എന്റെ ആദ്യഗാനവും വാണിയമ്മയുടെ അനുഗ്രഹവും
text_fieldsഇന്നും വേറിട്ട ആ ശബ്ദത്തിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പഴയ തലമുറയിലെ പലരും വിട്ടുപോവുകയാണ്. എങ്കിലും അവർ അവശേഷിപ്പിച്ച ഗാനങ്ങൾ ഇനിയും ജീവിക്കും
വാണിയമ്മയെ കേട്ടുവളർന്ന തലമുറയാണ് ഞാൻ. കുട്ടിക്കാലം മുതൽ ജാനകിയമ്മയുടെയും സുശീലാമ്മയുടെയുമൊക്കെ പാട്ടുകൾക്കൊപ്പം വേറിട്ട ശൈലിയിലുള്ള അവരുടെ പാട്ടുകൾ ആകർഷിച്ചിരുന്നു. എെന്റ അമ്മക്കും വാണിയുടെ പാടുകൾ ഇഷ്ടമായിരുന്നു.
ജീവിതത്തിൽ ആദ്യമായി- എന്റെ ചെറുപ്രായത്തിൽ ഞാൻ ചെയ്ത ആൽബത്തിലെ പാട്ടുകൾ എനിക്ക് പാടിത്തന്നത് വാണിയമ്മയാണ്. ഞാൻ സംഗീതമോഹവുമായി പതിനാറാം വയസ്സിൽ മദ്രാസിലേക്ക് പോയതാണ്. അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു. അവിടെ സംഗീതപഠനത്തിനൊപ്പം സംഗീതസംവിധാനവും ചെയ്തു. അതിന്റെ ആദ്യ പടിയായിരുന്നു ‘സംഗീതപ്പറവ’ എന്ന ആൽബം. തമിഴ് ഗാനങ്ങളായിരുന്നു അത്.
ഒരു പ്രമുഖ ഗായിക പാടണമെന്നായിരുന്നു എന്റെ ആഗ്രഹം. അപ്പോൾ എന്റെ അമ്മയാണ് വാണിയമ്മയെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞത്. പ്രായംകൊണ്ട് വളരെ ചെറുതായ എന്നോട് അന്ന് വളരെ സ്നേഹത്തോടെയാണ് വാണിയമ്മ പെരുമാറിയത്. ഞാൻ പാടിക്കൊടുക്കുമ്പോൾതന്നെ അതിനെ സ്വരപ്പെടുത്തി പാടിക്കേൾപ്പിക്കും.
അവരുടെ ജ്ഞാനമോർത്ത് ഞാൻ അത്ഭുതപ്പെട്ടുപോയി. അതിന്റെ ഗുണമാണ് അവരുടെ ആലാപനത്തിലുള്ളത്. ‘ബോല് രെ പപ്പീഹര’, ‘മേഘമേ മേഘമേ’ പോലെയുള്ള പാട്ടുകൾ കേട്ട് ഞാൻ ആ ശൈലിയിൽ മുഴുകിയിട്ടുണ്ട്. അവരുടെ ശൈലി അവർക്കു മാത്രം അവകാശപ്പെടാവുന്നതാണ്.
അതുപോലെയാണ് സ്നേഹവും. ഇത്രയും സ്നേഹാദരങ്ങൾ പ്രകടിപ്പിക്കുന്ന ഗായിക വേറെയില്ല. അക്കാലത്ത് ദൂരദർശനിൽ വന്ന ‘ദി ബൈബിൾ’ സീരീസിനുവേണ്ടി ഞാൻ സംഗീതം ചെയ്ത ഹിന്ദിഗാനങ്ങളും വാണിയമ്മ പാടിയിരുന്നു. അന്നു മുതലുള്ള ബന്ധമാണ് അവരുമായി. അടുത്ത കാലത്തും ഒരു ചാനൽ ഷോയിൽ വന്നപ്പോൾ കണ്ടു, സ്നേഹം പങ്കുവെച്ചു.
അവരുടെ മരണവാർത്ത കേട്ടപ്പോൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ മുഴുമിക്കാൻ പോലുമാകുന്നില്ല. എന്റെ ‘ഭാവയാമി പാടുമെന്റെ’ എന്ന ഗാനം ഇറങ്ങിയപ്പോൾ എന്നെ കാണണമെന്നു പറഞ്ഞ് വിളിച്ചു. പാട്ട് കേൾക്കാനായി സ്റ്റുഡിയോയിൽ വന്നു. അതു കേട്ടിട്ട് എന്നെ അനുഗ്രഹിച്ചു; സ്നേഹോഷ്മളമായ ഒരുപാട് വാക്കുകൾ പറഞ്ഞു.
ജാനകിയും സുശീലയും നിറഞ്ഞുനിൽക്കുന്ന കാലത്താണ് വാണിയമ്മ വരുന്നത്. അന്ന് സ്വന്തം ശബ്ദം കേൾപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അത് അത്രത്തോളം പ്രതിഭയുള്ളതുകൊണ്ടാണ്. ഹിന്ദിയിലും പാടിയ ആദ്യഗാനം തന്നെ വൻ ഹിറ്റാക്കാൻ കഴിഞ്ഞു. മലയാളത്തിൽ ആദ്യം പാടിയ സ്വപ്നത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു’ എന്ന ഗാനം വൻ ഹിറ്റായിരുന്നു.
‘എതോ ജന്മ കൽപനയിൽ’, ‘തിരുവോണപ്പുലരിതൻ’ തുടങ്ങിയ മലയാളികൾ എക്കാലവുമോർമിക്കുന്ന എത്രയോ ഗാനങ്ങൾ പാടി. തമിഴിലും മലയാളത്തിലും ഒരുപോലെ നിറഞ്ഞുനിൽക്കാനും അവർക്ക് കഴിഞ്ഞു.
അടുത്തകാലത്ത് മറ്റൊരു ആൽബത്തിൽ ഞാനും അവർക്കൊപ്പം പാടി. അന്ന് വന്നപ്പോൾ പുതിയ സാങ്കേതികതയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഞാൻ പറഞ്ഞു; അമ്മാ ഇന്ന് ഓരോ അക്ഷരവും പഞ്ച് ചെയ്തും ശ്രുതി കറക്ട് ചെയ്തുമൊക്കെയാണ് ആളുകൾ പാടുന്നത്.
അതൊക്കെ കേട്ടപ്പോൾ അവർക്ക് അത്ഭുതമായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും എനിക്കറിയില്ല എന്ന നിഷ്കളങ്കമായ മറുപടിയായിരുന്നു. ഞാൻ പറഞ്ഞു-ശരിക്കും പാടുന്നവരുടെ തലമുറ നിങ്ങളുടെ കാലത്തവസാനിക്കും. ഇപ്പോൾ സാങ്കേതികവിദ്യയാണ് പാടുന്നത്, ആളുകളല്ല എന്ന്.
വാണിയമ്മ ആരോഗ്യം നന്നായി നോക്കിയിരുന്നു. സ്റ്റുഡിയോയിലൊക്കെ വരുമ്പോൾ അടുത്തകാലത്തും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്; പടികളൊക്കെ കൂളായി കയറും; അതുപോലെ ഗാനത്തിന്റെ യൗവനവും.
ഇന്നും വേറിട്ട ആ ശബ്ദത്തിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പഴയ തലമുറയിലെ പലരും വിട്ടുപോവുകയാണ്. എങ്കിലും അവർ അവശേഷിപ്പിച്ച ഗാനങ്ങൾ ഇനിയും ജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.