ഇന്ത്യയുടെ പ്രകൃതി വിൽപനക്ക്
text_fieldsനാല് ഹോട്ട്സ്പോട്ടുകളുള്ള ലോകത്തെ അതിവിപുല ൈജവവൈവിധ്യ സമ്പത്തുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ, പാരിസ്ഥിതികാഘാത വിലയിരുത്തൽ (ഇ.ഐ.എ) ചട്ടങ്ങൾ നേർപ്പിക്കാനുള്ള നിലവിലെ നിർദേശം രാജ്യത്തിെൻറ പരിസ്ഥിതിയെ അപകടകരമായ അവസ്ഥയിലേക്കാണ് തള്ളിവിടുന്നത്.
രാജ്യത്തിെൻറ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള നിയമാനുസൃത അതോറിറ്റിയായ പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയം 2020 മാർച്ച് 23 ന് നിലവിലുള്ള ഇ.െഎ.എ പ്രക്രിയയിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിർദേശം പ്രഖ്യാപിച്ചു.
വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തിെൻറ മുക്കിലും മൂലയിലും ഉയർന്നുകഴിഞ്ഞു. ഭയപ്പെടുത്തുന്ന ഈ പകർച്ചവ്യാധി സമയത്തു തന്നെ കരട് നിർദേശം പൊതുജനാഭിപ്രായത്തിനു സമർപ്പിച്ചതിനെ ചൊല്ലിയും അതിനനുവദിച്ച പരിമിതമായ സമയപരിധിക്കെതിരെയും ശക്തമായ എതിർപ്പാണ് ഉയർന്നുവന്നത്. അേത തുടർന്നാണ് ഡൽഹി ഹൈകോടതി അവസാന തീയതി 2020 ആഗസ്റ്റ് 11ലേക്ക് നീട്ടിയത്.
നിരവധി വിദഗ്ധർ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് അധികാരികൾക്കിടയിൽ ഒരു വിധ പ്രതികരണവുമുയർത്താനിടയില്ല. ന്യൂഡൽഹിയിലെ ഭരണസിരാകേന്ദ്രങ്ങളുടെ പുനർനിർമാണമായ സെൻട്രൽ വിസ്റ്റ പ്രോജക്ടിനുള്ള ആവേശം, രാജ്യത്തിെൻറ വടക്കുകിഴക്കൻ ഭാഗങ്ങളിലെ വൻകിട വൈദ്യുതപദ്ധതികളോടുള്ള താൽപര്യം, രാജ്യം സമ്പൂർണ ലോക്ഡൗണിലായിരിക്കെ ഖനികൾ സ്വകാര്യ പാർട്ടികൾക്ക് ടെൻഡർ ചെയ്യാനുള്ള തീരുമാനം തുടങ്ങിയവ നിലവിലെ ഭരണകൂടത്തിെൻറ പരിസ്ഥിതിയോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ്.
അതും പോരാതെ കാലാവസ്ഥ സംരക്ഷണ സന്നദ്ധസംഘടനയുടെ വെബ്സൈറ്റ് തടയുക, സ്കൂൾ കുട്ടികൾ സമാധാനപരമായ ഇ.െഎ.എ വിജ്ഞാപനം-2020 നെതിരായി വാദിക്കുന്നതിൽനിന്നു തടയുക, വിയോജിപ്പുകളെ അടിച്ചമർത്തുക തുടങ്ങിയ ഗവൺമെൻറിെൻറ പ്രവർത്തനൈശലി തന്നെ ഇന്ത്യയുടെ പ്രകൃതി പൈതൃകത്തിനും പാരിസ്ഥിതിക സുരക്ഷക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്.
പരിസ്ഥിതിയും സാമ്പത്തികവികസനവും തമ്മിലുള്ള താൽപര്യങ്ങളുടെ പൊരുത്തക്കേട് ഇന്ത്യയിൽ പുതിയതല്ല. 1990 കളിലെ നവലിബറൽ സാമ്പത്തികപരിഷ്കാരങ്ങളും ആഗോളീകരണവും മുതൽ രാജ്യത്തിെൻറ പ്രകൃതിയും പരിസ്ഥിതിയും വിനാശകരമായ അസ്വസ്ഥതകൾ അഭിമുഖീകരിച്ചു തുടങ്ങി.
അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണനിയമം 1986 പ്രകാരമുള്ള വിജ്ഞാപനത്തിലൂടെ രാജ്യത്തെ ഏതു വികസനപ്രവർത്തനത്തിനും പാരിസ്ഥിതിക അനുമതി (ഇ.സി) തേടണമെന്നു തീരുമാനിക്കാൻ 1994ൽ ഗവൺമെൻറ് ഇ.െഎ.എയുടെ നടപടിക്രമം നിർബന്ധമാക്കിയത്. അതു പ്രശംസനീയമായ നടപടിയായിരുന്നു.
തുടക്കത്തിൽ, രാജ്യത്തിെൻറ പ്രകൃതിവിഭവ മൂലധനം സംരക്ഷിക്കുന്നതിനും പ്രകൃതിയെക്കുറിച്ച വികസനവും ആശങ്കകളും സമന്വയിപ്പിക്കുന്നതിനുമുള്ള ശക്തമായ നിയമപ്രകാരമുള്ള ഉപകരണമായാണ് ഇ.െഎ.എ പ്രവർത്തിച്ചിരുന്നത്. പിന്നീട്, 1997ൽ വികസനപ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന െപാതുതെളിവെടുപ്പ് നിർബന്ധമാക്കിയത് പ്രശംസനീയമായ മറ്റൊരു നടപടിയായിരുന്നു.
പാരിസ്ഥിതിക അനുമതി നൽകുന്നതിനു മുമ്പുള്ള പൊതു തെളിവെടുപ്പ് പൊതുജന പങ്കാളിത്തവും പദ്ധതി അംഗീകാരത്തിലെ സുതാര്യതയും ഉറപ്പാക്കി. എങ്കിലും, കോർപറേറ്റ് ഏജൻസികളിൽനിന്നും മറ്റു തൽപര വിഭാഗങ്ങളിൽനിന്നും വർധിച്ചുവരുന്ന സമ്മർദത്തിനു വിധേയമായി ഇ.െഎ.എ പ്രക്രിയയുടെ സമഗ്രത ക്രമേണ വഴിമാറി. വികസനപ്രവർത്തനങ്ങൾക്കെതിരെ പ്രതിബന്ധം തീർക്കുന്ന 'ചുവപ്പുനാട'യായി പലതവണ ഇ.െഎ.എ ആക്ഷേപിക്കപ്പെട്ടു.
എന്നാൽ, ഒന്നു പറയാം; ഇ.െഎ.എ പ്രക്രിയയിൽ പൊതുജനങ്ങളുടെ എതിർപ്പുകൾ ഉയർന്ന കാരണംകൊണ്ടുമാത്രം രാജ്യത്തെ നിരവധി പ്രകൃതിവിരുദ്ധ വികസനപ്രവർത്തനങ്ങൾക്കു തടയിടാൻ കഴിഞ്ഞു, സൈലൻറ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഉൾപ്പെടെ രാജ്യത്ത് ഉടനീളമുള്ള ഉദാഹരണങ്ങൾ അതിനു നിരവധിയുണ്ട്. എന്നിരുന്നാലും പിന്നീടുള്ള ഭേദഗതികൾ, പ്രത്യേകിച്ച് ഇ.െഎ.എ ഭേദഗതി, യഥാർഥ ഇ.െഎ.എ(1994)യിൽ കാര്യമായ മാറ്റങ്ങൾ വരുത്തി, കൂടുതൽ വികസന-കോർപറേറ്റ് അവിശുദ്ധബന്ധം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശാസ്ത്രീയമായ കാർക്കശ്യമില്ലായ്ക, ഇ.െഎ.എ പ്രക്രിയയെ കൂടുതൽ വിട്ടുവീഴ്ചക്കിരയാക്കി.
ഈ പ്രത്യേക ഭേദഗതി, പദ്ധതികളെ എ, ബി എന്നിങ്ങനെ തരംതിരിക്കുന്നതിനൊപ്പം സ്ക്രീനിങ്, സ്കോപിങ്, പബ്ലിക് കൺസൾട്ടേഷൻ, വിദഗ്ധസമിതികളുടെ വിലയിരുത്തൽ എന്നീ ഘട്ടങ്ങളും നിർബന്ധമാക്കിയിരുന്നു. പക്ഷേ, ഇപ്പോൾ നിർദിഷ്ട ഇ.െഎ.എ വിജ്ഞാപനം 2020ലൂടെ, സംസ്ഥാനസർക്കാറുകളിലും പൊതുജനങ്ങളിലും നിക്ഷിപ്തമായ അധികാരങ്ങൾ വെട്ടിക്കുറച്ചു ഇ.െഎ.എ പ്രക്രിയയെ വെറും പ്രഹസനമാക്കിയിരിക്കുന്നു! നിയമത്തിലെ ലഘൂകരണം സുതാര്യതയില്ലായ്മയിലേക്ക് നയിക്കുകയും പൊതുജനങ്ങൾക്ക് (നേരിട്ടുള്ള പങ്കാളികളുൾപ്പെടെ) അവരുടെ ന്യായമായ അവകാശങ്ങൾ ഇല്ലാതാക്കുകയും സിവിൽസൊസൈറ്റി ശബ്ദത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സർവോപരി, പാരിസ്ഥിതികലംഘനങ്ങളെ ദുർബലപ്പെടുത്തുന്നു. അങ്ങനെ ഇ.െഎ.എയുടെ അടിസ്ഥാന ഉദ്ദേശ്യത്തെ അട്ടിമറിക്കുന്നു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ അദ്വിതീയമാക്കുന്നത് വൈവിധ്യമാണ്. രാജ്യത്തിന് പാരിസ്ഥിതികസുരക്ഷയും പ്രതിരോധവും തീർക്കുന്നതും ജനങ്ങൾക്ക് സുസ്ഥിരഭാവിക്കുള്ള സാധ്യത ഉറപ്പുവരുത്തുന്നതും അതുതന്നെ. വൈവിധ്യമാർന്ന പരിസ്ഥിതി, കാലാവസ്ഥ, അവയൊരുക്കുന്ന ആവാസവ്യവസ്ഥ (ecosystem), ഭൂമിശാസ്ത്രപരമായ മേഖലകൾ (geographical region) എന്നിവ രാജ്യത്തിന് ഘടനാപരവും സാമൂഹികവും സാംസ്കാരികവുമായ ഉൗർജസ്വലതയും ആവേശവും പ്രദാനം ചെയ്യുന്നു.
പക്ഷേ, മുതലാളിത്ത ലാഭക്കൊതി നയരൂപവത്കരണത്തിലേക്ക് കടന്നുകയറുകയും രാജ്യത്തിെൻറ പ്രകൃതിവിഭവങ്ങളെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. ഉദാരീകരണത്തെത്തുടർന്ന് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ ഒരു ദശാബ്ദക്കാലം അഭിവൃദ്ധി പ്രാപിെച്ചങ്കിലും സാമ്പത്തികപരിഷ്കാരങ്ങൾക്ക് മൊത്തത്തിലുള്ള വളർച്ച സുസ്ഥിരമാക്കി മാറ്റാൻ കഴിഞ്ഞില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാമ്പത്തികമാന്ദ്യം വളരെ പ്രകടമാണ്. പകർച്ചവ്യാധി അതിനെ രൂക്ഷമാക്കി. ഇന്ത്യയുടെ തൊഴിൽവിപണിയുടെ നട്ടെല്ലായ കൃഷി, നിക്ഷേപത്തിന് മതിയായ വരുമാനം ഉറപ്പാക്കാൻ കഴിയാത്തതിനാൽ ഡിമാൻഡ് കുറഞ്ഞ തൊഴിലായി നിലകൊള്ളുന്നു. താങ്ങാനാവാത്ത നഷ്ടം ദാരിദ്ര്യത്തിലേക്ക് തള്ളുന്നതുമൂലം കർഷകരുടെ ആത്മഹത്യ വ്യാപകമാണ്. പക്ഷേ, നിർഭാഗ്യവശാൽ ഇന്നത്തെ മാധ്യമദൃഷ്ടിയിൽ ഇല്ല.
ജനസംഖ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ ഉൽപാദനക്ഷമതയുള്ള യുവാക്കളുടെ ഉയർന്ന അനുപാതമുണ്ട്. എന്നിരുന്നാലും, നഗരകേന്ദ്രീകൃത വികസനവും ആഗോളീകരണവും കാരണം, ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള നിർബന്ധിത കൂട്ട പലായനം സ്ഥിരമാണ് (80 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ). പിഴുതുമാറ്റിയ ഈ ഭൂരിപക്ഷം ചേരികളിൽ നിലനിൽക്കാൻ നിർബന്ധിതരാകുന്നു.
അടിസ്ഥാനസൗകര്യങ്ങളിൽ സുരക്ഷിതമായവായു, വെള്ളം, ഭക്ഷണം, ശുചിത്വം തുടങ്ങിയവ ഇന്ത്യൻനഗരങ്ങൾക്ക് ലഭ്യമല്ല. മാത്രമല്ല, യുവാക്കളുൾപ്പെടെയുള്ള നഗരവാസികൾ വിവിധ ജീവിതശൈലീരോഗങ്ങൾ, പ്രമേഹം, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വിധേയരാകുന്നു. കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ, പ്രകൃതിയെ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയുടെ മാതൃകശീലങ്ങൾ പുതുക്കുന്നതിനും ലോകമെമ്പാടും വർധിച്ചുവരുന്ന താൽപര്യം ശ്രദ്ധേയമാണ്. മറുവശത്ത്, ഇന്ത്യയിൽ രാജ്യത്തിെൻറ പ്രകൃതിക്ഷേമം അവഗണിച്ച് സ്വകാര്യനിക്ഷേപം നയിക്കുന്ന നവലിബറൽ വികസന മോഡലുകളിൽ ഗവൺമെൻറ് താൽക്കാലിക 'ആനന്ദം' കണ്ടെത്തുന്നു.
പരിമിതമായ എണ്ണം സ്വകാര്യ ഏജൻസികളുടെ ദീർഘകാല ലാഭേച്ഛക്കായി രാജ്യത്തിെൻറ പരിസ്ഥിതിസുരക്ഷയുടെയും തുടർന്നുള്ള സാമൂഹികസുരക്ഷയുടെയും ലാഭവും നിയന്ത്രണവും പണയം വെക്കുകയാണ്. ഈ സാഹചര്യത്തിൽ, പ്രകൃതിദത്തപൈതൃകത്തെ, സുസ്ഥിരവികസനത്തെ ത്യജിക്കുന്ന സമൂഹങ്ങളിൽ ഭാവിയിൽ മൃഗജന്യമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന പഠനങ്ങൾ തെളിയിക്കപ്പെട്ട കാര്യം ശ്രദ്ധിക്കേണ്ടതാണ്.
2014 മുതൽ ഇന്ത്യയിലെ ഗവൺമെൻറിെൻറ മുതലാളിത്ത അനുകൂല പക്ഷപാതിത്വം വളരെ വ്യക്തമാണ്. ആ അടുപ്പം പ്രകൃതി പരിസ്ഥിതിയോടുള്ള നിരന്തരമായ നിസ്സംഗതയായി പരിണമിച്ചു. നിർദിഷ്ട ഇ.െഎ.എ 2020 ഭേദഗതി കോർപറേറ്റ് ഏജൻസികൾക്ക് രാജ്യത്തിെൻറ പ്രകൃതി മൂലധനത്തിെൻറ പൂർണനിയന്ത്രണം ഏറ്റെടുക്കുന്നതിന് വഴിയൊരുക്കുന്നു. തന്മൂലം തേദ്ദശീയ ജനതക്ക് അവരുടെ പ്രകൃത്യാധിഷ്ഠിത ഉപജീവനവും അസംസ്കൃത ജീവജാലങ്ങളും അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയും നിലനിൽപും നഷ്ടപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.