ധർമപുത്രൻ
text_fieldsസ്വപ്നത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മഹത്തായ നാടകശാലയാണീ ലോകമെന്ന് ദർശിച്ചത് ഗുരുനാനാക്കാണ്. ആ മഹാെൻറ ദർശനങ്ങൾ കത്തോലിക്ക വിശ്വാസവുമായി ബന്ധിപ്പിച്ച് ഗവേഷണം നടത്തി പുസ്തകം വരെ എഴുതിയ നമ്മുടെ ജലന്ധർ ബിഷപ്പുമായി തൃപ്പൂണിത്തുറയിലെ ഹൈടെക് മുറിയിൽ പൊലീസുകാർ മാരത്തൺ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇന്ദ്രപ്രസ്ഥത്തിൽനിന്ന് ആ വാർത്തയെത്തിയത്. നമ്മുടെ നാട്ടിൽ മുമ്പും കണ്ട മറ്റൊരു നാടകത്തിെൻറ അരങ്ങുണർന്നുവെന്നും വേണെമങ്കിൽ പറയാം. മോദിയുടെ ഫാഷിസത്തിനും പിണറായി വിജയെൻറ മാർക്സിസത്തിനും എതിരെ ധർമയുദ്ധം നയിക്കാൻ പാണ്ഡവ സേനയെ ഇറക്കാൻ പോവുകയാണത്രെ. പണ്ടൊക്കെ ആരെയെങ്കിലും ഒരാളെ നൂലിൽ കെട്ടിയിറക്കുകയായിരുന്നു പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാളെ മാത്രമായി ഇറക്കാനാവില്ല; ബാലൻസ് തെറ്റും. അതുകൊണ്ട് ഗ്രൂപ്പും സമുദായവുമെല്ലാം എണ്ണിത്തിട്ടപ്പെടുത്തി കൃത്യമായ തൂക്കത്തിൽ അഞ്ചുപേരെ അനന്തപുരിയിലെ ഇന്ദിര ഭവനിൽ പ്രതിഷ്ഠിക്കാനാണ് പരിപാടി. ലക്ഷണമൊത്ത ഒരാളെത്തന്നെ തലപ്പത്ത് വെച്ചിരിക്കുന്നു. പാണ്ഡവരിൽ യുധിഷ്ഠിരനെപ്പോലെ അജാതശത്രുവാണ്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്നാണ് വെപ്പ്; ആദർശത്തിൽ അണുകിട വിട്ടുവീഴ്ചക്കും തയാറല്ല. അതിനാൽ, അഭിനവ ധർമദേവനായ പാർട്ടിയിലെ രണ്ടാമെൻറ സമ്പൂർണാവതാരമെന്ന് വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പേരിൽ പോലുമില്ലേ അതിെൻറയൊരു തിളക്കം? ഒരു ട്രോളൻ നിരീക്ഷിച്ചതുപോലെ, ‘മുല്ല’യെയും ‘പള്ളി’യെയും ‘രാമനെ’യും ഒരുപോലെ ആവാഹിച്ച ഇൗ കടത്തനാടൻ പോരാളിയെത്തന്നെ വേണ്ടേ മതേതര പാർട്ടി മുന്നിൽനിർത്താൻ.
പാർട്ടിയിൽ പരികർമിയുടെ ചുമതലയായിരുന്നു കഴിഞ്ഞയാഴ്ച വരെ. സുനേരി ബാഗ് ലൈനിലെ വസതി കേന്ദ്രീകരിച്ചാണ് ഏതാനും വർഷമായി എ.െഎ.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ രാഹുലിനെ പാർട്ടി അധ്യക്ഷ പദവിയിൽ അവരോധിച്ചതും അധികാരപത്രം കൈമാറിയതുമെല്ലാം കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ മുല്ലപ്പള്ളിയാണ്. ആ ചരിത്രനിയോഗം കൃത്യമായി നിറവേറ്റിയതിെൻറ പ്രത്യുപകാരം കൂടിയാണ് പുതിയ പദവിയെന്നൊരു കരക്കമ്പിയുണ്ട്. ‘കെ.എസ്’ ബ്രിഗേഡ് കണ്ണുവെച്ച കസേരയിലേക്ക് മറ്റൊരാളെത്താൻ മറ്റു വഴികൾ കാണുന്നില്ല ഇൗ ദോഷൈകദൃക്കുകൾ. ഇവർക്കൊക്കെ മുല്ലപ്പള്ളിയെക്കുറിച്ച് എന്തറിയാം? െനഹ്റു കുടുംബത്തിെൻറ ഡി.എൻ.എയിലൂടെ മാത്രമേ ഇൗ പാർട്ടി സഞ്ചരിക്കാവൂ എന്ന് വാശിയുള്ള യാഥാസ്ഥിതികരുടെ കൂട്ടത്തിൽ പണ്ടേ നിലയുറപ്പിച്ചയാളാണ്. അതുകൊണ്ടാണ് ഗ്രൂപ്പിസത്തിൽ താൽപര്യമില്ലാഞ്ഞിട്ടും പാർട്ടി പിളർന്നപ്പോൾ ഇന്ദിരയോടൊപ്പം നിന്നത്. 84ൽ, കണ്ണൂരിൽ മത്സരത്തിനിറങ്ങിയപ്പോൾ പ്രചാരണത്തിന് നേരിെട്ടത്തിയത് സാക്ഷാൽ രാജീവ് ഗാന്ധിയാണ്. ‘എനിക്ക് ഇദ്ദേഹത്തെ ഡൽഹിയിൽ ആവശ്യമുണ്ട്; നിങ്ങൾ ജയിപ്പിച്ചുവിടണ’മെന്നാണ് രാജീവ് അന്ന് വോട്ടർമാരോട് അഭ്യർഥിച്ചത്. അന്നുതൊേട്ട പാർട്ടിതലപ്പത്ത് പിടിപാടുണ്ട് എന്നർഥം. അതിനുശേഷം, ആദർശ രാഷ്ട്രീയത്തിെൻറ സുഗന്ധത്തിനൊപ്പം ഒരുപിടി വിജയഗാഥകൾ കൂടി അവകാശപ്പെടാനുള്ള ഒരാൾ ഇൗ പദവിയിലെത്തുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?
ഒന്നര വർഷം മുമ്പ്, ഇതുപോലൊരു ആദർശധീരൻ മനംമടുത്ത് വലിച്ചെറിഞ്ഞുപോയ കസേരയാണ്. രാഷ്ട്രീയ ജ്യോതിഷികൾ പലപ്പോഴായി ഗ്രഹപ്പിഴകൾ ദർശിച്ചിട്ടുമുണ്ട്; മാനഹാനി തീണ്ടാതെ അവിടെനിന്ന് പടിയിറങ്ങിയവർ വിരളം. എ.െഎ.സി.സിയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതുപോലെ അത്ര എളുപ്പമാകില്ല ഇൗ ഹോട്ട് സീറ്റിലിരുന്നുള്ള കളി. എണ്ണിയാലൊടുങ്ങാത്ത ജനറൽ സെക്രട്ടറിമാർക്കും കാക്കത്തൊള്ളായിരം കമ്മിറ്റികൾക്കും പുറമെ ഇത്തവണ വർക്കിങ് പ്രസിഡൻറുമാർ എന്നൊരു പുതിയ സംഘം കൂടിയുണ്ട്. അതിലൊരാൾ പണ്ട് പലപ്പോഴും കൊമ്പുകോർത്തിട്ടുള്ള കണ്ണൂരിലെ പുലിയാണ്. ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുക, പാർട്ടി അച്ചടക്കം എന്നുതുടങ്ങി പതിവ് തമാശകൾ മുല്ലപ്പള്ളിയും ആദ്യ ദിവസംതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഇൗ വൻപടയെ ഗ്രൂപ്പിനതീതമായി എങ്ങനെ നിയന്ത്രിക്കുെമന്ന് കണ്ടറിയുകതന്നെ വേണം. ഇതിനിടയിൽ തെരഞ്ഞെടുപ്പുകൂടി വന്നാൽ, സീറ്റ് വീതംവെപ്പുൾപ്പെടെയുള്ള മറ്റുകലാപരിപാടികളും വിജയകരമായി പൂർത്തിയാക്കണം. ഇതൊന്നും അത്ര എളുപ്പമല്ലെന്നറിയാം. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ വിള്ളൽ സൃഷ്ടിച്ച കടത്തനാടിെൻറ പോരാളിയാണ് എന്നത് മറക്കേണ്ട. പുതിയ പോർമുഖങ്ങൾ ജയിച്ചുകയറാൻ ഇനിയും വജ്രായുധങ്ങൾ ബാക്കിയുണ്ടാകുമെന്നുതന്നെയാണ് കരുതേണ്ടത്.
1944 നവംബർ ഏഴിന് വടകരക്കടുത്തുള്ള ചോമ്പാലിൽ ജനനം. സ്വാതന്ത്ര്യ സമര സേനാനി മുല്ലപ്പള്ളി ഗോപാലെൻറയും പാറു അമ്മയുടെയും മകൻ. ചോമ്പാൽ ബി.ഇ.എം യു.പി സ്കൂളിൽ കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്ത മുല്ലപ്പള്ളി മലബാറിലെ ദേശീയ വിദ്യാർഥി പ്രസ്ഥാനത്തിെൻറ മുഖമായി മാറാൻ അധികം വേണ്ടിവന്നില്ല. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായിരുന്നു. കെ.എസ്.യു വൈസ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, ദേശീയ കൗൺസിൽ അംഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.െഎ.സി.സി ജോയൻറ് സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡൻറ് തുടങ്ങി പാർട്ടിയിൽ ഒേട്ടറെ പദവികൾ അലങ്കരിച്ചു. പത്രപ്രവർത്തനത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. തായാട്ടിെൻറ ‘വിപ്ലവം’ പത്രത്തിൽ സഹപത്രാധിപരായി കുറച്ചുകാലമുണ്ടായിരുന്നു. അതിനുശേഷമാണ് പാർലമെൻററി രാഷ്ട്രീയത്തിൽ സജീവമായത്. 1980ൽ വടകരയിൽ കെ.പി. ഉണ്ണികൃഷ്ണനെതിരെയായിരുന്നു ആദ്യമായി മത്സരിച്ചത്. കന്നിയങ്കത്തിലും ആ വർഷം നിലമ്പൂരിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദിനോടും പരാജയപ്പെട്ടു. 84ൽ, കണ്ണൂരിൽനിന്ന് പാട്യം രാജെന തോൽപിച്ച് ആദ്യമായി ലോക്സഭയിലെത്തി. അതൊരു തുടക്കമായിരുന്നു. പിന്നീട് നാലു തവണകൂടി സി.പി.എമ്മിെൻറ ശക്തികേന്ദ്രത്തിൽനിന്ന് പാർലമെൻറിലെത്തി. 1999ൽ, എ.പി. അബ്ദുല്ലക്കുട്ടിയാണ് ആ പടയോട്ടത്തിന് കടിഞ്ഞാണിട്ടത്. 2009ലും 14ലും വടകരയിൽനിന്നാണ് ജനവിധി തേടിയത്. ഇതിനിടെ, പി.വി. നരസിംഹ റാവു മന്ത്രിസഭയിൽ കൃഷി വകുപ്പിെൻറയും രണ്ടാം യു.പി.എ സർക്കാറിൽ ആഭ്യന്തര വകുപ്പിെൻറയും സഹമന്ത്രിയായി. നിരവധി പാർലമെൻററി സമിതികളിലും അംഗമായി. മിസ്ത്രിയുമായി ചേർന്ന് എ.െഎ.സി.സിയുടെ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചുവരുകയായിരുന്നു. അതിനിടെയാണ് സി.കെ. ഗോവിന്ദൻ നായരുടെ പിൻഗാമിയാകാനുള്ള ദൗത്യം വന്നുഭവിച്ചത്. ഭാര്യ ഉഷ രാമചന്ദ്രൻ. ഏക മകൾ പാർവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.