Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വലിയ നസ്വീഹത്ത് മാലയും ചില വസ്തുതകളും
cancel
Homechevron_rightOpinionchevron_rightArticleschevron_rightവലിയ നസ്വീഹത്ത് മാലയും...

വലിയ നസ്വീഹത്ത് മാലയും ചില വസ്തുതകളും

text_fields
bookmark_border

മുഹ്‌യുദ്ധീൻ മാലക്കു ശേഷം മാപ്പിള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട കൃതി ഏത് ? മാപ്പിള സാഹിത്യ ഗവേഷകർക്കും ആസ്വാദകർക്കും ഇടയിലെ പുതിയ സംവാദത്തിലേക്കു വഴി തുറക്കുന്ന, വ്യത്യസ്‍ത വീക്ഷണം അവതരിപ്പിക്കുന്ന രണ്ട് ലേഖനങ്ങൾ... എൻ.കെ. ശമീർ കരിപ്പൂരും ഡോ. ബാവ കെ. പാലുകുന്നും എഴുതുന്നു.

വലിയ നസ്വീഹത്ത് മാലയും ചില വസ്തുതകളും

-എൻ.കെ. ശെമീർ കരിപ്പൂർ

മാപ്പിള കാവ്യങ്ങളിലും മാപ്പിള സാംസ്കാരിക വ്യവഹാരങ്ങളിലും ഇന്ന് ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നത് ഏറെ ആഹ്ളാദകരമാണ്. നമ്മുടെ തന്നെ സാംസ്കാരിക വിമുഖതകൊണ്ട് നഷ്​ടമായതും കാലത്തിന്‍റെ മണ്ണട്ടിയിൽ പെട്ടുപോയതുമായ ഉപദാനങ്ങൾ അങ്ങനെയാണ് നാം മുഖ്യധാരയിൽ എത്തിച്ചത്. ഏത് സമൂഹത്തിനും അവർ സഞ്ചരിച്ചെത്തിയ വർത്തമാനത്തിന് ദീപ്തമായൊരു ഭൂതകാലമുണ്ടാവും. ഈ തുടർച്ചയുടെ ഈടിലാണ് ഭാവിയിലേക്കുള്ള യാത്ര. ഇങ്ങനെയുള്ള അന്വേഷണത്തിൽ നാം പൂർവഗാമികളുടെ മഹത്തായ സർഗസൃഷ്​ടികൾ കണ്ടെത്തണം. ഈ ഖനന പ്രക്രിയയിൽ ദീർഘകാലമായി പലകാരണങ്ങൾകൊണ്ടും നാം വിമുഖരായിരുന്നു. ഇപ്പോൾ പക്ഷേ, കക്ഷി വിഭാഗീയതകൾ ഏതുമില്ലാതെ സമുദായം ഒന്നടങ്കം ഈ മേഖലയിൽ ഇന്ന് നിരതരാണ്. അതിലൂടെ വെളിച്ചം കാണുന്നതാവ​ട്ടെനമ്മുടെ പാരമ്പര്യത്തിലെ അമൂല്യങ്ങളായ നിധികുംഭങ്ങളാണ്.

നിലവിൽ പിഎച്ച്.ഡി ഗവേഷണം ചെയ്യുന്ന നിരവധി ഗവേഷകരുടെ ഇഷ്​ട മേഖലയാണ് മാപ്പിള സർഗാത്മക സാഹിത്യങ്ങൾ. ഗവേഷണ പ്രധാനങ്ങളായ വിഷയങ്ങളെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങളും സ്വാഭിപ്രായങ്ങളും പങ്കുവെക്കുമ്പോൾ ഗവേഷകർക്ക് വിഷയങ്ങളുടെ മൗലിക സ്രോതസ്സുകളെക്കുറിച്ച് സാമാന്യം നല്ല ധാരണയുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. പുതിയ കണ്ടെത്തലുകൾ മുന്നോട്ടു​െവക്കുമ്പോൾ പ്രൈമറി സോഴ്സുകളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ അവയെ ഉപജീവിച്ച ചില പുസ്തകങ്ങളെ മാത്രം ആധാരമാക്കുമ്പോൾ ഭീമമായ അബദ്ധങ്ങൾ പിണഞ്ഞേക്കാം. അക്കാദമിക് ഗവേഷണ രംഗത്തുള്ളവർ വരുത്തുന്ന അത്തരം ചില തെറ്റിദ്ധാരണകൾ ഒരുപക്ഷേ, നാളത്തെ ചരിത്രമായി എഴുതപ്പെട്ടേക്കാം. അത്തരം ഒരബദ്ധം ശ്രദ്ധയിൽപെട്ടതിനാലാണ് ഈ കുറിപ്പെഴുതുന്നത്.


ഡോ. ബാവ കെ. പാലുക്കുന്ന് എന്ന ഗവേഷക​െൻറതായി പുറത്തുവന്ന ഗവേഷണ പ്രബന്ധവും കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതുമായ 'മോയിൻകുട്ടി വൈദ്യരുടെ കൃതികൾ: ഭാഷയും വ്യവഹാരവും' എന്ന പുസ്തകത്തിൽ വന്ന ചില തെറ്റിദ്ധാരണകൾ സൂചിപ്പിക്കുകയാണ്​ ഇവിടെ.

അറബി-മലയാള സാഹിത്യത്തെയും അതിലെ ആഖ്യാന, കാവ്യ ഭാഷകളെയും പഠനവിധേയമാക്കുന്ന പ്രസ്തുതകൃതി നല്ലൊരു പഠനഗ്രന്ഥമാക്കാൻ ബാവ കെ. പാലുക്കുന്ന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പ്രസ്തുത കൃതിയിൽ അദ്ദേഹം മാപ്പിള സാഹിത്യ രംഗത്തെ പുതിയ കണ്ടെത്തലായി അവതരിപ്പിച്ച 'വലിയ നസ്വീഹത്ത് മാല'യുടെ രചനാവർഷത്തെ സംബന്ധിച്ച പുതിയ വാദ പ്രകടനത്തിലെ വൈരുധ്യവും അബദ്ധവും കണ്ടപ്പോൾ ചിലത് കുറിക്കണമെന്നു തോന്നി.

അദ്ദേഹത്തി​െൻറ വാദപ്രകാരം 1607ൽ പുറത്തുവന്ന 'മുഹിയദ്ദീൻ മാല'യുടെ 35 വർഷത്തിനുശേഷം പുറത്തുവന്ന 'വലിയ നസ്വീഹത്ത് മാല'യാണ്​ അറബി-മലയാളത്തിലെ കാലഗണന കൃത്യമായി കാണിക്കുന്ന രണ്ടാമത്തെ കൃതി. അതിനദ്ദേഹം അവലംബിച്ചതാവട്ടേ വലിയ നസ്വീഹത്ത് മാലയിലെ 'ചൊന്നാർ നബികൾ' എന്ന അവസാന ഇശലിലെ താഴെ കാണും വരികളാണ്.

'കൊഞ്ചം ഇവമൊളിന്തെ
കാലം ഉരത്തിടുവാൻ
കേപ്പീൻ ഹസാറും പിന്നാ
ഖംസീൻ അതിയിൽ രണ്ടും
തഞ്ചം മയിനചൊല്ലാം
സഫറും നവവെള്ളിയിൽ
സദാ ഉറുതികൊഞ്ചം
ചൊല്ലി നിറുത്തി ആമീൻ'

ഈ വരികളിൽ പറയുന്നത് 1052 സഫർ മാസം ഒമ്പത്​ എന്നാണ്. 1052നെ ഹിജ്റ വർഷമായി കണക്കാക്കി, പ്രസ്തുത വർഷത്തെ ക്രിസ്തുവർഷവുമായി കൺവർട്ടു ചെയ്യുമ്പോൾ കിട്ടുന്ന സി.ഇ 1642 എന്നത് മുഹിയദ്ദീൻ മാലയുടെ രചനാകാലമായ സി.ഇ 1607 എന്നതുവെച്ചു കുറക്കുകയാണ് ഡോ. ബാവ ചെയ്തത്. അപ്പോൾ കിട്ടുന്നതാവട്ടേ 35 വർഷത്തെ ഇടവേളയും.

വാസ്തവത്തിൽ മാലപ്പാട്ടുകളിൽ പലതിലും രചനാവർഷം കൊല്ലവർഷമായും മാസം അറബിയായും ചേർക്കുന്ന ചില രീതികൾ പ്രാചീന കൃതികളിൽ കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് 'ഉസ് വത്ത് മാല'യിൽ മലയാള വർഷം 1055 എന്നും റബീഉൽ അവ്വൽ അറബി മാസമായും ചേർത്തതായി കാണാം. ഇപ്രകാരംതന്നെയാണ് മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങൾ സ്വീകരിച്ച ശൈലിയും എന്ന് താഴെ വിവരിക്കാനിരിക്കുന്ന തെളിവുകൾ വെച്ച് തെളിയിക്കാൻ കഴിയും. 1052 എന്നത് മലയാള വർഷമായി കണക്കാക്കിയാൽ ക്രിസ്തുവർഷം 1877 എന്ന് ലഭിക്കുന്നു. 1877 എന്ന വർഷത്തെ സാധൂകരിക്കുന്ന തെളിവുകളിലൂടെ സഞ്ചരിക്കുകയാണ് ഈ ലേഖനം കൊണ്ടുള്ള ഉദ്ദേശ്യം.

മലയാള വർഷമെന്നോ ഹിജ്റ വർഷമെന്നോ രചനാവർഷത്തെ മാലയുടെ രചയിതാവ് തെര്യപ്പെടുത്തിയില്ലെങ്കിലും ആ കൃതിയിൽതന്നെയുള്ള മറ്റു പല ചരിത്രതെളിവുകളും രചനയുടെ കാലമേതെന്നതിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്നുണ്ട്. മുഹിയദ്ദീൻ മാലക്ക് ശേഷം കൃത്യമായ കാലഗണനയാൽ എഴുതപ്പെട്ട കൃതികൾ കുഞ്ഞായിൻ മുസ്​ലിയാരുടെ കപ്പപ്പാട്ട്, നൂൽ മദ്ഹ് തുടങ്ങിയ കൃതികളാണെന്നാണ് നാളിതുവരെ ഗവേഷകർ സ്ഥാപിച്ചു വന്നിരുന്നത്. മുഹിയദ്ദീൻ മാലക്കുശേഷം മാപ്പിള സാഹിത്യത്തിൽ മറ്റു രചനകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്ന് ഇതുകൊണ്ട് തീർത്തും അർഥമാക്കേണ്ടതില്ല. കാലഗണനയാണ് പ്രധാനം. പല പ്രാചീനങ്ങളായ കൃതികളുടെയും രചനാകാലം വ്യക്തമല്ല.

നസ്വീഹത്ത് മാലകൾ

അറബി-മലയാള കാവ്യ ശാഖയിൽ വലിയ നസ്വീഹത്ത് മാലകൾതന്നെ മൂന്നെണ്ണം കാണുന്നുണ്ട്. അതിൽ കാലഗണനകൊണ്ട് പഴക്കം കാണുന്നത് മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങളുടെ വലിയ നസ്വീഹത്ത് മാലതന്നെ. എന്നാൽ, ഡോ. ബാവ കെ. പാലുക്കുന്ന് പറഞ്ഞപോലെയുള്ള (മുഹിയദ്ദീൻ മാലയുടെ 35 വർഷത്തിനുശേഷം എന്നവാദം) പഴക്കം ഇല്ല. കാരണം, ഒന്നാമത്തെ തെളിവ് ഈ കാവ്യത്തിന് രചയിതാവ് നൽകിയ ഇശലുകളുടെ നാമകരണങ്ങൾതന്നെയാണ്. മാപ്പിളപ്പാട്ടിലെ പ്രാചീന കൃതികളിൽ കാണുന്ന ഇശൽ നാമങ്ങൾ പലതും അതിന് തൊട്ടടുത്ത കാലത്ത് നിലനിന്നിരുന്ന കാവ്യ കൃതികളിലെ ഇശലുകളുടെ ആദ്യവാചകങ്ങൾ നൽകുകയാണ് പതിവ്. ഉദാഹരണത്തിന് 1876ൽ വിരചിതമായ മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ പല ഇശലുകളും പത്തൊമ്പതാം നൂറ്റാണ്ടിൽതന്നെ ഇറങ്ങിയ 'സഖൂം പടപ്പാട്ട് ' എന്ന ഉമർ ആലിം ലബ്ബയുടെ കൃതിയിൽ നിന്നെടുത്തതാണ്.

 'കെട്ടി ഇമാം അലി ദുഷ്​ടൻ അവൻ തന്നാ
കേമത്തിൽ ഈത്തു ബലിത്തും കൊണ്ട്'

എന്ന സഖൂം പടയിലെ ഗാനത്തെ വൈദ്യർ ഇശലായി സ്വീകരിച്ചത് 'ഇശൽ, കെട്ടി ഇമാം അലി' എന്ന പേരിലാണ്. ഇതു പോലെ, കൊള്ളാ നബി, അകന്താർ, ചിരിച്ചങ്കുടൻ, താശ്ട്ടിയാൽ, അള്ളാവേനിനന്ത്, ഓശാകൾ, യെങ്കിലും അറബോട് തുടങ്ങി സഖൂം പടപ്പാട്ടിലെ ധാരാളം പാട്ടുകളെ മോയിൻകുട്ടി വൈദ്യർ ഇശൽ മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. പോയ കാല മാപ്പിള കാവ്യങ്ങളിലെ ഇശലുകളെ മാതൃകയായി സ്വീകരിക്കുകയെന്നത് മാപ്പിള കവികളിലെ സാർവത്രിക ശൈലിയാണ്. ഈയൊരു പാരമ്പര്യമാതൃക മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങളും സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം വലിയ നസ്വീഹത്ത് മാലയിൽ കപ്പപ്പാട്ട്, കൊമ്പ് തുടങ്ങിയ ഇശലുകൾ മാതൃകയായി സ്വീകരിച്ചതായി കാണുന്നുണ്ട്. കുഞ്ഞായിൻ മുസ്​ലിയാരുടെ കപ്പപ്പാട്ടുതന്നെ രണ്ടിടങ്ങളിൽ ഇശൽ മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ബാവ പാലുക്കുന്ന് പറയുന്നതിങ്ങനെ:

'കപ്പപ്പാട്ട് ഇതിനുശേഷം രചിക്കപ്പെട്ട കൃതിയായതിനാൽ (വലിയ നസ്വീഹത്ത് മാലക്ക്) ഈ ഇശൽസംജ്ഞ പിൽക്കാല പ്രസാധകർ എടുത്തുചേർത്തതാവാനാണ്​ സാധ്യത' (പേജ്: 33) പ്രാചീനമാപ്പിള കാവ്യങ്ങളിലൊന്നും ഇശലുകളുടെ നാമങ്ങൾ മറ്റുള്ളവർ എഴുതിച്ചേർക്കുന്ന പതിവ് അശേഷം ഇല്ലതന്നെ. പിന്നെങ്ങനെയാണ് കൂട്ടിച്ചേർക്കലുകൾ നടന്നു എന്നു വരുക? വാസ്തവത്തിൽ ബാവ പാലുക്കുന്ന് 1642 എന്ന ത​െൻറ വാദത്തെ സ്ഥിരപ്പെടുത്തുന്നതിനു വേണ്ടിയാണ് തെളിവേതും നൽകാതെ കപ്പപ്പാട്ട് ഇശൽ കൂട്ടിച്ചേർത്തതാവാം എന്ന് എഴുതിയത്​.

അദ്ദേഹം ഇവ്വിഷയകമായ ത​െൻറ ഗവേഷണത്തിനും കണ്ടെത്തലിനും മുഖ്യമായി ആശ്രയിച്ചത് 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന കൃതിയാണ്. പ്രാദേശികമായ ചരിത്രാന്വേഷണങ്ങൾ തീർത്തും സജീവമല്ലാതിരുന്ന കാലത്ത്​ കെ.കെ. മുഹമ്മദ് അബ്​ദുൽ കരീമും സി.എൻ. അഹമ്മദ് മൗലവിയും ചേർന്ന് മാപ്പിള സാഹിത്യത്തിലെ കിട്ടാവുന്നിടത്തോളം കൃതികൾ ശേഖരിച്ച് തയാറാക്കിയ പ്രസ്തുത ഗ്രന്ഥം വലിയൊരു സാഹസികവും അഭിനന്ദനാർഹവുമായ ദൗത്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, പ്രസ്തുത പുസ്തകത്തിലെ ചരിത്ര വസ്തുതകളിൽ വന്ന അൽപം ചില സ്ഖലിതങ്ങൾ വിസ്മരിച്ചു കൂടാ. അതിലൊന്ന്, 'നസ്വീഹത്ത് മാല'യുടെ കർത്താവി​െൻറ പേരിനോട് ചേർത്തെഴുതിയ കുടുംബപ്പേരായ 'മാനക്കാൻറകത്ത് ' എന്നത് തെറ്റാണ്. മാനക്കാനകത്ത് എന്നതാണ് ശരിയായ പേര്. ആ കുടുംബം ഇന്നും കൂട്ടായിയിലും പരിസര പ്രദേശങ്ങളിലും ധാരാളമുണ്ട്. മാലയുടെ കർത്താവായ മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങളുടെ ഖബർ കൂട്ടായി പഴയ ജുമുഅത്തുപള്ളി ശ്​മശാനത്തിലാണ് (പേജ്: 304) എന്ന 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യ'ത്തിലെ പരാമർശവും തെറ്റാണ്. അദ്ദേഹത്തി​െൻറ ഖബർ കൂട്ടായി ടൗണിനടുത്തുള്ള മുഹിയദ്ദീൻ മസ്ജിദ് എന്നു പേരുള്ള ചെറിയ നമസ്കാരപ്പള്ളി അങ്കണത്തിലാണ്. അത്​ ജുമുഅത്ത് പള്ളിയല്ല. നസ്വീഹത്ത് മാലയുടെ കർത്താവായ മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങളുടെ സഹോദരിയുടെ പൗത്രൻ മാനക്കാനകത്ത് കുഞ്ഞാവഹാജി എന്നയാൾ ഈ അടുത്ത കാലം വരെ പ്രസ്തുത നിസ്കാരപ്പള്ളിയിൽ ഇമാമായിട്ടുണ്ടായിരുന്നെന്ന് കൂട്ടായി സ്വദേശിയും എഴുത്തുകാരനും പ്രാസംഗികനുമായ പി.എ. റഷീദ് സാഹിബ് സാക്ഷ്യപ്പെടുത്തുന്നു.

ഇനി നമുക്ക് പരിശോധിക്കേണ്ടത് ലഭ്യമായ വിവരണങ്ങൾവെച്ച് ഈ കൃതിയുടെ രചനാകാലം ഏതാണെന്നുള്ളതാണ്. വ്യത്യസ്ത സമയങ്ങളിലായി അച്ചടിച്ച 'നസ്വീഹത്ത് മാല'യുടെ ഏതാനും പതിപ്പുകൾ എ​െൻറ മുന്നിലുണ്ട്. അതിൽ 1946ൽ പുറത്തിറങ്ങിയ പതിപ്പി​െൻറ അവസാന ഭാഗത്ത് ഇങ്ങനെ കാണുന്നു. 'ഈ പാട്ട് കൂട്ടായി മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും തലശ്ശേരി കാരക്കൽ സൈതാലി എന്നവർക്ക് തീർ സിദ്ധിച്ചതും മേപ്പടി സൈതാലിയുടെ മരണശേഷം രജിസ്​റ്റർ ഭാഗപ്രകാരം മകൻ കാരക്കൽ അബ്​ദുല്ലയായ എനിക്ക് സ്വന്തം അവകാശപ്പെട്ട് കിട്ടിയതും എ​​െൻറ സ്വന്തം ചെലവിന്മേൽ അച്ചടിപ്പിച്ച് വരുന്നതുമായ ഈ പാട്ടിന്മേൽ എനിക്കുള്ള എല്ലാ അവകാശങ്ങളും പൊന്നാനി യു.എം. അബ്​ദുല്ല ഹാജി എന്നയാൾക്ക് പ്രതിഫലത്തിന്മേൽ തീർകൊടുത്തതും ത​െൻറ സ്വന്തം ചെലവിന്മേൽ അടിപ്പിക്കപ്പെട്ടതുമായ ഈ പാട്ട് മേപ്പടി അബ്​ദുല്ല ഹാജിയുടെ സമ്മതം കൂടാതെ മറ്റാർക്കും അടിക്കാനോ അടിപ്പിക്കാനോ പാടുള്ളതല്ല എന്ന് ഇതിനാൽ അറിയിച്ചിരിക്കുന്നു.'

അറബി-മലയാള കൃതികളുടെ മുദ്രണം ആരംഭിച്ചത് 1867ലോ '68 കാലഘട്ടത്തിലോ ആണെന്ന് ഒ. ആബു കണ്ടെത്തുന്നുണ്ട് (അറബി-മലയാള സാഹിത്യ ചരിത്രം പേജ്​: 126). ആബുവി​െൻറ കണ്ടെത്തലിനോട് 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യ'ത്തി​െൻറ രചയിതാക്കൾ യോജിക്കുന്നു (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്​: 45). ഇനി മുകളിൽ ചേർത്ത ഉദ്ധരണിയിൽ പറഞ്ഞ കാരക്കൽ സൈതാലിയുടെ മകൻ കാരക്കൽ അബ്​ദുല്ല 1929 കാലത്ത് ജീവിച്ചിരുന്ന വ്യക്തിയാണെന്നതിന് തെളിവുണ്ട്. 1929ൽ പുറത്തിറങ്ങിയ 'അൽ-ബയാൻ' അറബി-മലയാള മാസിക അച്ചടിച്ചിരുന്നത് കാരക്കൽ അബ്​ദുല്ല തിരൂരങ്ങാടിയിൽ നടത്തിയിരുന്ന 'മള്ഹറുൽ മുഹിമ്മാത്ത്' ലിത്തോ പ്രസ്സിൽനിന്നാണെന്ന് പ്രമുഖചരിത്രകാരനായിരുന്ന കെ.കെ. മുഹമ്മദ് അബ്​ദുൽകരീം പറയുന്നു (കേരള മുസ്​ലിം നവോത്ഥാന ചരിത്രം-പേജ്​: 107). മറ്റൊന്ന് നിരവധി അറബി-മലയാള കൃതികൾ അച്ചടിച്ച് വിതരണം നടത്തിയിരുന്ന 'യു.എം. അബ്​ദുല്ല കമ്പനി'യെ കുറിച്ചാണ്. കമ്പനിയുടെ സ്ഥാപകൻ യു.എം. അബ്​ദുല്ല ഹാജിതന്നെ. അദ്ദേഹത്തിലാണ് നസ്വീഹത്ത് മാലയുടെ പകർപ്പവകാശം നിക്ഷിപ്തമായിരുന്നത്. യു.എം. അബ്​ദുല്ല ഹാജി അന്തരിച്ചത് 1958ലാണെന്ന് ഡോ. ഹുസൈൻ രണ്ടത്താണി എഡിറ്റ്​ചെയ്ത 'മഖ്ദൂമും പൊന്നാനിയും' എന്ന ഗ്രന്ഥത്തിൽ (പേജ്​: 204) പറയുന്നു.

ഇത്രയും പറഞ്ഞതിൽനിന്നെല്ലാം മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഇവയാണ്:

കുഞ്ഞായിൻ മുസ്​ലിയാരുടെ കപ്പപ്പാട്ടിനു ശേഷമാണ് കപ്പപ്പാട്ടിനെ മാപ്പിള കവികൾ ഒരു ഇശലായി സ്വീകരിച്ചുവന്നത്. കപ്പപ്പാട്ടിനെ ത​െൻറ കൃതിയിൽ കുഞ്ഞിക്കോയ തങ്ങൾ രണ്ടിടങ്ങളിൽ ഇശൽ മാതൃകകളായി സ്വീകരിച്ചതു വഴി നസ്വീഹത്തുമാല കപ്പപ്പാട്ടിനുശേഷം വന്ന കൃതിയാണെന്നു സ്പഷ്​ടമാണ്. തലശ്ശേരി കാരക്കൽ സൈതാലി എന്നയാൾക്ക് രചയിതാവിൽനിന്ന്​ പകർപ്പവകാശം സിദ്ധിച്ചു എന്നു പറയുമ്പോൾ അറബി-മലയാളത്തിൽ അച്ചടി സമ്പ്രദായം തുടങ്ങിയതിനുശേഷമാണ് ഈ കൃതി പുറത്തുവരുന്നത് എന്ന് മനസ്സിലാക്കാം.

കാരക്കൽ സൈതാലിയുടെ മകൻ കരക്കൽ അബ്​ദുല്ല 1929 കാലത്ത് തിരൂരങ്ങാടിയിൽ 'മള്ഹറുൽ മുഹിമ്മാത്ത് ' അച്ചുകൂടം നടത്തിയിരുന്നതായി ചരിത്രത്തിൽ കാണുന്നു. അപ്പോൾ അദ്ദേഹത്തി​െൻറ പിതാവി​െൻറ കാലഘട്ടം പത്തൊമ്പതാം നൂറ്റാണ്ടാണെന്ന് മനസ്സിലാക്കാം. പിതാവാക​ട്ടെ, നസ്വീഹത്ത് മാലയുടെ രചയിതാവി​െൻറ സമകാലികനും.

നസ്വീഹത്ത് മാലയുടെ പകർപ്പവകാശം പൂർണമായും നിക്ഷിപ്തമായ അറബി-മലയാള പ്രസാധകൻ യു.എം. അബ്​ദുല്ല ഹാജി അന്തരിച്ചത് 1958ലാണ്. രണ്ട് വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടാണ് അദ്ദേഹത്തിന് പകർപ്പവകാശം സിദ്ധിച്ചത്. ഇതും രചയിതാവി​െൻറ കാലഘട്ടം പത്തൊമ്പതാം നൂറ്റാണ്ട് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. നസ്വീഹത്ത് മാലയുടെ രചയിതാവ് പറഞ്ഞ 1052 എന്നവർഷത്തെ മലയാള വർഷമായി കണക്കാക്കിയാൽ സി.ഇ 1877 എന്ന് വരുന്നു. ഇത് മുകളിൽ കൊടുത്ത എല്ലാ നിരീക്ഷണങ്ങളെയും പൂർണമായും ശരിവെക്കുന്നുമുണ്ട്.

കാലഗണന കൃത്യമായി നൽക്കാത്ത അറബി-മലയാള കൃതികളെ രചയിതാവി​െൻറ കാലം, ഒന്നാമതായി മുദ്രണം ചെയ്യപ്പെട്ട പ്രസ്സ്, പ്രസ്തുത അച്ചുകൂടം നിലനിന്ന കാലം, കാവ്യത്തിന് നൽകിയ ഇശലുകൾ രൂപപ്പെട്ട കാലഘട്ടം ഇവയെല്ലാം വെച്ച്​ പഠനവിധേയമാക്കാവുന്നതാണ്. അതൊന്നും ശ്രദ്ധിക്കാതെ പ്രത്യക്ഷത്തിൽ കാണുന്ന ചില പരാമർശങ്ങളെ അടർത്തിയെടുത്ത് സ്വന്തം കണ്ടെത്തലായി അവതരിപ്പിക്കാൻ വ്യഗ്രത കാണിക്കുമ്പോൾ ചില ഗവേഷകർക്ക് സംഭവിക്കുന്ന സ്വാഭാവികമായ അബദ്ധമാണ് ബാവ കെ. പാലുക്കുന്നിനും സംഭവിച്ചത്.



വലിയ നസ്വീഹത്ത് മാലയുടെ കാലം വിമർശനങ്ങളും വസ്​തുതകളും

-ഡോ. ബാവ കെ. പാലുകുന്ന്

കേരളത്തിലെ മുസ്​ലിം ജനസാമാന്യത്തിനിടയിൽ ഒരു കാലത്ത് പ്രചുരപ്രചാരം നേടിയിരുന്ന സവിശേഷമായ ഭാഷാവ്യവഹാരമാണ് അറബിമലയാളം. അതിനെ ഒരു പ്രത്യേക ഭാഷയോ, ഭാഷാഭേദമോ ഒക്കെയായി കണക്കാക്കുന്ന ഗവേഷകരുണ്ട്. മലയാളത്തിലെ പദ്യ–ഗദ്യശാഖകൾക്കു സമാനമായി വികാസം പ്രാപിച്ച അറബിമലയാളസാഹിത്യത്തിൽ അയ്യായിരത്തോളം കൃതികൾ രചിക്കപ്പെട്ടതായാണ് സാഹിത്യചരിത്രകാരന്മാർ പറയുന്നത്. കോഴിക്കോട് സ്വദേശി ഖാദി മുഹമ്മദ് കൊല്ല വർഷം 782ൽ(സി.ഇ. 1607) എഴുതിയ മുഹ്​യുദ്ദീൻമാല എന്ന കീർത്തനകാവ്യത്തിന് മുമ്പ് രചിച്ചതായിരിക്കാൻ ഇടയുള്ള ചില പാട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും കാലസൂചനയില്ല. ഈ രംഗത്ത് അച്ചടി പ്രചാരത്തിൽ വരുന്നതിനുമുമ്പുള്ള പ്രാചീന കൃതികളുടെ കൈയെഴുത്തുപ്രതികളിൽ നല്ലൊരു പങ്കും നഷ്​ടമായിക്കഴിഞ്ഞു. അപൂർവം ചിലത് വിദേശ ലൈബ്രറികളിലും പുരാതന പള്ളികളോടനുബന്ധിച്ച ഗ്രന്ഥശേഖരങ്ങളിലും മറ്റുമായി അവശേഷിക്കുന്നുണ്ട്. പോർചുഗീസ്​ കാലഘട്ടത്തിൽ രചിക്കപ്പെട്ടതും കുഞ്ഞാലിമാരെ പറ്റിയുള്ളതുമായ ഒരു പടപ്പാട്ട് പോർചുഗലിലെ ലിസ്​ബൺ ലൈബ്രറിയിലുള്ളതായി ഡോ. എൻ.എം. നമ്പൂതിരി ചൂണ്ടിക്കാണിച്ചത് ഉദാഹരണം. ലഭ്യമായ കൃതികളിൽതന്നെ മുഹ്​യുദ്ദീൻ മാലക്കുശേഷം രചിക്കപ്പെട്ട കൃതികളെക്കുറിച്ചും കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. ഈ മേഖലയിൽ കാലസൂചനയുള്ള രണ്ടാമത്തെ കൃതി തിരൂരിനടുത്ത കൂട്ടായിയിൽ ജീവിച്ചിരുന്ന മാനക്കാൻറകത്ത് കുഞ്ഞിക്കോയത്തങ്ങളുടെ രചനയായ വലിയ നസ്വീ ഹത്ത് മാലയാണെന്ന് 'മോയിൻകുട്ടി വൈദ്യരുടെ കൃതികൾ: ഭാഷയും വ്യവഹാരവും' എന്ന കൃതിയിൽ ഈ ലേഖകൻ നിരീക്ഷിച്ചിരുന്നു.

മുഹ്​യുദ്ദീൻ മാലക്കുശേഷം രചിക്കപ്പെട്ട കുഞ്ഞായിൻ മുസ്​ലിയാരുടെ 'നൂൽമദ്ഹ്' എന്ന കാവ്യത്തെയാണ് ഒ. ആബു മുതലുള്ള അറബിമലയാള സാഹിത്യ ചരിത്രകാരന്മാർ അറബിമലയാളത്തിലെ രണ്ടാമത്തെ കൃതിയായി പരിഗണിച്ചുവന്നിരുന്നത്. 'ഈ രണ്ടു കൃതികൾക്കുമിടയിൽ 130 വർഷത്തെ വിടവ് കാണപ്പെടുന്നതായി' അവർ പറയുന്നുണ്ട്.

നസ്വീഹത്ത് മാലയുടെ കാലം

വലിയ നസ്വീഹത്ത് മാലയുടെ അന്ത്യപാദങ്ങളിൽ കാണുന്ന പരാമർശത്തിൽനിന്ന്​ ആ കാവ്യം സി.ഇ 1642 ൽ രചിക്കപ്പെട്ടതാണെന്ന് അനുമാനിക്കാൻ പ്രയാസമില്ല. സി.ഇ-1890ൽ (ഹിജ്റ1308) തിരൂരങ്ങാടിയിലെ 'മഫാതീഹുൽ ഹദിയ്യ' പ്രസിൽ അച്ചടിച്ച പതിപ്പിൽ കാണുന്ന വരികൾ നോക്കുക:

'കൊഞ്ചം ഇവ മൊളിന്തെ  കാലം ഉരത്തിടുവേൻ  കേപ്പീൻ ഹസാറും പിന്നാ        ഖംസീൻ ഇതിയിൽ രണ്ടും  തഞ്ചം മയ്ന ചൊല്ലാം  സഫറും നവ വെള്ളിയിൽ  സാദാ ഉറുദി കൊഞ്ചം  ചൊല്ലി നിറുത്തി ആമീൻ'  

ഈ പരാമർശത്തിൽനിന്നും സി.ഇ 1642നു സമാനമായ ഹിജ്റ വർഷം 1052 സഫർ ഒമ്പതിനാണ് കാവ്യരചന പൂർത്തിയായതെന്ന് വ്യക്​തമാകുന്നുണ്ട്. അങ്ങനെ വരുമ്പോൾ മുഹ്​യുദ്ദീൻമാലക്കും വലിയ നസ്വീഹത്ത് മാലക്കും ഇടയിലുള്ള അകലം 35 വർഷം മാത്രമാണെന്ന് കണ്ടെത്താനാവും. എെൻറ ഗ്രന്ഥത്തിൽ മുന്നോട്ടു ​െവച്ച ഈ നിഗമനത്തെ വിമർശിച്ചുകൊണ്ട് കാവ്യത്തിൽ കാണുന്നത്, കൊല്ലവർഷമാണെന്നും സി.ഇ. 1877നെയാണ് അത് വിവക്ഷിക്കുന്നതെന്നും ചെപ്പ്​ ലക്കം 553ൽ ഒരു ലേഖകൻ വാദിക്കുന്നുണ്ട്. (വലിയ നസ്വീഹത്ത് മാലയും ചില വസ്​തുതകളും -എൻ.കെ. ശമീർ, കരിപ്പൂർ). ഈ അഭിപ്രായം അൽപം സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

രചയിതാവിെൻറ പേര്, രചനാകാലം, കാവ്യരചനയുടെ ഉദ്ദേശ്യം, പ്രതിപാദ്യ വിഷയം, അതു പാരായണം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ, അവലംബമാക്കുന്ന മൂലകൃതി തുടങ്ങിയവ സംബന്ധിച്ച സൂചനകൾ കാവ്യത്തിനകത്തുതന്നെ പരാമർശിക്കുന്ന പതിവ് പഴയ അറബിമലയാളകാവ്യങ്ങളിൽ കാണാം. കവികൾ ഈ രീതി സ്വീകരിച്ചിരുന്നത് പ്രാചീന തമിഴിലെയും, അറബിത്തമിഴിലെയും കൃതികളെ മാതൃകയാക്കിയാണ്. തമിഴ് വൈയാകരണന്മാരിൽ പ്രമുഖനായ ഭവനന്ദിയുടെ 'നന്നൂലിൽ' നിഷ്​കർഷിക്കുന്ന ഗ്രന്ഥലക്ഷണ പരാമർശങ്ങളിൽ ഇവയ്ക്ക് മുഖ്യസ്​ഥാനമുണ്ടായിരുന്നു. മലയാള കാവ്യഭാഷയിൽ സംസ്​കൃതത്തിെൻറ അതിപ്രസരമുള്ള മണിപ്രവാളശൈലിക്ക്​ പ്രാധാന്യം കൈവന്നതോടെ ഭാഷാകവികൾ ഇവയെല്ലാം ഉപേക്ഷിച്ചു. അപ്പോഴും അറബിമലയാള കവികൾ സംരക്ഷിച്ചുപോന്ന ഈ ദ്രാവിഡ കാവ്യപാരമ്പര്യത്തിെൻറ തെളിവുകളാണ് അവയിൽ കാണുന്ന ഇത്തരം സൂചനകൾ.

മേൽ പരാമർശിച്ച ഘടകങ്ങളിൽതന്നെ രചനാകാലം സംബന്ധമായ സൂചനകൾ നൽകുന്ന പതിവ് നന്നൂലിലെ നിർദേശങ്ങളിൽനിന്നു വ്യത്യസ്​തമായി അറബി മലയാളകവികൾ സ്വീകരിച്ചതായിരുന്നു. നന്നൂൽ പൊതുപ്പായിരത്തിലോ, ചിറപ്പൂപ്പായിരത്തിലോ അതു നൽകാൻ ആവശ്യപ്പെടുന്നില്ല. കൃതികളിൽ കാലസൂചന നൽകുന്നതിന് കൊല്ലവർഷമോ, ഹിജ്റ വർഷമോ ആണ് കവികൾ അവലംബിച്ചിരുന്നത്. ഇവയിൽ ഹിജ്റ വർഷത്തിനു തന്നെയാണ് മിക്ക കവികളും ഊന്നൽ നൽകിയിരുന്നത്. പരാമർശം കൊല്ലവർഷമാണെങ്കിൽ അതു കൃത്യമായി സൂചിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ചെപ്പിൽ ലേഖകൻ ഉന്നയിക്കുന്ന മട്ടിൽ കൊല്ലവർഷവും, ഹിജ്റ മാസവും കൂടി കൂട്ടിക്കുഴച്ചു പ്രയോഗിക്കുന്ന രീതി ഒറ്റപ്പെട്ട രചനകളിൽ കണ്ടേക്കാം. അതിനെ സാമാന്യവത്​കരിക്കാൻ പോന്ന തെളിവുകളില്ലെന്നു ചുരുക്കം. ലേഖകൻ ഉദാഹരണമായി ചൂണ്ടിക്കാണിച്ച, ഉസ്​വത്ത് മാല എന്ന അതേ കർത്തൃകാവ്യത്തിൽ അത് 'മലൈബാർ കൊല്ലമാണെന്ന്' കവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഹ്​യുദ്ദീൻമാല, രിഫാഇ മാല, മഹ്​മൂദ് മാല, മിസ്​ബാഹുൽ ഫുആദ്, വലിയ ജിൻപട എന്നീ കൃതികളിലെല്ലാം 'കൊല്ലം', 'മലയാം കൊല്ലം', 'മലൈബാർ കൊല്ലം', 'മലയാളം കൊല്ലം' എന്നിങ്ങനെയുള്ള സൂചനകൾ ചേർത്തുകൊണ്ടാണ് കൊല്ലവർഷം പരാമർശിക്കുന്നത്. മറുഭാഗത്ത് കുഞ്ഞായിൻ മുസ്​ലിയാരുടെ 'നൂൽ മദ്ഹ്', ഖാസിയാരകത്ത് കുഞ്ഞാവയുടെ 'ഫുതൂഹുൽ ബഹ്നസ്​', ശുജായി മൊയ്തു മുസ്​ലിയാരുടെ 'സഫലമാല', മമ്പാട്ട് കുഞ്ഞിരായിെൻറ 'ബദർമാല' എന്നിങ്ങനെയുള്ള അസംഖ്യം കാവ്യങ്ങളിൽ ഹിജ്റ വർഷത്തിന് പ്രാമുഖ്യം നൽകുന്നു.

മഹാകവി മോയിൻകുട്ടി വൈദ്യരാകട്ടെ, ഹിജ്റ വർഷവും മലയാളവർഷവും മാസം, തീയതി, ദിവസം എന്നിങ്ങനെയുള്ള സൂക്ഷ്മവിവരങ്ങളോടെ നൽകുന്നു. ഈ കാവ്യങ്ങളെല്ലാം പരിശോധിച്ചാൽ 'കൊല്ലവർഷം' എന്നു പ്രത്യേക സൂചന നൽകാതെയുള്ള പരാമർശങ്ങളിലെല്ലാം അത് ഹിജ്റ വർഷത്തെയാണ് കുറിക്കുന്നതെന്ന് കണ്ടെത്താൻ സാമാന്യ യുക്തിയേ, ആവശ്യമുള്ളൂ. വലിയ നസ്വീഹത്ത് മാലയിലാകട്ടെ, വർഷത്തോടൊപ്പം ഹിജ്റ മാസവും കൂടി വ്യക്​തമാക്കിയിരിക്കുന്ന കാര്യവും പരിഗണനയർഹിക്കുന്നു.

കാവ്യകർത്താവിനെയും, രചനാകാലത്തെയും കുറിച്ചന്വേഷിക്കുമ്പോൾ പ്രഥമ േസ്രാതസ്സായ കൃതി നൽകുന്ന വിവരങ്ങൾ തന്നെയാണ് പ്രധാനം. വാമൊഴിയായി പകർന്നുകേട്ട കഥകൾക്ക് ഗവേഷകർ കുറഞ്ഞ പ്രാധാന്യമേ കൽപിക്കേണ്ടതുള്ളൂ. ഒരു ജീവിതം മുഴുവൻ മാപ്പിളസാഹിത്യ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി സമർപ്പിക്കുകയും, നൂറോളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത കെ.കെ. മുഹമ്മദ് അബ്​ദുൽ കരീമും, പ്രമുഖ പണ്ഡിതൻ സി.എൻ. അഹ്​മദ് മൗലവിയും ചേർന്നു രചിച്ച 'മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യത്തിലെ' ചില ചെറിയ പിഴവുകൾ എടുത്തുകാണിച്ച് അതൊരു 'അബദ്ധപഞ്ചാംഗ'മാണെന്ന് സമീപകാലത്ത് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിെൻറ ചുവടുപിടിച്ച്, ഈ ലേഖക​െൻറ വീക്ഷണത്തെ വിമർശിക്കുന്ന കുറിപ്പുകാരൻ പ്രസ്​തുത കൃതിയിൽ കണ്ടെത്തുന്ന 'സ്​ഖലിതം' വലിയ നസ്വീഹത്ത് മാലയുടെ കർത്താവിെൻറ കുടുംബപ്പേരിലാണ്. 'മാനക്കാൻറകത്ത്' എന്നതു ശരിയല്ലെന്നും, 'മാനക്കാനകത്ത്' എന്നാണ് വേണ്ടതെന്നുമാണ് അദ്ദേഹ ത്തിെൻറ കണ്ടുപിടിത്തം. അതിനു നിരത്തുന്ന തെളിവാകട്ടെ, അങ്ങനെയൊരു കുടുംബപ്പേര് ഇപ്പോൾ നിലവിലുണ്ടെന്ന വാദവും!

വലിയ നസ്വീഹത്തുമാലയുടെ അച്ചടിക്കപ്പെട്ട ആദ്യ പ്രതിയാകാനിടയുള്ള ഹിജ്റ 1308 ലെ പതിപ്പാണ് കരീം മാസ്​റ്റർ അവലംബമാക്കിയിരുന്നത്. അദ്ദേഹത്തിെൻറ ശേഖരത്തിൽനിന്നുള്ള കൃതിയുടെ പകർപ്പുതന്നെയാണ് ഈ ലേഖകനും ആശ്രയിച്ചിരുന്നത്. അതിെൻറ ആമുഖത്തിലും അവസാനഭാഗത്തുമുള്ള പരാമർശങ്ങളിൽ 'മാനക്കാൻറകത്ത് കുഞ്ഞിക്കോയത്തങ്ങൾ' എന്നു തന്നെ വ്യക്​തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം മാപ്പിളസാഹിത്യപാരമ്പര്യത്തിൽ ഇല്ലാത്ത സ്​ഖലിതങ്ങൾ ആരോപിക്കുന്ന കുറിപ്പുകാരൻ പ്രസ്​തുത കൃതിയിൽ കുഞ്ഞിക്കോയത്തങ്ങളുടെ ജീവിതകാലത്തെക്കുറിച്ചുള്ള പരാമർശം കാണാതെ പോവുകയും ചെയ്യുന്നു. 'ഹിജ്റ 1000 വർഷത്തിനടുത്ത കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന്' സംശയലേശമന്യേ അതിൽ പരാമർശമുണ്ട്. മാപ്പിളപ്പാട്ടിലെ പുരാതന കൃതികളുടെ ഗണത്തിലാണ് കേരള സാഹിത്യ ചരിത്രത്തിൽ മഹാകവി ഉള്ളൂരും കുഞ്ഞിക്കോയത്തങ്ങളുടെ കൃതിയെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും ഇവിടെ സ്​മരണീയമേത്ര.

ഇശൽ സംജ്​ഞകൾ

വലിയ നസ്വീഹത്തുമാലയിൽ ചേർത്തുകാണുന്ന ഇശൽ സംജ്​ഞകളിൽ ഒപ്പനച്ചായൽ, ഒപ്പനമുറുക്കം, കപ്പപ്പാട്ട് എന്നിവ കടന്നുവരുന്നത് കാണാം. അവ അന്നു പ്രചാരത്തിലിരുന്ന ജനപ്രിയ ഇശലുകൾ എന്ന നിലയിൽ പ്രസാധകർ എടുത്തു ചേർത്തതാവാമെന്ന എെൻറ നിഗമനമാണ് കുറിപ്പുകാരന് ഉൾക്കൊള്ളാൻ കഴിയാത്ത മറ്റൊരു കാര്യം. ഇതും അൽപം വിശദമാക്കേണ്ടിയിരിക്കുന്നു. മലബാറിലെ മുസ്​ലിം ഗൃഹങ്ങളിൽ ഒരുകാലത്ത് മുഹ്​യുദ്ദീൻമാലക്ക്​ തുല്യമായ ആസ്വാദകർ ഈ കാവ്യത്തിനുണ്ടായിരുന്നു. കൃതിയുടെ ആമുഖത്തിൽ പ്രസാധകർ നൽകുന്ന ഉള്ളടക്ക സൂചന നോക്കുക: 'ഇതാകുന്നത് വലിയ നസ്വീഹത്ത് മാല എന്ന പാട്ടായിരിക്കും. ഈ പാട്ട് മാനക്കാൻറകത്ത് കുഞ്ഞിക്കോയത്തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും, എല്ലാ ഇസ്​ലാമായ ആണും പെണ്ണും പാടി അറിഞ്ഞ് വഴിപ്പെടേണ്ടതിലേക്കുള്ള മൗത്ത്, ഖബർ, മഹ്ശറ, സിറാത്ത് ഇവകളിലുള്ള അദാബ് കൊണ്ടും, സ്വർഗം, തൃക്കല്ല്യാണം, ലിഖാ മുതലായതുകൊണ്ടുള്ള പൊലിവ് നിഅ്മത്തുകളെക്കൊണ്ടും മറ്റും അതിശയത്തിൽ അദൃപ്പമായ പാട്ടായിരിക്കും. പാടി നോക്കിയാൽ അറിയുന്നതാകുന്നു'. കൃതി അച്ചടിക്കപ്പെട്ട 19ാം നൂറ്റാണ്ടിെൻറ അന്ത്യദശകത്തിലെ മുസ്​ലിം സാമൂഹിക ചുറ്റുപാടുകളുമായി ചേർത്തുവായിക്കുമ്പോഴാണ് ഈ ആമുഖക്കുറിപ്പിെൻറ പ്രാധാന്യം വ്യക്​തമാവുക. ലളിതമായ ഭാഷയിൽ ആത്്മീയ വിഷയങ്ങൾ ഉപദേശരൂപേണ പ്രതിപാദിക്കുന്ന ഈ കാവ്യം സാധാരണക്കാർക്കിടയിൽ എളുപ്പം പ്രചാരം നേടി. ഓരോ കാവ്യവും രചിക്കുമ്പോൾ, അതിനുമുമ്പുള്ള ജനപ്രിയ കാവ്യങ്ങളിലെ, പ്രഥമ പാദത്തിലെ ഒന്നോ രണ്ടോ പദങ്ങൾ ഇശൽസംജ്ഞകളായി നൽകുന്ന പതിവുണ്ട്. കാവ്യം ഏതുമട്ടിൽ ആലപിക്കണമെന്നതിെൻറ സൂചന മാത്രമാണിത്. അതിന് കൃതിയുമായി മറ്റു ബന്ധമൊന്നുമില്ല. ഉദാഹരണത്തിന് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ രചിക്കപ്പെട്ട അസംഖ്യം മാപ്പിളപ്പാട്ടുകളിൽ കാണുന്ന ഒരു ഇശൽ സംജ്ഞയാണ് 'പൂമകളാനെ' എന്നത്. വൈദ്യരുടെ ബദറുൽമുനീർ കാവ്യത്തിലെ ഏഴാം ശീലിെൻറ തുടക്കമാണത്.

എന്നാൽ, പ്രസ്​തുത കാവ്യത്തിൽ വൈദ്യർ നൽകുന്ന ഇശൽ സംജ്ഞ 'ആരംബ' എന്നാണ്. അറബിത്തമിഴ് കാവ്യമായ 'സഖൂം പടൈപ്പോറിെൻറ' സ്വതന്ത്ര വിവർത്തനമായ 'സഖൂം പടപ്പാട്ടിൽ' നിന്നാണ് കവി അതു സ്വീകരിക്കുന്നത്. സഖൂമിലെ ഇശൽ സൂചനയാവട്ടെ, 'കഞ്ചലവിരുത്തം' എന്നതും. എന്നാൽ, എല്ലാ കാവ്യങ്ങളിലും ഇത്തരം ഇശൽ സൂചനകളുണ്ടാവുമെന്നു കരുതാനാവില്ല. അങ്ങനെയൊരു നടപ്പുണ്ട് എന്നേ അർഥമാക്കേണ്ടതുള്ളൂ. ഖാദി മുഹമ്മദ് മുഹ്​യുദ്ദീൻമാലക്കും, കുഞ്ഞായിൻ മുസ്​ലിയാർ കപ്പപ്പാട്ടിനും ഇശൽ സംജ്ഞകൾ നൽകിയിട്ടില്ലെന്നോർക്കുക! ഈ വസ്​തുതകൾ പരിഗണിക്കുമ്പോൾ, ഒരു പ്രാചീനകാവ്യത്തിൽ പ്രസാധകർ സൗകര്യാർഥം ചില ഇശൽസൂചനകൾ നൽകുന്നത് വലിയ പാതകമൊന്നുമല്ലല്ലോ. അറബിമലയാള കൃതികളുടെ മുദ്രണം ആരംഭിച്ചത് 1867നടുത്ത് മാത്രമാണെന്ന് ഒ. ആബുവിനെ ഉദ്ധരിച്ചുകൊണ്ട് ലേഖകൻ എഴുതുന്നുണ്ട്. ഇതും പൂർണമായും ശരിയാണെന്നു കരുതാൻ വയ്യ. കേരളത്തിൽ അറബിമലയാള അച്ചടിക്ക് തുടക്കം കുറിച്ച കാലം മാത്രമാണത്. പ്രവാചക​െൻറ വൈദ്യവിധികൾ വിവരിക്കുന്ന 'തിബ്ബുന്നബിയ്യ്' എന്ന ഗദ്യകൃതി 1840ൽ തന്നെ അച്ചടിക്കപ്പെടുന്നുണ്ട്. അതു മുംബൈയിൽ ​െവച്ചാണെന്നു മാത്രം. അറബിമലയാളത്തിലെ പ്രഥമ നബിചരിത്രമായ 'അക്ബാറുൽ അഹമ്മദിയ്യ', പാടൂർ കോയക്കുട്ടിത്തങ്ങളുടെ 'മനാസികുൽ മലൈബാരി ഫീ ഹജ്ജി ബൈത്തില്ലാഹിൽബാരി' തുടങ്ങിയ കൃതികളും ആദ്യകാലത്ത് മുംബൈയിൽ അച്ചടിക്കപ്പെട്ടിട്ടുണ്ട്. കൃതിയുടെ പകർപ്പവകാശ സംബന്ധമായ, സൂചനകളും രചനാകാലവുമായി ബന്ധിപ്പിച്ചുകൊണ്ട് ലേഖകൻ പറയുന്ന കാര്യങ്ങളും അപ്രസക്​തമത്രെ. നസ്വീഹത്ത് മാലയുടെ 1946ലെ പതിപ്പാണ് അദ്ദേഹം അവലംബമാക്കുന്നത്. അതിൽ കൃതിയുടെ പകർപ്പവകാശം തലശ്ശേരി കാരക്കൽ സൈതാലിക്കും അദ്ദേഹത്തിെൻറ കാലശേഷം മകൻ കാരക്കൽ അബ്​ദുല്ലക്കും നിയമാനുസൃതം സിദ്ധിച്ചതാണെന്നും ഇവരുടെ ജീവിതകാലം കഴിഞ്ഞ നൂറ്റാണ്ടിെൻറ ആദ്യദശകങ്ങളിലായതിനാൽ, ഈ കാവ്യത്തിനും പഴക്കം കുറവാണെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. എന്നാൽ, കാരക്കൽ സൈതാലിക്ക് ആ അവകാശം ആരു നൽകി എന്ന് കുറിപ്പുകാരൻ വ്യകതമാക്കുന്നുമില്ല. നസ്വീഹത്തുമാലയുടെ, ഞാൻ പരിശോധിച്ച 1890ലെ പതിപ്പിൽ അതിെൻറ പ്രസാധകനായ സൂഫിക്കാവീട്ടിൽ അബ്​ദുറഹ്മാൻ എന്ന ഇമ്പിച്ചിക്കോയത്തങ്ങൾ പ്രസാധനത്തിനുള്ള തീരവകാശം തനിക്കു സിദ്ധിച്ചതായി രേഖപ്പെടുത്തുന്നുണ്ട്.ഇത്തരം അവകാശ വാദങ്ങളെ മാത്രം മുൻനിർത്തി കൃതികളുടെ രചനാകാലം ഉറപ്പിക്കുക വയ്യ. പ്രസാധനത്തിനുള്ള തീരവകാശം ഗ്രന്ഥകാരൻ തന്നെ നൽകിയതാ വണമെന്നുമില്ല. നസ്വീഹത്തുമാല മാത്രമല്ല, മുഹ്​യുദ്ദീൻ മാല, രിഫാഇ മാല, കപ്പപ്പാട്ട് തുടങ്ങിയ ഈ മേഖലയിലെ ആദ്യകാല രചനകളും പ്രാചീന മലയാള കാവ്യങ്ങളും, അവയുടെ രചനക്കുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് അച്ചടിക്കപ്പെട്ടവയാണ്. അവയുടെ പകർപ്പവകാശം പ്രസാധകർക്കു കൈമാറിയിട്ടുണ്ടാവുക ഗ്രന്ഥകർത്താക്കളുടെ അനന്തര തലമുറയിൽപ്പെട്ടവരോ, കൃതി കണ്ടെടുക്കുന്നവരോ ആയിരിക്കുമെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു.

ഭാഷാപിതാവായ എഴുത്തച്ഛ​െൻറ ദേശത്തിനും കാലത്തിനുമടുത്ത് ജീവിച്ച കുഞ്ഞിക്കോയത്തങ്ങളുടെ മറ്റു കൃതികൾ കണ്ടെടുത്തു പഠനവിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇനി നടക്കേണ്ടത്. അതിനപ്പുറമുള്ള വിവാദങ്ങൾക്കു പ്രസക്​തിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naseehath malafolkloremalappaattukal
Next Story