിയെ മുഖ്യമന്ത്രിപദത്തിൽനിന്ന് പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ പിന്തിരിപ്പിച്ച് മോദിക്ക് ജീവൻ നൽകിയതും ഇതേ അദ്വാനിയാണ്. പക്ഷേ, ചടങ്ങിലൊരിടത്തും ആ പേര് പരാമർശിക്കപ്പെട്ടില്ല.
ബജ്റങ്ദൾ നേതാവ് കത്യാറുടെ കാര്യവും തഥൈവ. ബാബരി ധ്വംസനക്കേസിലെ പ്രതിയാണ് കത്യാർ. ക്ഷേത്രപ്രക്ഷോഭത്തിൽ ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ച ആ നേതാവും ഇന്നലെ അയോധ്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, അദ്ദേഹവും വന്നില്ല; ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നതുതന്നെ കാരണം. അയോധ്യയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ മഹന്ത് ധരം ദാസിന്റെ അസാന്നിധ്യത്തിന്റെ കാരണവും മറ്റൊന്നല്ല.
ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ മോദി പ്രധാനമായും പറയാൻ ശ്രമിച്ചത്, പ്രാണപ്രതിഷ്ഠ എങ്ങനെയാണ് ഒരു പുതിയ യുഗത്തിന്റെ തുടക്കമാകുന്നത് എന്നാണ്. ചടങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത് ‘നിർണിതമായ നിമിഷം’ എന്നാണ്. വിജയത്തിന്റേതല്ല, പ്രാർഥനയുടെ ദിനമായിവേണം ഇതിനെ കണക്കാക്കാനെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിക്കുന്നുണ്ട്. ‘‘ഈ ദിവസം മാറ്റത്തിന്റെ തുടക്കമായി അടയാളപ്പെടുത്തപ്പെടും.
ഇങ്ങനെയൊരു ദിവസത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഈ തലമുറ പുളകിതരാവുകയും ചെയ്യും. ഒരു ആയിരം വർഷത്തേക്കുള്ള പ്രയാണത്തിന്റെ ശിലാസ്ഥാപനമായി വേണം ഇതിനെ മനസ്സിലാക്കാൻ’’ -കരഘോഷങ്ങൾക്കും ജയ് ശ്രീറാം വിളികൾക്കുമിടയിൽ മോദിയുടെ വാക്കുകൾ ഇങ്ങനെ പോകുന്നു. രാമസേതുവിൽനിന്നാണ് താൻ അയോധ്യയിലെത്തിയതെന്ന് മോദി പറയുന്നുണ്ട്.
രാവണനെ പരാജയപ്പെടുത്തി രാമൻ ലങ്കയിൽനിന്ന് അയോധ്യയിലെത്തിയത് രാമസേതുവഴിയാണെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 11 ദിവസങ്ങളിൽ വ്രതമെടുത്ത് ദക്ഷിണേന്ത്യയിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. മോഹൻ ഭാഗവതിനു പുറമെ, സംഘ്പരിവാർ നേതാവായി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചത് ഗോവിന്ദ് ദേവ് ഗിരി മാത്രമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംസാരം ഊന്നിയത് പ്രാണപ്രതിഷ്ഠ എങ്ങനെയാണ് ത്രേതായുഗത്തെ വീണ്ടെടുക്കുന്നത് എന്ന് വിശദീകരിക്കാനാണ്. ഏറ്റവും രസകരമായ കാര്യം, ഈ സംസാരങ്ങൾക്കും ചടങ്ങുകൾക്കും കരഘോഷങ്ങൾക്കുമെല്ലാം പശ്ചാത്തലശബ്ദമായി, ഗാന്ധിയുടെ ഇഷ്ടഗീതമായ ‘രഘുപതി രാഘവ രാജാറാം’ കേൾക്കാമായിരുന്നു എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.