ഇല്ല, ഞങ്ങളെ പിഴുതെറിയാൻ നിങ്ങൾക്കാവില്ല
text_fieldsറമദാനിലെ അവസാന വെള്ളിയാഴ്ച മസ്ജിദുൽ അഖ്സയിൽ ഒത്തുകൂടിയ വിശ്വാസികൾക്കുേനരെ കൊടിയ അതിക്രമം അഴിച്ചുവിട്ടു ഇസ്രായേലി സൈന്യം. അൽ അഖ്സക്ക് ഒരു കിലോമീറ്റർ അകലെയുള്ള ചരിത്ര പ്രാധാന്യമേറിയ ശൈഖ് ജർറാഹ് പ്രദേശത്തുനിന്ന് താമസക്കാരെ കുടിയിറക്കി പിടിച്ചെടുക്കാനുള്ള നീക്കത്തി ന്റെ ഭാഗമായിരുന്നു ഈ അക്രമവും.
എന്നാൽ, സ്വന്തം മണ്ണ് വിട്ടുപോകാൻ തയാറല്ലെന്നു തീർത്തുപറയുകയാണ് ഇവിടത്തെ താമസക്കാർ. കുടിയിറങ്ങണമെന്ന് ഇസ്രായേലി കോടതി വിധിച്ച താമസക്കാരിലൊരാളായ മാധ്യമപ്രവർത്തക എഴുതിയ കുറിപ്പ് അവരുടെ നിശ്ചയദാർഢ്യത്തെ പ്രകടമാക്കുന്നു.
ഞാൻ മുന അൽ കുർദ്. ജനിച്ചതും വളർന്നതും ഇക്കാലമത്രയും ചെലവിട്ടത് ജറൂസലമിലെ ശൈഖ് ജർറാഹിലാണ്. താമസക്കാരെ ആട്ടിപ്പായിച്ച് അധിനിവേശം നടത്താൻ ഇസ്രായേൽ കണ്ണുനട്ട് കാത്തിരിക്കുന്ന ഇടമായതിനാൽ ഞങ്ങളുടെ വീടും നഷ്ടപ്പെടുമോ എന്ന ഭയം എന്നോടൊപ്പം തന്നെ വളർന്നുവലുതായി വന്നു.
ഞാൻ എപ്പോഴും എന്നോടുതന്നെ ചോദിക്കും, വീടു നഷ്ടപ്പെട്ടാൽ, അവർ വന്ന് ഇറക്കിവിട്ടാൽ ഞങ്ങൾ പിന്നെ എങ്ങോട്ടുപോകും? ഞങ്ങളുടെ ജീവിതം തന്നെ ഈ മണ്ണാണ്. ഇവിടത്തെ തെരുവുകളിലൂടെ ചുറ്റിക്കറങ്ങാനാവാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻപോലും എനിക്കാവതില്ല.
ഭയപ്പെട്ടത് ഒരു നാൾ സംഭവിച്ചു -2009ൽ ഇസ്രായേലി അധിനിവേശകർ വന്ന് അനുമതിയില്ലാത്ത കെട്ടിടമെന്നു പറഞ്ഞ് എന്റെ വീടിന്റെ പകുതി കൈയേറി. ഇപ്പോഴിതാ ഇസ്രായേലി കോടതിയുടെ വിധി വന്നിരിക്കുന്നു, അവശേഷിക്കുന്ന പാതിയിൽനിന്നും ഞങ്ങളെ ഇറക്കിവിടണമെന്ന്. എന്റെയുൾപ്പെടെ 11 കുടുംബങ്ങളെ കുടിയിറക്കണമെന്ന്. 30 ദിവസത്തെ സാവകാശമാണ് ഒഴിയാൻ തന്നിരിക്കുന്നത്. ഞങ്ങളുടെ വക്കീൽ ജില്ല കോടതിയിൽ ഒരു അപ്പീൽ കൊടുത്തിട്ടുണ്ട്.
ദുരൂഹമായ ഒരു നിയമത്തിന്റെ മറപറ്റിയാണ് ഇസ്രായേലി കോടതി ഞങ്ങളെ ഇറക്കിവിടാനും കൈയേറ്റക്കാരെ സഹായിക്കാനും ന്യായീകരണം കണ്ടെത്തിയിരിക്കുന്നത്. അവർ ഈ ഭൂമിയിൽ അവകാശം ഉന്നയിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ട് 30 വർഷം കഴിഞ്ഞെന്ന് (ഒരു ഭൂമിയുടെ യഥാർഥ അവകാശികളെ കുടിയിറക്കാൻ പറ്റിയ ന്യായം). ഇസ്രായേലി കോടതികളൊന്നുംതന്നെ ഉടമാവകാശമോ രജിസ്ട്രേഷന്റെ സാധുതയോ പരിശോധിക്കാൻ തയാറുമല്ല.
ശൈഖ് ജർറാഹിലെ ഇപ്പോഴത്തെ സംഭവങ്ങൾ ആരംഭിക്കുന്നത് 1956 മുതലാണ്. ജോർഡനിയൻ സർക്കാറും ഫലസ്തീൻ അഭയാർഥികൾക്ക് ആശ്വാസം പകരാൻ രൂപവത്കരിച്ച ഐക്യരാഷ്ട്ര സഭ ഏജൻസി (UNRWA) യും ചേർന്ന് ഒരു കരാർ ഒപ്പുവെച്ചിരുന്നു. ഫലസ്തീന്റെ ചരിത്രഭൂമിയിൽനിന്ന് ബലമായി കുടിയിറക്കപ്പെട്ട 28 കുടുംബങ്ങൾക്ക് വീടൊരുക്കിനൽകാമെന്നായിരുന്നു വ്യവസ്ഥ. പകരമായി ഈ കുടുംബങ്ങൾ അഭയാർഥി സഹായ കാർഡുകൾ റദ്ദാക്കാമെന്നും സമ്മതിച്ചു. വീടുനിർമാണം പൂർത്തിയായി മൂന്നുവർഷം തികയുേമ്പാഴേക്ക് ഭൂമിയുടെ ഉടമാവകാശം ഈ കുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകും എന്നായിരുന്നു കരാറിലെ സുപ്രധാന വ്യവസ്ഥ. പക്ഷേ, 1967ലെ യുദ്ധം രജിസ്ട്രേഷൻ പ്രക്രിയ തകിടം മറിച്ചു.
പതിവുപോലെ ഇസ്രായേലി അധിനിവേശ സംഘടനകൾ ഈ തക്കം ശരിക്കും ഉപയോഗിച്ചു, ഭൂമിയിൽ ഉടമാവകാശം സ്ഥാപിച്ച് രേഖകൾ ചമച്ചു, ഇവിടത്തെ താമസക്കാർക്കെതിരെ 1972 മുതൽ കേസുകൾ നൽകിക്കൊണ്ടുമിരുന്നു.
ഞങ്ങളെ വീട്ടിൽനിന്ന് ഇറക്കിവിടണമെന്നാണ് ഇപ്പോഴവരുടെ ആവശ്യം. എന്റെ വീട് ഇവിടമാണ് എന്റെ നാട് ഇവിടമാണ്. ഞങ്ങൾ ഇവിടം വിട്ട് ഒരിടത്തേക്കും പോകുന്നില്ല തന്നെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.