എെൻറ നബി
text_fieldsപഴയൊരു അഭിമുഖം. ചോദ്യം മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയോട്: ''ഒരു മതം തിരഞ്ഞെടുക്കേണ്ടിവന്നാൽ ഏതു മതമായിരിക്കും?'' ഉത്തരം ഉടൻ: ''മതവിശ്വാസിയല്ല ഞാൻ. ഏതെങ്കിലും മതത്തെ പിന്തുടരണമെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുമില്ല. എങ്കിലും, ചോദ്യം സാങ്കൽപികമായതുകൊണ്ട് ഉത്തരവും അങ്ങനെയാവട്ടെ. നിർബന്ധമായും ഒരു മതം തിരഞ്ഞെടുക്കേണ്ടിവന്നാൽ ഞാൻ ഇസ്ലാം മതം സ്വീകരിക്കും.'' ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളെക്കുറിച്ചെല്ലാം വിമർശനാത്മകമായി പഠിക്കുകയും അവയിൽ ചിലതിനെക്കുറിച്ചെല്ലാമെഴുതുകയും ചെയ്ത ഒരു മഹാപണ്ഡിതൻ ഇങ്ങനെ പറഞ്ഞതെന്തുകൊണ്ടായിരിക്കും? ആധുനികജീവിതത്തെ ധാർമികമാക്കാനുതകുന്ന പലതും ഇസ്ലാമിലുണ്ടെന്നതുതന്നെ കാരണം.
രോഗമോ യുദ്ധമോ പ്രകൃതിദുരന്തങ്ങളോ മൂലം മരിച്ചവരേക്കാൾ എത്രയോ അധികമാണ് മതസംഘർഷംമൂലം കൊല്ലപ്പെട്ടവർ എന്നതിന് ലോകചരിത്രം സാക്ഷ്യം നിൽക്കുന്നു. മതങ്ങൾ പക്ഷേ, ഉടലെടുത്തത് ഈ സംഘർഷനിർമിതിക്കായിരുന്നില്ല. മാത്രവുമല്ല, അശാന്തിയിൽ പുലർന്നുപോന്ന ചരിത്രസന്ദർഭങ്ങളെ ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കാനാണ് വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ, മതങ്ങൾ പിറന്നത്. ''ഏകം സദ് വിപ്രാ ബഹുധാ വദന്തി'' (ലോകത്തിെൻറ ആധാരതത്ത്വം ഒന്നെങ്കിലും പണ്ഡിതന്മാർ അതിനെ പലതരത്തിൽ വ്യാഖ്യാനിക്കുന്നു) എന്ന് വൈദികമതം/ഹിന്ദുമതം. പരസ്പര സ്നേഹത്തിെൻറ ആവിഷ്കാരമായി ക്രിസ്തുമതം. ''മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവർ ഭിന്നിച്ചപ്പോൾ വിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കാനും നിഷേധികൾക്ക് താക്കീത് നൽകാനുമായി പ്രപഞ്ചനാഥൻ പ്രവാചകന്മാരെ നിയോഗിച്ചു.'' ഈ ഖുർആൻ വാക്യങ്ങൾ ഇസ്ലാം മതത്തിലെ ലോകബോധത്തിനടിത്തറ.
യഥാർഥത്തിൽ മതങ്ങൾ സംസാരിക്കുന്നത് അനുയായികളോടല്ല, മനുഷ്യവംശത്തോടാണ്. മതങ്ങൾ സംഘടനാരൂപം കൈക്കൊള്ളുന്നത് പിൽക്കാലത്താണ്. പൗരോഹിത്യം കടന്നുവരുന്നതുമായി ബന്ധപ്പെട്ടാണിത്. അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃത ഗോത്രസമൂഹങ്ങൾ തമ്മിലടിച്ചു നശിക്കുന്ന കാലത്താണ് മുഹമ്മദിെൻറ ജനനം. 40ാം വയസ്സിൽ പ്രവാചകത്വം ലഭിക്കുന്നു. മുഹമ്മദ് നബിക്ക് ലഭിച്ച ദൈവികസന്ദേശങ്ങളായ ഖുർആനും പ്രവാചകചര്യകളും (ഹദീസുകൾ) പിന്തുടർന്ന ഒരു ജനത ഉന്നതമായ ധാർമികജീവിതത്തിനവകാശികളായിത്തീർന്നു. ഈ ജീവിതചര്യകളെ പിൻപറ്റിയവർ മുസ്ലിംകളായി. വിശുദ്ധമായ ഈ ജീവിതക്രമം ഇസ്ലാം എന്ന പേരിൽ പടർന്നു. 63 വയസ്സുവരെ മാത്രം ഭൂമിയിൽ പുലർന്ന മുഹമ്മദ് നബി വ്യക്തി എന്നതിലുപരി ഒരാശയരൂപമായിരുന്നു.
ജന്മംകൊണ്ടല്ല, അധികാരവും പദവിയുംകൊണ്ടല്ല, സമ്പത്തുകൊണ്ടല്ല, മനുഷ്യൻ ഉന്നതനും വിശുദ്ധനും കാരുണ്യവാനുമായിത്തീരുന്നത് എന്നതിെൻറ ചരിത്രസാക്ഷ്യമാണ് നബി. സാധാരണത്വമാണ്, അതിെൻറ നിഷ്കപടമായ ജീവിതപ്രയോഗങ്ങളാണ്, നബിയെ അസാധാരണനാക്കിയത്. ദൈവം തന്റെ സേന്ദശവാഹകനായി 40 വയസ്സുള്ള നബിയെ തിരഞ്ഞെടുത്തത് ദയാവായ്പാർന്ന സാധാരണത്വത്തോടുള്ള പ്രതിപത്തികൊണ്ടുതന്നെയായിരിക്കണം. ദൈവിക ബോധനം ലഭിച്ചശേഷമുള്ള നബിയുടെ അധ്യാപനങ്ങൾ അക്കാലത്തും പിൽക്കാലത്തും വർത്തമാനകാലത്തും ലോകത്തിൽ പടരുന്ന തിന്മകളുടെ മറുമരുന്നുകളാണ്. ഇവ മനുഷ്യർ പ്രയോജനപ്പെടുത്തുന്നുണ്ടോ, ഉണ്ടെങ്കിൽത്തന്നെ ശരിയായ അർഥത്തിലാണോ, പലപ്പോഴും ഇവയുടെ വിപരീതങ്ങൾ ഇവയുടെതന്നെ ലേബലിൽ ഒളിച്ചുകടത്തുന്നുണ്ടോ എന്നതൊക്കെ മറ്റൊരു വിഷയമാണ്.
''നിങ്ങൾ ജീവിക്കുന്നത് നദിക്കരയിലായിരിക്കാം. പക്ഷേ, വെള്ളം ആവശ്യത്തിനേ എടുക്കാവൂ'' എന്ന് നബി പറയുന്നത് അക്കാലത്തേക്കാൾ പ്രസക്തമാകുന്നത് ഇപ്പോഴല്ലേ?. ''പ്രപഞ്ചനാഥെൻറ പേരിൽ നിങ്ങൾ വായിക്കുവിൻ'' എന്നതിെൻറ ധ്വനി, ജീവിതത്തെ അതിെൻറ സമസ്ത വൈരുധ്യങ്ങളോടും സങ്കീർണതകളോടുംകൂടി സൂക്ഷ്മമായറിയൂ എന്നല്ലാതെ മറ്റെന്ത്! ''അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർനിറച്ചുണ്ണുന്നവർ സത്യവിശ്വാസികളല്ല'' എന്നത് കേവലമായ മനുഷ്യത്വത്തിെൻറമാത്രം ആവിഷ്കാരമല്ല. ലോകസമ്പത്ത് വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന അസന്തുലിതത്വത്തെക്കുറിച്ചുള്ള ബോധ്യത്തിൽനിന്നാണ് ഈ വാക്യം പിറക്കുന്നത്. ''ജനങ്ങളോട് നന്ദിയില്ലാത്തവന് അല്ലാഹുവിനോട് നന്ദി കാട്ടാനാവില്ല'' എന്ന നിരീക്ഷണത്തിൽ നല്ല മനുഷ്യനെക്കുറിച്ചെന്നതുപോലെ ദൈവത്തെക്കുറിച്ചും നബിക്കുള്ള സങ്കൽപം തെളിയുന്നുണ്ട്. ചില നബിവചനങ്ങൾകൂടി: ''സത്യത്തെ അസത്യത്തോടു കലർത്തരുത്. സത്യം മറച്ചുവെക്കുകയുമരുത്.'' ''അറിവില്ലാതെ മതവിധി നൽകിയവനെ മലക്കുകൾ ശപിക്കും.'' ''ലോകത്തിലെ മാറ്റങ്ങളിൽനിന്ന് പഠിക്കാത്തവനാണ് നിങ്ങളിൽ ഏറ്റവും വലിയ അജ്ഞൻ.''
മുഹമ്മദ് നബിക്കുശേഷം പിറന്ന വലിയ മനുഷ്യരാരും നബിയെ ആദരവോടെ ഓർക്കാതെ കടന്നുപോയിട്ടില്ല. മാർക്സ്, ഗാന്ധിജി, ശ്രീനാരായണഗുരു, ഐൻസ്റ്റൈൻ, മൈക്കൽ എച്ച്. ഹാർട്ട്, തോമസ് കാർലൈൽ, മാക്സിം റോഡിൻസൺ എന്നിവർ ഇവരിൽ ചിലർ മാത്രം. ''നബിയെപ്പോലൊരാൾ ആധുനികലോകത്തിെൻറ സമസ്താധികാരങ്ങളും ഏറ്റെടുത്താൽ നമുക്ക് ഏറ്റവുമധികം ആവശ്യമായ സമാധാനവും സന്തോഷവും നിലനിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയപൂർവം കൈകാര്യം ചെയ്യപ്പെട്ടേനേ'' എന്ന് െബർനാഡ് ഷാ. ''അനാഥക്കുഞ്ഞിെൻറ മുന്നിൽവെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്നു പഠിപ്പിച്ച പ്രവാചകനേക്കാൾ മികച്ചൊരു അധ്യാപകനെ ഞാനറിഞ്ഞിട്ടില്ല'' എന്ന് നമ്മുടെ ഒ.വി. വിജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.