ദേശീയ വിദ്യാഭ്യാസ നയവും ഭാഷകളും
text_fieldsജനാധിപത്യ സംസ്കാരത്തിന് അന്യമായ ഒരുവിധ നിർബന്ധങ്ങളും അടിച്ചേൽപ്പിക്കലും ഇല്ലാത്ത, ഇന്ത്യയുടെ നാനാത്വത്തിനും ബഹുസ്വരതക്കും ഫെഡറൽ സ്വഭാവത്തിനും അനുയോജ്യമായ ഭാഷാനയമാണ് നാളിതു വരെ നാം തുടർന്നുപോരുന്നത്. ബഹു ഭാഷാഗോത്രങ്ങളും പ്രദേശങ്ങളും ഇന്ത്യൻ സംസ്കാര തനിമയാണ്. ഇന്ത്യയിൽ 220 ഭാഷകളാണ് മതിയായ പരിചരണം കിട്ടാത്തതിനാൽ സമീപകാലത്ത് വംശനാശം സംഭവിച്ചത്. 197 ഇന്ത്യൻ ഭാഷകളെ യുനസ്കോ അന്യംനില്ക്കാൻ സാധ്യതയുള്ളവയുടെ കൂട്ടത്തിൽപ്പെടുത്തിയിരിക്കുന്നു. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 21 ഭാഷകളാണ് 96.71 ശതമാനം ജനങ്ങളും സംസാരിക്കുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായി ഭാഷകളെയും അവയുടെ ഭാവിയെയും കുറിച്ച് ഗൗരവതരമായ ആലോചന ആവശ്യമായി വന്നിരിക്കുന്നു.
ബോധന മാധ്യമം
ബോധന മാധ്യമത്തെക്കുറിച്ച ദേശീയ വിദ്യാഭ്യാസ നയം സുവ്യക്തമാണ്. 'സാധ്യമാകുന്നിടത്തെല്ലാം എട്ടാം ക്ലാസുവരെ കുറഞ്ഞതു അഞ്ചാം ക്ലാസുവരെയെങ്കിലും ബോധന മാധ്യമം വീട്ടു ഭാഷ / മാതൃഭാഷ / പ്രാദേശികഭാഷ / തദ്ദേശീയ ഭാഷ ആയിരിക്കണം. തുടർന്ന് വീട്ടു ഭാഷ / പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത് സർക്കാർ , സ്വകാര്യ സ്കൂൾ വ്യത്യാസമില്ലാതെ സാധ്യമാകുന്നിടത്തെല്ലാം നടപ്പാക്കും. ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ഉയർന്ന നിലവാരമുള്ള പാഠപുസ്തകകങ്ങൾ വീട്ടുഭാഷയിലും മാതൃഭാഷയിലും ലഭ്യമാക്കും. വീട്ടു ഭാഷ / മാതൃഭാഷയിൽ പാഠപുസ്തകം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അധ്യാപകരും വിദ്യാർഥികളും തമ്മിെല ആശയ വിനിമയം സാധ്യമാകുന്നിടത്തെല്ലാം വീട്ടുഭാഷ /മാതൃഭാഷയിൽ തുടരും. ബോധന മാധ്യമത്തിൽനിന്ന് വ്യത്യസ്തമായ വീട്ടുഭാഷയുള്ള വിദ്യാർഥികളുമായി സംവദിക്കാൻ ദ്വിഭാഷ പഠന സാമഗ്രികൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്ന രീതിക്ക് അധ്യാപകരെ പ്രോത്സാഹിപ്പിക്കും.'
തുടർന്ന് ഭാഷാ നയം എന്തായിരിക്കും എന്നും നയരേഖ അക്കമിടുന്നുണ്ട്. 1) എല്ലാ ഭാഷകളും വിദ്യാർഥികളെ ഉയർന്ന നിലവാരത്തിൽ പഠിപ്പിക്കും. ഒരു ഭാഷ പഠിപ്പിക്കുന്നതിന് അതു ബോധന മാധ്യമം ആകേണ്ടതില്ല. 2 ) രണ്ടു മുതൽ എട്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾ ഭാഷകൾ വേഗത്തിൽ പഠിക്കും. 3) ബഹുഭാഷത്വം ഇളംപ്രായത്തിലുള്ള വിദ്യാർഥികൾക്ക് വലിയ വൈജ്ഞാനിക നേട്ടമുണ്ടാക്കും. 4) മാതൃഭാഷക്ക് പ്രാധാന്യം നല്കി വിവിധ ഭാഷകൾ പരിചയപ്പെടുത്തും 5) ആദ്യം വായന തുടർ വർഷങ്ങളിൽ മാതൃഭാഷയിൽ എഴുത്ത് 6) മൂന്നാം ക്ലാസുവരെ മാതൃഭാഷാ പ്രധാനം. 7) മൂന്നാം ക്ലാസുമുതൽ മറ്റു ഭാഷകളിൽ വായിക്കാനും എഴുതാനും വികസിപ്പിച്ചെടുത്ത കഴിവുകൾ വളർത്തും. 8)ഇന്ത്യയിലുടനീളം എല്ലാ പ്രാദേശിക ഭാഷകൾക്കുമായി പ്രത്യേകിച്ചും എട്ടാം ഷെഡ്യൂളിലെ ഭാഷകൾക്കായി കൂടുതൽ അധ്യാപകരെ നിശ്ചയിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ വലിയ രീതിയിൽ ശ്രമിക്കും 9 ) ത്രിഭാഷ തത്ത്വം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഭാഷാ പ്രോത്സാഹനത്തിനായി കരാറുകളിൽ ഏർപ്പെടാം. 10) ഭാഷാ പഠന പ്രക്രിയയിൽ വലിയ തോതിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും 11) ത്രിഭാഷ പദ്ധതി നടപ്പാക്കുന്നത് തുടരും 12) ത്രിഭാഷ ഫോർമുല അയവുള്ളതായിരിക്കും. 13 ) ഒരു ഭാഷയും ഒരു സംസ്ഥാനത്തിനു മേൽ അടിച്ചേൽപ്പിക്കില്ല. 14 ) ത്രിഭാഷകളിൽ രണ്ടെണം ഇന്ത്യൻ ഭാഷകളായിരിക്കണം. 15)ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ വെച്ച് പഠിക്കുന്ന മൂന്നു ഭാഷകളിൽ അടിസ്ഥാന വൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ രണ്ടെണ്ണം മാറ്റി പുതിയത് എടുക്കാം. 16 )ഉയർന്ന നിലവാരമുള്ള ദ്വിഭാഷാ പാഠപുസ്തകം തയാറാക്കും. 17 )സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഭാഷകളെ കുറിച്ചും സാഹിത്യ സൃഷ്ടികളെകുറിച്ചും വിദ്യാർഥി അറിയുന്ന രൂപത്തിൽ ക്രമീകരണങ്ങൾ ഉണ്ടാകണം. 18 ) 6-8 ക്ലാസുകൾക്കിടയിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ ഭാഷകൾ എന്ന പ്രോജക്ട് ചെയ്യും, ഈ ആവശ്യാർഥം നൂറു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഉണ്ടാകും. 19) ത്രിഭാഷാ പദ്ധതിയിലെ ഒരു ഭാഷയായി സ്കൂൾ ഉന്നത വിദ്യാഭ്യാസ ഘട്ടത്തിൽ സംസ്കൃതം നൽകും 20) സംസ്കൃതത്തിലൂടെ തന്നെ സംസ്കൃതം പഠിപ്പിക്കപ്പെടും.
മേൽ സൂചിപ്പിച്ച കാര്യങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്ഥാന ഭാഷ എന്ന ത്രിഭാഷാ പദ്ധതിയുടെ സ്ഥാനത്ത് സംസ്കൃതം ആരുടെ ചെലവിൽ നടപ്പാക്കും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഏതെങ്കിലും രണ്ട് ഇന്ത്യൻ ഭാഷകൾ എന്നു പറയുമ്പോൾ സംസ്കൃതം, ഹിന്ദി എന്നിവയിൽ ഒന്നും സംസ്ഥാന ഭാഷയും അഹിന്ദി പ്രദേശങ്ങളിലെ വിദ്യാർഥികൾ പഠിക്കേണ്ടിവരും. ഹിന്ദി പ്രദേശക്കാർക്ക് സംസ്കൃതമോ ഹിന്ദിയോ അവയുടെ വകഭേദമോ പഠിക്കാം എന്ന ഇളവ് / ആനുകൂല്യം / പ്രിവിലേജ് ലഭിക്കും. ഇംഗ്ലീഷ് വിദേശ ഭാഷ ഗണത്തിൽപ്പെടുന്നതോടെ ഹിബ്രു, ലാറ്റിൻ, ഫ്രഞ്ച്, അറബി എന്നിവ പുറത്താകും.
ഭാഷാനയം മാറുേമ്പാൾ
ഭാഷാ പ്രോത്സാഹനാർഥം സർക്കാറുകൾ ചെയ്യുന്ന ഏതൊരു പ്രവർത്തനവും ശ്ലാഘനീയമാണ്. 1968ലെ ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യ രീതിയിൽ ത്രി ഭാഷാ പദ്ധതിയാണ് മുന്നോട്ടുെവച്ചത്. ഇംഗ്ലീഷിെൻറയും ഹിന്ദിയുടെയും പ്രാധാന്യം മനസ്സിലാക്കി നയം രൂപവത്കരിച്ചപ്പോഴും അഹിന്ദി സംസ്ഥാനങ്ങളുടെ വികാരവും അവകാശവും പരിഗണിച്ചിരുന്നു. പൗരാണിക ഭാഷ എന്ന നിലയിൽ യൂനിവേഴ്സിറ്റികളിൽ സംസ്കൃതം പഠിക്കാൻ സൗകര്യം ഒരുക്കാൻ നിർദേശിക്കപ്പെട്ടിരുന്നു. ഏതാണ്ട് 1968 ലെ ഭാഷനയം തന്നെയാണ് 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും തുടർന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസ ത്രിഭാഷാ പദ്ധതിയുടെ ചുരുക്കം ഇംഗ്ലീഷ്, മോഡേൺ ഇന്ത്യൻ ഭാഷ, മാതൃഭാഷ എന്നിവ പഠിപ്പിക്കണമെന്നായിരുന്നു. തെക്കേ ഇന്ത്യയിൽ പഠിപ്പിക്കപ്പെടേണ്ട ഇന്ത്യൻ ഭാഷ ഹിന്ദി ആകുന്നതുപോലെ ഹിന്ദി പ്രദേശങ്ങളിൽ ഹിന്ദിയല്ലാത്ത ആധുനിക ഇന്ത്യൻ ഭാഷ പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. സ്കൂൾ ഘട്ടത്തിൽ പഠന മാധ്യമം മാതൃഭാഷ എന്ന തത്ത്വം 1968 ലെ നയം പോലെ 1986ലും തുടർന്നു. യൂനിവേഴ്സിറ്റി തലത്തിലും കഴിയുന്നത്ര പ്രാദേശിക ഭാഷ മാധ്യമം ഉപയോഗപ്പെടുത്തണം എന്ന നിർദേശമുണ്ടായിരുന്നു.
എന്നാൽ, 2020 എത്തുമ്പോഴേക്കും ഭാഷാ നയം മറ്റു ചില തലങ്ങളിലേക്കു കൂടി നീങ്ങുന്നുവെന്നു വേണം കരുതാൻ. പഠിപ്പിക്കപ്പെടുന്ന മൂന്നു ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നു ശക്തമായ നിർദേശമുണ്ടായി. മോഡേൺ ഇന്ത്യൻ ഭാഷകൾക്ക് അഥവ തെക്കേ ഇന്ത്യൻ ഭാഷകൾക്ക് നിർദേശിക്കപ്പെട്ടിരുന്ന പരിഗണന നഷ്ടമായി. മുൻ നയങ്ങളിൽ ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷകൾ എന്നു പൊതുവിൽ സൂചിപ്പിച്ച ഭാഷകൾ എണ്ണിപ്പറഞ്ഞ് കൃത്യത വരുത്തി. എന്നാൽ, ഐക്യരാഷ്ട്ര സഭ അംഗീകരിച്ച അറബി ഭാഷയെ ഒഴിവാക്കി. ഇന്ത്യയിൽ യൂനിവേഴ്സിറ്റികൾ വന്ന കാലം മുതലും അതിനു മുമ്പ് ചാർട്ടർ ആക്ട് നിലവിൽ വരുമ്പോഴും അറബി ഭാഷ ഇന്ത്യയിൽ പഠിപ്പിക്കപ്പെട്ടിരുന്നു. ബോധന മാധ്യമമായും അറബി നിലനിന്നിരുന്നു.
സംസ്കൃതത്തിന് സവിശേഷ പരിരക്ഷ
എല്ലാ ഇന്ത്യൻ ഭാഷകളും തുല്യമാണെന്നിരിക്കിലും സംസ്കൃതത്തിന് സവിശേഷ പരിഗണന നല്കി പരിപോക്ഷിപ്പിക്കുവാനുള്ള നിർദേശങ്ങൾ നയരേഖയിലുണ്ട്. ത്രിഭാഷാ പദ്ധതി മുന്നോട്ടു വെക്കുകയും ഒരു ഭാഷയും അടിച്ചേൽപ്പിക്കിെല്ലന്ന് ഉറപ്പുപറയുകയും ചെയ്തിട്ടുണ്ടെങ്കിലും എല്ലാ മേഖലകളിലും വിഷയങ്ങളിലും ഉടനീളമുള്ള സംസ്കൃതത്തിന്റെ സംഭാവനകളും സാഹിത്യവും കണക്കിലെടുത്തും സാംസ്കാരിക പ്രാധാന്യവും ശാസ്ത്രീയ സ്വഭാവവും പരിഗണിച്ചും സംസ്കൃത പാഠശാലകളിലും യൂനിവേഴ്സിറ്റികളിലും സംസ്കൃതം പഠിക്കാനുള്ള സൗകര്യത്തിനു പുറമെ ത്രിഭാഷ പദ്ധതിയിലെ ഒന്നായി സംസ്കൃതം ഉൾപ്പെടുത്തണം എന്നും നയരേഖ കണിശപ്പെടുന്നു. സംസ്കൃത വിജ്ഞാന സംവിധാനങ്ങൾ എന്നിവയിൽ അധ്യാപനവും മികച്ച ഇന്റർ ഡിസിപ്ലിനറി ഗവേഷണവും നടത്തുന്ന സംസ്കൃത വകുപ്പുകൾ നവീന മൾട്ടി ഡിസിപ്ലിനറിയായ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയിൽ ഉടനീളം സ്ഥാപിച്ചും ശക്തിപ്പെടുത്തിയും എല്ലാ വിധത്തിലും സംസ്കൃതത്തെ തിരിച്ചുകൊണ്ടുവരും. അഥവ കേന്ദ്ര സർക്കാരിെൻറ ചെലവിൽ ഐ.ഐ.എം, എയിംസ്, ഐ.ഐ.ടി, സെൻട്രൽ യൂനിവേഴ്സിറ്റി മാതൃകയിൽ സംസ്കൃത പഠനത്തിന് ഊന്നൽ നല്കുന്ന സ്ഥാപനങ്ങൾ കശ്മീർ മുതൽ കന്യാകുമാരി വരെ നിലവിൽ വരും. നാലു വർഷത്തെ ഇന്റഗ്രേറ്റഡ് മൾട്ടി ഡിസിപ്ലിനറി ബി.എഡ് ഇരട്ട ബിരുദത്തിലൂടെ ഇന്ത്യാ രാജ്യത്താകമാനം സംസ്കൃത അധ്യാപകരെ പരിശീലിപ്പിച്ച് തൊഴിൽ പ്രാപ്തി അഥവ ജോലി നല്കും. പതിനായിര കണക്കിനു സംസ്കൃത അധ്യാപകർക്ക് ജോലി ലഭിക്കുക എന്നത് ഇന്ത്യക്കാരുടെ ആളോഹരി വരുമാനം വർധിപ്പിക്കുന്നതിനു നിമിത്തമാകുകയും ചെയ്യുമെന്നും പറയുന്നു.
മറ്റു ഭാഷകൾ
സംസ്കൃതത്തിന്റെ അരികുപറ്റി മറ്റു ഭാഷകളെയും പ്രോത്സാഹിപ്പിക്കും വിധമാണ് ഭാഷാ നയം. പാലിയും പ്രാകൃതും പേർഷ്യനും പരിഗണിക്കപ്പെടുന്നതിെൻറ ഭാഗമായി ഒരു സർവകലാശാലയിൽ ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ക്ലാസിക്കൽ ഭാഷ ഗോത്രവർഗവംശനാശ ഭീഷണി നേരിടുന്ന ഭാഷകൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ ഭാഷകളെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾ ആർജ്ജവത്തോടെ സ്വീകരിക്കും എന്നും നയരേഖ പ്രഖ്യാപിക്കുന്നു. അതിനു പുറമെയാണ് എട്ടാം ഷെഡ്യൂൾ ഭാഷകൾക്കും മറ്റ് ഇന്ത്യൻ ഭാഷകൾക്കുമായി അക്കാദമികൾ സ്ഥാപിക്കുമെന്ന നിർദേശം. അവയുടെ പ്രധാന പണി നിഘണ്ടു നിർമാണമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമിെൻറ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി ഭാഷ സംരക്ഷണ യജ്ഞം മുന്നോട്ടു പോകും. എൻ.ആർ.എഫ് ധനസഹായം ഇത്തരം പ്രോജക്ടുകൾക്കുണ്ടാകും. ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സൃഷ്ടികൾക്ക് സമ്മാനമേർപ്പെടുത്തി ഇന്ത്യൻ ഭാഷകളെ സംരക്ഷിക്കാനുള്ള യത്നവും രേഖ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ ഭാഷകളിലുള്ള പ്രാവീണ്യം തൊഴിലവസരങ്ങൾക്കുള്ള മാനദണ്ഡമാക്കണമെന്ന നിർദേശത്തോടെയാണ് ഭാഷ സംബന്ധിച്ച നയരേഖ നിർദേശങ്ങൾ അവസാനിപ്പിക്കുന്നത്.
(കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രഫസറും മുൻ വിദൂര വിദ്യാഭ്യാസ ഡയറക്ടറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.