ചികിത്സിക്കാം; അറിവു വേണം, നൈപുണ്യവും
text_fieldsകോഴിക്കോട് ജില്ലയിലെ ഒരു പ്രകൃതി ചികിത്സാലയത്തില്‍ പ്രമേഹരോഗിയായ പിതാവിനെ കാണിക്കാന്‍ പോയ സുഹൃത്ത് പറഞ്ഞ അനുഭവം. അവിടെ സ്റ്റെതസ്കോപ് കഴുത്തില്‍ തൂക്കിയ യുവതിയോട് ഏത് കോഴ്സാണ് കഴിഞ്ഞതെന്നു സുഹൃത്ത് ചോദിച്ചു. ബി.എ മലയാളം എന്നായിരുന്നു മറുപടി. അപ്പോള്‍ ഈ ചികിത്സ എന്ന രണ്ടാമത്തെ ചോദ്യത്തിന് നാച്വറോപ്പതിയില്‍ ഏതോ കോഴ്സ് കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. മലയാളത്തില്‍ പിഎച്ച്.ഡിയുള്ള സുഹൃത്ത് പിതാവുമായി മടങ്ങിപ്പോന്നു.
സാധാരണ ആശുപത്രികളുടെ നിലവാരമോ യോഗ്യരായ ഡോക്ടര്‍മാരുടെ സേവനമോ പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും ഇത്തരം ചികിത്സകേന്ദ്രങ്ങള്ക്കും അവിടെ ഡോക്ടര്‍മാരായി ചമഞ്ഞുനില്ക്കുന്നവര്ക്കും ഉണ്ടാകേണ്ട ചില മിനിമം യോഗ്യതകളുണ്ട്. മുംബൈ ഹൈകോടതിയുടെ ഒരു വിധി പ്രകാരം ഏതാനും വര്‍ഷം മുമ്പ് നാച്വറോപ്പതി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് പേരിനോടൊപ്പം ഡോക്ടര്‍ എന്നു വെക്കാനുള്ള അനുമതി കിട്ടിയിട്ടുണ്ട്. പക്ഷേ, അതു വെക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യത കൃത്യം അമ്പത് വര്‍ഷം മുമ്പുതന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവരമോ നൈപുണ്യമോ ഇല്ലാത്ത ഡോക്ടര്‍മാര്‍ ചികിത്സ ഏറ്റെടുക്കരുതെന്നാണ് സുപ്രീംകോടതി പറഞ്ഞത് (Laxman Balakrishna Joshi v. Trimbak Bapu Godbole and another). കാലിെൻറ എല്ലുപൊട്ടിയ ഒരു കുട്ടിയെ ഡോക്ടര്‍ അശ്രദ്ധമായി ചികിത്സിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മരിച്ചുപോകുകയും ചെയ്തതാണ് ഈ കേസ്. ഈ ഡോക്ടര്‍ അലോപ്പതിയില്‍ ബിരുദവും മറ്റു യോഗ്യതകളുമുള്ള വ്യക്തിയായിരുന്നു.
ആ കേസില്‍ ഡോക്ടര്‍മാരുടെ നൈപുണ്യമില്ലായ്മയേയും വിവരക്കേടിനേയും കുറിച്ച് കോടതി ഇപ്രകാരം പറഞ്ഞു: ‘‘വൈദ്യോപദേശവും ചികിത്സയും നല്കാന് മുന്നോട്ടു വരുന്നവര്‍ അതിനുള്ള വിജ്ഞാനവും വൈദഗ്ധ്യവും തങ്ങള്‍ക്കുണ്ടെന്ന് വ്യംഗ്യമായ ഒരു പ്രലോഭനം രോഗികള്‍ക്ക് നല്‍കുന്നുണ്ട്. ഒരു രോഗിയെ പരിശോധിക്കുമ്പോള്‍ അത്തരമൊരു വ്യക്തിക്ക് ചില കടമകളുണ്ട്. ആ കേസ് ഏറ്റെടുക്കണമോ? എന്തു ചികിത്സ നല്‍കണം? എന്നു ചിന്തിക്കണം. ആ ചികിത്സ നടപ്പിലാക്കുന്നതിൽ സൂക്ഷ്മത പാലിക്കണം. ഇതില്‍ ഏതെങ്കിലും ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയാല്‍ അയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടാകും. ഒാരോ കേസിെൻറയും സാഹചര്യത്തിനനുസരിച്ച് ന്യായമായ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തേണ്ടതുമുണ്ട്’’(സുപ്രീം കോടതി -1969)
ഈ വിജ്ഞാനവും വൈദഗ്ധ്യവും ഇല്ലാതെ പോയതുകൊണ്ടാണ് കേരളത്തില്‍ പ്രകൃതിചികിത്സക്ക് പ്രസിദ്ധനായ ജേക്കബ് വടക്കഞ്ചേരി കുടുങ്ങിപ്പോയത്. അറിവില്ലായ്മയും വൈദഗ്ധ്യക്കുറവും അശ്രദ്ധയും മൂലം രോഗി മരിക്കാനിടയായ കേസില്‍ നാലു ലക്ഷം രൂപ മരിച്ച രോഗിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് കോഴിക്കോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.
കോഴിക്കോട് ബാറില്‍ അഭിഭാഷകനായിരുന്ന അഡ്വ. സി. വിനയാനന്ദെൻറ മരണമാണ് കേസിനാസ്പദമായ സംഭവം. കടുത്ത പ്രമേഹ രോഗിയായിരുന്ന വിനയാനന്ദന് വയറ്റില്‍ പുണ്ണും മൂത്രത്തില്‍ കല്ലുമുണ്ടായിരുന്നു. അലോപ്പതി ചികിത്സ കൊണ്ട് ഫലമില്ലാതെ വന്നപ്പോഴാണ് കോഴിക്കോട് ഗവ. ലോ കോളജില്‍ അസോസിയേറ്റ് പ്രഫസറായ സഹോദരന് ഡോ. സി. തിലകാനന്ദെൻറ ഉപദേശപ്രകാരം വിനയാനന്ദന് കൊച്ചിയില്‍ ജേക്കബ് വടക്കഞ്ചേരിയുടെ കൊച്ചിയിലെ നാച്വര്‍ ലൈഫ് ആൻഡ് റെമഡീസ് ആശുപത്രിയിലെത്തുന്നത്. 2005 നവംബര്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനയാനന്ദന് പതിനൊന്നിനു രാവിലെ 10.50 ഓടെ മരിച്ചു. കടുത്ത ഹൃദ്രോഗിയായ വിനയാനന്ദനെ മുകളിലേക്ക് പടികള്‍ കയറ്റുകയും യോഗമുറകള്‍ അഭ്യസിപ്പിക്കുകയും ചെയ്തതാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പടികള്‍ കയറുമ്പോള്‍ അനുഭവപ്പെട്ട ശ്വാസതടസ്സവും തളര്‍ച്ചയും ഹൃദ്രോഗ ലക്ഷണങ്ങളാണെന്നു തിരിച്ചറിയാനോ വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും അവര്‍ ആരോപിച്ചു.
പ്രകൃതി ചികിത്സയുടെ ഉപാസകനായ താന്‍ രോഗികള്‍ക്ക് മരുന്നു കുറിച്ചു കൊടുക്കാറില്ലെന്നായിരുന്നു ജേക്കബിെൻറ വാദം. രോഗികള്‍ക്ക് തങ്ങള്‍ ഉപദേശങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ. ഭക്ഷണ നിയന്ത്രണത്തിനും ധ്യാനത്തിനുമുള്ള ഉപദേശങ്ങള്‍ നല്‍കും. വിനയാനന്ദന് കടുത്ത ഹൃദ്രോഗിയാണെന്ന് അദ്ദേഹമോ ബന്ധുക്കളോ വെളിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, പരിശോധന സമയത്ത് വിനയാനന്ദെൻറ ഹൃദയം ദുര്‍ബലമാണെന്ന് കണ്ടെത്തിയതായി ഡോ. ജോഷി ഫോറം മുമ്പാകെ സമ്മതിച്ചു.
മരുന്നോ രാസവസ്തുക്കളോ ഉപയോഗിക്കാത്തതുകൊണ്ടു തന്നെ പ്രകൃതി ചികിത്സരീതികള്‍ രോഗികളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമില്ലെന്നും സാത്വിക/യോഗി ഭക്ഷണരീതിയും യോഗാസനയും ഹൃദ്രോഗികളെ ദോഷകരമായി ബാധിക്കില്ലെന്നു മാത്രമല്ല, അത് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുമെന്നുമായിരുന്നു ആശുപത്രിക്കാരുടെ വാദം. ഹൃദ്രോഗിയാണെന്ന് അറിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ വിദഗ്ധ ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്യാതിരുന്നതെന്നും അവര്‍ വാദിച്ചു.
ആറു വര്‍ഷം നീണ്ട വിചാരണയില്‍ പ്രകൃതി ചികിത്സ നടത്തുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരായി എത്തുന്നവരുടെ അജ്ഞത ശരിക്കും വെളിപ്പെട്ടു. ഹൃദ്രോഗികളെ പടികള്‍ കയറ്റാനും യോഗ ചെയ്യിക്കാനും പാടില്ലെന്ന് അറിയാമോ എന്ന ചോദ്യത്തിന് അറിയാമെന്നായിരുന്നു ജേക്കബിെൻറ മറുപടി. യോഗമുറകളുടെ സ്വഭാവമനുസരിച്ച് അത് ദുരന്തകാരണമാകുമെന്നും അദ്ദേഹം സമ്മതിച്ചു. തലേ ദിവസം കോഴിക്കോട്ടെ ലാബില്‍ നിന്ന് എടുത്ത ഇ.സി.ജി രോഗിയോ ബന്ധുക്കളോ തങ്ങളെ കാണിച്ചില്ലെന്നായിരുന്നു അവരുടെ മറ്റൊരു വാദം. കടുത്ത പ്രമേഹരോഗിയായ ഒരാള്‍ക്ക് പടികയറുമ്പോഴും മറ്റും അനുഭവപ്പെടുന്ന ശ്വാസ തടസ്സവും തളര്‍ച്ചയും ഹൃദ്രോഗ ലക്ഷണങ്ങളാണെന്നു മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നു ഫോറത്തിനു ബോധ്യപ്പെട്ടു. ഇ.സി.ജി വായിക്കാനോ മനസ്സിലാക്കാനോ കഴിയില്ലെന്നു ഡോ. ജേക്കബ് വടക്കഞ്ചേരിയും ഡോ. ജോഷിയും പിന്നീട് ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. എന്നു വെച്ചാല്‍ ഇ.സി.ജി കാണിക്കുന്നതും കാണിക്കാതിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ചികിത്സാ രംഗത്ത് ഇവരുടെ വ്യക്തമായ അജ്ഞതയാണ് ഇത് സൂചിപ്പിക്കുന്നതെന്നു ഫോറം വിധിയില്‍ വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടു മുമ്പാണെന്നു തോന്നുന്നു കേരളത്തിെൻറ മുക്കിലും മൂലയിലും പ്രകൃതി ചികിത്സാ കേന്ദ്രങ്ങള്‍ വ്യവസായാടിസ്ഥാനത്തില്‍ മുളച്ചുപൊങ്ങാന്‍ തുടങ്ങിയത്. ഒരേ ഗ്രൂപ്പിനുതന്നെ പത്തും പന്ത്രണ്ടും ശാഖകള്‍ വളര്ന്നുവന്നിട്ടുണ്ടെങ്കില്, ജനങ്ങളുടെ ആരോഗ്യഭീതി മുതലെടുക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചുവെന്നു വേണം കരുതാന്‍. പ്രകൃതി ചികിത്സ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ എന്നു പറയുന്നവരുടെ അജ്ഞതയും അശ്രദ്ധയും മൂലം സംഭവിക്കുന്ന മരണങ്ങള് ഇടക്കിടെ വാര്‍ത്തയാകാറുണ്ട്. രണ്ടര പതിറ്റാണ്ടു മുമ്പ് മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രകൃതിചികിത്സ കേന്ദ്രത്തില്‍ അര്‍ബുദ രോഗിയായ പെണ്‍കുട്ടി മരിച്ചത് വലിയ വിവാദമായിരുന്നു. ഈയിടെ അന്തരിച്ച പ്രശസ്ത നടെൻറ മരണത്തിനു പിന്നിലും പ്രകൃതി ചികിത്സക്കാരുടെ അജ്ഞതയും അശ്രദ്ധയുമുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ പിന്നാലെ പോകാന്‍ തയാറായില്ല. ഈ അടുത്ത ദിവസമാണ് മഞ്ചേരിയിലെ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ഗര്‍ഭിണി മരിച്ചവിവരം പുറത്തുവന്നത്. അതേ ചികിത്സാലയത്തിെൻറ മറ്റൊരു ശാഖയില്‍ ഏതാനും മാസം മുമ്പ് മറ്റൊരു ഗര്‍ഭിണിയും മരണം പൂകിയിരുന്നു.
പ്രകൃതി ചികിത്സയെ എതിര്‍ക്കേണ്ടതില്ല. പക്ഷേ, അതിനെ പ്രകൃതി ചികിത്സ എന്നു വിളിക്കുന്നതാണ് പ്രശ്നം. കാരണം അത് ജീവിതമാണ്. പ്രകൃതിജീവിതമെന്നു വിളിക്കുന്നതാകും ശരി. പ്രകൃതിവിരുദ്ധമായി ജീവിക്കുന്നതുകൊണ്ടാണല്ലോ മിക്ക രോഗങ്ങളും ഉണ്ടാവുന്നത്. കണ്ണില്‍ കണ്ടതെല്ലാം നേരവും കാലവും നോക്കാതെ വാരിവലിച്ചു തിന്നുന്നതും ഒരു ചിട്ടയും വ്യവസ്ഥയുമില്ലാത്ത ജീവിതരീതിയുമാണ് അതിന് ആക്കം കൂട്ടുന്നതെന്നും എല്ലാവര്ക്കും അറിയാം. അപ്പോള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കുന്നതിനെ പ്രകൃതിചികിത്സ എന്നു വിളിക്കേണ്ടതില്ല.
അങ്ങനെ ജീവിച്ചാല്‍ പിന്നെ ചികിത്സയുടെ ആവശ്യവുമില്ലല്ലോ. മാത്രമല്ല, ഉപദേശങ്ങള്മാത്രം നല്കാന് എന്തിനാണ് ഇത്തരം ആശുപത്രികള്‍? അറിവും നൈപുണ്യവുമില്ലാത്തവര് ഡോക്ടര്‍ എന്ന പേരും വെച്ച് നടത്തുന്ന ഇത്തരം ചികിത്സാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാറിെൻറ സത്വരശ്രദ്ധ പതിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.