വർത്തമാന ഇന്ത്യക്ക് ജുനൈദിെൻറ പെരുന്നാള്‍
text_fieldsറമദാനിെൻറ ഭക്തിസാന്ദ്രമായ രാവുകള്‍ക്കുശേഷം പടിഞ്ഞാറേ മാനത്ത് പെരുന്നാൾപ്പിറ തെളിയുമ്പോള്‍ ബല്ലഭ്ഗഢിലെ ജലാലുദ്ദീെൻറ വീട്ടില്‍ ഇനി തക്ബീര്‍ മുഴങ്ങില്ല. തൊപ്പിയും പുതുവസ്ത്രവുമണിയിച്ച് ഈദ്ഗാഹിലേക്ക് പറഞ്ഞയച്ച മക്കള്‍ തിരിച്ചുവരുമ്പോഴേക്ക് പാലില്‍ സെവയ്യ കുറുക്കിയെടുത്ത് വിളമ്പിവെക്കാനുള്ള തിടുക്കത്തില്‍ സൈറ അടുക്കളയില്‍ കലപില കൂട്ടില്ല. ഡല്‍ഹിയില്‍നിന്ന് മക്കള്‍ വാങ്ങിവരുന്ന പെരുന്നാള്‍ കോടിയൊന്ന് കാണാന്‍ അക്ഷമയോടെ കാത്തിരുന്ന സൈറയുടെ കരച്ചില് നിലച്ചിട്ടില്ല. ആരവത്തോടെ പെരുന്നാള്‍കോടി വാങ്ങാന്‍പോയ നാലു മക്കളില്‍ രണ്ടുപേര്‍ മോദിയുടെ രാജ്യത്ത് നിയമം നടപ്പാക്കുന്നവരുടെ ശിക്ഷയേറ്റുവാങ്ങി കൂട്ടത്തിലൊരുത്തെൻറ മയ്യിത്തുമായി വന്നുകയറിയ വീട്ടില്‍ ജലാലിനും സൈറക്കുമിനിയെന്ത് പെരുന്നാളാണ്? അത്തറിെൻറ പരിമളത്തിനുപകരം വംശവെറി ചിന്തിയ ഇളംചോരയുടെ രൂക്ഷമായ ഗന്ധം അന്തരീക്ഷത്തില്‍ തളംകെട്ടി നില്ക്കുമ്പോള് എന്തു സന്തോഷത്തിലാണ് ഇന്ത്യയിലെ മുസ്ലിം ഭവനങ്ങളിൽ മക്കളുടെ കൈകളില്‍ മൈലാഞ്ചിച്ചോപ്പണിയിക്കുക? വരാനിരിക്കുന്ന ഓരോ ഈദുൽ ഫിത്റിനും ഇന്ത്യയിലെ ഓരോ മുസ്ലിം ഭവനത്തിലും ചില്ലിട്ടുസൂക്ഷിക്കാനുള്ള ഒരു ചിത്രം മോദിയുടെ ഇന്ത്യ തന്നിരിക്കുന്നു. ഡല്‍ഹിയില്‍ വന്ന് വീട്ടുകാര്‍ക്ക് പെരുന്നാളിന് പുത്തനുടുപ്പുകള്‍ വാങ്ങിയെന്ന ‘ദേശദ്രോഹ’ത്തിന് അറുകൊല ചെയ്യപ്പെട്ട ബല്ലഭ്ഗഢിലെ ജുനൈദിെൻറ ചിത്രം. മുമ്പൊരു ബലിപെരുന്നാളിന് ജാതിയും മതവും നോക്കാതെ തെൻറ അയല്‍ക്കാരെയൊക്കെ ബലിമാംസം വിരുന്നൂട്ടിയെന്ന ഒരേയൊരു കാരണത്താല്‍ അവരുടെ കൈകളാല്‍ ബലിപെരുന്നാളിന് സ്വന്തം ജീവന് ബലിനല്‍കേണ്ടി വന്ന അഖ്ലാഖിെൻറ ചിത്രത്തിന് തൊട്ടടുത്ത് തന്നെ തൂക്കിയിടാനുള്ളതാണ് ഈ ചിത്രവും.
ജീവനെടുക്കാന്‍ വേണ്ട സമയം
ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമേ ബല്ലഭ്ഗഢിലേക്കുള്ളൂ. കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിന്‍ മാര്‍ഗം വരുന്ന മലയാളികള്‍ ജനലിലൂടെ തലയിട്ടുനോക്കി ഇതാ ഡല്ഹിയെത്താറായി എന്ന് പറഞ്ഞുകൊടുക്കുന്ന സ്റ്റേഷനുകളിലൊന്ന്. എന്നാൽ, ഹസ്റത്ത് നിസാമുദ്ദീെൻറ തൊട്ടടുത്ത സ്റ്റേഷനായ ഓഖ്ലയില് നിന്ന് കയറിയവര്‍ക്ക് ജുനൈദിെൻറ ജീവനെടുക്കാനും സഹോദരനെ മൃതപ്രായനാക്കാനും അത്രയും ദൂരം വേണ്ടിവന്നില്ല. വർത്തമാന ഇന്ത്യയില്‍ ഒരു മുസ്ലിമിെൻറ ജീവനെടുക്കാന്‍ ഇത്രയും സമയം ധാരാളമാെണന്നറിയുമ്പോഴാണ് വംശവെറി ഗുജറാത്തില്‍നിന്നും ഇന്ത്യയുടെ തലസ്ഥാനത്തോളം പടര്‍ന്നു പന്തലിച്ചിരിക്കുന്നുവെന്നത് നാം തിരിച്ചറിയുക. എന്നിട്ടും ഇതൊന്നുമറിയാത്തത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കാണ്. അടിയേറ്റ് നിലവിളിക്കുന്ന നോമ്പുകാരായ സഹോദരങ്ങളുടെ ഏമ്പക്കത്തില്‍ തലേന്ന് കഴിച്ച ബീഫിെൻറ ഗന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്കിടയില്‍ നിസാരമായ സീറ്റ് തര്ക്കവുമുണ്ടായിരുന്നുവെന്നുമൊക്കെ കാരണം നിരത്തും. വംശവെറിയാല്‍ നടത്തിയ നിഷ്കരുണമായ കൊലയെ ഇവിടെയും ആ തരത്തിലുള്ള കാരണങ്ങള്‍ പരതി സാമാന്യവത്കരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അതേസമയം, അതൊന്നും ആക്രമണത്തിന് കാരണമായിരുന്നില്ലെന്നും എല്ലാം ആക്രമിച്ചശേഷം കാരണമുണ്ടാക്കുകയാണെന്നും അടിയേറ്റെങ്കിലും ജീവന് ബാക്കിയായ സഹോദരന് ഹാഷിം പറയുന്നുണ്ട്. ഓഖ്ലയില്‍നിന്ന് ഭജനയുമായി കയറിയ ഇരുപതോളം വരുന്ന സംഘം നാല് സഹോദരങ്ങളുടെ തൊപ്പിയും താടിയും കാണിച്ച് നിന്ദിച്ചും അവഹേളിച്ചും പ്രകോപനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട ഭീതിദമായ അവസ്ഥ. ഇതിനിടയിലാണ് ഒരാള്‍ ജുനൈദിനെ പിടിച്ച് തള്ളിയത്. അറിയാതെ ചെയ്തതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വീണ്ടുമാവര്‍ത്തിച്ചപ്പോള്‍ മാന്യമായി പെരുമാറണമെന്ന് ജുനൈദ് ആവശ്യപ്പെട്ടു. അതുകേട്ട് കോപാകുലനായ സംഘാംഗം ജുനൈദിെൻറ തൊപ്പിയെടുത്ത് നിലത്തേക്കെറിഞ്ഞു. തുടര്‍ന്ന് ദേശദ്രോഹികളെന്ന് വിളിച്ച് നാലു പേരോടും സീറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് ആക്രമണം ആരംഭിക്കുകയായിരുന്നു. ചങ്ങല വലിച്ചുനിര്ത്താന് ശ്രമിച്ചെങ്കിലും സംഘം അനുവദിച്ചില്ല. കോച്ചിെൻറ വാതിലടച്ച് കുറ്റിയിട്ട് മര്‍ദനം തുടര്‍ന്നു. നാലു പേര് ജുനൈദിെൻറ കൈകള്‍ പിറകിലേക്ക് വലിച്ചുപിടിച്ചപ്പോള്‍ കൂട്ടത്തിലൊരാള്‍ കത്തിയെടുത്തു കുത്തി. ദേശദ്രോഹികളെ എതിരിടാന്‍ കോച്ചിലെ മുഴുവന്‍ ആളുകളെയും വിളിച്ചുകൂട്ടി സംഘം ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴും മൂന്നാമത്തെ ബോഗിയില്‍ ഇതൊന്നുമറിയാത്ത മട്ടില്‍ ഒരു എ.എസ്.ഐ ഇരിക്കുന്നുണ്ടായിരുന്നു. ഒരു കൊലപാതകം കഴിഞ്ഞിട്ടും അതിലിടപെടാന്പോലും ആ പൊലീസ് ഉദ്യോഗസ്ഥന് തയാറായില്ല. ആരും പറയാത്തതിനാല്‍ അയാള്‍ സംഭവങ്ങളൊന്നുമേ അറിഞ്ഞില്ലെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ െറയില്‍വേ പൊലീസ് പ്രതികരിച്ചത്. ഒരു കൊലപാതകക്കേസായിട്ടുപോലും ഒരു പൊലീസ് കോൺസ്റ്റബിള്‍ പോലും ജുനൈദിെൻറ വീട്ടിലേക്ക് ഇതെഴുതുന്നതുവരെ എത്തിനോക്കിയിട്ടില്ല. കേസ് എടുക്കാനായി ജുനൈദിെൻറ മര്‍ദനമേറ്റ സഹോദരങ്ങളോട് പൊലീസ് സ്റ്റേഷനിലേക്ക് അങ്ങോട്ടു ചെല്ലാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്.
മോദിയെപോലെ കുലുങ്ങാതെ ഖട്ടറും
ഈ വംശീയ കൊലപാതകത്തിനുശേഷം മുഹമ്മദ് സലീമും വൃന്ദ കാരാട്ടുമടങ്ങുന്ന സി.പി.എം കേന്ദ്ര നേതാക്കള്‍ അടക്കമുള്ളവര്‍ ജുനൈദിെൻറ വീട്ടിലെത്തി വിഷയം ദേശീയതലത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിെൻറ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം പ്രതീക്ഷിക്കുന്നത് തെറ്റായിരിക്കും. ഗോമാതാവിനെ വളര്‍ത്താന്‍ കൊണ്ടുവന്നുവെന്ന ‘ദേശദ്രോഹ’കുറ്റത്തിനാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് പെഹ്ലുഖാനെ തല്ലിക്കൊന്നത്. അതിനും മാസങ്ങള്‍ക്ക് മുമ്പാണ് മേവാത്തിലെ ഹൈവേ പരിശോധന നടത്താറുള്ള സംഘ്പരിവാറിെൻറ ഗോരക്ഷക ഗുണ്ടകൾ വീട്ടില്‍ കയറി ബീഫ് കഴിക്കാറുണ്ടോ എന്ന് ചോദിച്ച് രണ്ടു യുവതികളെ കൂട്ടമാനഭംഗം ചെയ്ത് ഇരട്ടക്കൊലപാതകം നടത്തിയത്. ശബ്നം ഹശ്മിയും മേവാത്തിലെ അഭിഭാഷകരും ചേര്‍ന്ന് വിഷയം ദേശീയതലത്തിലേക്കെത്തിച്ച് സി.ബി.ഐ അന്വേഷണത്തിനുത്തരവിടാന്‍ നിര്‍ബന്ധിതനായിട്ടും ഖട്ടര്‍ പോയിട്ട് ഒരു മന്ത്രിപോലും ആ വഴിക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
ബല്ലഭ്ഗഢിലെ ആക്രമണത്തിന് പിന്നിലുള്ള ഭജനയുമായി ഡല്‍ഹിയിലെ ലോക്കല്‍ ട്രെയിനുകളില്‍ പതിവായി കയറുന്ന സംഘത്തെ ഹസ്റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ പതിവായി വരുന്നവര്‍ക്കൊക്കെ അറിയാം. പലപ്പോഴും അവര്‍ ഈ തരത്തില്‍ വര്‍ഗീയ പ്രകോപനങ്ങള്‍ക്ക് ശ്രമിക്കാറുണ്ടെങ്കിലും െറയില്‍വേ പൊലീസ് അനങ്ങാറില്ല. പ്രകോപനത്തിനായി വരുന്ന സംഘമാണെന്നറിയാതെ ഭജനയല്ലേ എന്ന് കരുതി മറ്റു പലരും കൂടെക്കൂടുകയും ചെയ്യും. സംഘടിതമായ കലാപങ്ങള്‍ക്കു പകരം മോദിയുടെ ഇന്ത്യയില്‍ വംശീയ ഉന്മൂലനത്തിെൻറ പുതിയ രീതികളാണ് സംഘ്പരിവാര്‍ കയര്‍ അഴിച്ചുവിട്ട ആള്‍ക്കൂട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്.എസ്.എസിെൻറ കാര്‍മികത്വത്തില്‍ സംഘ്പരിവാര്‍ ഒൗദ്യോഗികമായി നടത്തുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ ബജ്റംഗ്ദള്‍ കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ പരിവാറും പൊലീസും ചേര്ന്നൊ രുക്കിയ കെണിയില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്. രക്ഷപ്പെട്ട മറ്റു രണ്ടു സഹപ്രവര്‍ത്തകരുടെ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് വ്യാജമേല്‍വിലാസം കാണിച്ചു എന്ന കുറ്റംചുമത്തി പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ച മാധ്യമപ്രവര്‍ത്തകനായ അസദ് അശ്റഫിനെ പൊലീസ് പിടിയില്‍നിന്ന് മോചിപ്പിച്ചത്. പള്ളി പൊളിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുസ്ലിം പത്രപ്രവര്‍ത്തകനെ ആള്‍ക്കൂട്ടം തല്ലിയ സംഭവവും ഡല്‍ഹിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മോദിയുടെ ഇന്ത്യയില്‍ മുസ്ലിമിന് വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ല എന്നതിെൻറ സാക്ഷ്യപത്രമാണ് ബല്ലഭ്ഗഢ്. പശുവും ബീഫുമൊന്നുമല്ല മുസ്ലിം തന്നെയാണ് സംഘ്പരിവാറിെൻറ ആധിയെന്ന് തെളിയിക്കുകയാണ് ജുനൈദിെൻറ രക്തസാക്ഷിത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.