എന്റെ ഉപ്പച്ചി
text_fieldsഡിസംബർ നാല്. നിറഞ്ഞ ഇരുട്ടും നനവും പടർത്തി ഞങ്ങളുടെ വീട്ടിലേക്ക് മരണം കയറിവന്ന ദിവസം. മുപ്പത്തി അഞ്ചുവർഷങ്ങൾ, നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾ. ജീവിതം പിന്നീടു തന്ന എല്ലാ മാറ്റങ്ങൾക്കും അലച്ചിലുകൾക്കും ആഹ്ലാദങ്ങൾക്കും കൂടെ ചേർന്ന് നടക്കുമ്പോഴും ഇരുട്ടും നനവും നിറഞ്ഞു മൂടിയ ആ ദിവസത്തിന്റെ മുന്നിൽ മുഖം പൊത്തി ഇരിപ്പുണ്ട് ഞാൻ; ആരും കാണാതെ, അറിയാതെ.
ഓർമകൾക്ക് ഉപ്പച്ചി പ്രസംഗം കഴിഞ്ഞു കൊണ്ടുവരുന്ന ബൊക്കയിലെ പൂക്കളുടെ നിറമാണ്. അതിൽനിന്നൂറി വരുന്ന മണമാണ്. അതിൽ നിറയെ ചുറ്റിയിരിക്കുന്ന വെള്ളിനൂലുകളുടെ തിളക്കമാണ്.
ഇറങ്ങുന്ന എല്ലാ വീക്കിലികളും കക്ഷത്തിൽ അടുക്കിപ്പിടിച്ച് ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി പലപ്പോഴും മീറ്റിങ്ങുകളെല്ലാം കഴിഞ്ഞ് വൈകി വീട്ടിലെത്തുന്ന ഉപ്പച്ചിയെ കാത്ത് ഉറക്കംവരാതെ കിടന്നിരുന്ന രാത്രികൾ. (നമ്മുടെ അഭിവന്ദ്യ പിതാവ് തന്റെ പുണ്യ പാദസ്പർശത്താൽ കോഴിക്കോട് നഗരത്തെ ഇപ്പോഴും പവിത്രമാക്കാറില്ലേ -സ്കൂൾ ഓഫ് ഡ്രാമയിലെ ഹോസ്റ്റലിൽ നിന്നും ദിലിക്ക എഴുതുന്ന കത്തിലെ സ്ഥിരം വരികളായിരുന്നു ഇത്).
ആ വരവും കാത്ത് ഉറങ്ങാതെയുള്ള കിടപ്പിന് ചില ദുരുദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു. കൈകൊണ്ട് മുഖമാകെ തലോടി ഒരുമ്മയുണ്ട്. അത് തരാതെ മുങ്ങുന്നുണ്ടോ എന്നറിയണം. അത് കഴിഞ്ഞാൽ ചാടി എണീറ്റു പ്രിയപ്പെട്ട തുടർനോവലുകൾ വരുന്ന ആനുകാലികങ്ങൾ ഇക്കാക്കക്ക് കിട്ടാതിരിക്കാൻ പ്രത്യേകം ഒളിപ്പിച്ച് വെക്കേണ്ട സ്ഥലം ഏർപ്പാടാക്കി കൊടുക്കണം.
മാർസിലെ പല രാത്രികളും ബഹുരസമായിരിക്കും. ചർച്ചകൾ, ഘോരഘോര വിമർശനങ്ങൾ, പൊട്ടിച്ചിരിയുടെ മാലപ്പടക്കം, പാതിരാ കഴിഞ്ഞും നീണ്ടുപോകുന്ന ഞങ്ങളുടെ അത്താഴം. ടി.വിയിൽ വരുന്ന ഏതു പടവും കാണാൻ, വൈകുന്നേരങ്ങളിൽ കാരംസും കാർഡ്സും കളിക്കാൻ ഞങ്ങളോടൊപ്പം കൂടുന്ന ഉപ്പച്ചി. സൈഗാളിന്റെ, റഫിയുടെ, തലത്തിന്റ പാട്ടുകൾ കേൾക്കുമ്പോൾ ആരും കാണാതെ കണ്ണുതുടക്കുന്ന ഉപ്പച്ചി. ഉപ്പച്ചിയുടെ എഴുത്തുമുറി പുസ്തകങ്ങളും ആനുകാലികങ്ങളും ഒക്കെയായി നിറഞ്ഞുകവിഞ്ഞു കൂമ്പാരമായാണ് കിടപ്പ്.
എല്ലാ വർഷവും സ്കൂളവധി കാലത്ത് ഉമ്മച്ചി പ്രതീക്ഷയോടെ ഞങ്ങളെ -എന്നെയും ദിലിക്കയെയും ഏൽപിക്കുന്ന ജോലിയാണ് അതെല്ലാം ഒന്ന് തരംതിരിച്ചുവെക്കണമെന്നത്. പക്ഷേ, അതിനുള്ളിൽ കയറിയാൽ സ്ഥലകാല ബോധമില്ലാതെ ഞങ്ങൾ അതിനുള്ളിലേക്ക് ഊളിയിട്ടിട്ടുണ്ടാവും. ഇടക്കിടെ ഉമ്മച്ചി വാതിൽക്കൽ വന്നു പറയുന്ന നിർദേശങ്ങൾ ഒന്നും കേൾക്കാതെ, വിശപ്പു വന്ന് വല്ലാതെ ഇടങ്ങേറാക്കുമ്പോൾ മാത്രം ‘ഭക്ഷണം ക്ഷണം വേണം’ എന്നൊരു കുറിപ്പ് മെല്ലെ അടുക്കളയിൽവെച്ച് പോരും. വീണ്ടും അതേ പോസിൽ വായനയിലേക്ക്. ദേഷ്യംപിടിച്ചു പരാതി പറയുന്ന ഉമ്മച്ചിയുടെ മുന്നിൽ പൊട്ടിച്ചിരിക്കുന്ന ഉപ്പച്ചി. ഒരിക്കൽപോലും പറഞ്ഞതു കേൾക്കാതെ ആർത്തിപിടിച്ചു എല്ലാം വാരിവലിച്ചു വായിച്ച് പുസ്തകങ്ങൾക്കിടയിൽ അനങ്ങാപ്പാറ പോലിരിക്കുന്ന ഞങ്ങൾ. ഇതിനിടയിൽ എന്നും തോറ്റുപോകുന്ന ഉമ്മച്ചി.
ചെറുപ്പത്തിൽ ഞങ്ങൾ താമസിച്ച വീടിന്റെ മുറ്റത്ത് സ്റ്റേജ് കെട്ടി ഞങ്ങൾതന്നെ തയാറാക്കുന്ന കലാപരിപാടികൾ, തട്ടുപൊളിപ്പൻ നാടകങ്ങളും ഏങ്കോണിച്ച നൃത്തനൃത്യങ്ങളും. കസിൻസും അയൽപക്കത്തെ കുട്ടികളും ഒക്കെ പങ്കെടുക്കും. ഉമ്മച്ചി എല്ലാത്തിനും നേതൃത്വം കൊടുക്കും. ഞങ്ങളുടെ എല്ലാ വങ്കത്തങ്ങളും കാണാൻ മുൻനിരയിൽതന്നെ അയൽവാസികളോടൊപ്പം ഇരിപ്പുണ്ടാവും ഉപ്പച്ചി; കൃത്യസമയത്ത് ചുണ്ടിലൊരു നേർത്ത ചിരിയും കൈയിലെരിയുന്ന സിഗരറ്റുമായി.
ഉമ്മച്ചിക്ക് അടുക്കളയിൽ നിറയെ ജോലിയുള്ള ദിവസങ്ങളിൽ അടുക്കളവാതിൽക്കൽ വന്ന് അസ്വസ്ഥനായി നിൽക്കും. സ്ത്രീകൾ അടുക്കളയുമായി മല്ലടിക്കുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു. സ്വാതന്ത്ര്യം. അതിന് ഉപ്പച്ചി കൊടുത്ത വില ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായിരുന്നു.
ഉപ്പച്ചിയോട് വലുതായിട്ടും കൊഞ്ചി സംസാരിക്കുന്നതുകൊണ്ട് (ഉമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ പോത്തുപോലെ വലുതായിട്ടും) വീട്ടിൽ എനിക്ക് ആയിശാത്ത എന്ന് പേരുവന്നു. ഒരു ഉൾനാടൻ സ്ത്രീ പണ്ട് അങ്ങനെയാണത്രേ സംസാരിക്കാറ്. പകരമായി ഞാനും ഉപ്പച്ചിയും സെലക്ട് ചെയ്തു വെച്ചു സുന്ദരമായ പുന്നാര പേരുകൾ. പിന്നെ ഇതെല്ലാം നൂറിരട്ടിയായി എന്റെ മക്കൾക്ക് കൊടുക്കുന്ന ഉപ്പച്ചി. മക്കൾക്ക് ഉപ്പച്ചിയുടെ കൂടെ കുറച്ചു വർഷങ്ങളേ കിട്ടിയുള്ളൂ. ഉള്ളിലൊരു തീരാവേദനയായി അത് നിൽക്കുന്നു. അതി സുന്ദരമായൊരു ബാല്യം ഞങ്ങൾക്ക് തരുമ്പോൾ തന്റെ അനാഥ ബാല്യത്തെക്കുറിച്ച് ഓർമകൾ ഉണ്ടായിരിക്കണം, മനസ്സുനിറയെ. അതെക്കുറിച്ച് കുറച്ചേ പറയാറുള്ളൂ. പക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ച് പറയുമ്പോഴെല്ലാം പൊട്ടിക്കരയുമായിരുന്നു.
വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമില്ലാത്ത ആ ജീവിതം. മനുഷ്യജന്മം എത്ര സുന്ദരമാണെന്ന് ഞങ്ങൾ കാണുകയായിരുന്നു. അനുഭവിക്കുകയായിരുന്നു.
ചെറുപ്പത്തിന്റെ ഓർമകളിൽനിന്ന് നാടകങ്ങളും നാടകോത്സവങ്ങളും മാറ്റിനിർത്തുക വയ്യ. നാടകോത്സവങ്ങൾക്കു പലപ്പോഴും ജഡ്ജ് ആയിരിക്കും. നാടക ക്യാമ്പുകളും ഫിലിം സൊസൈറ്റികളുടെ ലോകോത്തര സിനിമാപ്രദർശനങ്ങളും. എല്ലായിടത്തും ഞങ്ങളെയും കൂടെക്കൂട്ടും. തിരിച്ചുവന്നാൽ അതെക്കുറിച്ചെല്ലാം ഞങ്ങൾ കടുത്ത ചർച്ചകളായിരിക്കും. അതിലെല്ലാം ചേർന്ന് ആസ്വദിച്ചിരിക്കുന്ന ഉപ്പച്ചി.
പ്രസംഗത്തിന് പോവുമ്പോൾ പലപ്പോഴും ഞാനും കൂടെയുണ്ടാവാറുണ്ട്. സ്റ്റേജിൽ മൈക്കിന് മുന്നിൽ പതിയെ വന്ന് പതിഞ്ഞ ശബ്ദത്തിൽ തുടങ്ങി ഉച്ചത്തിൽ മുഴങ്ങി അമരുന്ന പ്രസംഗം കേൾക്കാം. പ്രസംഗത്തിനിടെ പൊട്ടിക്കുന്ന ധീരമായ സത്യങ്ങൾ സദസ്സിനെ ഇളക്കിമറിക്കുന്നതു കാണാം. പിന്നെ പതിയെ താഴേക്കിറങ്ങിവന്ന് എനിക്ക് തരുന്ന ബൊക്കയും പൂമാലയും വാങ്ങി അടക്കിപ്പിടിച്ചിരിക്കാം.
സ്റ്റേജിലെ നിൽപിനിടയിൽ താഴെ സദസ്സിലെ മുൻനിരയിൽ ഇരിക്കുന്ന തന്റെ മുഖത്തേക്കുള്ള നോട്ടവും ചിരിയും വൈകിയാൽ വേവലാതിപ്പെട്ടിരുന്ന കുട്ടിക്ക് സ്റ്റേജിൽ നിൽക്കുന്ന ഉപ്പച്ചി മനസ്സിനൊരു അലങ്കാരമായിരുന്നു. പിന്നെ വളരുംതോറും വാക്കുകളിലെ സത്യം, ശക്തി, എല്ലാം മനസ്സിലാക്കി തുടങ്ങിയപ്പോൾ ആ അലങ്കാരത്തിന് ഭംഗി കൂടുകയായിരുന്നു. പിന്നെ പെട്ടെന്ന്, പെട്ടെന്ന്... ‘കൊടുങ്ങല്ലൂർ അനുസ്മരണം’ എന്നെഴുതിയ സ്റ്റേജിനു മുന്നിൽ പകച്ചിരിക്കേണ്ടിവന്നപ്പോൾ, ജീവിതത്തിന്റെ എല്ലാ വർണങ്ങളും പുന്നാരത്തിന്റ ഒരുലോകംതന്നെയും എന്നിൽനിന്നു മാഞ്ഞുപോവുകയായിരുന്നു.
((കെ.എ. കൊടുങ്ങല്ലൂരിന്റെ മകളാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.