പ്രിയപ്പെട്ട ജോർജ്, വിട...
text_fieldsഏഴെട്ടു മാസങ്ങൾക്കുമുമ്പാണ് ഞാൻ അവസാനമായി ജോർജ് ഫെർണാണ്ടസിനെ കണ്ടത്. ലൈലാ കബീറിെൻറ വസതിയിൽ. എക്കാലത്തെയും ശക്തനായ സോഷ്യലിസ്റ്റ് നേതാവും തൊഴിലാളികളുടെ പടത്തലവനുമായ ജോർജ്, അൽഷൈമേഴ്സും പാർക്കിൻസൺ രോഗവും ബാധിച്ച് അബോധാവസ്ഥയിലായിരുന്നു. ആ സന്ദർശനം കടുത്ത ദുഃഖമായി മനസ്സിലുണ്ട്. പത്നി ഉഷയും ഒപ്പമുണ്ടായിരുന്നു. ജോർജിനെ ലൈല തട്ടിവിളിച്ചപ്പോൾ കണ്ണുതുറന്നു. പക്ഷേ, പഴയ സഹപ്രവർത്തകനെ തിരിച്ചറിഞ്ഞില്ല. കണ്ണുകളിൽ നിതാന്ത ശൂന്യത. ഞങ്ങളൊന്നിച്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഓർമകൾ മനസ്സിലിരമ്പി.
അമേരിക്കയിൽ ഉപരിപഠനം കഴിഞ്ഞ് എത്തിയശേഷം മുംബൈയിലെ ’ബെസ്റ്റ്’ േട്രഡ് യൂനിയൻ ഓഫിസിൽവെച്ച് ഞാനാദ്യമായി ജോർജ് ഫെർണാണ്ടസിനെ കണ്ടു. ലോഹ്യയുടെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകണമെന്ന് അഭ്യർഥിച്ചു. അദ്ദേഹം രബി റായ്ക്ക് കത്തുതന്നു. രബി റായ് ആണ് എന്നെ ലോഹ്യക്ക് പരിചയപ്പെടുത്തിയത്. ഞാൻ ഓർക്കുന്ന ചില സംഭവങ്ങൾ കുറിക്കട്ടെ. 1973 െസപ്റ്റംബർ 18-20 തീയതികളിൽ ഡൽഹിയിൽവെച്ച് സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികൾ ഉൾക്കൊള്ളുന്ന ഒരു ’റാഡിക്കൽ ഓൾട്ടർനേറ്റീവി’നെക്കുറിച്ച് ചർച്ചചെയ്യാൻ ജോർജ് മുൻകൈയെടുത്തു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി. സുന്ദരയ്യയെയും മറ്റു നേതാക്കളെയും കാണുകയുണ്ടായി. ഉന്നത കമ്യൂണിസ്റ്റ് നേതാവ് എം. ബസവ പുന്നയ്യ പറഞ്ഞു: ’’ജോർജ് നിങ്ങളെല്ലാവരും യുവാക്കളാണ്, ഞങ്ങളോ ഏറെ പ്രായമായവരും.’’ ഉടൻ വന്നു ജോർജിെൻറ പ്രതികരണം: ‘‘ഇവിടെ തലമുറകൾ സംഗമിക്കുന്നു.’’
കർപ്പൂരി ഠാകുർ, എൻ.ജി. ഗോറെ, മധുദന്തവതെ, മൃണാൽ ഗോറെ, വെങ്കിട്ടറാം, ജി.എച്ച്. പാട്ടീൽ, ഗോപാൽ ഗൗഡ, േപ്രംഭാസിൻ തുടങ്ങിയവർ ജോർജിെൻറ കാലത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖരായിരുന്നു. ഇവരെയെല്ലാം വെല്ലുന്നതായിരുന്നു ജോർജിെൻറ വ്യക്തിത്വം. അടിയന്തരാവസ്ഥയിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ കേളികൊട്ടായിരുന്നു 1974ലെ റെയിൽവേ സമരം. ബനാറസ് സമ്മേളനത്തിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയായി. പ്രസിഡൻറ് കർപൂരി ഠാകുറും സെക്രട്ടറി ജോർജും. കൊൽക്കത്തയിലേക്കുള്ള ഒരു ൈഫ്ലറ്റിൽവെച്ച് ജോർജ് പുതിയ പാർട്ടിയുടെ ഖജാൻജിയുടെ പദവി എന്നെ ഏൽപിച്ചു. 1975ൽ അടിയന്തരാവസ്ഥയിൽ കേരളത്തിലെ ഇടതുമുന്നണി കൺവീനറായിരുന്ന ഞാൻ എ.കെ.ജി.യുടെ ഉപദേശമനുസരിച്ച് ഒളിവിൽപ്പോയി. ജോർജ് ചെന്നൈയിലെ എം.എസ്. അപ്പറാവുവിെൻറ വസതിയിൽ രഹസ്യയോഗം വിളിച്ചു. തിരിച്ചറിയാതിരിക്കാൻ ജോർജ് താടിവളർത്തിയത് ഇന്നും ഒാർക്കുന്നു. ക്ലീൻ ഷേവുചെയ്ത ജോർജിനെ മാത്രമേ അന്നുവരെ കണ്ടിരുന്നുള്ളൂ. പെട്ടെന്നാണ് പൊലീസ് അപ്പറാവുവിെൻറ വീടുവളയുന്ന വിവരം അറിഞ്ഞത്. ജോർജിനെ ഒരു കാറിെൻറ അടിയിൽ കിടത്തി ഒളിപ്പിച്ചുകടത്തുകയായിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞശേഷം സംഘടന കോൺഗ്രസും സോഷ്യലിസ്റ്റുകളും ഭാരതീയ ക്രാന്തിദളും ജനസംഘവും ജഗ്ജീവൻ റാമിെൻറ പാർട്ടിയും ലയിക്കാൻ ജോർജ് മുൻകൈയെടുത്തു. അങ്ങനെയാണ് ജനതാപാർട്ടി ഉണ്ടായത്. പിൽക്കാലത്ത് വി.പി. സിങ്ങ് മന്ത്രിസഭയിൽ ജോർജ് റെയിൽവേ മന്ത്രിയായി. അക്കാലത്താണ് കൊങ്കൺ റെയിൽവേ നിർമാണം ഏറ്റെടുത്തത്.ഡൽഹിയിൽ ലൈല കബീറിനെ ജോർജ് വിവാഹം കഴിച്ചവേളയിൽ ഞാനും പത്നി ഉഷയും പങ്കെടുത്തിരുന്നു. അവരുടെ മധുവിധു വയനാട്ടിലായിരുന്നു.
പുളിയാർമലയിലെ എെൻറ വസതിയിലാണ് താമസിച്ചത്. ജോർജ് കേരളത്തിൽ വന്നപ്പോഴൊക്കെ എെൻറ വസതിയിലാണ് താമസിച്ചത്. അദ്ദേഹം മികച്ച സംഘാടകനായിരുന്നു; ഭരണാധികാരിയായിരുന്നു; ധീരനായിരുന്നു; സർവോപരി എെൻറ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. പ്രിയപ്പെട്ട ജോർജ്, വിട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.