മാറ്റത്തിെൻറ വിസിൽ മുഴങ്ങാതെ കായിക രംഗം
text_fieldsകോവിഡ് 19 വ്യാപനത്താൽ ഇന്ത്യൻ കായികരംഗം പൂർണമായും നിശ്ചലമായ സാഹചര്യത്തിലാണ് ദേശീയ കായികദിനാചരണം വീണ്ടുമെത്തുന്നത്. ഭീതിജനകമായ ഈ സന്ദർഭത്തിലും ദേശീയ കായിക ദിനം ഏറെ പ്രതീക്ഷയും ആവേശവും നൽകുന്നു. ലോക കായിക മേഖലയിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ച ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിെൻറ ജന്മദിനമായ ആഗസ്റ്റ് 29 ആണ് ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.
രാജ്യത്തിെൻറ കായിക മികവ് പരിഗണിക്കുമ്പോൾ പ്രാഥമികമായി പരിശോധിക്കപ്പെടുന്നത് ഒളിമ്പിക്സിലെ നേട്ടങ്ങളാണ്. ആധുനിക ഒളിമ്പിക്സിൽ 1900 മുതൽ പങ്കെടുത്ത ഇന്ത്യ ആദ്യ സ്വർണം നേടാൻ 1928ലെ ആംസ്റ്റർഡാം ഒളിമ്പിക്സ് വരെ കാത്തിരിക്കേണ്ടിവന്നു. ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെട്ട ഹോക്കിയിലൂടെയാണ് ഈ സുവർണ നേട്ടം കൈവരിച്ചത്. 1980 വരെ നടന്ന ഒളിമ്പിക്സുകളിൽനിന്ന് ഹോക്കിയിലൂടെ എട്ട് സ്വർണ മെഡൽ ഇന്ത്യ സ്വന്തമാക്കി. ഇത്തരമൊരു മെഡൽനേട്ടം തുടരാൻ പിന്നീടു വന്ന ഹോക്കി ടീമുകൾക്കായിട്ടില്ല എന്നത് നിരാശജനകമാണ്. ഹോക്കിയിലൂടെ ലോക കായിക ഭൂപടത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്ത ഇതിഹാസമാണ് മേജർ ധ്യാൻചന്ദ്. 1928, 32, 36 ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് സ്വർണം നേടാൻ നിർണായക പങ്കുവഹിച്ച വ്യക്തിയുമാണ് അദ്ദേഹം. ധ്യാൻചന്ദിെൻറ കായിക ജീവിതയാത്ര ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടം എന്നാണറിയപ്പെടുന്നത്. ഈ ഹോക്കി അതികായെൻറ സ്മരണാർഥം 2012 മുതൽ ദേശീയ കായികദിനം വിപുലമായ ചടങ്ങുകളോടെ രാജ്യവ്യാപകമായി ആഘോഷിച്ചുവരുകയാണ്.
ധ്യാൻചന്ദ് എന്ന അമാനുഷൻ
1932 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഇന്ത്യ-അമേരിക്ക ഹോക്കി മത്സരത്തിനിടയിൽ ധ്യാൻചന്ദിെൻറ ഹോക്കി സ്റ്റിക്കിൽ 'മന്ത്രവാദം' ചെയ്തിട്ടുണ്ടെന്ന് ഒരു അമേരിക്കൻ കളിക്കാരൻ അമ്പയറോട് പരാതിപ്പെട്ടു. ഇന്ത്യ ഏറെ ഗോളുകൾക്ക് മുന്നിലായിരുന്ന സന്ദർഭത്തിലായിരുന്നു ഈ പരാതി. താൻ ഉപയോഗിച്ചിരുന്ന ഹോക്കി സ്റ്റിക് ഉടൻതന്നെ അമേരിക്കക്കാരന് നൽകി പകരം അദ്ദേഹത്തിെൻറ സ്റ്റിക് വാങ്ങി കളി പുനരാരംഭിച്ചപ്പോഴും ധ്യാൻ ചന്ദിെൻറ ഗോളടിയിൽ മാറ്റമുണ്ടായില്ല. ആ മത്സരത്തിൽ ഒന്നിനെതിരെ 24 ഗോളുകൾക്കാണ് ഇന്ത്യ അമേരിക്കയെ തകർത്തത്. 1936 ബർലിൻ ഒളിമ്പിക്സിൽ അദ്ദേഹത്തിെൻറ നായകത്വത്തിലാണ് ഇന്ത്യൻ ടീം ഫൈനലിൽ ജർമനിയെ എതിരിട്ടത്. ജർമനിയുടെ മിന്നും പ്രകടനവും കിരീടനേട്ടവും പ്രതീക്ഷിച്ച് കളികാണാൻ ഗാലറിയിലെത്തിയ ഹിറ്റ്ലറെ നിരാശനാക്കി ഇന്ത്യ, വൻ മാർജിനിൽ ജർമനിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. കളിക്കളത്തിൽ അത്ഭുതം സൃഷ്ടിച്ച ക്യാപ്റ്റനെ അഡോൾഫ് ഹിറ്റ്ലർ നേരിട്ടെത്തി അഭിനന്ദനം അറിയിക്കുകയും ജർമൻ സൈന്യത്തിൽ കേണൽ പദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, അഭിമാനിയും രാജ്യസ്നേഹിയുമായിരുന്ന ധ്യാൻചന്ദ് സ്നേഹപൂർവം ആ വാഗ്ദാനം നിരസിച്ച് ഇന്ത്യൻ സൈന്യത്തിൽ തുടർന്നു. രണ്ടാം ലോകയുദ്ധം കാരണം 1940, 1944 ഒളിമ്പിക്സുകൾ മാറ്റിവെക്കപ്പെട്ടിരുന്നില്ലെങ്കിൽ ഹോക്കിയിൽ ഇന്ത്യൻ കിരീടങ്ങളുടെ എണ്ണം വർധിക്കുമായിരുന്നു.
ഇന്ത്യൻ കായിക ചരിത്രം പരിശോധിച്ചാൽ ഏറ്റവും മൂല്യമേറിയ സംഭാവനകൾ നൽകിയ കായികതാരം ധ്യാൻചന്ദാണ്. എന്നാൽ, കായികരംഗത്തുനിന്ന് നേട്ടങ്ങൾക്കനുസൃതമായ ആദരവ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്നത് സംശയകരമാണ്. 1979ൽ മരണത്തിന് കീഴടങ്ങിയ ആ പോരാളിക്ക് 1956ൽ പത്മഭൂഷൺ ബഹുമതി നൽകിയതൊഴിച്ചാൽ മറ്റു പുരസ്കാരങ്ങൾക്കൊന്നും ശിപാർശ ചെയ്യപ്പെട്ടില്ല. ഇത്രയേറെ മഹനീയ നേട്ടങ്ങൾ രാജ്യത്തിന് കരസ്ഥമാക്കിക്കൊടുത്ത അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകിയില്ല. ക്രിക്കറ്റിൽ സർ ഡോണൾഡ് ബ്രാഡ്മാൻ, ഫുട്ബാളിൽ പെലെ തുടങ്ങിയവരുടെ നിരയിൽപെടുന്ന വ്യക്തിത്വമാണ് ധ്യാൻചന്ദ്. 1954 മുതൽ ഭാരതരത്നം നൽകിത്തുടങ്ങിയെങ്കിലും 2013ൽ സചിൻ ടെണ്ടുൽകറിലൂടെയാണ് ആദ്യമായി ഒരു കായികതാരം ഈ ഉന്നത ബഹുമതി കരസ്ഥമാക്കുന്നത്. മരണാനന്തര ബഹുമതിയായെങ്കിലും ധ്യാൻചന്ദിന് ഭാരതരത്നം നൽകിയാൽ അത് കായിക രംഗത്തിനുകൂടി ലഭിക്കുന്ന േപ്രാത്സാഹനമാകും.
കായിക സാക്ഷരത ഉറപ്പാക്കണം
കായിക പുരോഗതിക്കും കായിക മികവുകൾ വർധിപ്പിക്കുന്നതിനും രാജ്യത്ത് കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ട്. കുട്ടികൾക്ക് അടിസ്ഥാന കായിക വിദ്യാഭ്യാസവും കായിക സാക്ഷരതയും ശൈശവം മുതൽ ഉറപ്പിക്കുകയും, മികവുപുലർത്തുന്ന പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനവും പിന്തുണയും നൽകുന്ന സംസ്കാരം രൂപപ്പെടുകയും വേണം.
കഴിവുകൾ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ഏർപ്പെടുത്തി ഓരോ കായിക ഇനവുമായി ബന്ധപ്പെട്ട താരങ്ങളെ പ്രത്യേകം തിരഞ്ഞെടുക്കുകയും വേണം. ലോകത്ത് ലഭ്യമാകുന്ന ഏറ്റവും ഉന്നത നിലവാരമുള്ള സംവിധാനങ്ങളും ഇവർക്ക് ലഭ്യമാക്കണം. രാജ്യവ്യാപകമായി ഇത്തരം പരിശ്രമങ്ങൾ ഏറ്റെടുത്ത് നടപ്പിൽവരുത്താൻ തീരുമാനിച്ചാൽ ലോക കായിക ഭൂപടത്തിൽ ഇന്ത്യക്ക് മാന്യമായ സ്ഥാനം ലഭിക്കും.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.