സി.പി.എമ്മിെൻറ മുസ്ലിം വിദ്യാഭ്യാസപ്പേടി
text_fieldsകേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് ശക്തമായ ഉണർവു പ്രകടിപ്പിക്കുന്ന സമുദായമാണ് മുസ്ലിംകള്. സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലൂടെയും മറ്റും പിന്നാക്കമായിപ്പോയ സമൂഹം ഒരു നൂറ്റാണ്ടോളമായി നടത്തിക്കൊണ്ടിരിക്കുന്ന ശാക്തീകരണ ശ്രമങ്ങളുടെ സാഫല്യമാണത്. ഇതിൽ സി.പി.എം എന്ന കേരളത്തിലെ ഇപ്പോഴത്തെ മുസ്ലിംവിരുദ്ധതയുടെ അച്ചുതണ്ട് അസ്വസ്ഥമാണ്. ആ അസ്വസ്ഥത പ്രകടിപ്പിച്ച് ലാഭം നേടുമ്പോള്‍ പരമാവധി നഷ്ടം കുറക്കാന്‍ സി.പി.എം കണ്ടെത്തിയ ഉപായമാണ് പ്രസ്താവനകളിലെ 'ജമാഅത്തെ ഇസ്ലാമി' പ്രയോഗം.
മുസ്ലിം പിന്നാക്ക സമൂഹത്തിെൻറ വളര്‍ച്ചയിലെ സി.പി.എം അസ്വസ്ഥത പുറത്തുവരുന്നത് പുതിയ സമ്മേളന പ്രഭാഷണക്കുറിപ്പോടെയല്ല. മലപ്പുറത്ത് എസ്.എസ്.എല്‍.സി റിസല്‍ട്ടില്‍ വലിയ മുന്നേറ്റമുണ്ടായപ്പോള്‍ മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്നു പ്രസ്താവിച്ചത് സമുന്നത നേതാവ് സഖാവ് വി.എസ്. അച്യുതാനന്ദനാണ്. ഇന്നുവരെ സി.പി.എം അതിനെ തിരുത്തുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. മലപ്പുറത്തെ കുട്ടികള്‍ക്ക് പഠിക്കാനോ പരീക്ഷയില്‍ ജയിക്കാനോ കഴിയില്ല അഥവാ ജയിക്കുന്നെങ്കില്‍ അത് കോപ്പിയടിച്ചായിരിക്കുമെന്ന വംശീയ മുന്‍വിധിയായിരുന്നു ആ പ്രസ്താവനയുടെ പിന്നില്‍.
ഇതിനോട് ചേര്‍ത്തുവെക്കേണ്ടതാണ് കോഴിക്കോട് ആസ്ഥാനമായ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) വഴി കേന്ദ്ര സർവകലാശാലകളിലേക്ക് റിക്രൂട്ട്മെൻറ് നടത്തുന്നു എന്ന സഖാവ് എളമരം കരീമിെൻറ ആക്ഷേപം. 'സിജി' വിദ്യാഭ്യാസശാക്തീകരണത്തിനു പൊതുവിലും മുസ്ലിംകളാദി പിന്നാക്ക സമൂഹങ്ങളുടെ വൈജ്ഞാനിക മുന്നേറ്റത്തിൽ സവിശേഷമായും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ്. വി.എസ് കോപ്പിയടിയെന്നാക്ഷേപിച്ച മലപ്പുറം ജില്ലയിലെ പരീക്ഷാഫല മുന്നേറ്റത്തില്‍ പ്രധാനത്വരകമായി വര്‍ത്തിച്ചത് മലപ്പുറം ജില്ലാപഞ്ചായത്ത് 'സിജി'യുമായി സഹകരിച്ചുനടത്തിയ 'വിജയഭേരി' പദ്ധതിയായിരുന്നു. എന്നിട്ടും പാര്‍ട്ടി വേദിയില്‍ പരസ്യമായി 'സിജി'ക്കെതിരെ ആക്രമണം നടത്തണമെങ്കില്‍ അതിനു കാരണം സി.പി.എം മനസ്സിലെ മുസ്ലിം വിദ്യാഭ്യാസപ്പേടി മാത്രമാണ്.
സി.പി.എമ്മിെൻറ പുതിയ പ്രഭാഷണക്കുറിപ്പില് ജമാഅത്തെ ഇസ്ലാമി പ്രഫഷനല്‍ കാമ്പസുകളിൽ പെണ്‍കുട്ടികളെ തീവ്രവാദ ചിന്തകളിലേക്ക് ആകര്‍ഷിക്കുന്നു എന്നു പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ്.െഎ.ഒ എല്ലാ കാമ്പസുകളിലുമെന്നപോലെ പ്രഫഷനൽ കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നു. എതിരാളികളെക്കുറിച്ച് കണക്കുകളെല്ലാം കൃത്യമായി കൈവശമുള്ള സി.പി.എം എന്തുകൊണ്ടായിരിക്കും പ്രഫഷനൽ കോളജുകളെ തീവ്രവാദ കാര്യത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. കേരളത്തിലെ പ്രഫഷനല്‍ കോളജുകളില്‍ മുസ്ലിം സമുദായത്തിനകത്ത് കൂടുതല്‍ സ്വാധീനമുള്ളത് വ്യത്യസ്ത സലഫി വിഭാഗങ്ങള്‍ക്കാണ്. അവരുടെ വിദ്യാർഥിസംഘടനകള്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന 'പ്രോഫ്കോണ്‍' ഈ മേഖലയിലെ വളരെ ശ്രദ്ധേയമായ പരിപാടിയാണ്. അവരെ ടാര്‍ഗറ്റു ചെയ്യുന്നതിെൻറ പുകമറ മാത്രമാണ് ആ കുറിപ്പിലെ ജമാഅത്തെ ഇസ്ലാമി. സലഫി ഇസ്ലാം അപകടകരമാണ്, സൂഫി ഇസ്ലാം നല്ലതാണ് എന്ന സാമ്രാജ്യത്വ സിദ്ധാന്തം സി.പി.എമ്മിെൻറയും ആവനാഴിയിെല അസ്ത്രങ്ങളിലൊന്നാണ്. ആ സിദ്ധാന്തത്തിനു കാരണം സൂഫി ഇസ്ലാമിനോടുള്ള പ്രത്യേക മമതയല്ല. തിന്നുതീര്‍ക്കാന്‍ നല്ലത് മുറിച്ചു തിന്നലാണ് എന്ന യുക്തി മാത്രമാണ്. ഇന്ന് ജമാഅത്തെ ഇസ്ലാമി, നാളെ സലഫി, മറ്റന്നാള്‍ സുന്നി എന്നതാണ് അതിെൻറ മുന്‍ഗണനാക്രമം എന്നുമാത്രം.
മുസ്ലിം സമൂഹത്തിനുനേരെ ദയാദാക്ഷിണ്യമില്ലാത്ത ആക്രമണത്തിന് രണ്ടാം പിണറായി ഗവണ്‍മെൻറ് നേതൃത്വം നല്കിക്കൊണ്ടിരിക്കുകയാണ്. കേരള മുസ്ലിം സമൂഹത്തിനുനേരെ പരസ്യമായ വംശീയ വിദ്വേഷ പ്രചാരണം നടത്തിയ പാലാ ബിഷപ്പിനെ പണ്ഡിതനും വിശുദ്ധനുമായി പ്രഖ്യാപിച്ച മന്ത്രി വാസവൻ ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്തിരിക്കുന്നു എന്നു പറഞ്ഞുവെക്കുേമ്പാൾ ക്ലോസ് ചെയ്യുന്നത് നീതിയുടെ ചാപ്റ്ററാണ്; മുസ്ലിം സമൂഹത്തിെൻറ അന്തസ്സിെൻറ ചാപ്റ്ററാണ്. ജമാഅത്തെ ഇസ്ലാമി എന്ന പുകമറയുപയോഗിച്ച് മുസ്ലിം വിരുദ്ധതയുടെ അധ്യക്ഷപദവി ഏറ്റെടുക്കുകയാണ് പിണറായി സര്‍ക്കാറും സി.പി.എമ്മും. പരസ്യമായ കുറ്റകൃത്യം ചെയ്ത പാലാ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല എന്നു മാത്രമല്ല, അരമനയില്‍ ചെന്നുകണ്ട് ആശീര്‍വദിച്ചു സര്‍ക്കാര്‍. ഇസ്ലാമിക പ്രബോധകനായ എം.എം. അക്ബറിനും ശംസുദ്ദീന്‍ പാലത്തിനും എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് യു.എ.പി.എ പോലുള്ള കഠോരനിയമങ്ങള് ചുമത്തിയിരുന്നു കഴിഞ്ഞ പിണറായി സര്‍ക്കാര്‍. സി.പി.എമ്മിന് പ്രശ്നം ജമാഅത്തെ ഇസ്ലാമി അല്ല, മുസ്ലിം സമുദായംതന്നെയാണ് എന്നത് പകല്‍വെളിച്ചംപോലെ വ്യക്തം.
സി.പി.എം തന്നെ ഇപ്പോള്‍ അനൗപചാരികമായി പുറത്തുവിട്ട പ്രഭാഷണക്കുറിപ്പിലെ തീവ്രവാദ പരാമര്‍ശത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മൊത്തത്തില്‍ മുസ്ലിം വിദ്യാർഥികളെ തീവ്രവാദ ചിന്തകളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്നല്ല രേഖ ആക്ഷേപിക്കുന്നത്. പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. പെണ്‍കുട്ടികളെ മാത്രം പ്രത്യേകം എടുത്തുപറയുന്നതിെൻറ ലക്ഷ്യം ഇപ്പോള്‍ കത്തോലിക്കാസഭയില്‍ ഒരു വിഭാഗം നടത്തുന്ന മുസ്ലിംവിരുദ്ധ പ്രചാരണത്തോട് ചേര്‍ന്നുനില്‍ക്കുകയാണ്. ലവ് ജിഹാദിെൻറ ഒരു ധ്വനിമൂല്യം ലഭിക്കും എന്നതുമാത്രമാണ് ആ പരാമര്‍ശത്തിെൻറ പ്രസക്തി. മുസ്ലിം സ്ത്രീകൾ പഠിച്ച് മുന്നേറുന്നതും പ്രഫഷനലുകളായ സ്ത്രീകള്‍ ജീവിതത്തില്‍ മതനിഷ്ഠ പുലർത്തുന്നതും സി.പി.എം പോലുള്ള ശക്തികളെ അലോസരപ്പെടുത്തുന്നു.
തീവ്രവാദം എന്നത് ഇപ്പോെഴാരു രാഷ്ട്രീയനിരപേക്ഷ വാക്കല്ല. ഇസ്ലാമും മുസ്ലിംകളും തീവ്രവാദികളാണ് എന്ന അമേരിക്കൻ സാമ്രാജ്യത്വം സൃഷ്ടിച്ച ആഖ്യാനമാണ് അവർ ആവർത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി വിദ്യാഭ്യാസരംഗത്ത് സി.പി.എമ്മിന് സവിശേഷമായ രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന്: എഴുപതുകള്‍ക്കുശേഷം എസ്.എഫ്.ഐയുടെ സോവിയറ്റ് യൂനിയനുകളായിരുന്ന കേരളത്തിലെ കാമ്പസുകളില്‍ ജനാധിപത്യത്തിെൻറ വെളിച്ചം കൊണ്ടുവരാന്‍ ത്യാഗനിര്‍ഭര പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിലെ ഒരു മുഖ്യശക്തി ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളാണ്. കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാർഥി സംഘടനകള്‍ പല സമയത്തും അവരുടെ ആ ജനാധിപത്യ പരിശ്രമങ്ങളോട് സഹകരിച്ചിട്ടുണ്ട്. മടപ്പള്ളി ഗവണ്‍മെൻറ് കോളജില്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥികളുടെ മുന്‍കൈയില്‍ രൂപപ്പെട്ട 'ഇന്‍ക്വിലാബ്' എന്ന വിദ്യാർഥി കൂട്ടായ്മ എസ്.എഫ്.ഐ ആധിപത്യത്തിനെതിരെ മത്സരിക്കുകയും വിദ്യാർഥിനികളുള്‍പ്പെടെ ഭീകര മർദനങ്ങള്‍ ഏറ്റുവാങ്ങുകയും യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുകയും ചെയ്തത് അന്ന് കേരളം ഏറെ ശ്രദ്ധിച്ച വിദ്യാർഥി രാഷ്ട്രീയമുന്നേറ്റമായിരുന്നു. ഇത് മടപ്പള്ളിയുടെ മാത്രം അനുഭവമല്ല. ഏകാധിപത്യത്തില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ കൊടിവാഹകർക്ക് ഇത്തരം ജനാധിപത്യത്തുറവികള് ഒരിക്കലും സഹിക്കാനാവില്ല.
രണ്ടാമത്തേത്: മണ്ഡല് കമീഷന് റിപ്പോർട്ട് നടപ്പാക്കപ്പെട്ടതോടെ കേന്ദ്ര സർവകലാശാലകളില്‍ നല്ല അളവില്‍ മുസ്ലിംകള് ഉള്‍പ്പെടെയുള്ള പിന്നാക്കവിദ്യാർഥികള് എത്തിച്ചേര്‍ന്നു. ഇത് ഈ കലാശാലകളില്‍ ഇടതുപക്ഷാനന്തരമായ (Post Left) ഒരു വിദ്യാർഥി രാഷ്ട്രീയത്തെ സജീവമാക്കി. അതിലും നിർണായക പങ്കുവഹിച്ചത് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിദ്യാർഥികളായിരുന്നു. അത് സ്വാഭാവികമായും എസ്.എഫ്.െഎയെ വിറളിപിടിപ്പിച്ചു. അതിനെയാണ് തീവ്രവാദ ചാപ്പകുത്തി നേരിടാമെന്ന് സി.പി.എം വ്യാമോഹിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കാരെ മാത്രമല്ല, ജെ.എൻ.യുവിലെ 'ബാപ്സ' ഉള്‍പ്പെടെയുള്ള ദലിത് ബഹുജന്‍ വിദ്യാർഥി മുന്‍കൈകളെയും സി.പി.എം തീവ്രവാദമുദ്രയടിക്കാന് നോക്കുന്നു. ദലിത് വിദ്യാർഥി രാഷ്ട്രീയത്തെ തീവ്രവാദി സീലടിക്കാനുള്ള ശ്രമം മുമ്പുതന്നെ സി.പി.എം നടത്തിപ്പോരുന്നതാണ്. 90കളില്‍ എറണാകുളം മഹാരാജാസ് കോളജില്‍ ഉയര്‍ന്നുവന്ന ദലിത് വിദ്യാര്‍ഥി പ്രസ്ഥാനമായ ദലിത് വിദ്യാർഥി ഏകോപന സമിതിയെ സി.പി.എം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് അന്ന് അതിെൻറ നേതാവായിരുന്ന ഡോ. എ.കെ. വാസു പറയുന്നു: ''ഞങ്ങള്‍ ചെല്ലുമ്പോള്‍ മഹാരാജാസില്‍ ഉണ്ടായിരുന്നത് മെസ്സ് കമ്മിറ്റി എന്ന ഒരുതരം മാഫിയ ആയിരുന്നു. മെസ്സില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് ദലിത് വിദ്യാർഥികള്‍ ആവശ്യപ്പെട്ടു. അതിെൻറ പേരില്‍ അപ്പുക്കുട്ടന്, കെ.കെ. ജയചന്ദ്രന്, സുനില്‍, സുധീര്‍ എന്നിവരെ മർദിച്ചു. ഗുണ്ടകളെക്കൊണ്ട് ഹോസ്റ്റലില്‍ അഴിഞ്ഞാടാന്‍ അനുവദിച്ച എസ്.എഫ്.ഐ 'ദേശാഭിമാനി'യില്‍ വാര്‍ത്തയും നല്കി. മഹാരാജാസ് ഹോസ്റ്റലില്‍ നക്സലാക്രമണം എന്നായിരുന്നു വാര്‍ത്ത''. പ്രഫഷനല്‍ കോളജ് വിദ്യാർഥിനികളുടെ തീവ്രവാദ റിക്രൂട്ട്മെൻറ് ആരോപണത്തിലൂടെ ഇത്തരം വരേണ്യചരിത്രങ്ങള് ആവര്‍ത്തിക്കുക മാത്രമാണ് സി.പി.എം ചെയ്യുന്നത്. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.