പ്രകൃതി ദുരന്തങ്ങൾ; അനുതാപമാണ് വേണ്ടത്, അപഹാസമല്ല
text_fields
പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ പലപ്പോഴും സാമൂഹിക തിന്മകൾക്കുള്ള ദൈവിക ശിക്ഷയാണതെന്നൊരു അസ്വസ്ഥജനകമായ ആഖ്യാനം ഉയർന്നുവരാറുണ്ട്. കാലിഫോർണിയയിലെ സമീപകാലത്ത് പടർന്ന കാട്ടുതീയെക്കുറിച്ചും അതാവർത്തിച്ചു. ഈ വാചാടോപത്തിന് ദൈവശാസ്ത്രപരമായ അടിത്തറയില്ലെന്നു മാത്രമല്ല, മനുഷ്യർക്കിടയിൽ ധ്രുവീകരണം, അനാവശ്യമായ കുറ്റപ്പെടുത്തൽ, ധാർമിക നിസ്സംഗത എന്നിത്യാദി ദുഷ്പ്രവണതകളെ വളർത്തുകയും ചെയ്യും. സ്വന്തം സമൂഹത്തെ ബാധിക്കുന്ന...
പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ പലപ്പോഴും സാമൂഹിക തിന്മകൾക്കുള്ള ദൈവിക ശിക്ഷയാണതെന്നൊരു അസ്വസ്ഥജനകമായ ആഖ്യാനം ഉയർന്നുവരാറുണ്ട്. കാലിഫോർണിയയിലെ സമീപകാലത്ത് പടർന്ന കാട്ടുതീയെക്കുറിച്ചും അതാവർത്തിച്ചു. ഈ വാചാടോപത്തിന് ദൈവശാസ്ത്രപരമായ അടിത്തറയില്ലെന്നു മാത്രമല്ല, മനുഷ്യർക്കിടയിൽ ധ്രുവീകരണം, അനാവശ്യമായ കുറ്റപ്പെടുത്തൽ, ധാർമിക നിസ്സംഗത എന്നിത്യാദി ദുഷ്പ്രവണതകളെ വളർത്തുകയും ചെയ്യും.
സ്വന്തം സമൂഹത്തെ ബാധിക്കുന്ന ദുരന്തങ്ങളെ വിശ്വാസത്തിന്റെ ‘പരീക്ഷണം’ ആയി ചിത്രീകരിക്കുകയും മറ്റുള്ളവരെ ബാധിക്കുന്ന സമാനമായ സംഭവങ്ങളെ ‘ദൈവിക ശിക്ഷ’യായി മുദ്രകുത്തുകയും ചെയ്യുന്ന ഇത്തരമൊരു സമീപനം ലളിതമായി പറഞ്ഞാൽ ശുദ്ധകാപട്യമാണ്.
പാപികളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാനുള്ള നടപടിയല്ല പ്രകൃതിദുരന്തങ്ങളെന്ന് വിവിധ മതപാരമ്പര്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ഖുർആൻ (5:8) ഉപദേശിക്കുന്നു: ‘‘ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും ചേർന്ന് നിത്കുന്നത്.’’ ദുരന്തങ്ങൾ പാപികൾക്കെതിരായ ദൈവിക ന്യായവിധിയാണെന്ന ധാരണ യേശു നിരസിച്ചു (ലൂക്കാ 13:1-5). ഹൈന്ദവ അധ്യാപനങ്ങളും അഹിംസക്കും അനുകമ്പക്കും ഊന്നൽ നൽകുന്നു.
കാലിഫോർണിയയിൽ ഈയിടെയുണ്ടായ കാട്ടുതീ വീടുകൾ, മസ്ജിദുകൾ, ചർച്ചുകൾ, സിനഗോഗുകൾ, ക്ഷേത്രങ്ങൾ എന്നിവയെ ഒരുപോലെ നശിപ്പിച്ചു. മതമുള്ളവരെയും അല്ലാത്തവരെയും, സമ്പന്നരെയും ദരിദ്രരെയുമെല്ലാം വിവേചനരഹിതമായി ബാധിക്കുകയും ചെയ്തു. ഇത്തരം ദുരന്തങ്ങൾ ദൈവിക കോപത്തിന്റെ ഫലമല്ല; മറിച്ച്, സ്വാഭാവിക പ്രക്രിയകളുടെ ഫലമാണെന്ന് ഇതിൽനിന്ന് വ്യക്തം. പ്രകൃതിദുരന്തങ്ങൾ ദുർബലരായ ജനങ്ങളെ പതിവായി ബാധിക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു മാനസികാവസ്ഥ വെച്ചുപുലർത്തുന്നത് എത്രമാത്രം അബദ്ധവും അപക്വവുമാണെന്ന് ചിന്തിച്ചുനോക്കൂ.
മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നത്. അവ ഭൗതികവും പാരിസ്ഥിതികവുമായ നിയമങ്ങളുടെ ഉൽപന്നങ്ങളാണ്. പലപ്പോഴും മനുഷ്യരുടെ ചെയ്തികളാൽ അവ കൂടുതൽ വഷളാകുന്നു. വനനശീകരണം, മലിനീകരണം, അനിയന്ത്രിതമായ വ്യവസായവത്കരണം എന്നിവയുടെ തുടർച്ചയായ കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ദുരന്തങ്ങളുടെ തീവ്രത വർധിപ്പിച്ചു. വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് എന്നിവ സമൂഹങ്ങളെ കൂടുതലായി ബാധിക്കുന്ന ഇന്ത്യയിൽ പാരിസ്ഥിതിക ഉത്തരവാദിത്തം അടിയന്തരമാണ്.
പരിസ്ഥിതിയോടുള്ള മനുഷ്യരാശിയുടെ കൂട്ടായ ഉത്തരവാദിത്തത്തെക്കുറിച്ച് കൂടുതൽ ആലോചിക്കാനും പ്രവർത്തിക്കാനുമുള്ള സന്ദർഭമായി പ്രകൃതിദുരന്തങ്ങളെ കാണണം. സംസ്കാരങ്ങളിലുടനീളം, മതപാരമ്പര്യങ്ങൾ ഭൂമിയുടെ പരിപാലനത്തിന് ഊന്നൽ നൽകുന്നു. ഭാവിതലമുറകൾക്കായി നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള ധാർമികമായ ഉത്തരവിനെക്കുറിച്ച് ഓർമപ്പെടുത്തുന്നു.
കേരളത്തിലെ പ്രളയമോ ഉരുൾപൊട്ടലോ ഒഡിഷയിലെ ചുഴലിക്കാറ്റോ ബാധിച്ചവർക്കു വേണ്ടി അവരുടെ മത- സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നും പരിഗണിക്കാതെയാണ് നമ്മൾ ഐക്യദാർഢ്യപ്പെടുന്നതും സഹായമെത്തിക്കാൻ കൈകോർക്കുന്നതും. പാലിസാഡ്സിലാവട്ടെ, ഫലസ്തീനിലാവട്ടെ ദുരന്തബാധിതരെല്ലാം അനുതാപത്തിന്റെ അവകാശികളാണ്. എല്ലാ ദുരന്തങ്ങളോടും ഇതേ അനുകമ്പ പുലർത്തണം. ഗസ്സ പോലുള്ള ഇടങ്ങളിലെ ദുരിതങ്ങൾ മനുഷ്യത്വഹീന ശക്തികളുടെ ബോധപൂർവമായ മർദകനയങ്ങളിൽനിന്നാണ് ഉണ്ടാകുന്നത്. അതേസമയം, കാട്ടുതീ ദാരുണമാണെങ്കിലും പാരിസ്ഥിതിക അവഗണന വർധിപ്പിക്കുന്ന പ്രകൃതിദത്ത ചക്രത്തിന്റെ ഭാഗമാണ്. ആഗോള അസമത്വങ്ങളോടുള്ള നിരാശയും അമർഷവുമൊന്നും മറ്റൊരാളുടെ നിർഭാഗ്യത്തിൽ സന്തോഷിക്കാനുള്ള ന്യായീകരണമല്ല. പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും കൂടുതൽ ഉത്തരവാദിത്തവും സഹാനുഭൂതിയും കരുണയുമുൾപ്പെടെയുള്ള മാനുഷിക ഗുണങ്ങളും പ്രകടിപ്പിക്കേണ്ട നിർണായക അവസരങ്ങളാണെന്ന് മറക്കാതിരിക്കുക.
(കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമജ്ഞനും അന്താരാഷ്ട്ര സർവകലാശാലകളിലെ നിയമ പ്രഫസറുമാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.