മുസ്ലിം പിന്നാക്കാവസ്ഥയും ഹിന്ദുത്വനിർമിത പേടിക്കഥകളും
text_fieldsമൈസൂർ സുൽത്താന്മാരെയും മലബാറിൽ നടന്ന കൊളോണിയൽ വിരുദ്ധ സമരങ്ങളെയും മുൻനിർത്തി അവർ നിർമിച്ച ഹീനമായ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളാണ് കേരളത്തിലെ മുസ്ലിം മുൻവിധി മനഃസ്ഥിതിയുടെ ചരിത്ര അടിത്തറ. അമിതമായി അവസരങ്ങളും വിഭവങ്ങളും രാഷ്ട്രീയ അധികാരവും "തട്ടിയെടുക്കുന്ന "വരായി മുസ്ലിംകളെപ്പറ്റിയുള്ള സാമൂഹിക പേടിക്കഥകൾക്ക് പിന്നാക്ക ജാതി സംഘടന നേതൃത്വങ്ങളും ക്രൈസ്തവ സഭകളും അടിപ്പെട്ടു എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ മുസ്ലിം അപരത്വ പ്രചാരണങ്ങൾ നമ്മുടെ സമൂഹിക രാഷ്ട്രീയ ജീവിതത്തെയും സിവിൽ സമൂഹ ബോധ്യങ്ങളെയും നിർണയിക്കുന്നതിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ്
മുസ്ലിം സമുദായത്തിെൻറ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമീഷൻ മുന്നോട്ടുവെച്ച ശിപാർശകൾ കേരളത്തിൽ നടപ്പാക്കിയ രീതി സങ്കീർണമായ നിയമ വ്യവഹാരമായി തീർന്നിരിക്കുന്നു. മതന്യൂനപക്ഷത്തിനായി നടപ്പാക്കുന്ന പദ്ധതി മുഴുവൻ മുസ്ലിം സമുദായം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈയടക്കുന്നു എന്ന വ്യാജനിർമിതിയും പ്രചരിപ്പിക്കപ്പെടുന്നു. പിന്നാക്കാവസ്ഥയെ മുൻനിർത്തിയുള്ള സാമൂഹിക യാഥാർഥ്യങ്ങളെയും നീതി വ്യവഹാരങ്ങളെയും സ്വാധീനിക്കുന്ന രീതിയിലേക്ക് ഇതെങ്ങനെ വളർന്നുവെന്ന് പരിശോധിക്കുമ്പോഴാണ് മുസ്ലിം അപരത്വ നിർമിതി കേരളത്തിൽ സൃഷ്ടിച്ചെടുത്ത സാംസ്കാരിക-രാഷ്ട്രീയതലങ്ങൾ വ്യക്തമാകൂ.
വിഷലിപ്ത ഹിന്ദുത്വ ആശയങ്ങളും വരേണ്യ ജാതി മുൻവിധിയും വർഷങ്ങളായി മുസ്ലിം വിരുദ്ധ മനഃസ്ഥിതി പടക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനായി ആശ്രയിക്കുന്ന വിവരങ്ങളാകട്ടെ ബ്രിട്ടീഷുകാർ നിർമിച്ച മുസ്ലിംവിരുദ്ധ പ്രചാരണ സാഹിത്യങ്ങളും! മൈസൂർ സുൽത്താന്മാരെയും മലബാറിൽ നടന്ന കൊളോണിയൽ വിരുദ്ധ സമരങ്ങളെയും മുൻനിർത്തി അവർ നിർമിച്ച ഹീനമായ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളാണ് കേരളത്തിലെ മുസ്ലിം മുൻവിധി മനഃസ്ഥിതിയുടെ ചരിത്ര അടിത്തറ. അമിതമായി അവസരങ്ങളും വിഭവങ്ങളും രാഷ്ട്രീയ അധികാരവും "തട്ടിയെടുക്കുന്ന "വരായി മുസ്ലിംകളെപ്പറ്റിയുള്ള സാമൂഹിക പേടിക്കഥകൾക്ക് പിന്നാക്ക ജാതി സംഘടന നേതൃത്വങ്ങളും ക്രൈസ്തവ സഭകളും അടിപ്പെട്ടു എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ മുസ്ലിം അപരത്വ പ്രചാരണങ്ങൾ നമ്മുടെ സമൂഹിക രാഷ്ട്രീയ ജീവിതത്തെയും സിവിൽ സമൂഹ ബോധ്യങ്ങളെയും നിർണയിക്കുന്നതിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ്. ദലിതരെയും ഗോത്രവിഭാഗങ്ങളെയും ഹിന്ദുത്വത്തിെൻറ ഇരപിടിയൻ രാഷ്ട്രീയത്തിെൻറ കൈയാളരാക്കുന്നത് മുസ്ലിംവിരുദ്ധ മനഃസ്ഥിതി വ്യാജമായി പ്രചരിപ്പിച്ചാണ്. പിന്നാക്ക സമുദായ സംഘടനകളും ക്രിസ്ത്യൻ മതവിഭാഗങ്ങളും പല നിലക്കുള്ള ബന്ധങ്ങൾ ഹിന്ദുത്വ ആശയങ്ങളുമായി നിലനിർത്തിയെങ്കിലും ഇവരെ ഹിന്ദുത്വ രാഷ്ട്രീയത്തിനു കീഴിൽ അണിനിരത്താൻ പരിവാറിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, മുസ്ലിംകൾ അമിതമായി തട്ടിയെടുക്കുന്ന ഒരു വിഭാഗമാണെന്ന പ്രചാരണ വേലയിൽ ഈ സമുദായങ്ങൾ വലിയ അളവിൽ സ്വാധീനിക്കപ്പെട്ടു. വിവിധ സാമുദായിക വിഭാഗങ്ങൾക്കിടയിലെ സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങളെ പഠിക്കാനും അംഗീകരിക്കാനുമുള്ള നീതിബോധ്യങ്ങൾ മതസമുദായ നേതൃത്വങ്ങൾക്ക് ഉണ്ടാകുക എന്നത് പ്രധാനമാണ്.
കൊളോണിയൽ കാലത്ത് ആധുനിക വിദ്യാഭ്യാസത്തെ തിരസ്കരിക്കുന്ന സമീപനം മലബാറിലെ മുസ്ലിംകൾ സ്വീകരിച്ചത് ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങളുടെയും കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും ഭാഗമായാണ്. സമുദായ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീ സമൂഹത്തെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിച്ചതുമില്ല. സാമ്പത്തിക പ്രവർത്തനങ്ങൾ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്ന ഘടകങ്ങളായിട്ടല്ല മുസ്ലിം സമുദായത്തിൽ ചരിത്രപരമായി പ്രവർത്തിച്ചത്. എന്നാൽ, വിദ്യാഭ്യാസ- സാമ്പത്തിക പിന്നാക്കാവസ്ഥമൂലം വലിയ ഒരു വിഭാഗം ജനങ്ങൾ വിവിധ തൊഴിൽ സമൂഹങ്ങളും കൂലിവേലക്കാരും ദരിദ്രരുമായി മുസ്ലിം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
മുസ്ലിം പിന്നാക്കാവസ്ഥയും ഉൾക്കൊള്ളൽ ജനാധിപത്യവും
ബ്രിട്ടീഷ് കൊളോണിയലിസത്തിെൻറ ചൂഷണ നടപടികളും വിഭജനാനന്തര ഇന്ത്യയിലെ പുറന്തള്ളൽ അവസ്ഥയും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ട സാമുദായിക വിഭാഗമായി ഇന്ത്യയിലെ മുസ്ലിം ജനസമൂഹത്തെ മാറ്റിത്തീർത്തിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ പിന്തുടർന്ന മതേതര ജനാധിപത്യ ദേശ രാഷ്ട്ര വ്യവസ്ഥയും ഭരണഘടന ജനാധിപത്യ സംവിധാനവും തുല്യ പൗരത്വവും സാമൂഹിക നീതിയും ഉൾച്ചേർത്തുകൊണ്ടുള്ള പദ്ധതി ആസൂത്രണ വികസന കാഴ്ചപ്പാടിൽ ക്ഷേമരാഷ്ട്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ, സാമൂഹികമായി പുറന്തള്ളപ്പെട്ട ദലിതർ, മുസ്ലിംകൾ, ഗോത്രവിഭാഗങ്ങൾ മുതലായ സാമൂഹിക വിഭാഗങ്ങൾ തിരസ്കൃത ജനതകളായി പിന്നാക്കാവസ്ഥയിൽ തന്നെ തുടർന്നു. കീഴാള സമുദായങ്ങളെ ഘടനാപരമായ അസമത്വത്തിലും സ്ഥാപനപരമായ പുറന്തള്ളലിലും നിലനിർത്തുന്നതിൽ ജാതി കോയ്മയും ബ്രാഹ്മണ്യ മൂല്യങ്ങളും വരേണ്യ അധികാരവും സാമൂഹിക സാംസ്കാരിക ആധിപത്യവും കൈകോർത്തു. ചരിത്രപരമായി സാമൂഹിക പുറന്തള്ളലിന് വിധേയമായി പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ സാമൂഹിക നീതിയിലൂന്നുന്ന രാഷ്ട്രീയ പ്രക്രിയയിൽ സജീവ പങ്കുകാരാക്കി മാറ്റണമെങ്കിൽ പ്രാതിനിധ്യ പങ്കാളിത്ത ജനാധിപത്യമായി രാഷ്ട്രീയ ജനാധിപത്യ പ്രക്രിയയും വികസന പ്രക്രിയയും മാറേണ്ടതുണ്ടായിരുന്നു. ഉൾക്കൊള്ളൽ വികസന ജനാധിപത്യവുമായി സാമൂഹിക പിന്നാക്കാവസ്ഥയെ ബന്ധിപ്പിക്കുന്ന കാഴ്ചപ്പാടുകൾ സാമൂഹികനീതി പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്തിെൻറ തുടർച്ചയിലാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട് ഉണ്ടായി വന്നത്. തുല്യനീതിയെ സാമൂഹികനീതിയും പങ്കാളിത്ത ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തുന്ന തുല്യ പൗരത്വ സങ്കൽപവും ഉൾക്കൊള്ളൽ വികസന ജനാധിപത്യ സങ്കൽപവും പിന്നാക്ക സമുദായങ്ങളെ ശാക്തീകരിക്കുന്ന ജനാധിപത്യ രാഷ്ട്രീയമായി ഉന്നയിക്കുന്ന സാമൂഹിക മുന്നേറ്റങ്ങൾ ഉണ്ടായിവന്നു. ഇതിെൻറ ഭാഗമായാണ് കീഴാള ബഹുജനങ്ങളും മുസ്ലിം ന്യൂനപക്ഷവും അധികാര പങ്കാളിത്തത്തെ ഉൾക്കൊള്ളൽ വികസനമായും ഉൾക്കൊള്ളൽ ജനാധിപത്യവുമായി മുന്നോട്ടുെവച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്ന രജീന്ദർ സച്ചാർ കമീഷൻ നിർദേശങ്ങൾ ഉണ്ടായിവരുന്നത്.
ഇന്ത്യൻ ഭരണസംവിധാനങ്ങളുടെ വികസന അജണ്ടയിലേക്ക് ഉൾക്കൊള്ളൽ ജനാധിപത്യവും സാമുദായിക പിന്നാക്കാവസ്ഥയും മാറുന്നതിെൻറ ഭാഗമായി കൂടിയാണ് സച്ചാർ കമീഷൻ നിർദേശങ്ങൾ നടപ്പാക്കപ്പെടുന്നത്. ന്യൂനപക്ഷ മതപ്രശ്നമായിട്ടല്ല സച്ചാർ കമീഷൻ മുസ്ലിം പിന്നാക്കാവസ്ഥയെ പരിഗണിക്കുന്നത്.
വരേണ്യ നിർമിതികൾ വഴിതെറ്റിക്കുേമ്പാൾ
മുന്നാക്ക ക്ഷേമ ബോർഡും പിന്നാക്ക സമുദായ വികസന ബോർഡും പട്ടികജാതി- വർഗ ക്ഷേമ വകുപ്പും നിലനിൽക്കേ മുസ്ലിംകളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് അഖിലേന്ത്യാതലത്തിൽ നിലവിൽവന്ന നിർദേശങ്ങൾ ഒരു ഭരണസംവിധാനത്തിലൂടെ കേരളത്തിൽ നടപ്പാക്കിയപ്പോൾ അതിൽനിന്ന് 'മുസ്ലിം' ഒഴിവാക്കപ്പെട്ടു. അങ്ങനെ സച്ചാർ കമീഷൻ നിർദേശിച്ച മുസ്ലിം പിന്നാക്കാവസ്ഥ എന്ന പ്രശ്നത്തിൽനിന്ന് ന്യൂനപക്ഷങ്ങളിലെ പിന്നാക്കാവസ്ഥ എന്ന സച്ചാർ നിർദേശങ്ങൾക്കതീതമായ ഒരു സമീപനത്തിലേക്ക് വഴിമാറി. മുസ്ലിംകളിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയെ ഒരു സാമ്പത്തികവാദയുക്തിയിലൂടെ സമീപിക്കുന്ന നിലപാടും ഈ നയത്തിലുണ്ട്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ എന്ന സാമൂഹികനീതി പ്രശ്നത്തെ ദാരിദ്ര്യ പ്രശ്നമായി ലഘൂകരിക്കുന്ന സാമ്പത്തിക സംവരണവാദബോധ്യമാണ് മറ്റൊന്ന്. മുസ്ലിംകൾ അമിതമായി കൊണ്ടുപോകുന്നു /തട്ടിയെടുക്കുന്നു എന്ന വ്യാജ പ്രചാരണങ്ങൾ ഒരു നിർമിതി പൊതുബോധമായി നിലനിൽക്കുന്ന പൊതുസമൂഹത്തിൽ മുസ്ലിംവിരുദ്ധ മുൻവിധിയെ സംതൃപ്തിപ്പെടുത്തി നടപ്പാക്കേണ്ട ഒന്നായി സച്ചാർ കമീഷൻ നിർദേശങ്ങൾ പരിഗണിക്കപ്പെട്ടു. ഈ പൊതുബോധ സമ്മിതിയെ തൃപ്തിപ്പെടുത്തൽ ഒരു ഭരണയുക്തിയും നടപടിയുമായി മാറിയത് വർഗീയരാഷ്ട്രീയം സൃഷ്ടിച്ച സാമൂഹിക സമ്മർദത്തിെൻറ ഫലം കൂടിയാണ്. പിന്നാക്ക ജാതിക്കാരുടെയും ദലിത് -ആദിവാസി സമൂഹങ്ങളുടെയും സംരക്ഷക വേഷം കെട്ടിയ ഭൂരിപക്ഷവാദക്കാരായ വരേണ്യ സാമുദായിക ശക്തികളും പരിവാർ രാഷ്ട്രീയവുമായിരുന്നു ഈ വ്യാജ പ്രചാരണം നിർമിച്ചെടുത്തത്. പരിവാർ ആശയങ്ങൾ സാമാന്യജനങ്ങളിൽ സമ്മതപ്പെടുന്നതിനുള്ള പ്രചാരവേലകളിൽ പ്രധാനപ്പെട്ടതായിരുന്നു ഈ മുസ്ലിം വെറുപ്പു നിർമിതി. ദലിത് ആദിവാസികളോട് സാമുദായികവും വംശീയവുമായ മുൻവിധിയും മുസ്ലിം വെറുപ്പുമായി വേഷപ്പകർച്ച നേടിയ ഈ മനഃസ്ഥിതി ഒരു പൊതുബോധമായി മാറ്റുന്നതിൽ രാഷ്ട്രീയ രംഗം ഉൾെപ്പടെ എല്ലാ മേഖലകളിലുമുള്ള ജാതി സാമുദായിക വരേണ്യതയും വംശീയബോധ മുൻവിധിയും നിലീനവും ശക്തവുമായി ഉപയോഗിക്കപ്പെടുന്നു.
സച്ചാർ കമീഷൻ നിർദേശങ്ങളിൽനിന്നുള്ള വഴിമാറലാണ് മുസ്ലിം സമൂഹങ്ങൾക്ക് പൂർണമായി അവകാശപ്പെട്ട സാമൂഹികനീതി സംവിധാനം ന്യൂനപക്ഷങ്ങൾക്കിടയിൽ തുല്യമായി പങ്കുെവക്കേണ്ട ഒന്നായി ഒരു നിയമ വ്യവഹാര പ്രശ്നമായി മാറിയത്. സച്ചാർ കമീഷൻ നിർദേശങ്ങൾ മുസ്ലിം സമുദായത്തിെൻറ മാത്രം പിന്നാക്കാവസ്ഥ പരിഹരിക്കുന്ന സർക്കാർ സംവിധാനം രൂപംകൊടുത്താണ് പരിഹരിക്കേണ്ടത്. മതന്യൂനപക്ഷങ്ങളിലെ പൊതുവായ പിന്നാക്കാവസ്ഥയുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ മറ്റു മാർഗങ്ങൾ ആവിഷ്കരിക്കേണ്ടതാണ്. സച്ചാർ കമീഷൻ നിർദേശങ്ങൾ നടപ്പാക്കുകയെന്നാൽ മുസ്ലിം പിന്നാക്കാവസ്ഥ എന്ന സവിശേഷ പ്രശ്നത്തെ പരിഹരിക്കാനുള്ള മുസ്ലിംകൾക്കായുള്ള സർക്കാർ സംവിധാനം ഉണ്ടായി വരുക എന്നതാണ്. സാമൂഹികനീതിയോട് പൊതുസമൂഹവും സർക്കാറും കാണിക്കുന്ന ജനാധിപത്യപരമായ ഉത്തരവാദിത്തം സച്ചാർ കമീഷൻ നിർദേശങ്ങളോട് നീതി പുലർത്തുന്നതായിരിക്കണം.
(ഡോ.കെ.എസ്. മാധവൻ കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിലും ഡോ.രാജേഷ് കോമത്ത് മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസിലും അസോസിയേറ്റ് പ്രഫസർമാരാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.