പേരുമാറ്റാം, ഇന്നലെകളെ മായ്ക്കാനാവില്ല
text_fieldsഇസ്ലാമോഫോബിയയുടെ ഇരുണ്ട കാലത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ കാലത്തെ ധാർമിക തകർച്ചയുടെ ദുഃഖകരമായ സാക്ഷ്യം. ലോകമെമ്പാടും മുസ്ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവുമാണ് 2022ൽ, മാർച്ച് 15 ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്രസഭയെ നിർബന്ധിതമാക്കിയത്.
‘മുസ്ലിം വിരുദ്ധ വിദ്വേഷം ഇല്ലാതാക്കാനുള്ള ആഹ്വാനമാണ്’ ഈ നീക്കമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തറപ്പിച്ചു പറഞ്ഞിരുന്നു. മുസ്ലിം ജനസംഖ്യയിൽ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ ഈ നീക്കത്തെ എതിർത്തു. ‘‘നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം മതപരമായ കാര്യങ്ങൾക്ക് അതീതമായി സമാധാനത്തിന്റെയും ഐക്യത്തിന്റെയും വേദിയിൽ നമ്മെ ഒരു കുടുംബം കണക്കെ ഒരുമിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭ നിലകൊള്ളേണ്ടത്’’ എന്നായിരുന്നു ഇന്ത്യ കൈക്കൊണ്ട നിലപാട്. യഥാർഥത്തിൽ മറ്റുപല ലോകരാഷ്ട്രങ്ങളേക്കാളേറെ ഇസ്ലാമോഫോബിയയുടെ പിടിയിലാണ് ഇന്ത്യ.
2015ൽ ദാദ്രിയിൽ തുടങ്ങി 2023ൽ ഡൽഹി വരെ നീളുന്ന ആൾക്കൂട്ടക്കൊലകളുടെ കുത്തൊഴുക്കും, പള്ളികൾക്കും മതാതീതമായി ജനങ്ങൾ പ്രാർഥനകളുമായി എത്തുന്ന ദർഗകൾക്കെതിരെപ്പോലും നിരന്തരമായി നടക്കുന്ന അതിക്രമങ്ങളും, ഹിജാബ് വിരുദ്ധ രാഷ്ട്രീയവും മാത്രമല്ല, സുൽത്താന്മാരും മുഗൾ ഭരണാധികാരികളും നിർമിച്ച നാടുകളുടെ പേരുമാറ്റാനുള്ള തികച്ചും നിരാശജനകമായ അമിതാവേശത്തിൽ വരെ അത് വ്യക്തമാണ്.
ചില നഗരങ്ങൾക്ക് രാജാക്കന്മാരുടെയോ സുൽത്താന്റെയോ പേരുമായി നേരിട്ട് ബന്ധമുണ്ടാകാമെങ്കിലും, പല നഗരങ്ങളുടെയും പേരുകൾ മാറ്റുന്നതിനും മാറ്റണമെന്ന് ആവശ്യമുയരുന്നതിന്റെയും കാരണം അവ ഉർദു ഭാഷയിലാണ് എന്നതാണ്. ഇന്ത്യയിൽ ഉദയം കൊണ്ട ഈ ഭാഷ അടുത്ത കാലം വരെ ഏതെങ്കിലുമൊരു പ്രത്യേക വിശ്വാസികളുടേതായി കണക്കാക്കപ്പെട്ടിരുന്നില്ല. ഒരു ഉദാഹരണം നോക്കുക. പതിനെട്ടാം നൂറ്റാണ്ടിൽ നവാബ് സാദത്ത് അലിഖാൻ സ്ഥാപിച്ചതാണ് ഫൈസാബാദ് നഗരം. കിഴക്കിനെയും മധ്യ അവധ് നഗരത്തെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ ഒരു വ്യാപാര മേഖലയിലാണ് ഇത് നിലകൊണ്ടിരുന്നത്. വ്യാപാരങ്ങൾ അനുദിനം അഭിവൃദ്ധി പ്രാപിക്കുകയും ജനങ്ങൾ ഏറെ സമ്പൽസമൃദ്ധിയിലെത്തുകയും ചെയ്തപ്പോൾ വിജയം, നേട്ടം എന്ന അർഥത്തിലാണ് ഫൈസ് എന്ന വാക്കിലൂന്നി ആ സ്ഥലനാമം രൂപപ്പെട്ടത്.
അലീഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്നാണല്ലോ മറ്റൊരാവശ്യം; എന്നാൽ കേട്ടോളൂ, ആ ദേശത്തിന് അലീഗഢ് എന്നു പേരിട്ടത് മുഗളരല്ല, മറാത്തികളാണ്. സാബിത്ഗഢ് എന്നും മുഹമ്മദ്ഗഢ് എന്നുമെല്ലാം പല കാലങ്ങളിലായി വിളിക്കപ്പെട്ടിരുന്ന കോട്ട പിടിച്ചെടുത്ത് അവരുടെ ഗവർണർ നജഫ് അലി ഖാന്റെ പേരിൽ പുനർനാമകരണം നടത്തുകയായിരുന്നു. ആ ദേശത്തിന് പണ്ട് കോൾ എന്നൊരു വിളിപ്പേരുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആവശ്യമുയരുന്ന മട്ടിലെ ഹരിഗഢ് എന്ന പേരിൽ ഒരുകാലത്തും അവിടം അറിയപ്പെട്ടിട്ടില്ല.
നൂറ്റാണ്ടുകളായ അലഹബാദിന്റെയോ ഔറംഗാബാദിന്റെയോ പേരിനെച്ചൊല്ലി ഒരു പൊല്ലാപ്പുമുണ്ടായിരുന്നില്ല. അലീഗഢ്, ഉസ്മാനാബാദ്, മുഗൾസരായി എന്നിവയൊന്നും അനഭിമതമായിരുന്നില്ല. സാധാരണക്കാരായ മനുഷ്യർക്ക് ഇന്നും അതൊന്നും ഒരു വിഷയമേ അല്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏതാനും വർഷം മുമ്പ് പ്രയാഗ് രാജ് എന്ന് പേരുമാറ്റിയ നഗരത്തിലേക്കൊന്നു ചെന്നുനോക്കൂ, സകലകാര്യങ്ങളെയും നിറംപിടിപ്പിച്ച കണ്ണടകളിലൂടെ നോക്കിക്കാണുന്നവരൊഴികെ നാട്ടുകാർ ഇപ്പോഴും അതിനെ അലഹബാദ് എന്നുതന്നെയാണ് വിളിക്കുന്നത്. മുഗൾ ചക്രവർത്തി അക്ബർ സ്ഥാപിച്ച നഗരത്തിന് ദൈവം കുടികൊള്ളുന്നിടം എന്ന അർഥത്തിൽ ഇലാ വാസ് അഥവാ ഇലാ ബാസ് എന്നായിരുന്നു പേര്. പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്താണ് അലഹബാദ് ആയി മാറിയത്.
തുടരെത്തുടരെയുള്ള മംഗോളിയ ആക്രമണങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിച്ച സുൽത്താൻ നിർമിച്ച നഗരമെന്നതോ, അവിഭക്ത ഇന്ത്യയിൽ ജനിച്ച ഒരു മുഗൾ ചക്രവർത്തിയുടെ സ്മാരകമെന്നതോ ഒന്നും എതിർപ്പുയർത്തുന്നവർക്ക് വിഷയമല്ല. അവർ ഭരണം നടത്തിയത് ഡൽഹിയിലോ ആഗ്രയിലോ ഇരുന്നാണെന്നതും ഹജ്ജ് തീർഥാടനത്തിനുപോലും ഇന്ത്യ വിട്ടു പുറത്തേക്കുപോയിട്ടില്ല എന്നതും പ്രസക്തമല്ല. വലതുപക്ഷ സേനയെ ഉണർത്താൻ നാമം മാത്രം ധാരാളം.
മുഗൾസരായിയുടെയും
ഔറംഗാബാദിന്റെയും കഥ
2018ൽ മുഗൾസരായി ആയിരുന്നു പേരുമാറ്റ വിവാദത്തിന്റെ പ്രധാനകേന്ദ്രം. അവിടെ ജനിച്ച മുൻപ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയുടെ പേരല്ല, മറിച്ച് ദുരൂഹ സാഹചര്യത്തിൽ അവിടെ മരിച്ച ആർ.എസ്.എസ് താത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ പേരാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുപോലും കാവിനിറം പൂശിയതോടെ സർക്കാർ എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായി.
ഇക്കുറി ഔറംഗാബാദിന്റെ പേര് മാറ്റുന്നതിനായിരുന്നു വാശി മുഴുവൻ. അവിടെ ഖബറടക്കപ്പെട്ടിരിക്കുന്ന മുഗൾ ചക്രവർത്തി ഔറംഗസീബിനോടാണ് ഹിന്ദുത്വർക്ക് കലി മുഴുവനും. ക്ഷേത്രഭഞ്ജകൻ എന്നാണ് ഔറംഗസീബിനെ വിമർശിക്കുന്നവർ അതിനു പറയുന്ന കാരണം. എന്നാൽ കാതറീൻ ബി ആഷറിനെയും ഓഡ്രി ട്രഷ്കെയെയും പോലുള്ള ചരിത്രപണ്ഡിതർ ക്ഷേത്രഭഞ്ജനത്തിന് രാഷ്ട്രീയകാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ബ്രാഹ്മണരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാനും അവർക്ക് ഭൂമി നൽകാനും ഉത്തരവിട്ട് ചക്രവർത്തി വിവിധ സന്ദർഭങ്ങളിൽ രാജവിളംബരം പുറപ്പെടുവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നഗരനാമത്തിൽനിന്നുപോലും മുസ്ലിം ശബ്ദം ഒഴിവാക്കാൻ തിടുക്കംകൂട്ടുന്ന സർക്കാർ ഒരുകാലത്ത് മുഗൾ മൻസബ്ദാറായിരുന്ന, പിതാവിന്റെ കാലശേഷം അധികാരം പിടിക്കാൻ മറാത്താ രാജാറാമുമായി യുദ്ധത്തിൽ ഏർപ്പെട്ട, ശിവാജിയുടെ മൂത്ത പുത്രൻ സംഭാജിയുടെ പേര് ഉടനടി നൽകി ഔറംഗാബാദിന്. ഇപ്പോൾ അവിടത്തെ സ്ഥലനാമ ബോർഡുകളിൽ ഛത്രപതി സംഭാജി നഗർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ശിവാജിയുടെ മരണത്തിനുശേഷം മുഗളർ പിടികൂടിയ സംഭാജിയെ 1689ൽ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് വധിക്കുകയായിരുന്നു).
വിദ്വേഷവും പുറന്തള്ളലും
ചരിത്ര പുസ്തകങ്ങളിലെ അധ്യായങ്ങളിൽ നടത്തുന്ന ഈ കീറിമുറിക്കലും തിരിമറികളും യഥാർഥത്തിൽ ഇന്ത്യൻ സമൂഹത്തെ തരംതിരിക്കാനും ധ്രുവീകരിക്കാനുമുള്ള അഭ്യാസങ്ങളുടെ ഭാഗമാണ്. ഇന്ത്യയിലെ മുസ്ലിംകൾക്ക് മറ്റേതൊരു രാജവംശത്തോടുമുള്ള എതിരഭിപ്രായങ്ങളും അനാദര മനസ്സും മുഗളരോടും സുൽത്താൻമാരോടും ഉണ്ടാവാം. മൗര്യ-ഗുപ്ത-ചോള രാജവംശങ്ങളോടുള്ള അതേ മനോഭാവം തന്നെ. ചരിത്രം വല്ലാതെ വിരസമാണ് എന്നാണ് മുമ്പ് പറഞ്ഞിരുന്നതെങ്കിൽ വല്ലാതെ ഭിന്നിപ്പിക്കുന്ന ഒന്നായി ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നു.
മുസ്ലിംകൾക്ക് ഈ രാജ്യത്തെ സുബോധമുള്ള പൗരജനങ്ങൾ എന്ന നിലയിൽ സുൽത്താൻമാരോ മുഗൾ ഭരണാധികാരികളോ ചെയ്ത കാര്യങ്ങളെ അംഗീകരിക്കാനോ അംഗീകരിക്കാതിരിക്കാനോ സാധിക്കും. എന്നാൽ, ഇസ്ലാമിക സ്വാധീനത്തിന്റെ അവസാന കണികപോലും തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ പലപ്പോഴും ഒരു നിലപാട് ഏറ്റെടുക്കേണ്ട അസുഖകരമായ അവസ്ഥയിലേക്ക് അവർ എത്തിപ്പെടുന്നു. വെറുപ്പിന്റെയും ബഹിഷ്കരണത്തിന്റെയും രാഷ്ട്രീയത്തിൽ രാജ്യം ആണ്ടുപോകുന്നതിൽ അഥവാ ഇസ്ലാമോഫോബിയ വ്യാപിക്കപ്പെടുന്നതിൽ വലതുപക്ഷ വക്താക്കൾ ഉത്തരവാദികളല്ലെന്ന് പറയാൻ ആർക്കെങ്കിലും കഴിയുമോ? ഒരു ബഹുമത സമൂഹം എന്ന നിലയിൽ നാം സുപ്രധാനമായി ഓർമിക്കേണ്ട ഒരു കാര്യമുണ്ട്- ഒരു പേരുമാറ്റം കൊണ്ട് ഭൂതകാലത്തെ മായ്ക്കാനോ തിരുത്താനോ ഇല്ലാതാക്കാനോ കഴിയില്ല. പ്രതികാരങ്ങൾ വീണ്ടെടുപ്പിന് വഴിതുറക്കില്ല.
(ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററും നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ) ziya.salam@thehindu.co.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.