ദേശീയ വിദ്യാഭ്യാസ നയം വിസ്മരിക്കപ്പെട്ടത് ന്യൂനപക്ഷങ്ങൾ
text_fieldsകേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസനയത്തിൽ മറന്നുപോയ ഒന്നുണ്ട്- ഭരണഘടന വ്യവസ്ഥകളാൽ പ്രത്യേകസംരക്ഷണത്തിന് അർഹതയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസമേഖല.
ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള പൊതു-സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ മാനദണ്ഡപ്രകാരം നിയന്ത്രിക്കപ്പെടേണ്ടതും സ്ഥാപന അംഗീകാരം, അക്കാദമികനിലവാരം എന്നിവയുടെ കാര്യത്തിൽ തുല്യപരിഗണനകൾക്ക് വിധേയമാകേണ്ടതുമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് പ്രത്യേകം പരിരക്ഷ ഇവിടെ ഉറപ്പാക്കപ്പെടുന്നില്ല.
മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷ ഉപയോഗപ്പെടുത്തിയുള്ള പ്രാഥമികവിദ്യാഭ്യാസം അഞ്ചാം ക്ലാസ് വരെ നിർദേശിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ അവകാശസംരക്ഷണ നിയമം ബാധകമല്ലെന്നിരിക്കെ മാതൃഭാഷ നിർബന്ധമാക്കുന്ന പ്രാഥമിക വിദ്യാഭ്യാസ രീതി ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമാകുമോ എന്ന കാര്യത്തിൽ നയത്തിൽ വ്യക്തതയില്ല.
ചുരുക്കിപ്പറഞ്ഞാൽ ന്യൂനപക്ഷാവകാശങ്ങൾ ദേശീയ വിദ്യാഭ്യാസനയത്തിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടതായി കാണുന്നില്ല. എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2009 ലെ വിദ്യാഭ്യാസാവകാശനിയമം ബാധകമല്ലെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന െബഞ്ചിെൻറ പ്രമാദി എജുക്കേഷനൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് കേസിലെ വിധി ന്യൂനപക്ഷാവകാശ സംരക്ഷണത്തിന് കരുത്തു പകർന്നു.
പ്രസ്തുത വിധി ന്യൂനപക്ഷാവകാശങ്ങളുടെ വ്യാപ്തിയും സ്വഭാവവും നിർണയിച്ചതോടൊപ്പം അതിന് കൂടുതൽ ഭരണഘടനാപരമായ വ്യക്തത നൽകുന്നതും ന്യൂനപക്ഷാവകാശ നിർവചനത്തിൽ മുൻകാലങ്ങളിൽ കടന്നുകൂടിയ വ്യതിചലനങ്ങൾ തിരുത്തുന്നതുമായിരുന്നു.
ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാനഘടകവും മുഖമുദ്രയുമാണെന്ന് ഏറ്റുപറഞ്ഞ കോടതി അത് ഇല്ലായ്മ ചെയ്യാൻ പാർലമെൻറിന് ഭരണഘടനാ ഭേദഗതിയിലൂടെ പോലും സാധിക്കുകയില്ലെന്നു വിധിച്ചു. ഭരണഘടന െബഞ്ചിെൻറ ഈ വിധിയോടുകൂടി വിദ്യാഭ്യാസാവകാശനിയമം എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന 2012–ലെ രാജസ്ഥാൻ അൺഎയ്ഡഡ് ൈപ്രവറ്റ് സ്കൂൾസ് കേസിലെ സുപ്രീംകോടതി മൂന്നംഗ െബഞ്ചിെൻറ വിധി അപ്രസക്തമായി.
ന്യൂനപക്ഷാവകാശങ്ങളുടെ 'മഗ്നകാർട്ട'
ഇന്ത്യൻ ഭരണഘടനയുടെ 30 (1) അനുഛേദം മതന്യൂനപക്ഷങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങൾക്കും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും അധികാരം നൽകുന്നു.
സ്ഥാപന നടത്തിപ്പ് ബാഹ്യ ഇടപെടലുകളിൽ നിന്നും പൂർണമായും സ്വതന്ത്രമായിരിക്കണമെന്നും എങ്കിൽ മാത്രമേ സ്ഥാപക ദർശനങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്ന് സുപ്രീംകോടതി സെൻറ് സേവ്യേഴ്സ്കോളജ് കേസിൽ 1974ൽ അഭിപ്രായപ്പെട്ടതാണ്. പ്രവേശനത്തിന് കുട്ടികളെ തെരഞ്ഞെടുക്കാനുള്ള അധികാരം സ്ഥാപനത്തിെൻറ നടത്തിപ്പ് അവകാശത്തിൽ ഉൾപ്പെടുന്നതായി സുപ്രീം കോടതി സെൻറ് സ്റ്റീഫൻസ് കോളജ് കേസിൽ 1992ൽ ചൂണ്ടിക്കാട്ടിയതാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രത്യേക വിഭാഗം
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ താരതമ്യം ചെയ്യാനാവില്ല. മറ്റു സ്ഥാപനങ്ങൾക്ക് ബാധകമാകുന്ന നിയന്ത്രണങ്ങൾ ന്യൂനപക്ഷസ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപിക്കാനാവില്ല.
വെറും ഉപജീവനമായോ തൊഴിലായോ നടത്തിക്കൊണ്ടു പോകുന്നവയല്ല ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ. വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെയും സ്ഥാപകദർശനങ്ങളോടെയും ഭരണഘടന ഉറപ്പു നൽകുന്ന പ്രത്യേകസംരക്ഷണത്തിെൻറ അടിസ്ഥാനത്തിലും രൂപം കൊണ്ടവയാണവ. അതുകൊണ്ടുതന്നെ ന്യൂനപക്ഷസ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഇടപെടലുകളും ഭരണഘടന വിരുദ്ധവും നിയമപരമായി നിലനിൽപില്ലാത്തതുമാണ്.
ഭരണഘടനയുടെ 15(5), 21(എ) അനുഛേദങ്ങളുടെ സാധുതയാണ് പ്രമാദി ട്രസ്റ്റ് കേസിൽ സുപ്രീംകോടതി വിലയിരുത്തിയത്. ഭരണഘടനയുടെ 93ാം ഭേദഗതിയിലൂടെ 2005 ലാണ് 15(5) അനുഛേദം കൊണ്ടു വന്നത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗത്തിനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കലാലയങ്ങളിൽ പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണകൂടത്തെ അധികാരപ്പെടുത്തുന്നതാണ് 15(5) അനുഛേദം. ഭരണഘടനയുടെ 30(1) പ്രതിപാദിക്കുന്ന ന്യൂനപക്ഷസ്ഥാപനങ്ങളെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്നു പ്രത്യേകം ഒഴിവാക്കിയിട്ടുണ്ട്.
ഈ അനുഛേദത്തിെൻറ ഭരണഘടന സാധുത 2008ൽ അശോക് കുമാർ ഠാക്കൂർ കേസിൽ സുപ്രീംകോടതി പരിശോധിച്ച് ശരിവെച്ചതാണ്. ന്യൂനപക്ഷസ്ഥാപനങ്ങൾ തമ്മിൽ സർക്കാറിൽ നിന്നു ലഭിക്കുന്ന സഹായത്തിെൻറ (എയ്ഡ്) അടിസ്ഥാനത്തിൽ വേർതിരിവ് പാടില്ല. എയ്ഡ് അഥവാ ധനസഹായം ലഭിക്കുന്നു എന്ന കാരണത്താൽ ഒരു ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനത്തിെൻറ ന്യൂനപക്ഷ സ്വഭാവമോ പ്രത്യേക ഭരണഘടനാ സംരക്ഷണമോ ഇല്ലാതാകുന്നില്ല.
ഭരണഘടനയുടെ 30(2) അനുഛേദമനുസരിച്ച് എയ്ഡ് നൽകുന്നതിൽ ന്യൂനപക്ഷ സ്ഥാപനങ്ങളോട് സർക്കാറിന് വിവേചനപരമായ നിലപാട് സ്വീകരിക്കാനാവില്ല. ഈ വ്യവസ്ഥയും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭരണഘടന നൽകുന്ന പ്രത്യേക പരിരക്ഷയാണ്. എയ്ഡഡ് എന്നോ അൺഎയ്ഡഡ് എന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ന്യൂനപക്ഷസ്ഥാപനങ്ങൾക്കും 30(1) വിഭാവനചെയ്യുന്ന ഭരണഘടനസംരക്ഷണത്തിന് അർഹതയുണ്ട്.
ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ തുല്യരാക്കാനും അവരിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളർത്താനുമാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ഭരണഘടനാസംരക്ഷണം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് ടി.എം.എ. പൈ ഫൗണ്ടേഷൻ കേസിലെ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് ബി.എൻ. കൃപാൽ 149 ാം ഖണ്ഡികയിൽ വ്യക്തമാക്കിയത്.
ഭരണഘടനക്കുമാത്രം വിധേയം
ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടന ഭേദഗതിയിലൂടെ പാർലമെൻറിന് ഇല്ലായ്മ ചെയ്യാനാകുമോ എന്ന വിഷയം സുപ്രീംകോടതിയുടെ 13 അംഗ ഭരണഘടനാെബഞ്ച് 1973ൽ പ്രമാദമായ കേശവാനന്ദ ഭാരതി കേസിൽ പരിഗണിച്ചതാണ്. പാർലമെൻറിന് ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം നൽകുന്ന വ്യവസ്ഥയാണ് ഭരണഘടനയുടെ 368ാം അനുഛേദം.
ഈ വ്യവസ്ഥയുടെ വ്യാപ്തിയും ന്യൂനപക്ഷാവകാശങ്ങളുടെ സ്വഭാവവും ഭരണഘടനാ പിതാക്കന്മാരുടെ ദർശനങ്ങളും ആഴത്തിൽ അപഗ്രഥിച്ച ശേഷം മുൻ ചീഫ് ജസ്റ്റിസ് സിക്രി ഇപ്രകാരം നിരീക്ഷിച്ചു: ''ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട മൗലികാവകാശങ്ങൾ ഭരണഘടന ഭേദഗതിയിലൂടെ നിഷേധിക്കാമെന്ന് ആരും ഒരിക്കൽ പോലും സങ്കൽപിച്ചിട്ടില്ല. ഭരണഘടന നിർമാണ സമിതിയുടെ നടപടിക്രമങ്ങളിൽ നിന്നും ഇതുതന്നെയാണ് വ്യക്തമാകുന്നത്. അതിനാൽ, ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെൻറിന് ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലായ്മ ചെയ്യാമെന്ന കണക്കുകൂട്ടൽ തെറ്റിദ്ധാരണാജനകമാണ്''.
സാധാരണ നിയമങ്ങൾ വ്യാഖ്യാനിക്കുന്ന കാഴ്ചപ്പാടോടു കൂടിയാവില്ല ന്യൂനപക്ഷാവകാശങ്ങൾ വ്രണപ്പെടുത്തുന്ന വ്യവസ്ഥകളെ കോടതികൾ അപഗ്രഥിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനക്ക് മാത്രം വിധേയമാണ്. ദേശതാൽപര്യങ്ങൾ മുൻനിർത്തിയുള്ള നിയന്ത്രണങ്ങൾ അതിലാവാമെന്ന് മോഡേൺ ഡെൻറൽ കോളജ് കേസിൽ 2016 ലും പശ്ചിമബംഗാൾ സർക്കാറുമായി ബന്ധപ്പെട്ട കേസിൽ 2020 ലും സുപ്രീംകോടതി അഭിപ്രായപ്പെടുകയുണ്ടായി.
ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാനഘടകമാണ്. ന്യൂനപക്ഷാവകാശങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായങ്ങളിലൂടെ പ്രതിഫലിക്കുന്നതും ഇത്തരമൊരു സമീപനമാണ്. ദേശീയവിദ്യാഭ്യാസ നയത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസമേഖലക്ക് പ്രത്യേകസ്ഥാനം കണ്ടെത്തേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.