ഈ പിളർപ്പിൽ വളരുന്നതാര്, തളരുന്നതാര്?
text_fields‘‘മുമ്പത്തെ പോലെയല്ല; രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര, ആദർശ അടിത്തറകൾ ഇളകിപ്പോയിരിക്കുന്നു. പുതുതലമുറ നേതാക്കന്മാർക്കിന്ന് രാഷ്ട്രീയം കരിയർ മാത്രമാണ്. അതിനാൽ അവർ തങ്ങളുടെ ഭാവി കണക്കുകൂട്ടി എങ്ങോട്ടും പോകാ’’മെന്ന് പറഞ്ഞത് ശരദ്പവാറാണ്. 2014 ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസുമായുള്ള സഖ്യം എൻ.സി.പി താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
ശിവസേനയുമായുള്ള സഖ്യം ബി.ജെ.പി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മോദി തരംഗത്തിൽ പാർട്ടി തൂത്തുവാരിയ ആത്മവിശ്വാസത്തിലായിരുന്നു അന്ന് മഹാരാഷ്ട്ര ബി.ജെ.പി. തൊട്ടുപിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ പിന്തുണയില്ലാതെ ഒറ്റക്ക് അധികാരം പിടിക്കാൻ കഴിയുമെന്ന് അവർ കരുതി.
ബി.ജെ.പി-ശിവസേന ബന്ധം അവസാനിപ്പിച്ചതോടെ ശരദ്പവാർ കോൺഗ്രസുമായുള്ള സഖ്യവും അവസാനിപ്പിച്ചു. പവാറിന്റെ നീക്കം ബി.ജെ.പിയെ സഹായിക്കാനാണെന്ന ആക്ഷേപം അന്നും ഉയർന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഇന്നത്തെ തലമുറ നേതാക്കൾക്ക് രാഷ്ട്രീയത്തിൽ ആദർശമല്ല, കരിയറാണ് മുഖ്യമെന്ന് പവാർ പറഞ്ഞത്. അതിന് അദ്ദേഹം നിരത്തിയ കാരണം ഇതാണ്: 288 നിയമസഭ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്.
കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുകയാണെങ്കിൽ 110-115 സീറ്റുകളാണ് വീതംവെപ്പിൽ എൻ.സി.പിക്ക് കിട്ടുക. സ്ഥാനാർഥി മോഹികളുടെ എണ്ണം അതിലും ഇരട്ടിയാണ്. അങ്ങനെ വരുമ്പോൾ സീറ്റ് ലഭിക്കാത്തവരെ ബി.ജെ.പി പൊക്കും. അത് ഒഴിവാക്കുകയാണ് തന്റെ ലക്ഷ്യം. ഇതായിരുന്നു പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യനായി വിശേഷിപ്പിക്കപ്പെടുന്ന പവാറിന്റെ ന്യായം.
ആ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ചരിത്രത്തിലാദ്യമായി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ല. ഉടൻ സഹായത്തിനെത്തിയത് ശരദ്പവാറായിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിനെ ശബ്ദവോട്ടിലൂടെ എൻ.സി.പി കരകയറ്റി.
തൂക്കുസഭയെ തുടർന്ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുന്നതും ഖജനാവിൽ നിന്ന് പണം ചെലവിട്ട് വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തുന്നതും ഒഴിവാക്കാനെന്നാണ് ശബ്ദ പിന്തുണക്ക് പവാർ പറഞ്ഞ ന്യായം. പവാറിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാകില്ലെന്നു കണ്ട ബി.ജെ.പി വീണ്ടും ശിവസേനയെ ഒപ്പംകൂട്ടുകയായിരുന്നു.
2019 ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് അടുത്തപ്പോൾ ഒറ്റക്ക് മത്സരിക്കുന്നത് ബുദ്ധിയല്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. അന്ന് വിലപേശലുകളിലൂടെ ശിവസേനയുമായുള്ള സഖ്യം പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി പദത്തിൽ രണ്ടര വർഷത്തെ പങ്കാളിത്തമാണ് അമിത് ഷാ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നെന്ന് ശിവസേന അവകാശപ്പെടുന്നു.
ബി.ജെ.പി-ശിവസേന സഖ്യത്തിന് അനുകൂലമായിരുന്നു അന്നത്തെ ജനവിധിയെങ്കിലും മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സഖ്യംവിട്ട് ശിവസേന ശരദ്പവാറിന്റെ തണലിൽ മഹാ വികാസ് അഗാഡി (എം.വി.എ) എന്ന പേരിൽ പുതിയൊരു മുന്നണിക്ക് രൂപംനൽകുകയാണ് ചെയ്തത്. സർക്കാറുണ്ടാക്കാൻ ആരും അവകാശവാദമുന്നയിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി അപ്പോഴേക്കും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, അവിടെയും പവാറിന്റെ പ്രായോഗിക തന്ത്രം മണക്കുന്ന നാടകം അരങ്ങേറി. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച രാത്രി വെളുക്കും മുമ്പേ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എൻ.സി.പിയുടെ അജിത്പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നട്ടപ്പാതിരക്ക് രാഷ്ട്രപതി ഭരണം പിൻവലിച്ചായിരുന്നു ഈ നീക്കം.
മൂന്നേമൂന്ന് ദിവസമായിരുന്നു ഫഡ്നാവിസ്-അജിത്പവാർ സർക്കാറിന്റെ ആയുസ്സ്. ഇതിനിടയിൽ രാഷ്ട്രപതി ഭരണം പിൻവലിക്കപ്പെട്ടതും ജലസേചന അഴിമതികളിൽ ചിലതിൽ അജിത്പവാറിന് ക്ലീൻചിറ്റ് ലഭിച്ചതും ശ്രദ്ധേയമാണ്. ഫഡ്നാവിസ് ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയ അജിത്, ഉദ്ധവ് താക്കറെ മുഖ്യനായ എം.വി.എ സർക്കാറിൽ ഉപമുഖ്യമന്ത്രിയായി. ശരദ്പവാർ ചതിച്ചതാണെന്നാണ് ഫഡ്നാവിസ് പിന്നീട് ആരോപിച്ചത്.
അജിത് ഫഡ്നാവിസ് ക്യാമ്പിൽ പോയതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് ആദ്യം അവകാശപ്പെട്ട പവാർ അതുകൊണ്ടെന്താ രാഷ്ട്രപതി ഭരണം എടുത്തു മാറ്റപ്പെട്ടില്ലേ എന്ന് പിന്നീട് ന്യായീകരിച്ചു.
ഇതോടെ, ഉദ്ധവ് താക്കറെയും ശരദ്പവാറും ബി.ജെ.പിയുടെ വിശേഷിച്ച് അമിത് ഷാ, ഫഡ്നാവിസ് എന്നിവരുടെ കൊടിയ ശത്രുക്കളായി മാറി. ശിവസേനയിലെ പിളർപ്പ് തങ്ങളുടെ കണക്കു ചോദിക്കലിന്റെ ഭാഗമാണെന്ന സൂചന മറാത്തി ചാനൽ പരിപാടിക്കിടെ ഫഡ്നാവിസ് തന്നെ നൽകി.
ഹിന്ദുത്വയിൽ മയംവരുത്തി ഉദ്ധവ് താക്കറെ മതേതരവാദത്തോടടുത്തതും മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കും ഇതര സംസ്ഥാനക്കാർക്കും പ്രിയങ്കരനായി മാറിയതും ബി.ജെ.പിയെ അലട്ടി. പാർട്ടി അതിർവരമ്പുകൾക്കപ്പുറമുള്ള തന്റെ വ്യക്തിബന്ധങ്ങളും ബി.ജെ.പിക്കെതിരെ ദേശീയതലത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മ ശ്രമങ്ങളും പവാറിനെയും നോട്ടപ്പുള്ളിയാക്കി.
അതോടെയാണ് ശിവസേനയെയും എൻ.സി.പിയെയും പിളർത്തി ഉദ്ധവിനെയും പവാറിനെയും നിരായുധരാക്കണമെന്ന് ബി.ജെ.പി ഉറപ്പിച്ചത്. പ്രബലമായ പ്രാദേശിക പാർട്ടികളെ ഛിന്നഭിന്നമാക്കുകയെന്നത് ബി.ജെ.പിയുടെ സ്ഥിരം അജണ്ടയുമാണ്. പാർട്ടി പിളരുകയും ജനപ്രതിനിധികളിൽ ഭൂരിപക്ഷം പേർ വിമത നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെക്കൊപ്പം പോകുകയും ചെയ്തെങ്കിലും ഉദ്ധവ് തളർന്നില്ല.
മാത്രമല്ല, ബി.ജെ.പിക്ക് കൂടുതൽ ഭീഷണിയായി ഉദ്ധവ് മാറുകയും ചെയ്തു. അജിത്പവാറിലൂടെ എൻ.സി.പിയെ പിളർത്തിയെങ്കിലും പവാറിന്റെ പോരാട്ടവീര്യം കൂടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. പാർട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടാലും നിയമപോരാട്ടത്തിന് താനില്ലെന്ന് വ്യക്തമാക്കിയ പവാർ പാർട്ടിയെ പുനർനിർമിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങുകയാണ് ചെയ്തത്.
പിളർപ്പിനുശേഷം അദ്ദേഹം ആദ്യം ചെന്നത് മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രിയും തന്റെ രാഷ്ട്രീയ ഗുരുവുമായ യശ്വന്ത് റാവു ചവാന്റെ സമാധിയിലേക്കാണ്. ഇത് വലിയൊരു സന്ദേശമാണ് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നൽകുന്നത്. ബി.ജെ.പി മഹാരാഷ്ട്രയിൽ നടത്തുന്ന കടുത്ത വർഗീയ ധ്രുവീകരണത്തിനെതിരെ ശക്തമായ താക്കീതും അവിടെവെച്ച് പവാർ നൽകി.
ശരദ്പവാറിന്റെ മൗനാനുവാദത്തോടെയാണ് അജിത്പവാറും സംഘവും ബി.ജെ.പി പാളയത്തേക്ക് പോയതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസേ പാട്ടീൽ, ഹസൻ മുശരിഫ് തുടങ്ങി അജിത് പക്ഷത്തുള്ളവർ പവാറിന്റെ വിശ്വസ്തരാണ് എന്നതാണ് അതിനുകാരണം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണങ്ങൾ നേരിടുന്നവരുമാണ് അവരിൽ പലരും.
അറസ്റ്റിന്റെ വക്കിലെത്തിയ ഹസൻ മുശരിഫ് ബോംബെ ഹൈകോടതി അനുവദിച്ച ജാമ്യത്തിലാണ്. മുഖ്യമന്ത്രിപദം മോഹിച്ചാണ് അജിത്പവാർ മറുകണ്ടം ചാടിയതെന്ന വാദം എൻ.സി.പിയിലെ പലരും അംഗീകരിക്കുന്നില്ല. അജിത്തിന് മുഖ്യമന്ത്രിപദത്തിലെത്താൻ ബി.ജെ.പിയിലേതിനേക്കാൾ സാധ്യത എം.വി.എയിലാണെന്നവർ വിശ്വസിക്കുന്നു.
എം.വി.എയുമായി ഏറ്റുമുട്ടിയാൽ വരുന്ന ലോക്സഭ, നിയമസഭ, നഗരസഭ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ബി.ജെ.പിയുടെ ആഭ്യന്തര സർവേ പോലും പ്രവചിക്കുന്നതും. പ്രാദേശിക പാർട്ടികളെ നിഷ്പ്രഭമാക്കി അവരുടെ ഇടം പിടിച്ചെടുക്കുന്ന ബി.ജെ.പിക്കൊപ്പം നിന്നാൽ തങ്ങളുടെ ഭാവി ശോഭനമാകില്ലെന്ന് ഏക്നാഥ് ഷിൻഡെക്കും അജിത്പവാറിനും നന്നായറിയാം.
ഒറ്റക്ക് പടർന്നുപന്തലിക്കാൻ ഉദ്ധവിന്റെയോ പവാറിന്റെയോ പ്രതിച്ഛായയോളം ഷിൻഡെയും അജിത്തും വളർന്നിട്ടുമില്ല. എങ്കിലും ഷിൻഡെയെക്കാൾ തലയെടുപ്പുള്ള നേതാവാണ് അജിത്. ഷിൻഡെയെ നിയന്ത്രിക്കുന്നത് പോലെ അജിത്തിനെയോ അദ്ദേഹത്തിനൊപ്പം പോയി മന്ത്രിമാരായ എൻ.സി.പി നേതാക്കളെയോ പിന്നിൽനിന്നും നിയന്ത്രിക്കാൻ അധികമാവില്ല.
ഫഡ്നാവിസ് അടക്കം ബി.ജെ.പിയിലെ മന്ത്രിമാരെക്കാൾ പരിചയസമ്പന്നരാണ് അജിത്തും ഒപ്പമുള്ളവരും. ഇതൊക്കെയാണ് മുഖ്യമന്ത്രിപദമെന്ന സ്വപ്നസാക്ഷാത്കാരത്തിനല്ല അജിത്ത് മറുകണ്ടം ചാടിയതെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടിക്കിഴിക്കലുകൾ. പ്രായോഗിക രാഷ്ട്രീയത്തിലെ താൽക്കാലിക നീക്കുപോക്കുകൾക്കപ്പുറം മതേതരത്വവും കർഷകരെയും കൈവിട്ട് ശരദ്പവാർ എങ്ങും പോകില്ലെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു.
ഇന്ത്യയിലെ ഓരോ രാഷ്ട്രീയപാർട്ടികളും അതിന്റെ നേതാക്കളും നടത്തിയേക്കാവുന്ന പല നീക്കങ്ങളും രാഷ്ട്രീയ തന്ത്രജ്ഞർക്കും മാധ്യമ വിശാരദർക്കും പ്രവചിക്കാൻ സാധിച്ചേക്കും. എന്നാൽ ശരദ്പവാറിന്റെ അടുത്ത നീക്കമെന്തെന്ന് കണക്കുകൂട്ടാൻ ആർക്കുമാവില്ല.
പവാറിന്റെ മനസ്സിലിരിപ്പിനെക്കുറിച്ച് നിശ്ചയമുള്ള ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമാണ്. ആര് ആർക്കുവേണ്ടി കളിച്ച കളികളാണ് ഇതൊക്കെയെന്ന് തിരിച്ചറിയാൻ അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തുനിൽക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.