നാദാപുരത്തെ സർക്കാർ കോളജും തിരുവനന്തപുരത്തെ സ്വകാര്യ കോളജും തമ്മിലുള്ള വ്യത്യാസങ്ങൾ
text_fields2012 മേയിലാണ് എ.എ.പി സ്കൂളുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൽ പൊടിപൊടിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് അഞ്ചാം മന്ത്രി മുതൽ പച്ച ബ്ലൗസ് വരെയുള്ള വിഷയങ്ങളുയർത്തി, മുസ്ലിംകൾ കേരളമാകെ പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിയുയർന്ന കാലമായിരുന്നു അത്. ആ സന്ദർഭത്തിലാണ് ഏരിയ ഇൻറൻസിവ് സ്കീം എന്ന, കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ആരംഭിച്ച 35 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനുള്ള പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിക്കുന്നത്. എന്നാൽ, മുൻനിര മാധ്യമങ്ങളുടെ സഹായത്തോടെ ഇടതുപക്ഷവും സംഘ്പരിവാറും കോൺഗ്രസിലെ തന്നെ ഒരു വിഭാഗവും ചേർന്ന് സൃഷ്ടിച്ച ‘ന്യൂനപക്ഷ ആധിപത്യം’ എന്ന വ്യാജ പ്രതീതിയുടെ പശ്ചാത്തലത്തിൽ എ.എ.പി സ്കൂളുകളും വൻ വിവാദമായി. അങ്ങനെ തീരുമാനത്തിൽനിന്ന് സർക്കാറിന് പിന്നോട്ട് പോകേണ്ടി വന്നു. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ് കീഴടങ്ങി. എന്നാൽ, ആ വിവാദംകൊണ്ട് ചിലർക്ക് വലിയ സൗകര്യങ്ങളുണ്ടായി. ആ ബഹളങ്ങൾക്കിടെയാണ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും പല കണ്ണായ സ്ഥലങ്ങളിലും സർക്കാർ ഭൂമി പതിച്ചുനൽകുകയും പാട്ടഭൂമികളുടെ കാലാവധി നീട്ടിക്കൊടുക്കുകയും മറ്റും ചെയ്യുന്നത്.
തിരുവനന്തപുരം വഞ്ചിയൂരിൽ എൻ.എസ്.എസിെൻറ കൈവശമുള്ള 71 സെൻറ് സ്ഥലത്തിെൻറ പാട്ടക്കാലാവധി പ്രതിവർഷം വെറും 18 രൂപക്ക് 2036 വരെ നീട്ടിക്കൊടുത്തത്, 1937 മുതൽ സർക്കാറിന് ലഭിക്കാനുള്ള 1.25 കോടിയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിയത്, ഇടുക്കിയിലെ മണക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് 1963 മുതൽ പാട്ടത്തിന് നൽകിയ 99 സെൻറ് ഭൂമിയിൽ സ്വതന്ത്രാവകാശം നൽകിയത്, പ്രസ്തുത ഭൂമിയുടെ പാട്ടക്കുടിശ്ശികയായ 57,88,800 രൂപ എഴുതിത്തള്ളിയത്, പന്തളത്ത് മന്നം ഷുഗർമിൽ കോഒാപറേറ്റിവ് സൊസൈറ്റിക്കുവേണ്ടി എൻ.എസ്.എസ് കൈവശംവെക്കുന്ന 9.46 ഏക്കർ ഭൂമി യഥേഷ്ടം മാറ്റങ്ങൾ വരുത്താൻ അനുവദിച്ചത് എന്നിവ ഈ സമയത്തായിരുന്നു. എൻ.എസ്.എസിനും ആർ.എസ്.എസിനും പ്രിയങ്കരനായ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദ്യാധിരാജ ട്രസ്റ്റിന് കീഴിെല ഹോമിയോ മെഡിക്കൽ കോളജിൽ എയ്ഡഡ് കാറ്റഗറിയിൽ ഡസൻ കണക്കിന് ഉന്നത തസ്തികകൾ അനുവദിച്ചുനൽകിയതും ഈ സമയത്ത് തന്നെ. ഗവൺമെൻറ് സ്പോൺസേഡ് സെൽഫ് ഫിനാൻസിങ് കോളജ് എന്നാണ് സർക്കാർ വെബ്സൈറ്റുകളിൽ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കുന്നത്. സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനം എന്നർഥം. ഇനി കഥയുടെ മറുപുറത്തേക്ക് കടക്കുക.
സർക്കാർ, എയ്ഡഡ് കോളജുകളില്ലാത്ത മണ്ഡലങ്ങളിൽ സർക്കാർ കോളജുകൾ തുടങ്ങുക എന്ന യു.ഡി.എഫ് സർക്കാറിെൻറ നയത്തിെൻറ ഭാഗമായി ആരംഭിച്ച കോളജാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം ഗവൺെമൻറ് കോളജ്. 2013ൽ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോഴും വാണിമേലിലെ ഒരു മദ്റസാ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അതിന് സ്വന്തം കെട്ടിടം പണിയാൻ ഭൂമിയില്ല എന്ന് വിചാരിക്കരുത്. നാദാപുരം പഞ്ചായത്തിലെ കിണമ്പറക്കുന്നിൽ കോളജ് നിർമിക്കാനായി അഞ്ചേക്കർ ഭൂമി സർക്കാറിെൻറ ൈകയിലുണ്ട്. പക്ഷേ, ഇത് റവന്യൂ ഭൂമി കോളജ് നിർമാണത്തിന് നീക്കി വെച്ചതോ സർക്കാർ വിലകൊടുത്ത് വാങ്ങിയതോ അല്ല. നാദാപുരത്തെ വരിക്കോടൻ ഹമീദ് ഹാജിയെന്ന വ്യവസായി രണ്ടര ഏക്കർ ദാനം ചെയ്യുന്നു.
ബാക്കി രണ്ടര ഏക്കർ, സെൻറിന് 3.75 ലക്ഷം രൂപ നിരക്കിൽ നാട്ടുകാർ പിരിവ് നടത്തി സമാഹരിച്ച തുക കൊണ്ട് മേടിക്കുന്നു. അങ്ങനെ നാട്ടുകാർ സർക്കാറിന് ദാനം നൽകിയ ഭൂമിയിലാണ് കോളജിന് സ്വന്തം കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നോക്കണേ, ഇടുക്കിയിലെ മണക്കാട് എൻ.എസ്.എസിെൻറ കൈവശമുള്ള എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിന് സർക്കാർ ഭൂമി പതിച്ച് നൽകുമ്പോൾ നാദാപുരത്തെ സർക്കാർ കോളജിന് നാട്ടുകാർ പള്ളിയിലും അങ്ങാടിയിലും പിരിവ് നടത്തി ഭൂമി വാങ്ങി സർക്കാറിന് പതിച്ച് കൊടുക്കുന്നു. ഇത് ഒരു കഥ മാത്രമാണെന്ന് വിചാരിക്കരുത്. അന്വേഷിച്ചിറങ്ങിയാൽ ഇതുപോലെ നിരവധി കഥകൾ കിട്ടും. കഥാ തന്തു ലളിതം: മലബാറിൽ സർക്കാർ സ്ഥാപനങ്ങൾ നാട്ടുകാരുടെ ചെലവിൽ വേണം. തിരു-കൊച്ചിയിൽ സർക്കാർ ചെലവിൽ സ്വകാര്യ/സമുദായ സ്ഥാപനങ്ങൾ വരും.
നരേന്ദ്രൻ കമീഷൻ പാക്കേജുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാലം ഓർമയുണ്ടല്ലോ. 2005ൽ. സംസ്ഥാനത്തെ സംവരണ സമുദായങ്ങളെ പറ്റിച്ച്, നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നുവെന്ന വ്യാജേന അന്നൊരു പാക്കേജ് ഉണ്ടാക്കി. ആ പാക്കേജ് നടപ്പാക്കുന്നതിെൻറ മറവിലാണ് എൻ.എസ്.എസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ എം.ജി കോളജിനും നിറമൺകരയിലെ എൻ.എസ്.എസ് കോളജിനും യഥാക്രമം 42.96 ഏക്കറും 25.6 ഏക്കറും ഭൂമി സർക്കാർ പതിച്ചുനൽകുന്നത്. രണ്ടും എയ്ഡഡ് കോളജുകളാെണന്ന കാര്യം പ്രത്യേകം നോട്ട് ചെയ്യുക. 2012ൽ പച്ച ബ്ലൗസ്/അഞ്ചാം മന്ത്രിക്കാലത്ത് വിവാദങ്ങളുടെ മറപിടിച്ച് സർക്കാർ സൗജന്യങ്ങൾ വാരിക്കോരി നൽകിയതിന് സമാനമായാണ് 2005ൽ നരേന്ദ്രൻ പാക്കേജ് ബഹളങ്ങളുടെ മറപിടിച്ച് ഭൂമി നൽകുന്നത്. ജാതിസംഘടനകൾക്കും സഭകൾക്കും ആരാധനാലയങ്ങൾ പണിയാൻ ഭൂമി നൽകിയതിെൻറ കഥകൾ വേറെയുമുണ്ട്.
അപ്പോൾ ഇതാണ് കേരള വികസന മോഡൽ എന്നു പറയുന്നത്. അത് നടപ്പാക്കുന്നതിെൻറ വഴികളുണ്ട്. 2013ൽ ആരംഭിച്ചതാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ്. അതിെൻറ പ്രധാന കെട്ടിടത്തിന് വെള്ളിയാഴ്ച പള്ളികളിൽ പിരിവ് നടത്തിയിട്ടായിരുന്നു. ജില്ല പഞ്ചായത്തിെൻറയും മുസ്ലിം ലീഗിെൻറയുമൊക്കെ ആഹ്വാന പ്രകാരം നാടാകെ ‘കിടു’ പിരിവ്. ആവശ്യമായ പണം സമാഹരിക്കുന്നു. പ്രധാന കെട്ടിടത്തിന് ശിഹാബ് തങ്ങളുടെ പേര് നൽകുന്നു. കോട്ടയം പത്രം ഈ ‘മഹത്തായ മാതൃക’യെ മുക്തകണ്ഠം പ്രകീർത്തിച്ച് മുഖപ്രസംഗമെഴുതുന്നു. സംഗതി കുശാൽ. മഹത്തായ മാതൃകയെന്തെന്ന് നോക്കണേ. പക്ഷേ, ഈ മഹത്തായ മാതൃക മലബാറിൽ മാത്രം മതിയെന്നാണ് ചട്ടം. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരിൽ ഗവൺമെൻറ് യു.പി സ്കൂളിന് പുതിയ കെട്ടിടം പണിതത് 2014 ഫെബ്രുവരിയിലാണ്.
കെട്ടിടം പണിയാനാവശ്യമായത് 45 സെൻറ് സ്ഥലം. തുക 85 ലക്ഷം. 25 ലക്ഷം പഞ്ചായത്ത് കൊടുക്കുന്നു. ബാക്കി തുക മഹത്തായ പിരിവ് വഴി. പത്രങ്ങൾ ഫീച്ചറുകൾ അടിക്കുന്നു. നാട്ടുകാരെ, മലപ്പുറം ഭാഷയിൽ പറഞ്ഞാൽ, മൂച്ചിന്മേൽ കയറ്റുന്നു. തൊട്ടടുത്ത കൊടുവള്ളിയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ ക്ലാസ് മുറികൾ വേണം. 22 ലക്ഷം രൂപ എസ്റ്റിമേറ്റ്. നാട്ടുകാർ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി പിരിവ് നടത്തുകയാണിപ്പോൾ. എം.എൽ.എമാരായ കാരാട്ട് റസാഖും പി.ടി.എ റഹീമുമാണ് ഈ പിരിവ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സർക്കാറിനെകൊണ്ട് നാട്ടിൽ വികസന പ്രവർത്തനങ്ങൾ നടത്തിക്കലാണ് എം.എൽ.എമാരുടെ പണി. പക്ഷേ, മലബാറിൽ അവർ അക്കാര്യത്തിന് നാട്ടുകാരോട് പിരിവെടുക്കുകയാണ് ചെയ്യുന്നത്.
ഇതൊക്കെ ഇപ്പോൾ ഇവിടെ ഓർക്കാൻ കാരണമുണ്ട്. ഇത് പ്ലസ് വൺ പ്രവേശനത്തിെൻറ കാലമാണ്. പതിവുപോലെ, ആവശ്യത്തിന് സീറ്റില്ലാതെ മലബാറിൽ കുട്ടികൾ പരക്കം പായുന്നു. അങ്ങ് തെക്ക്, പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇത്. എ പ്ലസുകാരനും സീറ്റിനായി പരക്കം പായണം. അല്ലാത്തവർ ചായക്കടകൾക്ക് മുകളിലെ ഓക്സ്ഫഡിലും കാംബ്രിഡ്ജിലും പഠിക്കണം. സർക്കാർ സ്കൂളുകളാവട്ടെ, വാടകക്കെട്ടിടത്തിലും കടമുറികളിലുമൊക്കെയാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടം വേണമെന്നുണ്ടെങ്കിൽ നാട്ടുകാർ പിരിവെടുത്തു കൊള്ളുക. പല സ്ഥലങ്ങളിലും വാടക അടക്കുന്നതും പി.ടി.എയും നാട്ടുകാരുടെ കമ്മിറ്റികളുമാണ്. 2015 ആഗസ്റ്റിൽ മലപ്പുറത്തെ പൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിചിത്രമായ ഒരു സംഭവമുണ്ടായി. പ്ലസ് വൺകാരനായ ഷഹൽ ഒരു ദിവസം അനിശ്ചിതകാല നിരാഹാരമങ്ങ് പ്രഖ്യാപിച്ചു. ആവശ്യം ലളിതം.
130 വർഷം പഴക്കമുള്ള രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ആ സ്കൂളിൽ ക്ലാസ് മുറികൾ മുക്കാലും കുഞ്ഞുപീടിക മുറികളിലാണ്. മര്യാദക്ക് മൂത്രമൊഴിക്കാൻ സൗകര്യമില്ല. അധ്യാപകരിൽ മഹാഭൂരിപക്ഷവും കരാർ അടിസ്ഥാനത്തിൽ. ഇവർക്ക് ശമ്പളം കൊടുക്കാൻ വിദ്യാർഥികളിൽനിന്ന് ഫീസീടാക്കാനും ശ്രമമുണ്ടായി. ഷഹൽ ഒറ്റക്കിടത്തം. സംഗതി വഷളാകുമെന്ന് കണ്ടപ്പോൾ കലക്ടർ തന്നെ ഇടപെട്ട് വാഗ്ദാനങ്ങൾ നൽകി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. അങ്ങനെ എത്രയെത്ര സ്കൂളുകൾ എന്ന് പറയുന്നത് ശരിയാവില്ല. അങ്ങനെയല്ലാത്ത എത്ര സ്കൂളുകളുണ്ട് മലബാറിൽ എന്ന് ചോദിക്കുന്നതാണ് ശരി. പക്ഷേ, ഇത് കാലങ്ങളായി ചോദിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അധ്യയന വർഷം പിറക്കുമ്പോഴും കാര്യങ്ങൾ പഴയപടി തന്നെ. അതിനാൽ നമുക്ക് മഹത്തായ കേരള വികസന മോഡലിനെ കുറിച്ച മുഖപ്രസംഗമെഴുതാം. മലബാറിലെ മഹത്തായ മാതൃകയെ കുറിച്ച് ഫീച്ചറുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.