മുസ്ലിം ക്ഷേമത്തിന് ന്യൂനപക്ഷ പേര് വേണ്ട
text_fieldsഉന്നതവിദ്യാഭ്യാസ ഗവേഷണരംഗത്ത് സമുദായത്തെ കൈപിടിച്ചുയർത്താൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതുതായി തുടങ്ങുന്ന മൗലാന ആസാദ് ഫെലോഷിപ്പിെൻറ പ്രഖ്യാപനം രണ്ടാം യു.പി.എ കാലത്ത് ന്യൂഡൽഹി സി.ജി.ഒ കോംപ്ലക്സിലെ കോൺഫറൻസ് ഹാളിൽ നടന്ന ദിവസം. രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥയുടെ ദയനീയത ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായ സമിതി വിശദപഠനത്തിലൂടെ വരച്ചുകാട്ടിയിട്ടും തുടർനടപടികൾക്കായി അമാന്തിച്ചപ്പോൾ മുസ്ലിം സമൂഹം യു.പി.എ സർക്കാറിെന പ്രതിക്കൂട്ടിൽ കയറ്റുന്ന സ്ഥിതിവിശേഷം സംജാതമായ കാലമാണത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി സൽമാൻ ഖുർശിദ് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച റിപ്പോർട്ടിലേക്ക് ശ്രദ്ധക്ഷണിച്ച ശേഷമാണ് ഫെലോഷിപ് പ്രഖ്യാപിച്ചത്. ഓരോ സംസ്ഥാനത്തിനുമുള്ള ഫെലോഷിപ്പുകളുടെ എണ്ണം പ്രഖ്യാപിച്ചുവരുന്നതിനിടയിൽ കേരളത്തിെൻറ എണ്ണം കേൾക്കാൻ കാത്തിരിന്നു. അപ്പോഴാണ് മറിമായം.
സച്ചാർ റിപ്പോർട്ടിനെ മാത്രം ആധാരമാക്കിയ പദ്ധതിപ്രകാരം കേരളത്തിന് അനുവദിച്ച 56 ഗവേഷണ െഫലോഷിപ്പുകൾ പൂർണമായും മുസ്ലിം വിദ്യാർഥികൾക്ക് നൽകുന്നതിന് പകരം അതിൽനിന്ന് 26 എണ്ണം ക്രിസ്ത്യൻ വിദ്യാർഥികൾക്കായി മാറ്റിവെച്ചിരുന്നു. ഏത് പഠനത്തിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിലെ മുസ്ലിം വിദ്യാർഥികൾക്ക് ലഭിക്കേണ്ടിയിരുന്ന 56ൽ 26 ഫെലോഷിപ്പുകൾ മുന്നാക്കവിഭാഗങ്ങൾ അടക്കമുള്ള ക്രിസ്ത്യൻ വിദ്യാർഥികൾക്ക് നൽകിയതെന്ന് വാർത്തസമ്മേളനത്തിൽ ചോദിച്ചപ്പോൾ മന്ത്രിക്ക് മറുപടിയുണ്ടായില്ല. കേരളത്തിലെ ക്രിസ്തീയ സമുദായത്തിൽ മുന്നാക്കക്കാരും പിന്നാക്കക്കാരും എന്തുമാത്രം ഉണ്ടെന്ന് മംഗളൂരുകാരിയായ മുൻ മാധ്യമ പ്രവർത്തക ലൂയിസ് ഫെർണാണ്ടസിനെ ജീവിതപങ്കാളിയാക്കിയ സൽമാൻ ഖുർശിദിന് അറിയാത്ത കാര്യമല്ല. ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്താണെന്ന് വാർത്തസമ്മേളനശേഷം വിടാതെ പിന്തുടർന്ന് ചോദിച്ചിട്ടും ഉത്തരം നൽകിയില്ലെന്ന് മാത്രം.
യു.പി.എയിലെ സ്വാധീനവും എൻ.ഡി.എയിലേക്കുള്ള പാലവും
സൽമാൻ ഖുർശിദിൽനിന്ന് കർണാടകക്കാരനായ കെ.എ. റഹ്മാൻ ഖാൻ ന്യൂനപക്ഷമന്ത്രാലയം ഏറ്റെടുത്തപ്പോഴും സച്ചാറാനന്തര പദ്ധതിയായ മൗലാന ആസാദ് ഫെലോഷിപ് വീതംവെപ്പിെൻറ മാനദണ്ഡം ചോദിച്ചു. സമ്മർദമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. യു.പി.എ കാലത്ത് കേന്ദ്ര മന്ത്രിസഭയിലും ഭരണത്തിലും കേരളത്തിലെ സഭാനേതാക്കൾക്കുള്ള സ്വാധീനം ഇതുപോലെ വെളിപ്പെട്ട വേറെയും അനുഭവങ്ങളുണ്ടായിരുന്നതിനാൽ ആരുടെ സമ്മദർമെന്ന് അന്നത്തെ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയോട് ചോദിക്കേണ്ടിവന്നില്ല. മുസ്ലിം ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിലെ പ്രധാന തടസ്സം ഭരണതലത്തിലെ ഈ സമ്മർദമായിരുന്നു. ന്യൂനപക്ഷ മന്ത്രാലയത്തിെൻറ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന സൽമാൻ ഖുർശിദിനേക്കാളും റഹ്മാൻ ഖാനേക്കാളും ന്യൂനപക്ഷ പദ്ധതികളും പരിപാടികളും സംബന്ധിച്ച് മേഘാലയയിൽനിന്നുള്ള ന്യൂനപക്ഷ സഹമന്ത്രി വിൻസെൻറ് എം. പാലക്കായിരുന്നു ധാരണ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒന്നാം എൻ.ഡി.എ സർക്കാർ വന്നപ്പോൾ ഈ സ്വാധീനവും അവസാനിച്ചേക്കുമെന്ന പ്രതീതി ഉയർന്നിരുന്നു.
എന്നാൽ, സംഘ്പരിവാറും സഭയും തമ്മിലെ ചർച്ചക്ക് പാലമിട്ടുകൊടുത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർതന്നെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിക്കൊടുത്തു. സംഘ്പരിവാറിെൻറ നുണപ്രചാരണങ്ങൾ ക്രിസ്ത്യൻ സഭകൾ ഏറ്റെടുക്കുന്ന സാഹചര്യത്തിലേക്ക് കേരളമെത്തിയത് ഈ ചർച്ചയിലൂടെയാണ്. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ജനസംഖ്യയുടെ പകുതിയോളമുള്ള കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ തങ്ങൾക്കൊപ്പം നിർത്തി വെടക്കാക്കുന്ന ബി.ജെ.പി തന്ത്രത്തിെൻറ പരിണിത ഫലമാണ് 80:20 വിവാദവും ഹൈകോടതി വിധിയും. ക്രിസ്ത്യൻ സഭാനേതൃത്വത്തിെൻറ ആവശ്യം ശിരസാവഹിച്ച് ന്യൂനപക്ഷ മന്ത്രി പദവി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇവ്വിഷയത്തിൽ ഇനിയും മൗനം വെടിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
മുസ്ലിം പ്രീണനത്തിെൻറ നിറംപിടിപ്പിച്ച കെട്ടുകഥ
സച്ചാർ കമ്മിറ്റി ശിപാർശകൾ കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ നടപ്പിൽവരുത്താൻ വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിലെ ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി അതിെൻറ റിപ്പോർട്ടിൽ ഇങ്ങനെ രേഖപ്പെടുത്തി: ''മുസ്ലിം പ്രീണനം ഒരു നിറംപിടിപ്പിച്ച കെട്ടുകഥയാണെന്നു മാത്രമല്ല, വികസനപാതയിൽ ഏറ്റവും പിന്നാക്കംപോയ്ക്കൊണ്ടിരിക്കുന്ന ജനതതിയാണ് അവർ എന്നും സച്ചാർ കമ്മിറ്റി റിപ്പോർട്ട് വരച്ചുകാട്ടി. ദേശീയ രാഷ്ട്രീയപ്രസ്ഥാനങ്ങൾ മിക്കതും സച്ചാർ സമിതി റിപ്പോർട്ടിെൻറ വെളിച്ചത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി''. പാലോളി കമ്മിറ്റി ഈ എഴുതിവെച്ചത് കേരളത്തിലെ ഇടതുപക്ഷം തന്നെ ഉൾക്കൊണ്ടിട്ടില്ലെന്ന് 80:20 റദ്ദാക്കിയ ഹൈകോടതി വിധി നടപ്പാക്കുമെന്ന മന്ത്രി എം.വി. ഗോവിന്ദെൻറ പ്രസ്താവനയിൽനിന്ന് വ്യക്തമാണ്.
ഹിന്ദുവോട്ടുകളിലെ ധ്രുവീകരണത്തിന് കോൺഗ്രസിനും ഇടതുപക്ഷത്തിനും മേൽ നിരന്തരം ആരോപിച്ചുകൊണ്ടിരുന്ന മുസ്ലിം പ്രീണനങ്ങളെല്ലാം വ്യാജമായിരുന്നുവെന്നതിെൻറ നേർസാക്ഷ്യമായിരുന്നല്ലോ സച്ചാർ കമ്മിറ്റി റിപ്പോർട്ട്. കോൺഗ്രസിെൻറ ഏഴു പതിറ്റാണ്ട് ഭരണത്തിലെ ഇന്ത്യൻ മുസ്ലിംകളുടെ പതിതാവസ്ഥക്കൊപ്പം മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടതുപക്ഷ ഭരണത്തിലെ ബംഗാൾ മുസ്ലിംകളുടെ ദയനീയസ്ഥിതി കൂടിയാണ് ആ റിപ്പോർട്ട് രാജ്യത്തിന് മുമ്പാകെ വെച്ചത്. ഇന്ത്യൻ മുസ്ലിംകളിൽ പൊതുവിലും അവർക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ സംഘടനകളിൽ വിശേഷിച്ചും തിരിച്ചറിവ് പകരാനായി എന്നതാണ് സച്ചാർ കമ്മിറ്റി രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. മുസ്ലിംകളെ കേവലം വോട്ടുബാങ്കാക്കി മാത്രം മാറ്റി പിന്നാക്കാവസ്ഥയിൽ തളച്ചിടുകയാണ് കോൺഗ്രസും ഇടതുപക്ഷവും ചെയ്യുന്നതെന്ന്അത്രയും കാലമുന്നയിച്ച പ്രീണന ആരോപണം തിരുത്തി ബി.ജെ.പിക്ക് പോലും പറയേണ്ടിവന്നു.
ന്യൂനപക്ഷ പദ്ധതികളാക്കി മാറ്റിയ മുസ്ലിം പദ്ധതികൾ
ഇന്ത്യയിൽ ആദ്യമായുണ്ടായ ന്യൂനപക്ഷ മന്ത്രാലയത്തിെൻറ ആദ്യ മന്ത്രി മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അബ്ദുറഹ്മാൻ ആന്തുലെ ഒന്നാം യു.പി.എ മന്ത്രിസഭയിലിരുന്ന് സച്ചാറാനന്തര പദ്ധതികൾ നടപ്പാക്കിത്തുടങ്ങിയപ്പോൾ ഈ മുസ്ലിം ക്ഷേമപദ്ധതികൾ ന്യൂനപക്ഷ പദ്ധതികളായി മാറി. സച്ചാർ കമ്മിറ്റി ശിപാർശകളുെട അടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് മാത്രം ക്ഷേമപദ്ധതികളുണ്ടാക്കിയാൽ മുസ്ലിം വിരുദ്ധ രാഷ്്്ട്രീയത്തിലൂടെ ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കുന്ന ബി.ജെ.പി അത് തങ്ങൾക്കെതിരായ പ്രചാരണായുധമാക്കുമെന്ന കോൺഗ്രസിെൻറ കാലങ്ങളായുള്ള പേടിയായിരുന്നു ഇതിന് കാരണം. മുസ്ലിം ന്യൂനപക്ഷത്തിന് മാത്രം പദ്ധതികളുണ്ടാക്കിയാൽ മറ്റ് മതന്യൂനപക്ഷങ്ങളിൽ അതുണ്ടാക്കുന്ന അതൃപ്തിയും ഇതിലൂടെ മറികടക്കാമെന്നും സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള യു.പി.എ തീരുമാനിച്ചു.
അങ്ങനെ സച്ചാർ ശിപാർശപ്രകാരം നടപ്പാക്കിയ പദ്ധതിവിഹിതങ്ങളെല്ലാം പിന്നാക്കാവസ്ഥയുടെ ശാസ്ത്രീയ പഠനമോ സ്ഥിതിവിവരക്കണക്കോ ഇല്ലാതെ, പിന്നാക്കമോ മുന്നാക്കമോ എന്ന് നോക്കാതെ ജനസംഖ്യക്ക് ആനുപാതികമായി ഇന്ത്യയിൽ മുഴുവൻ ന്യൂനപക്ഷത്തിനുമായി യു.പി.എ സർക്കാർ വീതിച്ചുനൽകി. രാജ്യത്തെ രണ്ടാമത്തെ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമുദായം സിഖ്, ബുദ്ധ, പാഴ്സി, ജൈനവിഭാഗങ്ങളെ അപേക്ഷിച്ച് സച്ചാറാനന്തര പദ്ധതികളുടെ വലിയ ഗുണഭോക്താക്കളാകുകയും ചെയ്തു. മുസ്ലിം ക്ഷേമ പദ്ധതികളെ അങ്ങനെ പറയാതെ ന്യൂനപക്ഷമെന്ന് വളച്ചുകെട്ടിപ്പറയുന്നത് അവസാനിപ്പിക്കേണ്ട സമയമായി. അർഹതപ്പെട്ടതിൽപോലും കൈയിട്ടുവാരി നാലാൾ കാണുമെന്ന് പേടിച്ച് ഒളിച്ചും പതുങ്ങിയും വല്ലതും തന്ന് ഒച്ചവെക്കാതെ പോയ്ക്കോളൂ എന്ന് പറയുന്നവരോട് ഇനിയും അതിന് വയ്യെന്ന് മുസ്ലിം സമുദായ സംഘടനകളും നേതാക്കളും നട്ടെല്ലുനിവർത്തി പറയേണ്ട നേരം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.