അടയുന്നത് മറ്റൊരു കിളിവാതിൽ
text_fieldsസുഷമ സ്വരാജും തൊട്ടുപിന്നാലെ അരുൺ ജെയ്റ്റ്ലിയും നടന്നു മറയുേമ്പാൾ ബി.ജെ.പിയിൽ പ്രതിപക്ഷബന്ധത്തിെൻറ രണ്ടു കിളിവാതിലുകൾ അടയുകയാണ്. തെരഞ്ഞെടുപ്പിലും പാർട്ടിവ േദികളിലും താരങ്ങൾ നരേന്ദ്ര മോദിയും അമിത് ഷായും തന്നെ. എന്നാൽ, അവർക്ക് അവകാശപ്പെട ാൻ കഴിയാത്ത പ്രതിപക്ഷബന്ധത്തിലേക്ക് സ്വയം തുറന്നുവെച്ച രണ്ടു കിളിവാതിലുകളായിരു ന്നു ജെയ്റ്റ്ലിയും സുഷമയും. രാഷ്ട്രീയത്തിനതീതമായി സൗഹൃദം സൂക്ഷിച്ചവർ.സുഷമ സ്വരാജിൽനിന്ന് വ്യത്യസ്തമായി, ജെയ്റ്റ്ലി ഒരു ലോക്സഭ തെരഞ്ഞെടുപ്പിൽപോലും ജയിച്ചിട്ടില്ല. അമൃത്സർ എന്ന സുരക്ഷിത മണ്ഡലം പോലും 2014ൽ ജെയ്റ്റ്ലിയെ തുണച്ചില്ല. എന്നാൽ, നിർണായകബന്ധങ്ങളും വാക്ചാതുരിയും ബുദ്ധികൂർമതയും ഏണിപ്പടികളാക്കി ദേശീയരാഷ്ട്രീയത്തിെൻറ അമരം പിടിക്കാൻ ജെയ്റ്റ്ലിക്ക് കഴിഞ്ഞു. രോഗം കീഴടക്കിയില്ലെങ്കിൽ, ആ ജീവിതഗ്രാഫ് ഇനിയും മേലോട്ട് ഉയരുമായിരുന്നു.
അഞ്ചുവർഷം മുമ്പ് ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് പ്രധാനമന്ത്രിയായി കടന്നുവന്നപ്പോൾ അമിത് ഷായല്ല, അരുൺ ജെയ്റ്റ്ലിയായിരുന്നു നരേന്ദ്ര മോദിക്ക് കൈത്താങ്ങ്. കേന്ദ്രഭരണത്തിൽ അപരിചിതരായ ഒരു കൂട്ടം മുഖങ്ങൾ. ബി.ജെ.പിക്ക് വലിയ ബന്ധങ്ങളില്ലാത്ത നിയമ, നീതിന്യായ ലോകം. അതിനെല്ലാമിടയിൽ നയനിലപാടുകളിൽ കാർക്കശ്യത്തിെൻറ തീപ്പൊരി ചിതറാതെ സംവദിക്കുന്ന, ബന്ധങ്ങളുടെ കിളിവാതിലായിരുന്നു അരുൺ ജെയ്റ്റ്ലി. 2014ൽ മോദി അധികാരത്തിലേക്ക് നടന്നുകയറുേമ്പാഴും ആരോഗ്യപ്രശ്നങ്ങളിൽ ഉഴറിയ നടപ്പായിരുന്നു ജെയ്റ്റ്ലിയുടേത്. സംഗീത വിളമ്പും; ജെയ്റ്റ്ലി വിഴുങ്ങും എന്ന മട്ടിലായിരുന്നു കുടുംബത്തിലെ മധുരംതീറ്റ. കലശലായ പ്രമേഹം; ത്വക്കിനടിയിൽ അടിയുന്ന കൊഴുപ്പ്. വയറു മുേമ്പ എന്ന മട്ടിലുള്ള നടപ്പ്. മന്ത്രിയായി ദിവസങ്ങൾക്കകം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നു.
പ്രധാനവകുപ്പുകൾ വിശ്വസിച്ചേൽപിക്കാൻ പറ്റുന്ന നേതാക്കളില്ലാത്ത സ്ഥിതിയിൽ പ്രതിരോധവും ധനവും വാർത്താവിതരണവും കോർപറേറ്റ് കാര്യവുമെല്ലാം ജെയ്റ്റ്ലിയെയാണ് മോദി ഏൽപിച്ചിരുന്നത്. ജെയ്റ്റ്ലി ആശുപത്രിക്കിടക്കയിലായപ്പോൾ സർക്കാറിെൻറ പ്രവർത്തനവും താളംതെറ്റി. വിശ്രമം കുറച്ച് ഒാഫിസിലേക്ക് തിരികെ എത്തുകയും വീണ്ടും ആശുപത്രിയിലാവുകയും വകുപ്പില്ലാ മന്ത്രിയാവുകയും ഇരുന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കുന്നത് രീതിയാവുകയുമൊക്കെ ചെയ്തു. അഞ്ചു വർഷത്തിനിടയിൽ അതെല്ലാം ഉണ്ടായെങ്കിലും പക്ഷേ, ജെയ്റ്റ്ലി മന്ത്രിസഭയിൽ അനിവാര്യമായിരുന്നു. ചാക്യാരുടെ കൂത്ത് എന്ന പോലെയാണ് ജെയ്റ്റ്ലിയുടെ വാക്ചാതുരി. പകലിനെ ഇരുട്ടാക്കാനും രാത്രിയെ പകലായി ചിത്രീകരിക്കാനുമുള്ള വാക്സാമർഥ്യം. സർക്കാർനയവും പാർട്ടി ലൈനും നയതന്ത്രജ്ഞനെപ്പോലെ ജെയ്റ്റ്ലി വിശദീകരിക്കുന്നതു കേട്ടാൽ പിഴവും പാളിച്ചയുമുള്ളതായി ആർക്കും തോന്നില്ല. നോട്ട് അസാധുവാക്കിയതിെൻറയും ജി.എസ്.ടി ധിറുതിപിടിച്ച് നടപ്പാക്കിയതിെൻറയും കെടുതികൾ ഇന്നും ജനം പേറുകയാണെങ്കിലും അതിെൻറ അനിവാര്യതയും ന്യായാന്യായങ്ങളുമൊക്കെ അന്തംവിട്ട് കേട്ടിരിക്കാൻ പാകത്തിലാണ് അന്നത്തെ ധനമന്ത്രി വിളമ്പിയത്.
നോട്ടിലും ജി.എസ്.ടിയിലും മാത്രമല്ല, നരേന്ദ്ര മോദിയെ രണ്ടു കൈയും വിട്ട് ഏതിലും ന്യായീകരിക്കാൻ എക്കാലവും ജെയ്റ്റ്ലിയുടെ കൂട്ടുണ്ടായിരുന്നു. വാജ്പേയിയും തള്ളിപ്പറഞ്ഞ മോദിയെ ഗുജറാത്ത് കലാപത്തിനുശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ ഡൽഹിയിൽനിന്ന് അഹ്മദാബാദിൽ ചെന്നു തമ്പടിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു ജെയ്റ്റ്ലി. അന്ന് മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ജെയ്റ്റ്ലി പിന്നിലിരുന്നു ചുക്കാൻ പിടിച്ചു. എൽ.കെ.അദ്വാനി അടക്കമുള്ളവർ ഉയർത്തിയ എതിർപ്പുകൾ അട്ടിമറിച്ച് 2014ൽ മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായപ്പോഴൂം ശക്തമായി പിന്തുണച്ചത് ജയ്റ്റ്ലിയാണ്.
ഏതു കാര്യത്തിലും ബുദ്ധികൂർമതയോടെ സ്വന്തം ന്യായം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവായിരുന്നു അരുൺ ജെയ്റ്റ്ലിയെ സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകനും ബി.ജെ.പി രാഷ്ട്രീയത്തിലും ഭരണത്തിലുമെല്ലാം അനിവാര്യസാന്നിധ്യവുമാക്കിയത്. ജീവിതത്തിൽ പടിപടിയായി വെട്ടിപ്പിടിച്ച നേട്ടങ്ങളുടെ തലക്കനത്തോടെ തന്നെ കോടതിമുറിയിലെ എതിർകക്ഷിക്കും രാഷ്ട്രീയ ഗോദയിലെ എതിരാളിക്കും മുന്നിൽ വിട്ടുകൊടുക്കാതെ ‘സീ... ദ പോയൻറ് ഇൗസ്...’ എന്ന മുഖവുരയോടെ ജെയ്റ്റ്ലി തെൻറ പോയൻറ് വാദിച്ചുകൊണ്ടേയിരുന്നു, അവസാനം വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.