ദേശീയ വിദ്യാഭ്യാസ നയം ആർക്കുവേണ്ടി?
text_fields'വിദ്യാഭ്യാസ മേഖല സമ്പൂർണമായും പരിഷ്കരിക്കുക' എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈ 29ന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസ നയം 2020നെ നരേന്ദ്ര മോദി സർക്കാർ വിദ്യാഭ്യാസരംഗത്ത് 2014 മുതൽ കൊണ്ടുവന്ന പദ്ധതികളുടെയും സമീപനങ്ങളുടെയും തുടർച്ചയെന്ന നിലയിൽ ചർച്ചചെയ്യുമ്പോഴാണ് അതിനു പിന്നിലെ ഒളി അജണ്ടകൾ പുറത്തുവരുന്നത്.
ദേശീയ വിദ്യാഭ്യാസ നയരേഖയുടെ രൂപവത്കരണത്തിലും നടപടിക്രമങ്ങളിലും വ്യക്തതകളില്ലാത്തത് കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നു. 2019 മേയ് 31ന് കസ്തൂരിരംഗൻ കമ്മിറ്റി സർക്കാറിന് സമർപ്പിച്ച 484 പേജുകളുള്ള കരടുരേഖയുടെ മേൽ വന്ന രണ്ടു ലക്ഷത്തിലധികം നിർദേശങ്ങൾ ഏതു മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്, നയരേഖയിലെ നിർദേശങ്ങളിലെത്താൻ കസ്തൂരിരംഗൻ സ്വീകരിച്ച നടപടിക്രമമെന്ത് തുടങ്ങിയ നയരൂപവത്കരണത്തിലെ അടിസ്ഥാന ചോദ്യങ്ങൾ വലിയ ആശങ്കകൾക്ക് വഴിവെക്കുന്നു. മാത്രമല്ല, ദേശീയപ്രാധാന്യമുള്ള ഇത്തരമൊരു നയരേഖ പാർലമെൻറ് ചർച്ചക്കു വിടാതെ നടപ്പിൽ വരുത്താനുള്ള കാബിനറ്റ് തിടുക്കം രേഖയുടെ രൂപവത്കരണത്തിലെ ജനാധിപത്യസ്വഭാവത്തെയും സുതാര്യതയെയുംതന്നെ ചോദ്യംചെയ്യുന്നുണ്ട്.
ഇന്ത്യൻ വിദ്യാഭ്യാസത്തെ വിപണിക്കു തീറെഴുതിക്കൊടുക്കുന്ന നവ ഉദാരീകരണ സമീപനമാണ് നയരേഖ മുന്നോട്ടുവെക്കുന്നത് എന്നതാണ് ഏറ്റവും അപകടകരം. വിദ്യാഭ്യാസരംഗത്ത് സ്വകാര്യ ജീവകാരുണ്യ പങ്കാളിത്തത്തെ (Philanthropic Private Partnership) പ്രോത്സാഹിപ്പിക്കണമെന്നുകൂടി പറയുന്നുണ്ട് നയരേഖ.
ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്ന നയരേഖ വിദ്യാഭ്യാസത്തെ സർക്കാറിെൻറ ഉത്തരവാദിത്തത്തിലുള്ള പൊതുസമ്പ്രദായവും പൗരെൻറ അവകാശവുമായി കാണുന്നതിനു പകരം കമ്പോള ചരക്കാക്കി മാറ്റുകയാണ്. ഇതോടെ സാമ്പത്തിക പിന്നാക്കസമൂഹങ്ങൾക്കു പ്രാപ്യമല്ലാത്തവിധം വാണിജ്യവത്കരിക്കപ്പെടുകയാണ് ഇന്ത്യൻവിദ്യാഭ്യാസം. 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ആക്ടോടെയാണ് മോദി സർക്കാർ ഇത്തരം ശ്രമങ്ങൾക്ക് തുടക്കംകുറിച്ചത്. അതേസമയം, വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണവും ഫീസ് വർധനയും നിയന്ത്രിക്കാനുള്ള ഒരു നിർദേശവും നയരേഖയിലില്ല.
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലേക്കു വരാൻ നിർദേശമുണ്ടെങ്കിലും അതിെൻറ കോഴ്സുകൾ, ഫീസ് ഘടന എന്നിവയെക്കുറിച്ച മൗനം കൂടുതൽ സംശയങ്ങൾക്കു വഴിവെക്കുന്നു. ഇന്ത്യയിലെ വരേണ്യവിഭാഗത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇത്തരം നയസമീപനങ്ങൾ ഗ്രാമീണ, പിന്നാക്ക വിദ്യാർഥിസമൂഹത്തെ അകറ്റിനിർത്തുമെന്നതിൽ സംശയമില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംവരണത്തെക്കുറിച്ച ശക്തമായ മൗനം ഇന്ത്യയിലെ സാമൂഹികനീതിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.
രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചനിരക്കിെൻറ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസത്തിന് നീക്കിവെക്കണമെന്ന് 1968ൽ വന്ന കോത്താരി കമീഷൻ നിർദേശിച്ചതും 1986ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെച്ചതുമാണ്. പ്രാവർത്തികമാക്കാൻ ബോധപൂർവമായ ശ്രമമില്ലാതെ പോകുന്ന ഈ വിഷയം വീണ്ടും ആവർത്തിക്കുന്നതിൽ എന്തുകാര്യം! മോദിസർക്കാർ ദേശീയ വരുമാനത്തിെൻറ 0.62 ശതമാനം മാത്രമാണ് ഒരു വർഷം വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നത്. ലോകത്തുതന്നെ വിദ്യാഭ്യാസഗവേഷണരംഗത്തെ ധനവിനിയോഗത്തിൽ ഇന്ത്യ വളരെ പിന്നിലാണ്.
എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ സ്‌കൂള്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസാവകാശ നിയമത്തിെൻറ പരിധി മൂന്നു വയസ്സു മുതൽ 18 വയസ്സ് വരെയാക്കിയ നിർദേശം തീർത്തും സ്വാഗതാർഹമാണ്. 2030ഓടെ നൂറ് ശതമാനം സ്കൂൾരംഗത്ത് നടപ്പാക്കുമെന്ന് നയരേഖ പറഞ്ഞുപോകുമ്പോഴും പ്രായോഗിക വ്യക്തത പ്രകടമാവുന്നുണ്ട്. കോത്താരി കമീഷൻ അവതരിപ്പിച്ചതും 1986ലെ ദേശീയ വിദ്യാഭ്യാസ നയരേഖ മുന്നോട്ടുവെച്ചതുമായ 10+2+3 ഘടന 5+3+3+4 എന്നായി പുതിയ നയരേഖ മാറ്റിയെഴുതിയിരിക്കുന്നു. കരിക്കുലം, കോ-കരിക്കുലം, എക്‌സ്ട്ര കരിക്കുലം വ്യത്യാസങ്ങള്‍ ഒഴിവാക്കി എല്ലാ വിഷയങ്ങളെയും പാഠ്യപദ്ധതിയുമായി സമന്വയിപ്പിക്കണമെന്നും സ്കൂൾതലത്തിലെ മൂല്യനിർണയം വിദ്യാർഥിയുടെ സമഗ്രവികസനത്തിെൻറ അടിസ്ഥാനത്തിലാക്കണമെന്നുമുള്ള നിർദേശങ്ങൾ സ്വാഗതാർഹമാെണങ്കിലും അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കപ്പെടുമെന്ന ചോദ്യം അവശേഷിക്കുന്നു. ബിരുദതലത്തിലെ മാറ്റത്തിൽ മൂന്നു വർഷ കാലാവധി നാലു വർഷമാക്കുന്നതും ഓരോ വർഷം പൂർത്തിയാക്കുമ്പോൾ തൊഴിലധിഷ്‌ഠിത സർട്ടിഫിക്കറ്റ് നൽകുന്നതും പൂർത്തിയാക്കിയാൽ റിസർച് ക്വാളിഫിക്കേഷൻ നൽകുന്നതും സമ്മിശ്ര പ്രതികരണമാണ് വിദ്യാർഥികളിലുണ്ടാക്കിയിട്ടുള്ളത്. നേരേത്ത ഡൽഹി സർവകലാശാലയിൽ നാലു വർഷ ബിരുദം നടപ്പാക്കിയപ്പോഴുണ്ടായ എതിർപ്പും തുടർന്നുണ്ടായ പിന്മാറ്റവും കാണാതിരുന്നുകൂടാ.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തുല്യാധികാരം നൽകി 1976ലെ നിയമ ഭേദഗതിയിലൂടെ കൺകറൻറ് ലിസ്റ്റിൽ വന്ന വിദ്യാഭ്യാസസംവിധാനത്തെഅധികാരകേന്ദ്രീകരണത്തിെൻറ ഉപാധിയാക്കി മാറ്റിയിരിക്കുകയാണ് പുതിയ നയരേഖ. യു.ജി.സി, എ.ഐ.സി.ടി.ഇ, നാക് തുടങ്ങിയവ ഒരൊറ്റ കുടക്കീഴിലേക്കു വരുന്നു. ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട് നാഷനൽ റിസർച് ഫൗണ്ടേഷൻ, സ്കൂൾ സംവിധാനം മൊത്തം കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ ശിക്ഷ ആയോഗ്- ഇങ്ങനെ പോകുന്നു അധികാരകേന്ദ്രീകരണത്തിെൻറ രൂപങ്ങൾ. അധികാരകേന്ദ്രീകരണമെന്ന ഫാഷിസ്റ്റ് തത്ത്വം വിദ്യാഭ്യാസമേഖലയിൽകൂടി പ്രാവർത്തികമാക്കുകയാണ് നരേന്ദ്ര മോദി. അമേരിക്ക, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ അധികാരവികേന്ദ്രീകരണം ഉൗർജിതമാക്കുേമ്പാഴാണ് വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും ഇന്ത്യയിൽ അധികാരകേന്ദ്രീകരണം തെരഞ്ഞെടുക്കുന്നത്.
കേന്ദ്രീകൃത വിദ്യാഭ്യാസസംവിധാനത്തെ മുേന്നാട്ടുവെക്കുന്ന ഈ ദേശീയ വിദ്യാഭ്യാസ നയം മതേതരത്വത്തെക്കുറിച്ച് തികഞ്ഞ മൗനം ദീക്ഷിക്കുന്നു. ഭരണഘടന മൂല്യങ്ങൾ പറഞ്ഞുപോവുന്നിടത്തും മതേതരത്വത്തെക്കുറിച്ചുള്ള മൗനം തികച്ചും ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യയിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠനം തുടരുന്ന മദ്റസ വിദ്യാഭ്യാസത്തെ (കേരളത്തിൽനിന്നു വ്യത്യസ്തമായി സർക്കാർ അനുമതിയോടെ ഭൗതിക പാഠ്യപദ്ധതികൂടി ചേർന്നതാണ് ഉത്തരേന്ത്യയിലെ മദ്റസ സംവിധാനം) ഒരു വട്ടം മാത്രമാണ് നയരേഖ പ്രതിപാദിച്ചത്. ഭാരതത്തിൽതന്നെ നൂറ്റാണ്ടുകളായി ശാസ്ത്രീയ, ചരിത്ര, കരകൗശല, തത്ത്വശാസ്ത്ര വിഷയങ്ങളിൽ പഠനം നൽകിവരുന്ന ഒരു സംവിധാനത്തെ കണ്ടില്ലെന്നു നടിക്കുന്നത് സംഘ്പരിവാറിെൻറ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മാത്രമേ കാണാനാവുകയുള്ളൂ.
സെക്കൻഡറി സ്കൂളിൽ കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, റഷ്യൻ വിദേശഭാഷകൾ അനുവദിക്കുമ്പോൾ, ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനമാർഗമായി ഉപയോഗിക്കുന്ന അറബി ഭാഷയെ അവഗണിച്ചിരിക്കുന്നു. ഒരു ഭാഗത്ത്, ഇന്ത്യ അറബ് രാജ്യങ്ങളുമായി തൊഴിൽ, നയതന്ത്രകരാറുകൾ ഒപ്പുവെക്കുകയും സൗഹൃദബന്ധം സൂക്ഷിക്കുകയും ചെയ്യുമ്പോൾ മറുഭാഗത്ത് അറബി ഭാഷയോടു നിഷേധാത്മകനിലപാട് സ്വീകരിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ സ്വാധീനമാവാനേ വഴിയുള്ളൂ. സമാനമാണ് ഉർദു ഭാഷയോടുള്ള നിലപാടും. അതേസമയം, സംസ്കൃത ഭാഷക്ക് അമിത പ്രാധാന്യം നൽകുന്നുമുണ്ട്.
ആർ.എസ്.എസ് സംഘടനകളായ ഭാരതീയ ശിക്ഷ മണ്ഡൽ (ബി.എസ്.എം), ശിക്ഷ സൻസ്കൃതി ഉത്ഥാൻ ന്യാസ് (എസ്.എസ്.യു.എൻ) എന്നിവ ഈ നയരൂപവത്കരണത്തിൽ ഇടപെട്ടിരുന്നു എന്നത് ഇതിനകം ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ആർ.എസ്.എസ് നിരന്തരമായി നേരത്തേ മാനവ വിഭവശേഷി വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി പ്രകാശ് ജാവ്ദേക്കർ, നിലവിലെ മന്ത്രി രമേഷ് പൊഖ്റിയാൽ എന്നിവരുമായി സംവദിച്ചിരുന്നു. ബി.എസ്.എമ്മിെൻറ 2018ലെ കോൺഫറൻസിൽ നരേന്ദ്ര മോദിയുടെയും പ്രകാശ് ജാവ്ദേക്കറിെൻറയും സാന്നിധ്യത്തിൽ ഉയർന്ന നിർദേശമാണ് മന്ത്രാലയത്തിെൻറ പേരുമാറ്റം. നയരേഖയിൽ ആർ.എസ്.എസിെൻറ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടു എന്നതിെൻറ വ്യക്തമായ തെളിവാണിത്. മാത്രമല്ല, ആർ.എസ്.എസ് മുന്നോട്ടുവെച്ച രണ്ടു നിർദേശങ്ങളൊഴികെ മറ്റുള്ളവ നയരേഖയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് മാധ്യമനിരീക്ഷണങ്ങൾ.
കുറെ നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന ദേശീയ വിദ്യാഭ്യാസ നയരേഖയിൽ കടന്നുകൂടിയ രാഷ്ട്രീയ അജണ്ടകളും ചില വിഷയങ്ങളിൽ പാലിച്ച അർഥഗർഭമായ മൗനവും വരുത്തിവെക്കുന്ന അപകടം എന്തെന്ന് വരുംനാളുകളിൽ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.ashrafalitp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.