മുത്തലാഖ് വിചാരണയെ സമീപിക്കേണ്ടത് എങ്ങനെ?
text_fields‘മുസ്ലിം സ്ത്രീകളുടെ സമത്വത്തിനായുള്ള ദാഹം’ എന്ന വിശേഷണത്തോടെ സുപ്രീംകോടതി സ്വയം തുടങ്ങിവെച്ച മുത്തലാഖ് വിചാരണ പുരോഗമിക്കുമ്പോൾ അതിെൻറ രാഷ്ട്രീയവും നിയമപരവുമായ രണ്ടുവശങ്ങളെക്കുറിച്ച് വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. പ്രചരിപ്പിക്കപ്പെടുംപോലെ, ഏതാനും വ്യക്തികളും സംഘടനകളും സമർപ്പിച്ച ഹരജികളാണ് മുത്തലാഖിനെ കോടതി കയറ്റിയതെന്നത് വസ്തുതാപരമല്ല. സുപ്രീംകോടതി തന്നെയാണ് ഇപ്പോഴത്തെ സംവാദത്തിനു പശ്ചാത്തലമൊരുക്കിയത്. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട ഒരു കേസ് 2015 ഒക്ടോബറിൽ ജസ്റ്റിസുമാരായ അനിൽ ആർ. ദാവെ, ആദർശ് കുമാർ എന്നിവരങ്ങുന്ന ബെഞ്ച് തീർപ്പാക്കിയപ്പോൾ, വിധിന്യായത്തിെൻറ രണ്ടാംഭാഗത്തിൽ എഴുതിച്ചേർത്ത ചില നിർദേശങ്ങളാണ് മുത്തലാഖിനെ പ്രതിക്കൂട്ടിലെത്തിക്കുന്നത്. വിധിന്യായത്തിൽ ന്യായാധിപന്മാർ കുറിച്ചത് ഇങ്ങനെ: ‘ഈ അപ്പീലുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത, മുസ്ലിം സ്ത്രീകളുടെ അവകാശം സംബന്ധിച്ച ലിംഗവിവേചനത്തിെൻറ പ്രധാനപ്രശ്നം ചില അഭിഭാഷകർ ഉന്നയിച്ചിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകിയിട്ടും മുസ്ലിം സ്ത്രീകൾ വിവേചനത്തിെൻറ ഇരകളായി കഴിയുകയാണ്. ഏകപക്ഷീയമായ വിവാഹമോചനത്തിനോ രണ്ടാം വിവാഹത്തിനോ എതിരായ ഒരുറപ്പും ഇല്ലാത്തത് മുസ്ലിം സ്ത്രീയുടെ അന്തസ്സും സുരക്ഷിതത്വവും നിഷേധിക്കപ്പെടുന്ന അവസ്ഥ നിലനിർത്തുന്നുണ്ട്.
അഹ്മദാബാദ് വുമൻ ആക്ഷൻ കൗൺസിലിെൻറ കേസിൽ പ്രശ്നം ഉന്നയിക്കപ്പെട്ടെങ്കിലും നിയമനിർമാണസഭയാണ് വിഷയം കൈകാര്യം ചെയ്യേണ്ടത് എന്നുപറഞ്ഞ് കോടതി കേസിെൻറ മെറിറ്റിലേക്ക് കടന്നില്ല. ‘ദ ൈട്രബ്യൂണൽ’ പത്രത്തിൽ വന്ദന ശുക്ല ‘മുസ്ലിം സ്ത്രീകളുടെ സമത്വത്തിനായുള്ള ദാഹം’ എന്ന ശീർഷകത്തിൽ എഴുതിയ ലേഖനവും ‘സൺഡേ എക്സ്പ്രസ്’ മാഗസിനിൽ ദീപ്തി നാഗപോൾ ഡിസൂസയുടെ ‘അവളുടെ കോടതിയിൽ’ എന്ന കുറിപ്പുമാണ് ഇങ്ങനെയൊരു നീക്കം നടത്താൻ പ്രചോദനമായതെന്ന് ജഡ്ജിമാർ വ്യക്തമാക്കുന്നുണ്ട്. അതിനെത്തുടർന്നാണ്, ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ മുമ്പാകെ കേസ് എത്തുന്നതും രണ്ട് മാസത്തിനുള്ളിൽ ഉത്തരാഖണ്ഡിൽനിന്നുള്ള സൈറ ബാനു എന്ന 35കാരിയുടെ മുത്തലാഖിനും ബഹുഭാര്യത്വത്തിനും എതിരായ ഹരജി പരമോന്നത നീതിപീഠത്തിനു മുന്നിൽ പരിഗണനക്ക് വരുന്നതും. ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ, സ്ത്രീകളുടെ കൂട്ടായ്മയായ ബൊബാക് കലക്ടിവ്, ഓൾ ഇന്ത്യ മുസ്ലിം വുമൻ പേഴ്സനൽ ലോ ബോർഡ്, കോഴിക്കോട്ടെ ഖുർആൻ സുന്നത്ത് സൊസൈറ്റി, ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്ന ലഖ്നോവിലെ രാഷ്്ട്രവാദി മുസ്ലിം മഹിള സംഘ് ഭാരവാഹി അഡ്വ. ഫറാ ഫൈസ് തുടങ്ങിയവർ കേസിൽ കക്ഷി ചേർന്നതോടെ, ഹിന്ദുത്വശക്തികൾ ആസൂത്രിതമായി വിഷയത്തിൽ ഇടപെടുകയാണെന്ന സംശയം നേരത്തേ ബലപ്പെട്ടിരുന്നു. അങ്ങനെയാണ്, മറുപക്ഷത്ത് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡും ജംഇയ്യതുൽ ഉലമായെ ഹിന്ദും സജീവമായി രംഗത്തുവരുന്നത്.
1985-86 കാലഘട്ടത്തിൽ അരങ്ങേറിയ ഷാബാനു ബീഗം കേസ് വിവാദം തുറന്നുവിട്ട ശരീഅത്ത് ചർച്ചകളിൽനിന്ന് മുത്തലാഖ് സംവാദം ഗുണകരമാംവിധം വ്യത്യസ്തമാകുന്നത് പല കാരണങ്ങളാലാണ്. വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ സംഭവിച്ചാൽ സാമുദായിക ശക്തികൾ രാഷ്ട്രീയലാഭത്തിനായി അത് ദുർവിനിയോഗം ചെയ്തേക്കാം എന്ന ഭയം മുളയിലേ നുള്ളി. വേനലവധി മറന്ന്, എല്ലാ ദിവസവും കേസ് കേൾക്കാൻ പരമോന്നത നീതിപീഠം കാണിക്കുന്ന ആവേശം കൗതുകകരമാണ്. അത്രക്കും അടിയന്തര പ്രാധാന്യമുള്ള വിഷയമാണോ എന്ന ചോദ്യം പല കോണുകളിൽനിന്ന് തുടക്കംമുതലേ ഉയരുന്നുണ്ടായിരുന്നു. 1949 തൊട്ട് രാജ്യത്തിെൻറ സ്വാസ്ഥ്യം കെടുത്തുകയും വർഗീയധ്രുവീകരണ ശക്തികൾ രാഷ്ട്രീയലാഭത്തിനായി മുതലെടുക്കുകയും ചെയ്യുന്ന ബാബരി വിഷയത്തിൽ ഈ ആവേശത്തിെൻറ പത്തിലൊന്ന് കാണിച്ചിരുന്നുവെങ്കിൽ തർക്കം എന്നോ തീർപ്പായാനെ. മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളിൽ അന്തിമതീർപ്പ് വേണമെന്ന കേന്ദ്രസർക്കാറിെൻറ നിർദേശത്തെ ഭരണഘടന ബെഞ്ച് മേയ് 11ന് വിചാരണ തുടങ്ങിയപ്പോൾതന്നെ നിരാകരിച്ചതും മുത്തലാഖ് വിഷയത്തിൽ ഒതുങ്ങുന്നതായിരിക്കും തങ്ങളുടെ പരിശോധന എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതും മുസ്ലിംകളുടെ ആശങ്ക അകറ്റിയിട്ടുണ്ടാവണം.
അതുമാത്രമല്ല, ഏറ്റവും സെൻസിറ്റിവായ ഒരു വിഷയമാണിതെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം അഞ്ച് വ്യത്യസ്ത മതങ്ങളെ പ്രതിനിധാനംചെയ്യുന്ന ജഡ്ജിമാരെ ചരിത്രപ്രധാനമായ ഈ ദൗത്യം ഏൽപിക്കുന്നത്. പുതുമയുള്ള അതേസമയം, സാമാന്യജനത്തിനു ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിപ്പിക്കാൻ ഉതുകുന്ന നടപടിയാണിത്.
അങ്ങനെയാണ് സിഖ് മതവിശ്വാസിയായ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ നേതൃത്വം കൊടുക്കുന്ന ബെഞ്ചിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ് (ക്രിസ്ത്യൻ ), ആർ.എഫ്. നരിമാൻ (പാർസി), യു.യു. ലളിത് (ഹിന്ദു), അബ്ദുന്നസീർ (മുസ്ലിം) എന്നിവർ ഉൾപ്പെടുന്നത്. മുത്തലാഖ് സ്ത്രീകളുടെ മൗലികാവകാശവുമായി ബന്ധപ്പെടുന്ന ഒരു വിഷയമായിട്ടും ഒരു വനിത അംഗം ബെഞ്ചിലില്ലാതെപോയത് പോരായ്മ തന്നെയാണ്. അതേസമയം, കോൺഗ്രസ് നേതാവും നിയമജ്ഞനുമായ സൽമാൻ ഖുർശിദിനെ അമിക്കസ് ക്യൂറിയായി വെച്ച ന്യായാസനം, കുടുംബനിയമങ്ങളുടെ വിഷയത്തിൽ ആഗോളതലത്തിൽതന്നെ ആധികാരിക നിയമജ്ഞനായി അറിയപ്പെടുന്ന ഡോ. താഹിർ മഹ്മൂദിനെ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത് രണ്ടാംതവണയായിരിക്കാം രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ ഇത്രമാത്രം വിപുലമായി ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരം സംവാദങ്ങളെ ക്രിയാത്മകമായി മാറ്റിയെടുക്കാൻ ഇന്ത്യയിലെ മുസ്ലിം സമൂഹം എത്രമാത്രം ധൈഷണികമായി സജ്ജമാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. വിവാഹം, തലാഖ് തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം വ്യക്തിനിയമത്തിെൻറ പേരിൽ ഇവിടെ പിന്തുടരുന്ന സമ്പ്രദായം ഇസ്ലാമിക ശരീഅത്തുമായി എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന അന്വേഷണത്തിന് പറ്റിയ അവസരമാണിത്. മുത്തലാഖ് ഇസ്ലാമിെൻറ അനിവാര്യഘടകമാണോ അതല്ല, ശരീഅത്തുമായി പുലബന്ധമില്ലാത്ത ഇന്ത്യയിൽമാത്രം നിലനിൽക്കുന്ന ഒരു രീതിയാണോ എന്ന ചോദ്യത്തിൽ ഉൗന്നിയുള്ള ചർച്ചക്ക് തുടക്കമിട്ടപ്പോൾതന്നെ ഖുർആനും ഹദീസും നിഷ്കർഷിക്കുന്ന ഇസ്ലാമിലെ യഥാർഥ വിവാഹമോചന രീതിയെ കുറിച്ചുള്ള അന്വേഷണത്തിനുള്ള വഴി തുറന്നിടുകയാണ്. വിചാരണയുടെ രണ്ടാംനാൾ സൽമാൻ ഖുർശിദ് മുന്നോട്ടുവെച്ച നിയമാഭിപ്രായങ്ങൾ വിഷയത്തിെൻറ മർമത്തിലേക്കുള്ള സൂചനകൾ മാത്രമാണ്. നിയമപരമായി സാധുവാണെങ്കിലും മൂന്ന് തലാഖും ഒന്നിച്ച് ചൊല്ലി ഭാര്യയെ വേർപ്പെടുത്തുന്ന രീതി ഏറ്റവും നികൃഷ്ടവും പാപപങ്കിലവുമാണെന്ന സൽമാൻ ഖുർശിദിെൻറ അഭിപ്രായം ചില നിഗമനങ്ങളിലെത്താൻ ജഡ്ജിമാരെ േപ്രരിപ്പിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്.
അനുവദനീയമാണെങ്കിലും ദൈവകോപം ക്ഷണിച്ചുവരുത്തുന്ന ചെയ്തിയാണ് തലാഖ് (വിവാഹമോചനം) എന്ന പ്രവാചക വചനമാവണം മുത്തലാഖിെൻറ അനഭിലഷണീയത തൊട്ടുകാണിക്കാൻ കോൺഗ്രസ് നേതാവ് എടുത്തുദ്ധരിച്ചത്. മുത്തലാഖ് മതത്തിെൻറ അവിഭാജ്യഘടകമാണെന്ന് സമർഥിക്കപ്പെടുകയാണെങ്കിൽ അതിൽ ഇടപെടാൻ തങ്ങളില്ല എന്ന ചീഫ് ജസ്റ്റിസിെൻറ നിരീക്ഷണം മതസ്വാതന്ത്ര്യവിഷയത്തിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ല എന്ന വ്യക്തിനിയമ ബോർഡിെൻറ നിലപാടിെന തൃപ്തിപ്പെടുത്തുന്നതാണ്. മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാൽ നിയമപരമായ ഒരു വിടവ് ഉടലെടുക്കില്ലേ എന്ന കോടതിയുടെ ആശങ്കക്ക് അമിക്കസ് ക്യൂറിക്ക് പണ്ഡിതോചിതമോ ബുദ്ധിപൂർവകമോ ആയ മറുപടി നൽകാൻ സാധിച്ചിട്ടില്ല. മുത്തലാഖ് ‘ബിദ്അത്ത്’ (ക്രമവിരുദ്ധം) ആണെന്ന കാര്യത്തിൽ നാല് കർമശാസ്ത്രസരണികളും ഒരുപോലെ യോജിപ്പിലാണെന്നിരിക്കെ, ‘തലാഖ് അഹ്സെൻറ’ യഥാർഥ വഴി കാണിച്ചുകൊടുക്കാവുന്നതാണ്. ഖുർആൻ ആജ്ഞാപിക്കുന്ന ദ്രുതഗതിയിൽ എടുത്തുചാടാതെ, സാവകാശം ആലോചിച്ച് ഘട്ടം ഘട്ടം നിർവഹിക്കേണ്ട വിവാഹമോചനരീതി എന്തുകൊണ്ട്് ഇന്ത്യയിലെ മുസ്ലിംകൾക്ക് അനുധാവനം ചെയ്തുകൂടാ. മുസ്ലിം വ്യക്തിനിയമത്തെ ഇസ്ലാമികവത്കരിക്കാനുള്ള സുവർണാവസരത്തെ സമുദായനേതാക്കളും പണ്ഡിതനേതൃത്വവും ഫലപ്രദമായി വിനിയോഗിക്കാൻ മുന്നോട്ടുവരുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
പാകിസ്താൻ അടക്കം 21 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഇതിനകം മുത്തലാഖ് നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതികളല്ല, നിയമനിർമാണത്തിലൂടെയാണ് അവിടങ്ങളിൽ കുടുംബനിയമ പരിഷ്കാരം പൂർത്തിയാക്കിയതെന്ന വസ്തുത വിസ്മരിച്ചുകൂടാ. ഇന്ത്യയിൽ ആ ദിശയിൽ ഇതുവരെ ക്രിയാത്മകമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങളുടെ സാംസ്കാരികസ്വത്വം തകർക്കാൻ ചില ദുഷ്ടശക്തികൾ അവസരം കാത്തിരിക്കയാണെന്ന വേവലാതിയിൽ വ്യക്തിനിയമത്തിലുള്ള ഏത് ഇടപെടലിനെയും ഭീതിയോടെ കാണുന്ന അന്തരീക്ഷം ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. മുത്തലാഖ് വിരുദ്ധ സംവാദത്തെ പോസിറ്റിവായി കാണുന്ന മുസ്ലിംകളെപ്പോലും മാറിച്ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും മാധ്യമ ഇടപെടലുകളുമാണ് ഇവിടെ അരങ്ങേറുന്നത്. മുത്തലാഖ് വിവാദത്തെ രാഷ്ട്രീയമായി കൈകാര്യംചെയ്യരുത് എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി വിഷയത്തെ ഏത് നിലക്കാണ് വർഗീയധ്രുവീകരണത്തിനായി ചൂഷണം ചെയ്യുന്നതെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാവും. മുത്തലാഖിെൻറ ‘ഇരകളെ’ തെൻറ സന്നിധിയിൽ ക്ഷണിച്ചുവരുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാഴ്ചവെക്കുന്ന ദീനാനുകമ്പയിലടങ്ങിയ കാപട്യം എത്ര ജുഗുപ്സമാണ്. മുത്തലാഖിൽനിന്ന് രക്ഷപ്പെടാൻ വാരാണസിയിലെ ഹനുമാൻ കോവിലിലേക്ക് മുസ്ലിം സ്ത്രീകളെ ആട്ടിത്തെളിച്ച് നടത്തിയ വൃത്തികെട്ട നാടകത്തിെൻറ ലക്ഷ്യമെന്താണ്?
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന അന്തിമതീർപ്പ് ഉണ്ടായാലും അതിനെ പോസിറ്റിവായി കാണാനുള്ള ആർജവമാണ് മുസ്ലിംകൾ വളർത്തിയെടുക്കേണ്ടത്. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമത്തെ ശരീഅത്ത് വ്യവസ്ഥകളുമായി കൂടുതൽ അടുപ്പിക്കാനുള്ള മുന്തിയ സന്ദർഭമായി അതിനെ കാണുമ്പോഴാണ് ഒരു വെല്ലുവിളിയെ അവസരമായെടുക്കുന്ന ചൈതന്യം തുടിക്കുന്ന സമൂഹമായി അവർ ഉയരുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.