മുസ്‍ലിം വിദ്യാർഥികൾ ഇനിയും പുറന്തള്ളപ്പെട്ടുകൂടാ
text_fieldsഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നതിൽ മുസ്‍ലിം പെൺകുട്ടികൾ മേൽക്കൈ നേടിയിരിക്കുന്നു എന്നൊരു ശുഭസൂചന റിപ്പോർട്ടിൽ കാണുന്നത് ആശ്വാസകരം തന്നെ. എന്നാൽ, സാമൂഹികവും ചരിത്രപരവുമായ ഒട്ടേറെ പ്രതിബന്ധങ്ങളെ മറികടന്ന് മുന്നോട്ടുവരുന്ന ആ കുട്ടികളുടെ പഠനം തടസ്സപ്പെടുത്തുന്ന ഒട്ടേറെ ആസൂത്രിത ഗൂഢാലോചനകൾ ഭരണകൂടത്തിന്റെ ആശീർവാദത്തോടെ നടക്കുന്ന കാര്യവും ഇത്തരുണത്തിൽ ചർച്ചയാവുകതന്നെ വേണം
മനുഷ്യർക്ക് അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ ലഭ്യമാക്കുന്നത് അവകാശങ്ങളാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരജനങ്ങളെന്ന നിലയിൽ വിപുലമായ രാഷ്ട്രീയ- പൗര- സാമ്പത്തിക- സാംസ്കാരിക അവകാശങ്ങൾ നമുക്കുണ്ട്.
അവകാശങ്ങൾ സംബന്ധിച്ച ആധുനിക കാഴ്ചപ്പാടിൽ അറിയാനുള്ള അവകാശം, വിദ്യാഭ്യാസം, ശുദ്ധജലം, ശുദ്ധവായു എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം മനുഷ്യാവകാശത്തിന്റെ ഭാഗവുമാണ്.
അതുപോലെ സുപ്രധാനമാണ് ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശ സംരക്ഷണവും. ലോകത്തെ വിവിധ വികസിത ജനാധിപത്യ സംവിധാനങ്ങളിലെന്നപോലെ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഇന്ത്യൻ ഭരണഘടന വ്യവസ്ഥചെയ്യുന്നുണ്ട്.
ഭരണഘടന മൂല്യങ്ങൾ തന്നെ അട്ടിമറിക്കാൻ നിരന്തരം ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിരന്തരമായി നിഷേധിക്കപ്പെടുകയാണ്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്‍ലിം സമുദായത്തിലെ വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ചിത്രമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2020 -21 കാലഘട്ടത്തെ ആസ്പദമാക്കി നടത്തിയ പഠന റിപ്പോർട്ടിൽ തെളിഞ്ഞു കാണുന്നത്.
രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്‍ലിം വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ മാത്രമാണ് വർധനയുള്ളത്. 43 ശതമാനം മുസ്‍ലിം വിദ്യാർഥികളാണ് കേരളത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്നത്.
ഉത്തർപ്രദേശിലാണ് മുസ്‍ലിം വിദ്യാർഥികളുടെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്ക്. അവിടുത്തെ ജനസംഖ്യയുടെ 20 ശതമാനമാണ് മുസ്ലിംകളെങ്കിൽ കൊഴിഞ്ഞുപോക്ക് 36 ശതമാനമാണ്. ജമ്മു-കശ്മീരിൽ 26, മഹാരാഷ്ട്രയിൽ 8.5, തമിഴ്നാട്ടിൽ 8.1 എന്നിങ്ങനെ പോകുന്നു കൊഴിഞ്ഞുപോക്കിന്റെ ശതമാനക്കണക്ക്. ഡൽഹിയിൽ 10-ാം ക്ലാസ് പാസാകുന്ന മുസ്‍ലിം വിദ്യാർഥികളിൽ അഞ്ചിൽ ഒരാൾ തുടർപഠനത്തിന് യോഗ്യത നേടുന്നില്ല.
അതേസമയം കേരളം, തെലുങ്കാന, സംസ്ഥാനങ്ങളിൽ വർധന രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യു. പിയിൽ കോളജുകളുടെ എണ്ണമേറിയെങ്കിലും ഇവിടെ പഠിക്കുന്നത് 4.5 ശതമാനം മുസ്‍ലിം വിദ്യാർഥികൾ മാത്രമാണ്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ സർവേ ഓൺ എജുക്കേഷൻ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
സർവം കൈയടക്കിവെച്ചിരിക്കുന്നുവെന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ ആക്ഷേപിക്കുന്ന രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ സാമ്പത്തിക ദൈന്യതയിലേക്കാണ് അവരുടെ തന്നെ സർക്കാറിന് കീഴിൽ തയാറാക്കിയ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ ആകെ മുസ്‍ലിം പ്രാതിനിധ്യം 4.6 ശതമാനം മാത്രമാണ്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ എണ്ണത്തിലും മുസ്‍ലിം വിഭാഗം ഗണ്യമായി കുറയുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‍ലിം അധ്യാപകർ 5.6 ശതമാനം മാത്രമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നതിൽ മുസ്‍ലിം പെൺകുട്ടികൾ മേൽകൈ നേടിയിരിക്കുന്നു എന്നൊരു ശുഭസൂചന റിപ്പോർട്ടിൽ കാണുന്നത് ആശ്വാസകരം തന്നെ. എന്നാൽ, സാമൂഹികവും ചരിത്രപരവുമായ ഒട്ടേറെ പ്രതിബന്ധങ്ങളെ മറികടന്ന് മുന്നോട്ടുവരുന്ന ആ കുട്ടികളുടെ പഠനം തടസ്സപ്പെടുത്തുന്ന ഒട്ടേറെ ആസൂത്രിത ഗൂഢാലോചനകൾ ഭരണകൂടത്തിന്റെ ആശീർവാദത്തോടെ നടക്കുന്ന കാര്യവും ഇത്തരുണത്തിൽ ചർച്ചയാവുകതന്നെ വേണം.
കർണാടക ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചത് അത്തരമൊരു നീക്കമായിരുന്നു. വർഗീയ ദുഷ്ടലാക്കോടു കൂടിയ ആ നടപടി മൂലം നൂറുകണക്കിന് വിദ്യാർഥികൾക്കാണ് പഠനം മുടങ്ങിയതും പരീക്ഷയെഴുതാൻ കഴിയാതെ പോയതും.
കർണാടകയിൽ പഠനം മുടങ്ങി കേരളത്തിലേക്ക് ചേക്കേറിയ ഒരു വിദ്യാർഥിനി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചതും മറ്റുപല വിദ്യാർഥിനികളും പരീക്ഷകളിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയതും ഓർമയിലെത്തുന്നു. ആ ഭരണകൂടത്തെ കർണാടകയിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറന്തള്ളിയതുപോലെ വർഗീയ അജണ്ടകളുമായി ഭിന്നതക്ക് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നതാണ് രാജ്യത്തെ മനുഷ്യാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാനുള്ള ആദ്യപടി.
നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും, പിന്നാക്ക ജനവിഭാഗങ്ങൾക്കും ഭരണഘടനാപരമായി തന്നെയുള്ള സംവരണവും മറ്റ് ആനുകൂല്യങ്ങളും ഫലപ്രദമായി ലഭ്യമായേ മതിയാകൂ. ന്യൂനപക്ഷ- പിന്നാക്ക ജനവിഭാഗത്തിനു നേരെയുള്ള നഗ്നമായ ഈ അവഗണന അവസാനിപ്പിച്ചാൽ മാത്രമെ ഉന്നത വിദ്യാഭ്യാസമേഖലയിലെ കൊഴിഞ്ഞുപോക്കിന് പരിഹാരം കാണാൻകഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള ശക്തമായ പ്രവർത്തനവും പ്രക്ഷോഭങ്ങളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
(കേരള സർവകലാശാല മുൻ സെനറ്റംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.