നാരായൺ മേഘാജി ലോഖണ്ഡേ ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിലെ അഗ്രഗാമി
text_fieldsതൊഴിലാളി അവകാശങ്ങൾക്ക് വേണ്ടി മാത്രമല്ല, സ്ത്രീകളുടെയും ദുർബല സമുദായങ്ങളുടെയും വിദ്യാഭ്യാസ- സാമൂഹിക അവകാശങ്ങൾക്ക് വേണ്ടിയും സാമുദായിക മൈത്രിക്ക് വേണ്ടിയും സാമൂഹിക ഉച്ഛനീചത്വങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കുമെതിരായും ലോഖണ്ഡേ പൊരുതി
ബോംബെയിൽ ആദ്യ തുണി മില്ല് സ്ഥാപിക്കപ്പെട്ടത് 1854 ലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവിടെ തുണിമിൽ വ്യവസായം പുഷ്ടിപ്പെട്ടു. 1877-78ലെ ക്ഷാമം മൂലം മഹാരാഷ്ട്ര ഗ്രാമങ്ങളിൽനിന്ന് വർധിത തോതിൽ നടന്ന കുടിയേറ്റമായിരുന്നു പരുത്തി തുണി വ്യവസായം ബോംബെയിൽ ശക്തിപ്പെടാനുണ്ടായ ഒരു സുപ്രധാന കാരണം. കുടിയേറിവന്ന നിസ്സഹായ ഗ്രാമീണർ മില്ലുകളുടെ മുന്നിൽ ജോലിക്കായി കാത്തുകെട്ടിക്കിടന്നു. ഈ സാഹചര്യത്തിൽ കുറഞ്ഞ കൂലിക്കു പണിയെടുക്കാൻ തൊഴിലാളികളെ കിട്ടി. അവർക്കു പണിസ്ഥലത്ത് ഒരു സുരക്ഷാസംവിധാനവും ഇല്ലായിരുന്നു. ദിവസം 14 മണിക്കൂർ ആയിരുന്നു ജോലിസമയം. സ്ത്രീകളും 15 വയസ്സിൽ താഴെയുള്ള കുട്ടികളുമായിരുന്നു മിൽ തൊഴിലാളികളിൽ പകുതിയോളം.
ഈ മിൽ തൊഴിലാളികളുടെ ഇടയിലാണ് സത്യാ ശോധക് സമാജ് സ്ഥാപക നേതാവ് ജ്യോതിറാവു ഗോവിന്ദറാവു ഫൂലെയോടൊപ്പം നാരായൺ മേഘാജി ലോഖണ്ഡേയും കൃഷ്ണറാവു ഭലേക്കറും പ്രവർത്തനം തുടങ്ങിയത്. മഹാരാഷ്ട്രയിലെ ശൂദ്ര വിഭാഗത്തിൽപ്പെട്ട ഒരു മാലി കുടുംബത്തിൽ 1848ൽ ജനിച്ച ലോഖണ്ഡേ സെക്കൻഡറി വിദ്യാഭ്യാസശേഷം ബോംബെയിലെ പരുത്തി തുണി മില്ലിൽ സ്റ്റോർ കീപ്പർ ആയി ജോലിക്ക് കയറി. മിൽ തൊഴിലാളികൾ അന്ന് അനുഭവിച്ചിരുന്ന ദുരിതങ്ങൾ അദ്ദേഹം നേരിൽ കണ്ടു. ആയിരക്കണക്കിന് ദരിദ്ര-സാധാരണ ജനങ്ങളെ പങ്കെടുപ്പിച്ച് സത്യശോധക് സമാജ് നടത്തിയ യോഗങ്ങളിൽ തൊഴിലാളികളുടെ ദുരിതങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്തിരുന്നു. അവയുടെ തുടർച്ചയായി 1884ൽ കൂടിയ മഹാ സമ്മേളനത്തിൽ ലോഖണ്ഡേ ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന-ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ രൂപവത്കരിച്ചു. ലോഖണ്ഡേ ജോലി രാജിവെച്ച് മുഴുസമയ തൊഴിലാളി സംഘടനാപ്രവർത്തകനായി.
കുറഞ്ഞ ചെലവിൽ ആഗോളവിപണിയിൽ എത്തിയ ഇന്ത്യൻ തുണിത്തരങ്ങൾ ബ്രിട്ടീഷ് മില്ലുടമകൾക്ക് വെല്ലുവിളിയായി. അവർ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണകൂടത്തിനുമേൽ കടുത്ത സമ്മർദംചെലുത്തി. അതിനെ പ്രതിരോധിക്കാൻ അന്നത്തെ ഇന്ത്യൻ മിൽ ഉടമകൾ ബോംബെ മിൽ അസോസിയേഷന് രൂപംകൊടുത്തു. സർക്കാറും ബോംബെ മിൽ അസോസിയേഷനും ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷനും സജീവമായി രംഗത്തു വന്നു. അങ്ങനെ ബോംബെയിലെ തൊഴിലാളികളുടെ സംഘടിത പോരാട്ടങ്ങൾ ആരംഭിച്ചു.
ലോഖണ്ഡേയുടെ നേതൃത്വത്തിൽ ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ 1884 സെപ്റ്റംബർ 23ന് ബോംബെ പരേലിൽ കൂടിയ തൊഴിലാളി മഹാ സമ്മേളനത്തിൽ മുന്നോട്ടുവെച്ച അവകാശപത്രികയിൽ മിൽ തൊഴിലാളികൾക്ക് ഞായറാഴ്ചകളിൽ പ്രതിവാര അവധിയും ഉച്ചഭക്ഷണത്തിന് അരമണിക്കൂർ ഇടവേളയും നൽകണം, വേതനം എല്ലാമാസവും 15ന് മുമ്പായി നൽകണം, തൊഴിലിടത്തിൽ വെച്ച് പരിക്ക് പറ്റി ജോലി ചെയ്യാൻ കഴിയാതെ വരുന്ന തൊഴിലാളിക്ക് മുഴുവൻ വേതനം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി. ശക്തമായ സമരപരിപാടികളുടെ തത്ഫലമായി മിൽ ഉടമകളുടെ സംഘടന പ്രതിവാര അവധി എന്ന ആവശ്യം 1890 ജൂൺ 10ന് അംഗീകരിച്ചു. ബോംബെയിലെ തൊഴിലാളികളുടെ ആദ്യ വിജയം.
തുടർന്ന് അനവധി കമ്മിറ്റികളുടെയും കമീഷനുകളുടെയും പ്രവർത്തനഫലമായി ബോംബെയിലെ വ്യവസായിക തൊഴിലാളികളുടെ തൊഴിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു. അതിൽ ഏറ്റവും പ്രധാനം 1891ൽ പാസാക്കിയ ഫാക്ടറി നിയമമാണ്. ആ നിയമത്താൽ വ്യവസായകേന്ദ്രങ്ങളിൽ തൊഴിലാളികൾ അനുഭവിച്ചുപോന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഫാക്ടറി നിയമം ഉണ്ടാക്കാൻ നിയോഗിക്കപ്പെട്ട ലേത്ബ്രിഡ്ജ് കമീഷനിൽ ലോഖണ്ഡേ അംഗമായിരുന്നു.
ദീനബന്ധു എന്ന പേരിൽ കൃഷ്ണറാവു പാണ്ഡുരംഗ ഭലേക്കറുടെ പത്രാധിപത്യത്തിൽ സത്യശോധക് സമാജ് പ്രസിദ്ധീകരിച്ച മാസിക തൊഴിലാളി സമരങ്ങളിൽ നിർണായക പങ്കുവഹിച്ചു. 1880 മുതൽ ലോഖണ്ഡേ ആയി ദീനബന്ധു പത്രാധിപർ.
തൊഴിലാളി അവകാശങ്ങൾക്ക് വേണ്ടി മാത്രമല്ല, സ്ത്രീകളുടെയും ദുർബല സമുദായങ്ങളുടെയും വിദ്യാഭ്യാസ- സാമൂഹിക അവകാശങ്ങൾക്ക് വേണ്ടിയും സാമുദായിക മൈത്രിക്ക് വേണ്ടിയും സാമൂഹിക ഉച്ഛനീചത്വങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കുമെതിരായും അദ്ദേഹം പൊരുതി. ലോഖണ്ഡേയുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് 1895ൽ റാവു ബഹദൂർ സ്ഥാനവും ജസ്റ്റിസ് ഓഫ് പീസ് പദവിയും നൽകി ആദരിച്ചു. അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലത്തെ ഈ സാർവദേശീയ തൊഴിലാളി ദിനത്തിൽ മഹാനായ ആ പോരാളിയുടെ ഓർമകൾ നമ്മെ മുന്നോട്ടുനയിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.