Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമോബോക്രസി കാലത്തെ...

മോബോക്രസി കാലത്തെ ദേശീയഗാനം

text_fields
bookmark_border
മോബോക്രസി കാലത്തെ ദേശീയഗാനം
cancel

ആഫ്രോ-അമേരിക്കന്‍ നേതാവും ലോകമെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ-ആത്മീയ പ്രചോദനവുമായ മാല്‍കം എക്സിന്‍െറ ആത്മകഥ മുന്‍നിര്‍ത്തി 1992ല്‍ പുറത്തിറങ്ങിയ സിനിമയാണ് സ്പൈക്ക് ലീ സംവിധാനം ചെയ്ത 'മാല്‍കം എക്സ്.' പ്രസ്തുത സിനിമ ആരംഭിക്കുന്നതുതന്നെ അമേരിക്കന്‍ പതാക നാലു മൂലകളില്‍നിന്ന് കത്തി 'എക്സ്' എന്ന് രൂപം പ്രാപിക്കുന്നതായി കാണിച്ചുകൊണ്ടാണ്. അമേരിക്കന്‍ ദേശീയതക്കെതിരെയും അതിന്‍െറ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വെള്ള വംശീയതക്കെതിരെയുമുള്ള മാല്‍കം എക്സിന്‍െറ തീപ്പൊരി പ്രസംഗങ്ങള്‍ പ്രസ്തുത ചിത്രത്തിലുണ്ട്.

ഇനിമുതല്‍ തിയറ്ററുകളില്‍ സിനിമ തുടങ്ങുംമുമ്പ് ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിച്ചിരിക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് വന്ന വാര്‍ത്ത കേട്ടയുടന്‍ മനസ്സില്‍ വന്നത് പ്രസ്തുത സിനിമയാണ്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ് ഘോഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. ദേശീയഗാനം തിയറ്ററുകളില്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ എല്ലാവരും ദേശീയ ഗാനത്തോട് ആദരവ് കാണിക്കാന്‍ എഴുന്നേറ്റുനില്‍ക്കണമെന്നും ദേശീയ ഗാനത്തോടുള്ള അനാദരവ് ഉണ്ടാവാതിരിക്കാന്‍ തിയറ്റര്‍ ഹാളിന്‍െറ പുറത്തേക്കും അകത്തേക്കുമുള്ള കവാടങ്ങള്‍ അടക്കണമെന്നും ആ സമയം സ്ക്രീനില്‍ ദേശീയ പതാക കാണിച്ചിരിക്കണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്. ടി.വി ഷോകളിലും സിനിമകളിലും ദേശീയഗാനം ദുരുപയോഗം ചെയ്യപ്പെടുന്നതു കണ്ട് ഭോപാലിലെ ശ്യാം നാരായണ്‍ ചൗസ്കി കഴിഞ്ഞ മാസം നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേട്ട കോടതി, ദേശീയഗാനം സാമ്പത്തിക നേട്ടങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നതും നൃത്തങ്ങളുടെയോ മറ്റ് ആവിഷ്കാരങ്ങളുടെയോ അകമ്പടിയോടെ ദേശീയഗാനം കേള്‍പ്പിക്കുന്നതും ആലപിക്കുന്നതും തെറ്റാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ദേശീയ ഗാനത്തിന്‍െറ സംഗ്രഹം ഉപയോഗിക്കുന്നത് വിലക്കുന്നതടക്കം ഏഴു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചകോടതി കേസിന്‍െറ ഇനിയുള്ള വാദം അടുത്ത ഫെബ്രുവരിയില്‍ ആയിരിക്കുമെന്നും പ്രസ്താവിച്ചിട്ടുണ്ട്.

സിനിമഹാളുകളില്‍ ദേശീയഗാനം കേള്‍പ്പിക്കല്‍ 1960കളില്‍ നിര്‍ബന്ധമായിരുന്നു. മള്‍ട്ടിപ്ളെക്സുകളുടെയും മറ്റും ആവിര്‍ഭാവത്തോടെ സിനിമ കാണുന്ന രീതി മാറിയതോടെ അത്തരമൊരു രീതി പതിയെ അപ്രത്യക്ഷമായി. 2003ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സിനിമഹാളുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്കൂളുകളില്‍ ദേശീയഗാനം ആലപിക്കണം എന്ന ആവശ്യം മുന്‍നിര്‍ത്തി മദ്രാസ് ഹൈകോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയില്‍ സ്വകാര്യ സ്കൂളുകളിലും ദേശീയഗാനം കരിക്കുലത്തിന്‍െറ ഭാഗമാക്കണമെന്നു നിര്‍ദേശിക്കുകയുണ്ടായി.

ഭരണഘടനയുടെ അനുച്ഛേദം 51 'എ'യില്‍ പൗരന്‍െറ കടമകളില്‍പെട്ട ഒന്നായാണ് ദേശീയ ചിഹ്നങ്ങളായ ദേശീയഗാനം, ദേശീയപതാക തുടങ്ങിയവയെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പറയുന്നത്. പൗരന്‍െറ കടമകള്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പിക്കേണ്ട ഒന്നാണോ എന്ന മൗലിക ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു. മാത്രവുമല്ല, തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുവഴി കൃത്രിമമായി ഉണ്ടാക്കേണ്ട ഒന്നാണോ രാജ്യസ്നേഹം?

രണ്ടു വര്‍ഷം മുമ്പായിരുന്നു തിരുവനന്തപുരത്ത് തിയറ്ററില്‍ ദേശഭക്തിഗാനം കേള്‍പ്പിക്കവേ കൂവിയെന്ന് ആരോപിച്ച് സല്‍മാന്‍ മുഹമ്മദെന്ന യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും പൊലീസ് അര്‍ധരാത്രി വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോവുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കപ്പെട്ടപ്പോള്‍ എഴുന്നേറ്റില്ളെന്നു പറഞ്ഞ് ഒരു മുസ്ലിം കുടുംബത്തെ ജനക്കൂട്ടം തിയറ്ററില്‍നിന്ന് ഇറക്കിവിട്ടതും വാര്‍ത്തയാവുകയുണ്ടായി. രാജ്യദ്രോഹക്കുറ്റം സര്‍വസാധാരണമാവുകയും ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തുകയും പാകിസ്താനിലേക്ക് പോവാന്‍ ആക്രോശിക്കുകയും ചെയ്യുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍നിന്നുകൊണ്ടുവേണം സുപ്രീംകോടതിയുടെ ഈ വിധി വായിക്കേണ്ടത്. 'ഭരണഘടനാപരമായ രാജ്യസ്നേഹത്തിന്‍െറ ചിഹ്നമാണ് ദേശീയഗാനമെന്നു ജനങ്ങള്‍ മനസ്സിലാക്കേണ്ട സമയമാണിതെന്നും അവയോട് ആദരവ് കാണിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്നും വ്യക്തിപരമായോ മറ്റോ മറ്റൊരു വീക്ഷണം വെച്ചുപുലര്‍ത്താന്‍ ഭരണഘടന അനുവദിക്കുന്നില്ല എന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍തന്നെ അതിനെ പ്രശ്നവത്കരിക്കേണ്ടതുണ്ട്.

1986ല്‍ തങ്ങളുടെ മതവിശ്വാസം അനുവദിക്കുന്നില്ല എന്നതിനാല്‍ ദേശീയഗാനം ചൊല്ലാതിരിക്കാനുള്ള അവകാശത്തെ ചൊല്ലി കോടതി കയറിയ യഹോവ സാക്ഷികളുടെ കേസ് (ബിജോ ഇമ്മാനുവല്‍ വേഴ്സസ് യൂനിയന്‍ ഓഫ് ഇന്ത്യ) മാത്രമാണ് ഈ വിഷയത്തില്‍ അവലംബിക്കാനാവുന്ന ഒരേയൊരു കേസ്. കേസില്‍ പരാതിക്കാരുടെ വാദത്തെ കേരള ഹൈകോടതി നിരാകരിച്ചപ്പോള്‍ ഭരണഘടനയിലെ വിശ്വാസ സ്വാതന്ത്ര്യത്തെ കുറിക്കുന്ന വകുപ്പ് 25 പരാമര്‍ശിച്ച് ഹരജിക്കാര്‍ക്ക് അനുകൂലമായിട്ടാണ് അന്ന് സുപ്രീംകോടതി വിധിയുണ്ടായത്. ഹരജിക്കാരായ കുട്ടികള്‍ സ്കൂളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവോടെ എഴുന്നേറ്റുനില്‍ക്കാറുണ്ടെന്നും എന്നാല്‍, ദേശീയഗാനം ഏറ്റു ചൊല്ലാതിരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത വിധിയുണ്ടായത്. മതവിശ്വാസികളല്ലാത്ത, ദേശീയതയോടും ദേശരാഷ്ട്ര വ്യവസ്ഥകളോടും രാഷ്ട്രീയ വിയോജിപ്പുകള്‍ ഉള്ളവര്‍ക്ക് ദേശീയഗാനം ചൊല്ലാതിരിക്കാനോ എഴുന്നേല്‍ക്കാതിരിക്കാനോ ഉള്ള അവകാശം ഭരണഘടന അനുവദിക്കില്ളേ? നിര്‍ഭാഗ്യവശാല്‍ അത്തരമൊരു വിയോജിപ്പിനുള്ള അവകാശം ഇല്ളെന്നു മാത്രമല്ല, തിയറ്ററുകള്‍ ആള്‍ക്കൂട്ടത്തിന്‍െറ ഭൂരിപക്ഷ ദേശീയ ബോധ്യത്തിനു വിട്ടുകൊടുക്കുകയാണ് ഇപ്പോഴത്തെ കോടതിവിധിയിലൂടെ സംഭവിച്ചത്. പലപ്പോഴും അത്തരം വിയോജിപ്പുകളെ, ജസ്റ്റിസ് സച്ചാര്‍ അടക്കമുള്ള ആദരണീയരായ പല നിയമജ്ഞരും എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കൊളോണിയല്‍ നിയമമായ രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തിക്കൊണ്ടാണ് ഭരണകൂടം നേരിടാറുള്ളത്. നേരത്തേ സൂചിപ്പിച്ച സല്‍മാന്‍െറ കേസ് അത്തരത്തിലുള്ള ഒന്നാണ്.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന നിയമനിര്‍മാണം നടത്താന്‍ ഭരണഘടനാപരമായി കോടതിക്ക് അധികാരമുണ്ടോ എന്ന ചോദ്യവും പ്രസക്തംതന്നെ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ ഓര്‍ഡറില്‍ ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നു നിര്‍ദേശം പറയുന്നുണ്ടെങ്കിലും 'നിയമ ലംഘനം' നടത്തുന്നവര്‍ക്ക് ശിക്ഷകള്‍ ഒന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഭരണഘടന ദേശീയതയോടും ദേശീയ ചിഹ്നങ്ങളോടും വിയോജിപ്പ് പുലര്‍ത്തുന്നവര്‍ക്ക് അവരുടെ വിയോജിപ്പിനുള്ള അവകാശത്തെക്കുറിച്ച് മൗനംപാലിക്കുമ്പോള്‍ അമേരിക്കന്‍ പരമോന്നത കോടതിയുടെ രണ്ടു വിധികള്‍ പ്രസക്തമാണ്. അബ്രാംസ് V/s യു.എസ് (1919), ടെക്സസ് V/s ജോണ്‍സണ്‍ (1989) എന്നീ കേസുകളില്‍ ഭൂരിപക്ഷം ജനങ്ങള്‍ പിന്തുടരുന്ന ഭരണകൂടത്തോടുള്ള വിധേയത്വം/കൂറ്, ദേശീയ ചിഹ്നങ്ങളോട് ആദരവ് പുലര്‍ത്താത്തതിനുള്ള ശിക്ഷകള്‍ ഇവയെയെല്ലാം നിരാകരിക്കുന്ന (ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ വിയോജിപ്പുകളെയും ഉള്‍ക്കൊള്ളുന്ന) സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

പൗരന്മാരെ ഭരണകൂടത്തോട് വിധേയത്വമുള്ള അച്ചടക്കമുള്ളവരായി വളര്‍ത്തിയെടുക്കുകയെന്നത് ദേശരാഷ്ട്ര വ്യവസ്ഥയുടെ പ്രത്യേകതകളില്‍ ഒന്നാണ്. അതുകൊണ്ട് സ്കൂളുകളും തിയറ്ററുകളും ദേശീയോദ്്ഗ്രഥന കേന്ദ്രങ്ങളാവുകയും ദേശീയഗാനവും ദേശീയചിഹ്നങ്ങളുമെല്ലാം അതിനുള്ള ഉപകരണങ്ങളാവുകയും ചെയ്യുന്നു. ബിജോ ഇമ്മാനുവല്‍ കേസില്‍, വിശ്വാസസ്വാതന്ത്ര്യം ദേശീയഗാനം ചൊല്ലാതിരിക്കാനുള്ള ഒഴികഴിവായി കോടതി കണ്ടുവെങ്കില്‍, രാഷ്ട്രീയ വിയോജിപ്പുകള്‍മൂലം ദേശീയഗാനം ചൊല്ലാതിരിക്കുകയും എഴുന്നേറ്റുനില്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ ഉള്‍ക്കൊള്ളാനുള്ള ബോധ്യംകൂടി നമുക്കുണ്ടാവേണ്ടതുണ്ട്. തിയറ്ററുകളില്‍ മാത്രമല്ല പൊതു ഇടങ്ങളിലും ഡെമോക്രസിയെക്കാള്‍ മോബോക്രസി വാഴുന്ന സമകാല ഇന്ത്യയില്‍ അത്തരമൊരു വിധി കോടതികളില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. ദേശീയതയിലും ദേശരാഷ്ട്ര വ്യവസ്ഥിതിയിലും അന്തര്‍ലീനമായ ഹിംസയെക്കുറിച്ചും അവ അപരവത്കരിക്കുന്ന സമൂഹങ്ങളെക്കുറിച്ചും അക്കാദമിക ലോകം ചര്‍ച്ചചെയ്യുമ്പോള്‍ തിയറ്ററുകളിലൂടെ ദേശസ്നേഹം വളര്‍ത്തുന്നതിനെക്കുറിച്ച് പറയുന്ന കോടതികള്‍ യഥാര്‍ഥത്തില്‍ സമകാലിക ഇന്ത്യയുടെ പരിച്ഛേദംതന്നെയാണ് കാണിക്കുന്നത്. l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemtheatersc verdict
News Summary - national anthem theater article
Next Story