സഹിഷ്ണുതയുടെ മാതൃകദൂതൻ
text_fieldsഅതുല്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു മുഹമ്മദ് മുസ്തഫ. ആ ജീവിതം അത്രമേൽ പ്രസക്തമായതിനാലാണ് തിരുനബി കാണിച്ച വഴി അക്ഷരാർഥത്തിൽ പിന്തുടരാൻ ലോകം തയാറാകുന്നത്. നബിത്വം ലഭിക്കുന്നതിനു മുമ്പും ആ ജീവിതം മഹത്തരമായിരുന്നു. നബിത്വം ലഭിക്കുേമ്പാൾ നടന്ന സംഭവങ്ങളിൽ അതു കാണാം. ഹിറാ ഗുഹയിൽ വെച്ചാണ് മുഹമ്മദ് നബിക്ക് ആദ്യമായി മാലാഖ മുഖേന ദിവ്യബോധനം (വഹ്യ്) ലഭിക്കുന്നത്. അന്നേരം ഏൽപിക്കപ്പെട്ട ദൗത്യം പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുമോ എന്ന് പേടിച്ചു. പ്രിയപത്നി ഖദീജയുടെ അടുക്കലെത്തിയ തിരുനബി സംഭവം വിശദീകരിച്ചപ്പോൾ ഉറച്ച സ്വരത്തിൽ ഖദീജ ബീവിയുടെ പ്രതികരണം: ‘ഇല്ല, അല്ലാഹുവാണ്, താങ്കൾ കുടുംബബന്ധം ചേർക്കുന്നു, മറ്റുള്ളവരുടെ ഭാരം ഏറ്റെടുക്കുന്നു, ഇല്ലാത്തവനെ സഹായിക്കുന്നു, അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല’. ചെറുപ്പത്തിലേ തിരുനബി ഉൽകൃഷ്ട സ്വഭാവത്തിനുടമയായിരുന്നെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ചെറുപ്പം മുതലുള്ള ജീവിതഗുണങ്ങളാണ് തിരുനബിയെ വിശ്വസ്തൻ (അൽഅമീൻ) എന്ന വിശേഷണത്തിനുടമയാക്കിയത്.
മാനവികതയുടെ മഹത്തായ സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് സമർപ്പിച്ചത്. മനുഷ്യരുടെ സാഹോദര്യത്തിന് മുന്തിയ പരിഗണനയാണ് നബി നൽകിയത്. ജീവിതത്തിൽനിന്നു വിടവാങ്ങും മുമ്പ് നിർവഹിച്ച ഹജ്ജിലെ പ്രഭാഷണത്തിൽ തിരുനബി അരുളിയത് മനുഷ്യരെല്ലാം ചീർപ്പിെൻറ പല്ലുപോലെ സമന്മാരാണ് എന്നാണ്. അറബിക്ക് അതല്ലാത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ഒരു േശ്രഷ്ഠതയുമില്ല, ഭക്തി ഉണ്ടെങ്കിലല്ലാതെ. നിങ്ങളെല്ലാം ആദമിെൻറ സന്തതിപരമ്പരയാണ്. ആദമാകട്ടെ, മണ്ണിൽ നിന്നും. കഴിഞ്ഞകാലങ്ങളിലെ എല്ലാ വംശവിവേചനങ്ങളും ഞാനിതാ അവസാനിപ്പിക്കുന്നു എന്നായിരുന്നു തുടർന്ന് പറഞ്ഞത്. ‘നിശ്ചയം, നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസം പോലെ, ഈ രാജ്യം പോലെ, ഈ മാസം പോലെ പവിത്രമായതാണ് എന്ന സന്ദേശം എക്കാലത്തേയും മികച്ച മനുഷ്യാവകാശ പ്രഖ്യാപനമായി നിലനിൽക്കുന്നു. അന്യെൻറ അഭിമാനത്തിനും ജീവനും വിലകൽപിക്കുകയായിരുന്നു പ്രവാചകൻ ഇതിലൂടെ.
ഇതര മതവിഭാഗങ്ങളോടുള്ള ഇസ്ലാമിെൻറ നിലപാട് തികച്ചും മാനുഷികമാണ്. മുസ്ലിമിനോടെന്ന പോലെ ഇതര മതസ്ഥരോടും സ്നേഹവും കരുണയും കാണിക്കണം. നബി പറഞ്ഞു: ‘ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല’. മറ്റു മതസ്ഥരിൽ തെൻറ വിശ്വാസം അടിച്ചേൽപിക്കാൻ അവിടുന്ന് തുനിഞ്ഞിരുന്നില്ല.
മദീനയിലെ സർവാധിപതിയായിരുന്നു മുഹമ്മദ് നബി. എന്നിട്ടും അവിടെയുള്ള ജൂതന്മാരും മറ്റു വിഭാഗങ്ങളും പൂർണമായ മതസ്വാതന്ത്ര്യം ആസ്വദിച്ചു. ഒാരോ മതവിഭാഗത്തിനും സ്വാതന്ത്ര്യം നൽകുക മാത്രമല്ല, അവരുടെ മതാചാരങ്ങൾ അനുഷ്ഠിക്കാൻ നബി അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹം, വിവാഹമോചനം പോലുള്ള എല്ലാം തങ്ങളുടെ ആചാരപ്രകാരം നിർവഹിക്കാൻ അവർക്ക് അനുവാദം നൽകി. അന്യമതസ്ഥരുടെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകിയിരുന്നു.
ഒരിക്കൽ പ്രവാചകൻ അനുയായികളിലൊരാളുടെ വീട്ടിലിരിക്കുകയായിരുന്നു. ആ സമയത്ത് ജൂത പുരോഹിതന്മാരിൽപെട്ട സഅ്ദുബ്നു ളഅ്ന എന്നയാൾ അവിടെ വന്നു. പ്രവാചകെൻറ അനുചരന്മാർക്കിടയിലൂടെ അദ്ദേഹം പ്രവാചകെൻറ അരികിലെത്തി. പ്രവാചകെൻറ വസ്ത്രം ബലമായി പിടിച്ചുവലിച്ചു. പരുഷസ്വഭാവത്തിൽ അദ്ദേഹം പറഞ്ഞു: ‘‘മുഹമ്മദേ, നിെൻറ മേലിലുള്ള കടബാധ്യത വീട്ടുക. നിങ്ങൾ ഹാശിം കുടുംബക്കാർ കടങ്ങൾ വീട്ടുന്നത് നീട്ടിക്കൊണ്ടുപോകുന്നവരാണ്’’. നബി ജൂതരിൽനിന്ന് കുറച്ചു കാശ് കടം വാങ്ങിയിരുന്നു. അത് തിരിച്ചുനൽകുന്നതിനുള്ള അവധിയെത്തിയില്ല. എന്നാൽ അത് ചോദിച്ചാണ് ജൂത പുരോഹിതൻ നബിയുടെ അടുക്കലെത്തിയത്.
ഇൗ പെരുമാറ്റത്തിൽ ക്ഷുഭിതനായ രണ്ടാം ഖലീഫ ഉമർ വാളൂരി എഴുന്നേറ്റു. നബിയോട് പറഞ്ഞു: ‘‘ഇയാളുടെ തലവെട്ടാൻ എനിക്ക് അനുമതി നൽകിയാലും’’. നബി പറഞ്ഞു: ‘‘താങ്കൾ അദ്ദേഹത്തോട് മര്യാദയോടെ കടം കിട്ടാനുള്ളത് ചോദിക്കാൻ പറയൂ. നല്ല നിലയിലത് വീട്ടാൻ എന്നോട് കൽപിക്കൂ’’. അപ്പോൾ ജൂതൻ പറഞ്ഞു: ‘‘താങ്കളെ സത്യവുമായി അയച്ചവനാണ്, ഞാൻ കടം തിരിച്ചുചോദിക്കാൻ വന്നതല്ല. താങ്കളുടെ സ്വഭാവമൊന്ന് പരീക്ഷിക്കാനായിരുന്നു. കടം തിരിച്ചു നൽകേണ്ട സമയമായിട്ടില്ലെന്ന് എനിക്കറിയാം. താങ്കളുടെ എല്ലാ സ്വഭാവവിശേഷണങ്ങളും തൗറാത്തിൽനിന്ന് വായിക്കാനും അത് സത്യമാണെന്ന് അറിയാനും സാധിച്ചിട്ടുണ്ട്. കോപമുണ്ടാകുന്ന സമയത്ത് താങ്കൾ സഹനശീലനാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അതൊന്ന് പരീക്ഷിക്കാനാണ് ഞാനിവിടെ വന്നത്. ഇപ്പോഴതും എനിക്ക് ബോധ്യപ്പെട്ടു. ഞാനിതാ മുസ്ലിമായിരിക്കുന്നു’’. അങ്ങനെ ആ ജൂതപുരോഹിതൻ ഇസ്ലാം ആശ്ലേഷിച്ചു. തബൂക്ക് യുദ്ധത്തിൽ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.
മാതാപിതാക്കളും അടുത്ത ബന്ധുക്കളും അന്യമതസ്ഥരാണെങ്കിലും അവരോട് നല്ലനിലയിൽ പെരുമാറാനും കരുണ കാണിക്കാനുമാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. അന്യമതസ്ഥരുടെ മൃതദേഹത്തോടും അവിടുന്ന് ആദരവ് കാണിച്ചു. ഒരിക്കൽ ഒരു വിലാപയാത്ര കടന്നുപോകുേമ്പാൾ പ്രവാചകൻ എഴുന്നേറ്റു നിന്നു. അതൊരു ജൂതെൻറ മൃതദേഹമാണെന്ന് ആരോ പറഞ്ഞപ്പോൾ, പ്രവാചകെൻറ മറുപടി അതൊരു മനുഷ്യനല്ലേ എന്നായിരുന്നു.
സഹിഷ്ണുതയുടെ മാതൃകാദൂതനായിരുന്നു നബി. യുദ്ധത്തിൽ നബിയുടെ മുൻപല്ല് പൊട്ടുകയും നെറ്റിത്തടം മുറിവേൽക്കുകയും മുഖത്തു രക്തമൊഴുകുകയും ചെയ്തപ്പോൾ ശത്രുക്കൾക്കെതിരെ പ്രാർഥിക്കാൻ അനുചരർ ആവശ്യപ്പെട്ടപ്പോൾ പ്രവാചകൻ പറഞ്ഞു: ‘‘അല്ലാഹു ശപിക്കുന്നവനായല്ല, പ്രബോധകനെന്ന നിലയിൽ കാരുണ്യമായാണ് എന്നെ നിയോഗിച്ചിരിക്കുന്നത്’’. തുടർന്ന് അദ്ദേഹം പ്രാർഥിച്ചതിങ്ങനെ: ‘‘അല്ലാഹുവേ, എെൻറ ജനതക്ക് നീ പൊറുത്തുകൊടുക്കേണമേ, അവർ അറിവില്ലാത്തവരാണ്’’.
ഏതു ജീവിയെ േദ്രാഹിക്കുന്നതും ഇസ്ലാമിൽ പാപമാണ്. പൂച്ചയെ കെട്ടിയിട്ട് അതിനെ വിശന്നു ചാവാൻവിട്ട സ്ത്രീയെ അല്ലാഹു നരകശിക്ഷ വിധിച്ച കഥയും പ്രവാചകൻ പറഞ്ഞു. വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകൻ നിരോധിച്ചു. തണുപ്പകറ്റാൻ തീ പൂട്ടുേമ്പാൾ ഉറുമ്പുകൾ അതിൽപെട്ടു കരിഞ്ഞുപോകുമെന്നു കണ്ട് അത് കെടുത്താൻ കൽപിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നൽകാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും നബി വിലക്കി.
ലോകത്തിന് ആകമാനം കാരുണ്യമായി നിയോഗിതനായ മുഹമ്മദ് നബിയെ മാതൃകയായി ഉൾക്കൊള്ളുന്ന സമൂഹത്തിന് തീവ്രവാദവും ഭീകരവാദവും അംഗീകരിക്കാനാകില്ല. മതത്തിെൻറ കാര്യത്തിൽപോലും തീവ്രത പുലർത്തുന്നത് നബി വിലക്കി. ’മതത്തിൽ തീവ്രത പുലർത്തിയവൻ നശിച്ചത് തന്നെ’. തീവ്രതക്കും ജീർണതക്കുമിടയിലുള്ള ഒരു മധ്യമ സമൂഹമെന്ന നിലക്കാണ് ഖുർആൻ മുസ്ലിംകളെ വിശേഷിപ്പിക്കുന്നത്. മതത്തിെൻറ കാതലായ വശം വിട്ടുവീഴ്ചയും ഗുണകാംക്ഷയുമാണ്. ’വിട്ടുവീഴ്ച ഏതു കാര്യവും മനോഹരമാക്കുന്നു എന്നും ‘മതമെന്നാൽ ഗുണകാംക്ഷ’യാണെന്നും പ്രവാചകൻ പഠിപ്പിച്ചു. പ്രവാചകനെയും അനുചരന്മാരെയും നിരന്തരം മർദിക്കുകയും പലരെയും വധിക്കുകയും നാട്ടിൽ നിന്നു പുറത്താക്കുകയും ചെയ്ത ശത്രുക്കൾ മക്ക ജയിച്ചടക്കിയ വേളയിൽ ബന്ദികളായി മുന്നിലെത്തിയപ്പോൾ പ്രവാചകൻ അവരോടു ‘നിങ്ങൾ സ്വതന്ത്രരാണ്, നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു’ എന്നാണു മൊഴിഞ്ഞത്. ഇങ്ങനെ പഠിപ്പിച്ച പ്രവാചകെൻറ അനുയായികൾക്ക് തീവ്രവാദികളാവാൻ കഴിയില്ല.
ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന പരിഹാരം പ്രവാചകചര്യയിലേക്കുള്ള തിരിച്ചുപോക്കാണ്. മാനവിക മൂല്യങ്ങളും സഹിഷ്ണുതയും സഹജീവി സ്നേഹവും മുറുകെപ്പിടിച്ച സമൂഹത്തിന് മാത്രമേ നിലനിൽപുള്ളൂ എന്ന സന്ദേശം ലോകത്തിന് പകർന്നു നൽകാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
സമസ്ത കേരള ജംഇയ്യതുൽ ഉലമ
പ്രസിഡൻറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.