ബനാന റിപ്പബ്ലിക്കിലെ വിശുദ്ധ ഗോസായിമാർ
text_fieldsകർഷകസമരം ഇൻറർവ്യൂ ചെയ്യാനെത്തിയ 'ആജ്തക്' ഹിന്ദി ചാനലിെൻറ റിപ്പോർട്ടറോട് കർഷകരില്‍ ചിലർ കയർത്തു: 'ഞങ്ങള്‍ക്ക് ഗോദി മീഡിയയുടെ പിന്തുണ ആവശ്യമില്ല. നിങ്ങള്‍ക്ക് പോകാം'. അല്പദിവസം മുമ്പ് സമരത്തില്‍ പങ്കെടുത്ത ഏതോ ചിലരെ അണിനിരത്തി നിയമത്തിെൻറ വിവിധ വശങ്ങളെക്കുറിച്ച് ചോദിച്ച് സമരക്കാർക്കൊന്നുമറിയില്ലെന്ന് പ്രചരിപ്പിച്ചത് മുൻനിർത്തിയായിരുന്നു അവരുടെ പ്രതികരണം. 'റിപ്പബ്ലിക്', 'സീ ന്യൂസ്', 'ടൈംസ് നൗ' ചാനലുകള്‍ക്കും കിട്ടി ഇതേ രൂപത്തിലുള്ള 'സ്വീകരണം'.
ഇന്ത്യകണ്ട ഏറ്റവും വലിയ ജനകീയപ്രതിഷേധത്തെ തികച്ചും നിഷേധാത്മകമായാണ് രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ സമീപിച്ചത്. 'സീ ന്യൂസി'െൻറ സുധീ൪ ചൗധരി ആദ്യം കർഷകരുടെ ട്രക്കില്‍ എ.കെ-47തോക്കിെൻറ ചിത്രവും ഖാലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യവും ഉല്ലേഖനം ചെയ്തതായി കണ്ടെത്തി. പിന്നീട് അവരെ ദേശവിരുദ്ധരും പ്രതിപക്ഷം വഴിതെറ്റിച്ചവരുമാക്കി. 'ദരിദ്ര'കർഷകർ ഇംഗ്ലീഷില്‍ പത്രക്കുറിപ്പിറക്കുന്നതും ഇംഗ്ലീഷ് മുദ്രാവാക്യങ്ങളുയ൪ത്തിപ്പിടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ഹാഷ്ടാഗുകള്‍ ട്രെൻഡിങ് ആക്കുന്നതും വിദേശശക്തികള്‍ കർഷകസമരം ഹൈജാക്ക് ചെയ്തതിെൻറ തെളിവായും 'സീ ന്യൂസ്' ഉയർത്തിക്കാട്ടി! 'സത്യം മാത്രം പറയുന്ന' തങ്ങളെ കിസാൻ ആന്ദോളൻ അടുപ്പിക്കാത്തതിൽ സുധീ൪ ചൗധരി സങ്കടപ്പെടുന്നത് കാണാമായിരുന്നു.
'റിപ്പബ്ലിക്' ടിവിയിലെ അർണബിെൻറ ആക്രോശം ശാഹീൻബാഗുകാ൪ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലായിരുന്നു. തുട൪ന്ന് തരം പോലെ അവരെ നക്സലുകളും മാവോവാദികളുമായി വിശേഷിപ്പിച്ചു. പ്രൈം ടൈമില്‍ ഇവരൊക്കെ ഇപ്പോഴും ഒച്ച വെച്ചുകൊണ്ടിരിക്കുന്നത് കർഷകർ എങ്ങനെ രാജ്യദ്രോഹികളാകുന്നുവെന്ന് തെളിയിക്കാനാണ്.
ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാൻ മറന്നുപോയ ചാനല്‍ ആക്രോശക്കാർ ബാക്കിയെല്ലാവരെയും സകലവിധ ചോദ്യങ്ങളുമുന്നയിച്ച് അടിച്ചിരുത്തുന്നു. എന്തുവന്നാലും സർക്കാറിനെ അലോസരപ്പെടുത്താനില്ലെന്ന് തീർച്ചപ്പെടുത്തിയതുപോലെ. പെട്രോളിെൻറയും പാചകവാതകത്തിെൻറയും വിലയും നികുതികളും നിത്യേന കൂടിയാലും സമ്പദ്വ്യവസ്ഥ എത്ര കൂപ്പുകുത്തിയാലും തൊഴിലില്ലായ്മ നിരക്ക് എങ്ങനെ വ൪ധിച്ചാലും എന്തിന്, തലസ്ഥാനത്തെ വായു മലിനീകരണം അതിെൻറ ഏറ്റവും ഉയ൪ന്ന നിലയിലെത്തിയാല്പ്പോലും സർക്കാറിനെതിരെ ശബ്ദിക്കുന്ന പ്രശ്നമില്ലെന്ന നിലയിലാണ് സകല മാധ്യമശിങ്കങ്ങളും.
പക്ഷേ, കർഷകസമരത്തെ തകർക്കുന്നതില്‍ സർക്കാറിെൻറയും ഗോദി മീഡിയയുടെയും സകല കണക്കുകൂട്ടലുകളും തെറ്റി. പെട്ടെന്ന് ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അവരെ അടക്കിയിരുത്താമെന്ന് കരുതിയവർ കർഷകരുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ കൂപ്പുകൈകളുമായി നില്ക്കുന്നു. എങ്ങനെയെങ്കിലും അവരൊന്ന് വഴങ്ങിത്തരണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
സൈന്യമെന്ന വിശുദ്ധ പശു
അന്വേഷണാത്മക പത്രപ്രവർത്തനത്തിന് അമേരിക്കൻ പത്രപ്രവർത്തകനായ സെയ്മൂർ ഹെർഷ് പുലിറ്റ്സർ സമ്മാനം നേടിയത്, 1969 നവംബറില്‍ അമേരിക്കൻ സൈന്യം വിയറ്റ്നാമില്‍ നടത്തിയ കൂട്ടക്കൊല റിപ്പോർട്ട് ചെയ്തതിനായിരുന്നു. സൈന്യത്തിലെ ഒരു യൂനിറ്റ്, കുട്ടികളും വൃദ്ധജനങ്ങളുമുള്‍പ്പെടുന്ന നിരായുധരായ 500 ഗ്രാമീണരെ കൂട്ടക്കുരുതി നടത്തിയതും സ്ത്രീകളെ ബലാത്സംഗം ചെയ്തതും പുറത്തുകൊണ്ടുവന്നത് ലോകമെങ്ങും വലിയ ഒച്ചപ്പാടുണ്ടാക്കി.
അമേരിക്കയിലടക്കം യുദ്ധത്തിനെതിരായ ജനവികാരം ഏറ്റവുമധികം ഉയർത്തിവിട്ട റിപ്പോർട്ടായിരുന്നു അത്. അത് ഹെർഷിനെ മാധ്യമലോകത്തെ ഏറ്റവുമധികം പ്രശസ്തരായ ഒരാളിലേക്ക് വളർത്തി. കാലങ്ങള്‍ക്ക് ശേഷം ഇറാഖിലെ അബൂഗരീബ് ജയിലിലെ അമേരിക്കൻ സൈന്യത്തിെൻറ പീഡനവിവരങ്ങളുംലോകത്തിെൻറ മുന്നിലെത്തിച്ചതും അതേ ഹെർഷ് തന്നെയായിരുന്നു. ഹെർഷിനെപ്പോലൊരാള് ഇപ്പോഴത്തെ ഇന്ത്യയിലായിരുന്നെങ്കിലോ? ഒരു പത്രവും അത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിക്കാ൯ മെനക്കെടുമായിരുന്നില്ല.
സൈന്യത്തിനെതിരെ എഴുതുന്നത് ഇന്ത്യയിലിപ്പോള്‍ ദേശവിരുദ്ധ പ്രവർത്തനമാണ്. ചൈന ഇന്ത്യൻ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയ വിഷയത്തില്‍ മിക്ക മാധ്യമങ്ങളും പ്രതിരോധമന്ത്രാലയത്തിെൻറ വിവരണങ്ങള്‍ അപ്പടി വിഴുങ്ങി. ചൈനയുടെ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുവിവരങ്ങള്‍ 'ടൈംസ് നൗ'വിലെ നവികാ കുമാ൪ വായിച്ചുകഴിഞ്ഞ ശേഷമാണ് മനസ്സിലായത് അത് വാട്ട്സാപ്പിലെ വെറുമൊരു തട്ടിപ്പ് ഫോർവേഡ് മാത്രമായിരുന്നുവെന്ന്.
കപട ദേശസ്നേഹം ഉദ്ദീപിപ്പിക്കാൻ അതിർത്തിയിലെ സംഘർഷങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മോദിഗവണ്മെൻറിനെ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, മുഴുവൻ മാധ്യമങ്ങളും ജേണലിസ്റ്റുകളും അതിെൻറ സ്തുതിപാഠകരായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തിെൻറ ശത്രുപക്ഷത്ത്
ജനാധിപത്യത്തിെൻറ ഒന്നാമത്തെയും ഏറ്റവും വലുതുമായ ശത്രുവായി മീഡിയ മാറിക്കൊണ്ടിരിക്കുന്ന കാലമാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദി ബെൽറ്റിലെയും 'ഹിംഗ്ലീഷ്' സംസാരിക്കുന്ന കോസ്മോപൊളിറ്റൻ നഗരങ്ങളിലെയും വൈകുന്നേരത്തെ പ്രൈ ടൈം സംവാദങ്ങളൊക്കെയും ഹിന്ദു-മുസ്ലിം പ്രശ്നങ്ങള്‍ മാത്രം ച൪ച്ച ചെയ്യുന്നവയാണ്. ദേശസ്നേഹികള്‍ക്കും ദേശവിരുദ്ധർക്കുമുള്ള സർട്ടിഫിക്കറ്റുകള്‍ നൽകുന്നത് ഈ ബനാന റിപ്പബ്ലിക്കുകളിലെ ഗോസായിമാരാണ്.
ഒരർഥത്തില്‍ രാഷ്ട്രത്തിെൻറ പൗരന്മാരെയാണ് ഇവർ വെല്ലുവിളിക്കുന്നത്. രാഷ്ട്രീയ യജമാനന്മാർക്കു വേണ്ടി ജനതയെ പരസ്പരം തല്ലിക്കുന്നതിന് വക്കാലത്ത് ഏറ്റെടുത്തവർ! ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിന് പകരം ആദ്യം അവർക്കിടയില്‍ വർഗീയ ചേരിതിരിവുണ്ടാക്കുകയും തുടർന്ന് പരസ്പരം ആയുധമെടുക്കുന്നതിനുള്ള പരസ്യപ്രേരണ നല്‍കുകയുമാണ് ഈ ചാനല്‍ രാജാക്കന്മാർ. 45 മിനിറ്റ് നീണ്ട സംവാദത്തില്‍ നാല്പത്തിരണ്ടര മിനിറ്റും ആങ്കർമാർ എന്ന ഈ കൂലിത്തല്ലുകാരാണ് അട്ടഹസിക്കുന്നത്.
യഥാർഥ പൗരാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരായി ആരെങ്കിലും രംഗത്തുവന്നാല്‍ അവരെ മുസ്ലിംകളാണെങ്കില് ഒന്നാന്തരം തീവ്ര-ഭീകരവാദികളും മറ്റുള്ളവരാണെങ്കില്‍ തരമനുസരിച്ച് നക്സലുകളും മാവോവാദികളും വഞ്ചകരും ദേശവിരുദ്ധരുമാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. ബി.ജെ.പി വക്താക്കളും ജേണലിസ്റ്റുകളും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞില്ലാതായിരിക്കുന്നു.
ഫേക്ക് ന്യൂസ് ബ്രേക്കിങ് ന്യൂസാകുമ്പോള്
ഫേക്ക് ന്യൂസ് അഥവാ വ്യാജ വാർത്തകളാണിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഏറ്റവും പഥ്യം. വിചിത്രമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വരുന്ന ഇത്തരം വാർത്തകള്‍ അധികം താമസിയാതെ പല മുഖ്യധാരാ ചാനലുകളുടെയും പ്രധാനപ്പെട്ട ബ്രേക്കിങ് ന്യൂസുകളായി മാറുന്നു.
കേന്ദ്ര കാബിനറ്റ് മന്ത്രിമാർ വരെ ഇത്തരം ഫേക്ക് ന്യൂസുകള്‍ ഷെയർ ചെയ്യുന്നു. ബലാല്‍സംഗ-കൊലപാതക ഭീഷണികള്‍ വരെ പുറപ്പെടുവിക്കുന്ന ചില സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പ്രധാനമന്ത്രിയടക്കം പിന്തുടരുന്നുവെന്നതും ആശങ്കയുണർത്തുന്നു. ഒരു മുതിർന്ന പത്രപ്രവർത്തകൻ കൊലചെയ്യപ്പെട്ടപ്പോള്‍ ആ കൊലപാതകത്തെ വേശ്യയുടെ കൊലപാതകത്തോട് താരതമ്യപ്പെടുത്തിയ ട്വിറ്റർ അക്കൗണ്ട് പ്രധാനമന്ത്രി പിന്തുടരുന്ന അക്കൗണ്ടാണെന്ന് മാത്രമല്ല, അതേച്ചൊല്ലി വിവാദങ്ങളുയർന്നിട്ടും അത് അണ്‍ഫോളോ ചെയ്യാൻ അദ്ദേഹം തുനിഞ്ഞില്ല എന്നത് എന്തുമാത്രം അപമാനകരമല്ല!
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയത് നേരത്തെ തന്നെ ഒരു വശം ചെരിഞ്ഞ നമ്മുടെ നീതിന്യായ വ്യവസ്ഥയെ തുറന്ന് കാണിക്കുന്നതായിരുന്നു. എന്നാല്‍ ആ കോടതി വിധിയെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചതിന് പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി നല്കിയപ്പോള് പരമോന്നത നീതിപീഠം ഈ യുദ്ധത്തില്‍ എവിടെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.
ഫോർത്ത് എസ്റ്റേറ്റ് ജനാധിപത്യത്തെ കുരുതി കൊടുക്കാൻ ഇങ്ങനെ കൂട്ടുനില്‍ക്കുമ്പോള്‍, പ്രതീക്ഷയാകുന്നത് സമൂഹമാധ്യമങ്ങളും ഏതാനും ബദല്‍ മാധ്യമ പ്രവർത്തനങ്ങളുമാണ്. യൂട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യുന്ന News Laundry തുടങ്ങിയ ചാനലുകളും The Wire പോലുള്ള സൈറ്റുകളും മുഖ്യധാരാ മാധ്യമങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കുന്നതില്‍ മുൻപന്തിയിലുണ്ട്.
പിൻകുറി: പ്രക്ഷോഭം നടത്തുന്ന കർഷകർ ഗോദി മീഡിയയെ പടിക്കു പുറത്തുനിർത്തുക മാത്രമല്ല, സ്വന്തമായി 'ട്രോളി ടൈംസ്' എന്ന പേരില്‍ ഒരു ന്യൂസ് ലെറ്റർ കൂടി ദിവസവും പുറത്തിറക്കുന്നുണ്ട്. അതിെൻറ ആദ്യലക്കത്തിലെ പ്രധാന തലവാചകം 'നാം പോരാടും, നാം ജയിക്കും' എന്നാണ്.
tajaluva@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.