മുല്ലപ്പെരിയാർ: അണകെട്ടി നിർത്താനാവാത്ത ഉത്കണ്ഠകൾ
text_fieldsഉത്കണ്ഠയുടെ ഇരുൾമേഘമായി മുല്ലപ്പെരിയാർ ഉരുണ്ടുകൂടാൻ തുടങ്ങിയിട്ട് കാലമേറെയായി. തൊഴിൽ വൈദഗ്ധ്യവും അർപ്പണബോധവും കൈമുതലാക്കിയ ഒരു വിദഗ്ധസംഘം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതിനാൽ ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും അതിപ്പോഴും നിലനിൽക്കുന്നു. ഇനി എത്രനാൾ അതിങ്ങനെ തുടരുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.കേവലം രണ്ടു സംസ്ഥാനങ്ങൾ തമ്മിലെ തർക്കപ്രശ്നം എന്ന പരിഗണനക്കപ്പുറം മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യപ്പെടുന്നില്ല എന്നു പറയേണ്ടിവരും.
പണ്ടൊക്കെ സമൃദ്ധമായ മഴ ലഭിച്ചിരുന്നതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം സംരക്ഷിക്കാൻ തിരുവിതാംകൂർ ഗവൺമെൻറ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ, അയൽസംസ്ഥാനമായ മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട് ജില്ലകളിൽ മഴ വളരെ കുറവായിരുന്നു.പെരിയാറിലെ ജലം കെട്ടിനിർത്തി ഈ ജില്ലകളിലൂടെ ഒഴുക്കിയാൽ അവിടത്തെ കാർഷികപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് മനസ്സിലാക്കി ബ്രിട്ടീഷ് ഭരണാധികാരികൾ തിരുവിതാംകൂർ ദിവാൻ മാധവറാവുവിന് പെരിയാർ ജലം മദ്രാസിലേക്ക് ജലസേചനത്തിനായി പങ്കുെവക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. തുടർന്ന് പദ്ധതി സംബന്ധിച്ച് കരാറുണ്ടാക്കി.
1886 ഒക്ടോബർ 29ന് (1062 തുലാം 14) തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളിനുവേണ്ടി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്ടണുമാണ് പാട്ടക്കരാറിൽ ഒപ്പുെവച്ചത്. 1893ൽ അണക്കെട്ട് നിർമാണം പൂർത്തിയായി.രാജഭരണകാലത്ത് ബ്രിട്ടീഷുകാരുടെ നിർദേശാനുസരണം നടപ്പാക്കിയ കരാർ രാജ്യം സ്വാതന്ത്ര്യം നേടി, ജനാധിപത്യ സർക്കാറുകൾ പലത് മാറിമാറി വന്നിട്ടും ഇന്നും നിലനിൽക്കുന്നു.മുല്ലപ്പെരിയാർ ഡാമിെൻറ ശിൽപിയായ പെനിക്വിക്, ഡാമിന് പ്രവചിച്ച ആയുസ്സ് 50 വർഷമാണ്.
2014ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിെൻറ വിധിയനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിെൻറ പരമാവധി ജലസംഭരണ പരിധി. ഒരു പ്രളയമോ ഉരുൾപൊട്ടലോ പ്രകൃതിക്ഷോഭമോ ഉണ്ടായാൽ മുല്ലപ്പെരിയാർ ഡാം അത് അതിജീവിക്കുമെന്ന് ഒരുറപ്പുമില്ല.മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. ഒരു ചെറു ഭൂകമ്പംപോലും താങ്ങാനുള്ള ശേഷി ഡാമിനില്ല. ചുണ്ണാമ്പുമിശ്രിതമായ 'സുർഖി' ഉപയോഗിച്ചു നിർമിച്ച അണക്കെട്ടിൽ നിരന്തരം ചുണ്ണാമ്പ് ചോരുന്നതിനാൽ ബലം തീരെ കുറഞ്ഞുവരുകയുമാണ്. ഇപ്പോഴുള്ളത് ഒഴിവാക്കി പുതിയൊരു ഡാം നിർമിക്കുകയാണ് പോംവഴിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ശാസ്ത്രവും സാങ്കേതികവിദ്യകളും വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഈ കാലത്ത് 'ഡാമുകൾ എന്ന പഴഞ്ചൻ ആശയം' തന്നെ അപരിഷ്കൃതമാണ്. ജലസേചനത്തിനും കൃഷിക്കും വൈദ്യുതി ഉൽപാദനത്തിനുമൊക്കെ മനുഷ്യെൻറയും സസ്യജാലങ്ങളുടെയും മറ്റു ജീവിവർഗങ്ങളുടെയും ആവാസവ്യവസ്ഥ തകർക്കാത്തതും പരിസ്ഥിതിസൗഹൃദവും അപകടകരമല്ലാത്തതുമായ ബദൽ മാർഗങ്ങളെക്കുറിച്ചാണ് ഇനി നാം ചിന്തിക്കേണ്ടത്.
തമിഴ്നാടിനു ഭീമമായ ലാഭമുണ്ടാക്കുന്നതും എന്നാൽ കേരളത്തിന് ഒരു പ്രയോജനവുമില്ലാത്തതും അതിലേറെ മനുഷ്യന് എക്കാലവും ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളതുമാണ് മുല്ലപ്പെരിയാർ കരാർ എന്നാണ് എെൻറ വ്യക്തിപരമായ അഭിപ്രായം. 139, 138, 136 എന്നൊക്കെയുള്ള അടിക്കണക്ക് നിരത്തി ജലനിരപ്പ് നിയന്ത്രിക്കണം എന്നല്ല കേരളം ആവശ്യപ്പെടേണ്ടത്. മറിച്ച്, 999 വർഷത്തെ അനീതിയുടെയും അശാന്തിയുടെയും അന്യായമായ ഈ കരാർ അടിയന്തരമായി റദ്ദാക്കി, ഡാം ഡീകമ്മീഷൻ ചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്നാണ്. തികച്ചും പരിഷ്കൃതമായ ബദൽ സംവിധാനമൊരുക്കി ഒരു വലിയ ജനസമൂഹത്തെ സംരക്ഷിക്കാൻ വേണ്ട ശക്തമായ നടപടികൾ ഉണ്ടാകണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.