ആ അഞ്ചുകോടി കടുംകൈയാണ് മിസ്റ്റർ തോമസ് ഐസക്...
text_fieldsമരിച്ചവരെക്കുറിച്ച് മോശമായി പറയരുതെന്നാണ് പൊതുവിലുള്ള ഒരിത്. കാരണം മരിച്ചു പോയവർക്ക് അതിനു മറുപടി പറയാൻ കഴിയില്ല. എന്നാൽ, തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സ്മാരകം ഉണ്ടാക്കാൻ അഞ്ചു കോടി അനുവദിച്ചതിനെ ചോദ്യം ചെയ്യാതിരിക്കാൻ മനഃസാക്ഷി അനുവദിക്കുന്നില്ല. വൈക്കം മുഹമ്മദ് ബഷീറിനും എസ്.കെ. പൊറ്റക്കാട്ടിനും ഉചിതമായ സ്മാരകം ഇല്ലാത്ത കോഴിക്കോട്ടാണ് വീരേന്ദ്രകുമാറിന് വേണ്ടി ഇത്രയും വലിയ തുക സർക്കാർ അനുവദിക്കുന്നത്.
കഴിഞ്ഞ ബജറ്റിലും ഇതുപോലൊരു കടുംകൈ ഐസക്ക് ചെയ്തിരുന്നു. പാലായിൽ മാണിക്ക് സ്മാരകം ഉണ്ടാക്കാൻ കെ.എം. മാണിയുടെ പേരിലുള്ള ട്രസ്റ്റിന് അഞ്ചുകോടി കൊടുത്തു. പാലായിൽ മാണിക്കും, കോഴിക്കോട്ട് വീരേന്ദ്രകുമാറിനും സ്മാരകം നിർമിക്കുന്നതിനോട് ആർക്കും എതിർപ്പുണ്ടാകാൻ ഇടയില്ല. പൊതുജനങ്ങളുടെ നികുതിപ്പണം ഇതിനുപയോഗിക്കുന്നതിലാണ് വിയോജിപ്പ്. അഞ്ചു കോടി കൊണ്ട് ലൈഫ് പദ്ധതിയിൽ നൂറു വീടുകൾ നിർമിച്ചു നൽകാം. നൂറു കുടുംബങ്ങളുടെ നന്ദിയും കടപ്പാടും സർക്കാരിന് ലഭിക്കും. മാണിയുടെയും വീരേന്ദ്രകുമാറിന്‍റെയും മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, പാർട്ടി, സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സ്മാരകത്തിന് വേണ്ടുന്ന തുക നിഷ്പ്രയാസം കണ്ടെത്താവുന്നതേയുള്ളൂ.
വൈക്കം മുഹമ്മദ് ബഷീർ മരിച്ചിട്ടു കാൽ നൂറ്റാണ്ടു കഴിഞ്ഞു. ഇതിഹാസ തുല്യനായ എഴുത്തുകാരനാണ് അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. പത്മശ്രീ ബഹുമതിയും നേടിയിട്ടുണ്ട്. എന്നാൽ, സർക്കാരുകൾ മാറിമാറി വന്നിട്ടും ബഷീറിന് സ്മാരകം ഉണ്ടായില്ല. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്തു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി ഇടപെട്ട് കോഴിക്കോട്ട് ബഷീർ സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എം.ടി. വാസുദേവൻ നായരെ ചെയർമാനാക്കി കമ്മിറ്റിയും രൂപവത്കരിച്ചു. എന്നാൽ, ആ തുക കൊണ്ട് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഫണ്ട് ലാപ്‌സാവുകയും ചെയ്‌തു. ബഷീറിന്‍റെ നിത്യസ്മാരകമായി അദ്ദേഹത്തിന്‍റെ കഥകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഓർമ നിലനിർത്താൻ ഒരു സ്ഥാപനം ഇല്ല.
എസ്.കെ പൊറ്റക്കാട്ട് മരിച്ചിട്ട് നാലു പതിറ്റാണ്ടാകുകയാണ്. കോഴിക്കോട് മിഠായി തെരുവിൽ അദ്ദേഹത്തിന്‍റെ പ്രതിമയും പുതിയറയിൽ എസ്.കെ പാർക്കും ഉണ്ടെന്നതൊഴിച്ചാൽ പൊറ്റക്കാട്ടിന് അനുയോജ്യമായ സ്മാരകം നിർമിക്കാൻ ഒരു സർക്കാരും ഇതുപോലെ പണം കൊടുത്തതായി അറിവില്ല. മലയാളത്തിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന കഥാകാരനാണ് പൊറ്റക്കാട്ട്. ബഷീറിനെ അപേക്ഷിച്ച് അദ്ദേഹം രണ്ടു തവണ ഇടതുപക്ഷ സ്ഥാനാർഥിയായി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഒരു തവണ ജയിക്കുകയും ചെയ്തയാളാണ്. ബഷീറിനും പൊറ്റക്കാട്ടിനും ഇല്ലാത്ത എന്തു യോഗ്യതയാണ് വീരേന്ദ്രകുമാറിനും മാണിക്കും ഉള്ളതെന്നു അറിയില്ല.
കെ.എം. മാണി ഇതേസമയം ചില റെേക്കാർഡുകളുടെ ഉടമയാണ്. ഒരു നിയമസഭാ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ വിജയിച്ച ആൾ....ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി... ഇതിനു പുറമെ വിശേഷണങ്ങൾ ഏറെയുണ്ട്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയുടെ നേതാവ്. അധ്വാനവർഗ സിദ്ധാന്തത്തിന്‍റെ വക്താവ് എന്നിങ്ങനെ. പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ വാർത്താ സമ്മേളനങ്ങളിൽ എത്രയോ തവണ പങ്കെടുത്തിട്ടുണ്ട്. മതികെട്ടാൻ വിവാദം കത്തിപ്പടർന്ന കാലത്തു കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാണി നടത്തിയ വാർത്താ സമ്മേളനത്തിലാണ് റവന്യു വകുപ്പിൽനിന്ന് മതികെട്ടാൻ ഭൂമി വനംവകുപ്പിനെ ഏൽപ്പിക്കാനുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്. അന്ന് വികാരഭരിതനായി മാണി പറഞ്ഞ വാചകം ഓർമയിലുണ്ട്. പതിറ്റാണ്ടുകളായി താൻ കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ വിശുദ്ധിയേക്കാൾ വലുതല്ല കല്ലും മണ്ണും നിറഞ്ഞ മതികെട്ടാനെന്ന്.
മാണി വിശുദ്ധനല്ലെന്നും ബജറ്റ് വിൽക്കുന്നയാളാണെന്നും വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ സൂക്ഷിക്കുന്ന ആളാണെന്നും ബാറുകൾ അടയ്ക്കാനും തുറക്കാനും കോഴ വാങ്ങിയ ആളാണെന്നുമൊക്കെ പിന്നീട് വിശ്വസിപ്പിച്ചത് ഇടതുപക്ഷമാണ്, സിപിഎമ്മാണ്, ദേശാഭിമാനിയാണ്. അങ്ങനെയുള്ള ഒരാളുടെ പേരിലുള്ള ട്രസ്റ്റിന് എൽ.ഡി.എഫ് സർക്കാർ പണം കൊടുത്തതു മുന്നണി വിട്ടുവരാനുള്ള കൈക്കൂലി ആയിരുന്നോ എന്ന സംശയം ന്യായമായും ഉയരാം.
വീരേന്ദ്രകുമാറിന്‍റെ കാര്യത്തിലും സംഭവിച്ചതു ഇതു തന്നെയാണ്. അദ്ദേഹവും മകൻ ശ്രേയാംസ് കുമാറും സർക്കാർ ഭൂമി കൈയേറിയെന്ന് നാട്ടുകാരെ അറിയിച്ചത് ഇടതുപക്ഷമാണ്. അതിന്‍റെ പേരിൽ സി.പി.എം വയനാട്ടിൽ സംഘടിപ്പിച്ച സമരങ്ങൾക്ക് കൈയും കണക്കുമില്ല. സുൽത്താൻബത്തേരി മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദും മാതൃഭൂമി മുൻ അസിസ്റ്റന്‍റ് എഡിറ്റർ പി. രാജനും വീരേന്ദ്രകുമാറിനെതിരെ വിജിലൻസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തവരാണ്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ കൃഷ്ണപ്രസാദ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു അന്വേഷണം നടത്തി. വീരേന്ദ്രകുമാറിനും സഹോദരൻ എം.പി. ചന്ദ്രനാഥിനും പിതാവിൽനിന്ന് ലഭിച്ചെന്നു പറയുന്ന കൃഷ്ണഗിരി വില്ലേജിലെ 137 ഏക്കർ ഭൂമി സർക്കാർ ഭൂമിയാണെന്നും ഇത് പലർക്കായി മുറിച്ചു വിറ്റെന്നും 40 ഏക്കർ സ്ഥലം തണ്ടപ്പേര് തിരുത്തി സ്വന്തമാക്കിയെന്നുമായിരുന്നു കൃഷ്ണപ്രസാദിന്‍റെ പരാതി.
ശ്രേയാംസ് കുമാർ 14 ഏക്കർ സർക്കാർ ഭൂമി കൈയേറി അനധികൃതമായി കൈവശം വെക്കുന്നുണ്ടെന്നും ഇത് സർക്കാർ ഏറ്റെടുക്കണമെന്നും വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്‌ഷൻ ബ്യുറോ ത്വരിതാന്വേഷണം നടത്തി തലശ്ശേരി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇത് സർക്കാർ ഭൂമിയാണെന്ന് നിയമസഭയിൽ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. ഹൈക്കോടതി നിർദേശപ്രകാരം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്‍റെ അന്വേഷണത്തിലും കൃഷ്ണഗിരി ഭൂമി സർക്കാരിേന്റതാണെന്നാണ് കണ്ടെത്തിയത്. വീരേന്ദ്രകുമാർ ഇടതു മുന്നണിക്ക് പുറത്തു പോയപ്പോൾ മാത്രമല്ല, മുന്നണിയിൽ ഉണ്ടായിരുന്നപ്പോഴും സി.പി.എം ഭൂമി പ്രശ്‌നം ഉയർത്തി ആഞ്ഞടിച്ചിരുന്നു. പിണറായി വിജയൻ വയനാട്ടിൽ ചെന്ന് സമരം ഉദ്ഘാടനം ചെയ്തു. അന്വേഷണ റിപ്പോർട്ടുകളെല്ലാം എതിരായിട്ടും രണ്ടു മുന്നണികളെ മാറി മാറി കൈയിലിട്ടു അമ്മാനമാടി ഒരു പരിക്കും കൂടാതെ നിലകൊള്ളാൻ വീരേന്ദ്രകുമാറിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതദ്ദേഹത്തിന്‍റെ അസാമാന്യമായ മെയ്‌വഴക്കം തന്നെയാണ്.
അതിസമ്പന്നനായ അദ്ദേഹം സോഷ്യലിസ്റ്റ് ആയിരുന്നു എന്നത് സോഷ്യലിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ തിരുത്തുന്നതാണ്. മനുഷ്യസ്നേഹിയായ വീരേന്ദ്രകുമാറിനെ കുറിച്ച് നവാബ് രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അഴിക്കോടൻ രാഘവന്‍റെ വധത്തെ തുടർന്ന് തട്ടിൽ എസ്റ്റേറ്റ് കേസിലെ നിർണായക രേഖകൾ കിട്ടാൻ നവാബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചപ്പോൾ രക്ഷക്കെത്തിയതും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തു ചികിൽസിപ്പിക്കാൻ മുൻകൈയെടുത്തതും വീരേന്ദ്രകുമാറായിരുന്നു എന്ന്. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം ജയിലിൽ പോയി. ഫാഷിസത്തിനെതിരെ അവസാനകാലം വരെ നിലപാടെടുത്തു.
ജോർജ് ഫെർണാണ്ടസ് മുതൽ നിതീഷ് കുമാർ വരെയുള്ളവർ ബി.ജെ.പി പക്ഷത്തേക്ക് പോയപ്പോൾ വീരേന്ദ്രകുമാർ അതിനു തയാറായില്ല. എന്നാൽ, കേരളത്തിൽ തന്‍റെ പാർട്ടിയെ വ്യക്തിതാൽപര്യങ്ങൾക്കുള്ളിൽ കുരുക്കി നാമാവശേഷമാക്കുകയും ചെയ്തു. വടകര സീറ്റ് കിട്ടാതെ വന്നപ്പോൾ എൽ.ഡി.എഫ് വിട്ടു യു.ഡി.എഫിൽ പോയി പാലക്കാട്ട് മത്സരിച്ചു ദയനീയ പരാജയം ഏറ്റുവാങ്ങി. പിന്നീട് യു.ഡി.എഫ് കൊടുത്ത രാജ്യസഭാ അംഗത്വം സ്വീകരിച്ചു. മകൻ ശ്രേയാംസ് കുമാറിനെ കൽപറ്റയിൽ നിന്ന് എം.എൽ.എ ആക്കി. ഒരു മലക്കം മറിച്ചിലിൽ ഇടതുപക്ഷത്തേക്ക് തിരിച്ചു പോയ വീരേന്ദ്രകുമാർ യു.ഡി.എഫിന്‍റെ രാജ്യസഭാംഗത്വം രാജിവെച്ച് എൽ.ഡി.എഫിന്‍റെ രാജ്യസഭാംഗമായി. അദ്ദേഹത്തിന്‍റെ മരണശേഷം അത് മകൻ ശ്രേയാംസ് കുമാറിന് ലഭിക്കുകയും ചെയ്‌തു. കെ. കരുണാകരൻ മകൻ മുരളീധരനെ കോൺഗ്രസിൽ കൊണ്ടുവന്നു കോഴിക്കോട്ടു മത്സരിപ്പിച്ചപ്പോൾ മക്കൾ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചയാളായിരുന്നു വീരേന്ദ്രകുമാർ എന്ന കാര്യം പൊതുജനം അപ്പോഴേക്കും മറന്നു പോയിരുന്നു.
കേരളത്തിൽ ഇടതുപക്ഷത്തേയും സി.പി.എമ്മിനേയും പിണറായി വിജയനെയും തകർക്കാൻ സർവശക്തിയും പ്രയോഗിച്ചു പരാജയപ്പെട്ടയാളാണ് വീരേന്ദ്രകുമാർ. ഇടതുമുന്നണിയിൽ ഉണ്ടായിരിക്കെ സി.പി.എമ്മിലെ ഉൾപ്പാർട്ടി പ്രശ്‍നങ്ങളിൽ തലയിട്ട് വി.എസ് പക്ഷത്തിനു ഊർജം കൊടുത്തു. മുന്നണി വിട്ട വീരേന്ദ്രകുമാറിനെക്കുറിച്ച് അന്ന് സി.പി.എം എഴുതിയത് 'പാല പോയ കുട്ടിച്ചാത്തൻ' എന്നാണ്. പിണറായി വിജയൻ കേരളം കണ്ട ഏറ്റവും ഭീരുവായ രാഷ്ട്രീയക്കാരനാണെന്നു നാട് മുഴുവൻ പ്രസംഗിച്ചു നടന്ന വീരേന്ദ്രകുമാർ ഒടുവിൽ നിവൃത്തികേടിന്‍റെ നെറുകയിലാണ് എൽ.ഡി.എഫിൽ തിരിച്ചെത്തിയത്. ജീവിത സായാഹ്നത്തിൽ അദ്ദേഹം രാഷ്ട്രീയ അവസരവാദത്തിന്‍റെ ഉത്തമ ഉദാഹരണമായി മാറി. വീരേന്ദ്രകുമാറിന് മാത്രമല്ല, അദ്ദേഹത്തിന്‍റെ പാർട്ടിക്കും വൈകാതെ സ്മാരകം പണിയേണ്ടി വരുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നത്. ആറു കോർപറേഷനുകളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിച്ച എൽ.ജെ.പിക്ക് കിട്ടിയത് ഒരു സീറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.