ഐക്യത്തിന്റെ ആണിക്കല്ലാണ് ഉലമാ-ഉമറാ ബന്ധം
text_fieldsപറങ്കികൾക്കെതിരായ പോരാട്ടത്തിൽ സാമൂതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലിമാര്‍ക്ക് പിന്തുണ നല്കാന് മുസ്ലിംകളെ ഉപദേശിച്ച പൊന്നാനിയിലെ മഖ്ദൂമുമാരുടെ പാരമ്പര്യത്തില്‍നിന്നാണ് ഈ ഐക്യം കേരളത്തിലെ മുസ്ലിംകള്ക്ക് കൈവന്നത്. ഫത്ഹുല്‍ മുഈന്‍ പോലുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച മഖ്ദൂമുമാര്‍ രാഷ്ട്രീയ നിലപാടുകളിലും സമുദായത്തിന് മാർഗനിർദേശമേകി. ഈ പാരമ്പര്യത്തെ മുറുകെപ്പിടിച്ചാണ് കേരള മുസ്ലിംകള് പുരോഗതിയിലേക്കു സഞ്ചരിച്ചത്
മുസ്ലിം സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്നതിൽ നമ്മുടെ നാട്ടിലെ പണ്ഡിതരും (ആലിമുകൾ അഥവാ ഉലമാക്കൾ)നേതാക്കളും (അമീറുമാർ അഥവാ ഉമറാക്കൾ) വഹിച്ച പങ്കിന്റെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. ‘‘എന്റെ സമുദായത്തിലെ രണ്ടു വിഭാഗം നന്നായിക്കഴിഞ്ഞാല്‍ ജനമാകെ നന്നായി. അവര്‍ ദുഷിച്ചാലോ, സർവം ദുഷിക്കുകയും ചെയ്യും, ഉലമാക്കളും ഉമറാക്കളുമാണവര്‍’’ എന്ന നബിവചനം ഒരു മുന്നറിയിപ്പുപോലെ നമ്മുടെ മുന്നിലുണ്ട്.
കേരളത്തിലെ വിവിധ സമുദായങ്ങളുടെ ചരിത്രം പരിശോധിച്ചാലും പണ്ഡിതരും സാമുദായിക നേതൃത്വവും തമ്മിലുള്ള ഐക്യമാണ് വിപ്ലവാത്മകമായ പരിവർത്തനങ്ങൾക്ക് അടിത്തറയിട്ടതെന്നു കാണാം. സവര്‍ണ, അവര്‍ണ, പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങള്‍ വിവിധ മേധാവിത്വശക്തികളെ എതിര്‍ത്തുകൊണ്ട് സാമൂഹിക പ്രാതിനിധ്യത്തിലേക്കും അധികാരപങ്കാളിത്തത്തിലേക്കും മുന്നേറിയതും ഈ സമുദായങ്ങള്‍ സ്വയം പരിഷ്കരണത്തിനു തയാറായി പുരോഗതിയിലേക്കു കുതിച്ചതും അതതു വിഭാഗങ്ങളിലെ ജ്ഞാനികളുടെയും നേതാക്കളുടെയും ഒത്തൊരുമയിലൂടെയാണ്.
മുസ്ലിം സമുദായത്തിന്റെ വൈജ്ഞാനിക നവോത്ഥാന പദ്ധതികളുടെ ഇന്ധനമായും മാപ്പിളമാരുടെ സാമൂഹിക, സാമ്പത്തിക മൂലധനം ഭദ്രമാക്കാനുള്ള സംഘടിത ശ്രമമായും ഈ ഐക്യം പ്രവര്‍ത്തിച്ചു. സമുദായം അരക്ഷിതമാകുമ്പോഴെല്ലാം ഉള്ളുപിടഞ്ഞ ഈ രണ്ടു വിഭാഗത്തിനു പിന്നിലാണ് കേരളത്തിലെ സാധാരണ മുസ്ലിംകള് ഒന്നിച്ചുനിന്നത്. പറങ്കികൾക്കെതിരായ പോരാട്ടത്തിൽ സാമൂതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലിമാര്‍ക്ക് പിന്തുണ നല്കാന് മുസ്ലിംകളെ ഉപദേശിച്ച പൊന്നാനിയിലെ മഖ്ദൂമുമാരുടെ പാരമ്പര്യത്തില്‍നിന്നാണ് ഈ ഐക്യം കേരളത്തിലെ മുസ്ലിംകള്ക്ക് കൈവന്നത്. ഫത്ഹുല്‍ മുഈന്‍ പോലുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച മഖ്ദൂമുമാര്‍ രാഷ്ട്രീയ നിലപാടുകളിലും സമുദായത്തിന് മാർഗനിർദേശമേകി. ഈ പാരമ്പര്യത്തെ മുറുകെപ്പിടിച്ചാണ് കേരള മുസ്ലിംകള് പുരോഗതിയിലേക്കു സഞ്ചരിച്ചത്. പില്ക്കാലത്ത് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, കേരള നദ്വത്തുല് മുജാഹിദീന്‍ പോലുള്ള മതസംഘടനകളുടെ ജീവനാഡികളായി നിന്ന ഉലമാക്കളും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ നേതൃത്വവും പരസ്പരം ഒത്തൊരുമയോടെ നീങ്ങിയതും മേല്പറഞ്ഞ മാതൃക പിന്പറ്റിക്കൊണ്ടുതന്നെയാണ്.
കേരള മുസ്ലിം സമുദായം ഇന്നനുഭവിക്കുന്ന ശൈഥില്യങ്ങളുടെ അടിസ്ഥാന കാരണം അന്വേഷിക്കേണ്ടത് ഉലമാ-ഉമറാ ബന്ധത്തില്‍ വിള്ളൽ വീഴുന്നുണ്ടോ എന്നതിലാണ്. അതില്‍ വിള്ളൽ വീഴ്ത്തിയാല്‍ സമുദായത്തിന്റെ സംഘടിതശക്തിയെ ഇല്ലാതാക്കാം എന്നു കരുതുന്നവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ടാകും.
സമസ്തയെയും ലീഗിനെയും പിണക്കി ലക്ഷ്യംനേടാമെന്ന് ചിലർ മനക്കോട്ട കെട്ടുന്നതിനിടെ ദോഹയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഒരുമിച്ചിരുന്നു നടത്തിയ വിശദീകരണങ്ങള്‍ ഏറെ പ്രസക്തമാണ്. തങ്ങളിരുവരും നേതൃത്വം നല്കുന്ന സംഘടനകളുടെ പ്രവര്‍ത്തനമേഖല വെവ്വേറെയാണെന്നും എന്നാല്‍ രണ്ടും മുസ്ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പരസ്പര വിശ്വാസത്തിലും ധാരണയിലും സംഘടനകള്‍ മുന്നോട്ടുപോകുമെന്നുമുള്ള ജിഫ്രി തങ്ങളുടെ വിശദീകരണം സുചിന്തിതവും പക്വവുമായ പണ്ഡിത നിലപാടാണ്, ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുമാണ്. നിലവില്‍ എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഇരു സംഘടനകളും തമ്മിലുണ്ടെങ്കില്‍ അത് തീര്‍ക്കാനുള്ള തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ സുന്നി മുസ്ലിംകളുടെ പരമോന്നത സഭയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ചരിത്രം അറിയുന്നവര്‍ക്ക് സമസ്ത-ലീഗ് ബന്ധത്തിന്റെ ദൃഢതയറിയാം. മലബാര്‍ ജില്ല മുസ്ലിം ലീഗിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന കെ.എം. മൗലവി അധ്യക്ഷനായ യോഗത്തില്‍ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റായി അബ്ദുറഹ്മാന് ബാഫഖി തങ്ങളെ മൗലവിയാണ് നാമനിർദേശം ചെയ്തത്. സമസ്തയുടെ സ്ഥാപകൻ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സഹോദരീപുത്രനായ ബാഫഖി തങ്ങള്‍ കേരള രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ പോകുന്ന ആത്മീയവും സാമൂഹികവുമായ സാരഥ്യം ഏല്ക്കുന്ന വേദി ഇങ്ങനെയായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരമുള്ള രാഷ്ട്രീയ പ്രതിസന്ധിയുടെ ഒരു കാലത്തെ കേരള മുസ്ലിംകൾ മറികടന്നത് പരസ്പരമുള്ള ഐക്യപ്പെടലിലൂടെയായിരുന്നു. മുസ്ലിം ലീഗിന് അയിത്തം കല്പിച്ചവരെ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുംവിധം ലീഗിനെ വിവേകപൂര്‍വം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വമാണ് ആ അവസ്ഥക്കു മാറ്റമുണ്ടാക്കിയത്. ഇതിനു നിമിത്തമായതാകട്ടെ കെ.എം. മൗലവിയുടെ തെരഞ്ഞെടുപ്പും. പരസ്പരം ഭിന്നതയുള്ള സുന്നികളും മുജാഹിദുകളും കൈകോര്ത്തുനിന്നതിന്റെ ഫലമായിരുന്നു ഈ രാഷ്ട്രീയ വിജയം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിന്റെ വേദികളില്‍ ബാഫഖി തങ്ങളും പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ വേദികളില്‍ സി.എച്ചുമൊക്കെ സ്ഥിരം ക്ഷണിതാക്കളായി. ഫാറൂഖ് കോളജ് ഉൾപ്പെടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും ബാഫഖി തങ്ങളുടെ പങ്ക് വലുതായിരുന്നു. എന്നാല്‍, അതേ തങ്ങളവര്‍കള്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. എം.ഇ.എസിന്റെപോലും പ്രാരംഭകാലത്ത് ബാഫഖി തങ്ങള്‍ വളരെയേറെ സഹായിച്ചു. ഇതാണ് കേരളത്തിലെ മുസ്ലിംകളുടെ മഹത്തായ ഐക്യത്തിന്റെ പൈതൃകം.
മതകാര്യത്തില്‍ കേരള മുസ്ലിംകള്ക്കുള്ള ഭിന്നിപ്പുകള്‍ പുതിയതല്ല. പല ധാരകളായാണ് മുസ്ലിം സമൂഹം വികാസം പ്രാപിച്ചത്. സുന്നികളും മുജാഹിദുകളും തമ്മില്‍ കടുത്ത ഭിന്നതയും അകല്‍ച്ചയും എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്നാല്‍, എല്ലാവരെയും ഒരുമിപ്പിക്കുന്ന മുസ്ലിം ലീഗിന്റെ പ്ലാറ്റ്ഫോം ആയിരുന്നു ഒരു സാമൂഹികശക്തി എന്ന നിലയിലുള്ള നമ്മുടെ ഐക്യത്തിന്റെ നിദാനം. സുന്നീവീക്ഷണത്തോട് ചേര്ന്നുനില്ക്കുക മാത്രമല്ല, അതില്‍ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത പൂക്കോയ തങ്ങളും ബാഫഖി തങ്ങളും മുജാഹിദുകളുമായി വളരെയേറെ സഹകരിക്കുകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു, മുജാഹിദ് നേതാക്കളാകട്ടെ അവരെ തങ്ങളുടെകൂടി നേതൃസ്ഥാനത്തു കാണുകയും ആശയഭിന്നതകള്‍ മറന്ന് ഐക്യപ്പെടുകയും ചെയ്തു. ഒട്ടേറെ മുസ്ലിം വിദ്യാർഥികള്‍ക്ക് വ്യക്തിപരമായി സ്കോളര്‍ഷിപ് നല്‍കിയിരുന്നു ബാഫഖി തങ്ങള്‍. സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, പ്രഫ. ടി. അബ്ദുല്ല സാഹിബ് ഉൾപ്പെടെ 14 പേര്‍ക്ക് സ്കോളര്‍ഷിപ് ഒരേ സമയം നല്‍കിയിരുന്നതായി പ്രഫ. ടി. അബ്ദുല്ല സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെ പലരും ഉല്പതിഷ്ണുപക്ഷത്തോട് ചേര്ന്നുനിന്നതിനെ തങ്ങള്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയതുമില്ല. ഈ സഹിഷ്ണുത നമുക്കൊരു പാഠമാകേണ്ടതല്ലേ. 1950കളോടെ സമസ്ത രൂപപ്പെടുത്തിയ മദ്റസ പ്രസ്ഥാനത്തിന്റെ മുഖ്യശില്പിയായി ബാഫഖി തങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിനുള്ള മൂലധനം കൈയില്‍നിന്ന് നല്കിയ ബാഫഖി തങ്ങള്‍ വിളക്കിച്ചേര്‍ത്ത സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരിക്കാന്‍ ഈ പഴയ ചരിത്ര ശകലങ്ങള്‍ നമ്മള് അനുസ്മരിക്കുക മാത്രം പോരാ. അവയുടെ പാഠവും ഉള്‍ക്കൊള്ളണം.
മുസ്ലിം ലീഗിന്റെ സംഘശക്തിയെ ദുര്‍ബലമാക്കാന്‍ പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരമൊരു കാലാവസ്ഥയില്‍ നടന്ന മുസ്ലിം ലീഗിന്റെ മഹാസമ്മേളനത്തില്‍ പ്രാർഥന നടത്താന്‍ സൂഫീവര്യനും മഹാജ്ഞാനിയുമായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെത്തി. പിന്നീട് സമസ്ത പ്രസിഡന്റായിത്തീര്‍ന്ന സി. കോയക്കുട്ടി മുസ്ലിയാര് ആ സമ്മേളനത്തെപ്പറ്റിയും ചാപ്പനങ്ങാടി ഉസ്താദിന്റെ ദുആയെപ്പറ്റിയും ഒരോർമ പങ്കുവെച്ചിട്ടുണ്ട്. ‘‘ലീഗ് സമ്മേളനത്തില്‍ ബാപ്പു മുസ്ലിയാര് ദുആ ചെയ്യുന്ന വാര്‍ത്ത കേട്ട് ആശ്ചര്യം തോന്നി ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു. സത്യമാണോ എന്നറിയാനായിരുന്നു ചെന്നത്. അദ്ദേഹം എന്നോട് പറഞ്ഞത്, കുട്ടീ മുസ്ലിം ലീഗിനെ എതിര്‍ക്കരുത്. അതു നമ്മുടെ രാഷ്ട്രീയശക്തിയാണ്. നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് വേറെ ഒരു പാര്‍ട്ടിയില്ല. അതില്‍ മുജാഹിദും ജമാഅത്തും ഉണ്ടാകും. എല്ലാവരും ഉണ്ടാകട്ടെ. നമുക്ക് ലീഗ് വേണം.’’ നെല്ലിക്കുത്ത് അബ്ദുറഹ്മാന് മുസ്ലിയാരുടെ ലീഗ് ചരിത്രകഥകളില്‍ ഈ സ്മരണ വായിക്കാം. ഇങ്ങനെ ഐക്യപ്പെട്ടും വേദിപങ്കിട്ടും ജീവിതം പങ്കിട്ടും ആശയം പങ്കിട്ടും കഴിഞ്ഞുപോയ മഹാശയന്മാര് കെട്ടിപ്പടുത്തതാണ് നമ്മുടെ ഐക്യവും സംഘശക്തിയും. ഇതിനു വിള്ളൽ വീഴാതെ കാക്കാനുള്ള കര്‍ത്തവ്യം നമുക്കുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങളെയും പാരമ്പര്യത്തെയും മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻ സംഘ്പരിവാര്‍ തരംപാർത്ത് നടക്കവെ കഴിഞ്ഞ കാലം നമുക്കു ബാക്കിവെച്ച അന്യോന്യമുള്ള ധാരണകളുടെയും പരസ്പര വിശ്വാസത്തിന്റെയും വഴിയടയാളങ്ങളെ മറക്കാതിരിക്കുക വളരെ പ്രധാനമാണ്. അതിന്റെ ആണിക്കല്ലാണ് നമ്മുടെ ഉലമാ-ഉമറാ ഐക്യം.
ഒരേസമയം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്തയുടെ മുശാവറ അംഗവുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ അവസാനത്തെ ലേഖനം ഉലമാ-ഉമറാ ബന്ധത്തെക്കുറിച്ചുള്ളതാണ്. അതിലിങ്ങനെ എഴുതിയിരിക്കുന്നു: ‘‘ഉലമാ-ഉമറാ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് കേരളീയ മുസ്ലിം സമൂഹത്തിന്റെ സര്‍വ മേഖലകളിലെയും പുരോഗമനത്തിന് ശോഷണം സൃഷ്ടിക്കുമെന്നത് മുന്‍കാല ചരിത്രങ്ങളില്‍നിന്നും ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ അനുഭവപാഠങ്ങളില്നിന്നും മനസ്സിലാക്കാവുന്നതാണ്. മതകാര്യങ്ങളില്‍ തീര്പ്പുകൽപിക്കാനുള്ള ദൗത്യം ഉലമാക്കളിലാണ് നിര്ണിതമായിട്ടുള്ളത്. അവര്‍തന്നെയാണ് അതില്‍ അന്തിമവിധികളെടുക്കേണ്ടതും.
സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതാടിസ്ഥാനങ്ങളില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്നത് തീര്‍ത്തും സമൂഹത്തില്‍ ഭിന്നതക്കും പുരോഗമനരംഗത്തെ തകര്‍ച്ചക്കും വളംവെച്ചുനല്കും. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നേതാക്കളും കൈകോര്‍ത്ത് സമൂഹത്തിന്റെ ഔന്നത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് രാജ്യത്തുതന്നെ വളര്‍ന്നുവരേണ്ടത്. ഇത്തരം സ്തുത്യര്‍ഹമായ പ്രവര്‍ത്തനപദ്ധതികളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ആഗോള, ദേശീയ തലങ്ങളില്‍ മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തമ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി സമൂഹത്തെ വൈജ്ഞാനിക, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാന്‍ വേണ്ടി ഉലമാ-ഉമറാ കൂട്ടായ്മകള്‍ ശക്തമായി നിലനില്‍ക്കണം. ഇസ്ലാമിക ശരീഅത്തിനു വിരുദ്ധമായ നിയമങ്ങളെ സമാധാനപരമായ പോരാട്ടങ്ങളിലൂടെ ചെറുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഉലമാ-ഉമറാ കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വളരേണ്ടതുണ്ട്.’’ ഈ വാക്കുകള്‍ ഒരു വസിയ്യത്തുപോലെ ഏറ്റെടുക്കേണ്ടവരാണ് നമ്മള്, അതു നമ്മുടെ കടമയാണ്.
(മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗവും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.