വേണ്ടത് ധർമസമരം
text_fieldsരണ്ട് ദശകത്തിനുശേഷം കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് ഇന്നലെ പടിയിറങ്ങിയ സോണിയ ഗാന്ധിയുടെ വിടവാങ്ങൽ പ്രസംഗത്തിെൻറയും പുതിയ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണ പ്രഭാഷണത്തിെൻറയും സംഗ്രഹം
കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ ഇത് എെൻറ അവസാനത്തെ പ്രസംഗമാണ്. പുതിയ നേതൃത്വത്തിനു കീഴിൽ നിങ്ങൾ പുതിയൊരു കാലഘട്ടത്തിലേക്ക് നീങ്ങുന്നു. ഏകദേശം 20 വർഷം മുമ്പ് നിങ്ങൾ തെരഞ്ഞെടുത്ത പ്രസിഡൻറായി നിങ്ങളുടെയെല്ലാം മുന്നിൽ നിന്നപ്പോൾ, പിരിമുറുക്കംകൊണ്ട് എെൻറ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഏറെ പാരമ്പര്യമുള്ള ഇൗ സംഘടനയെ എങ്ങനെ മുന്നോട്ടു നയിക്കണമെന്ന് ചിന്തിക്കാൻ തന്നെ കഴിഞ്ഞില്ല.
അതുവരെ രാഷ്്ട്രീയവുമായുള്ള എെൻറ ബന്ധം തികച്ചും വ്യക്തിപരമായിരുന്നു. നിങ്ങൾക്കെല്ലാം അറിയാം. വിവാഹത്തിലൂടെയാണ് രാഷ്ട്രീയവുമായി എനിക്കുള്ള ബന്ധം. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുവേണ്ടി സമ്പാദ്യം നീക്കിവെച്ച വിപ്ലവാത്മകമായൊരു കുടുംബത്തിെൻറ മകളായിരുന്നു ഇന്ദിരാജി. സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റത്തിൽ ഇൗ കുടുംബത്തിലെ ഒാരോ അംഗവും തടവറയിലായിട്ടുണ്ട്. എന്നെ മകളായി അംഗീകരിച്ച ഇന്ദിരാജിയിൽനിന്നാണ് ഇൗ രാജ്യത്തിെൻറ സംസ്കാരത്തെക്കുറിച്ച്, ഇൗ രാഷ്ട്രം പടുത്തുയർത്തിയ തത്ത്വസംഹിതകളെക്കുറിച്ച് ഞാൻ പഠിച്ചത്.
1984ൽ ഇന്ദിര ഗാന്ധി വധിക്കപ്പെടുേമ്പാൾ, സ്വന്തം അമ്മയെ നഷ്ടപ്പെട്ട പോലെയാണ് എനിക്ക് തോന്നിയത്. ആ ദുരന്തം എെൻറ ജീവിത ഗതിതന്നെ മാറ്റി. അന്ന് രാഷ്ട്രീയത്തെക്കുറിച്ച് എെൻറ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. രാഷ്ട്രീയത്തിൽനിന്ന് ഭർത്താവിനെയും മക്കളെയും കഴിയാവുന്നത്ര അകറ്റി നിർത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ, ഭാരിച്ച ഉത്തരവാദിത്തം അദ്ദേഹത്തിെൻറ ചുമലിലായി. എെൻറ അഭ്യർഥനയൊന്നും വിലപ്പോയില്ല. പ്രധാനമന്ത്രിപദം ഒരു ദൗത്യമായി രാജീവ്ജി സ്വീകരിച്ചു. ആ ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം രാപ്പകൽ പ്രയത്നിച്ചു. അദ്ദേഹത്തിനൊപ്പം രാജ്യത്തിെൻറ മുക്കുമൂലകളിൽ ഞാൻ സഞ്ചരിച്ചു. ജനങ്ങളുടെ പ്രയാസത്തെക്കുറിച്ചും രാജ്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും ചിലതൊക്കെ മനസ്സിലാക്കി. പിന്നെ, ഇന്ദിരാജിയുടെ മരണം നടന്ന് വെറും ഏഴുവർഷത്തിനു ശേഷം എെൻറ ഭർത്താവും വധിക്കപ്പെട്ടു. എനിക്കെെൻറ ആശ്രയവും പിന്തുണയും നഷ്ടമായി. പല വർഷങ്ങൾക്കു ശേഷമാണ് പുറന്തോടു പൊട്ടിച്ച് പുറത്തുവരാൻ എനിക്ക് കഴിഞ്ഞത്. കോൺഗ്രസ് ഒരു പ്രതിസന്ധി നേരിടുന്നു, വർഗീയശക്തികൾ കരുത്തു നേടുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോൾ മാത്രമായിരുന്നു അത്. പാർട്ടി പ്രവർത്തകരുടെ അഭ്യർഥന ചെവിക്കൊള്ളാൻ ഞാൻ നിർബന്ധിതമായി. ആ വിളി കേൾക്കാതിരുന്നാൽ ഭർതൃമാതാവിെൻറയും ഭർത്താവിെൻറയും ത്യാഗത്തെ തന്നെ തള്ളിപ്പറയലായിരിക്കും അതെന്ന് എനിക്കു തോന്നി. അങ്ങനെ ഞാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു -എെൻറ കുടുംബത്തോടും പാർട്ടിയോടും രാജ്യത്തോടുമുള്ള കടമ നിറവേറ്റാൻ.
അന്ന്, പാർട്ടി ഭരിക്കുന്നത് മൂന്നു സംസ്ഥാനങ്ങളിൽ മാത്രം. കേന്ദ്രഭരണത്തിൽനിന്ന് ഏറെ അകലെ. ഇൗ വെല്ലുവിളി നേരിട്ടു മുന്നേറിയത് ഏതെങ്കിലും ഒരു വ്യക്തിയല്ല. നിങ്ങളുടെയെല്ലാം നിരന്തരമായ പരിശ്രമംകൊണ്ട് നമ്മൾ കരുത്ത് തിരിച്ചുപിടിച്ചു. ഒന്നിനുപിറകെ ഒന്നായി രണ്ടു ഡസൻ സംസ്ഥാനങ്ങളിൽ അധികാരത്തിൽവന്നു. നിശ്ചയദാർഢ്യത്തിെൻറയും അർപ്പണത്തിെൻറയും ആത്മാർഥതയുടെയും തത്ത്വനിഷ്ഠയുടെയും ഫലമായിരുന്നു അത്. എന്നും നമുക്കൊപ്പം നിന്ന, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കായ കോൺഗ്രസ് പ്രവർത്തകർ നമ്മളിൽ വിശ്വാസമർപ്പിച്ചു.
എെൻറ സഹോദരീ സഹോദരന്മാരെ, ലക്ഷക്കണക്കായ കോൺഗ്രസ് പ്രവർത്തകരെ, ഇൗ യാത്രയിലെല്ലാം നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഒാരോ ഘട്ടത്തിലും എനിക്കൊപ്പം നിലകൊണ്ടതിന് നിങ്ങൾക്കെല്ലാം നന്ദി. നിങ്ങളിൽനിന്ന് പഠിച്ചതും മനസ്സിലാക്കിയതും അളവറ്റതാണ്. നമ്മളൊന്നിച്ച് പല വെല്ലുവിളികളും നേരിട്ടു. അധ്യക്ഷപദവി ഏറ്റതിെൻറ തുടക്കത്തിൽ പാർട്ടിയെ െഎക്യത്തോടെ, വ്യക്തതയോടെ മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പോരാട്ടം. മാറുന്ന ചുറ്റുപാടുകൾക്കൊത്ത് പ്രധാന പ്രതിപക്ഷത്തിെൻറ പങ്ക് നമ്മൾ ഏറ്റെടുത്തു. സ്വാതന്ത്ര്യപോരാട്ടത്തിെൻറയും ഭരണഘടനയുടെയും മൂല്യങ്ങൾക്കുവേണ്ടി അഞ്ചുവർഷം പൊരുതി. 2004ന് ശേഷം സമാന ചിന്താഗതിക്കാരുമൊത്ത് 10 വർഷം ഡോ. മൻമോഹൻ സിങ് നയിച്ച ഉത്തരവാദിത്തബോധമാർന്ന, പുരോഗമനാത്മക സർക്കാർ ജനങ്ങൾക്ക് നാം സംഭാവന ചെയ്തു. ആ സർക്കാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, വിവരങ്ങൾ പങ്കുവെക്കൽ എന്നിങ്ങനെ പാവപ്പെട്ടവർക്കായി അവകാശാധിഷ്ഠിത നിയമങ്ങൾ കൊണ്ടുവരാൻ അക്കാലത്ത് ശ്രമിച്ചുവെന്നതിൽ അഭിമാനിക്കാം.
2014 മുതൽ പ്രതിപക്ഷത്തിെൻറ പങ്കാണ് നമ്മൾ നിർവഹിക്കുന്നത്. ഇന്ന് നേരിടുന്ന വെല്ലുവിളി മുെമ്പാരിക്കലും നമ്മൾ അഭിമുഖീകരിച്ചിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾതന്നെ ആക്രമണം നേരിടുകയാണ്. പല നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. എങ്കിലും അസാധാരണമായ ഉൗർജ ജ്വാല കോൺഗ്രസ് പ്രവർത്തകരിലുണ്ട്. ഭയപ്പാടിനു മുന്നിൽ കുനിയുന്നവരല്ല നമ്മൾ. കാരണം, രാജ്യത്തിെൻറ ആത്മാവിനു വേണ്ടിത്തന്നെയാണ് നമ്മുടെ പോരാട്ടം. ഇൗ പോരാട്ടത്തിൽനിന്ന് ഒരിക്കലും പിന്മാറ്റമില്ല.
യുവത്വമുള്ള രാജ്യമാണ് ഇന്ത്യ. പുതിയ, യുവനേതൃത്വം വരുന്നതോടെ കോൺഗ്രസിന് നവവീര്യം ഉണ്ടാകുമെന്നും ആവശ്യമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും എനിക്ക് ബോധ്യമുണ്ട്. രാഹുലിനെ നേതാവായി നിങ്ങൾ തിരഞ്ഞെടുത്തു. അവൻ എെൻറ മകനാണ്. ഞാൻ അവനെ പുകഴ്ത്തുന്നത് ഉചിതമല്ല. എങ്കിലും ഇത്രയും പറയാം: കുട്ടിക്കാലം മുതൽതന്നെ അക്രമത്തിെൻറ അനുഭവം അവൻ ഏറ്റുവാങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ വന്നതു മുതൽ വ്യക്തിപരമായ ആക്രമണങ്ങൾ അതിജീവിച്ചിട്ടുണ്ട്. അതെല്ലാം അവനെ ധീരനും ഉറച്ച മനസ്സുള്ളവനുമാക്കി മാറ്റിയിട്ടുണ്ട്. അവെൻറ നിശ്ചയദാർഢ്യത്തിലും സഹനത്തിലും എനിക്ക് അഭിമാനമുണ്ട്. ശുദ്ധ മനസ്സോടെ, ക്ഷമയോടെ, അർപ്പണത്തോടെ അവൻ പാർട്ടിയെ നയിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
നിങ്ങളെല്ലാം പുതിയ വഴിയിലൂടെ മുന്നോട്ടുപോകുേമ്പാൾ, നിങ്ങളുടെ നേട്ടത്തിൽ ആഹ്ലാദിക്കാൻ ഞാൻ ഇവിടെ ഉണ്ടാകും. വിവേകവും ഉന്നതമായ തത്ത്വങ്ങളും മുൻതലമുറകളുടെ മഹത്തായ പാരമ്പര്യവും ഇൗ വഴിത്താരക്ക് വെളിച്ചം നൽകെട്ട. കോടിക്കണക്കായ യുവജനങ്ങളുടെ ആശയാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയെട്ട
സുഹൃത്തുക്കളെ, 20 വർഷം കടന്നുപോയി, മിക്കവാറും ഒരു ജീവിതകാലം... ഇൗ പദവി കൈയൊഴിയുേമ്പാൾ അളവറ്റ സ്നേഹവും വിശ്വാസവും എനിക്ക് നൽകിയ പാർട്ടി പ്രവർത്തകർക്ക്, രാജ്യത്തെ ജനങ്ങൾക്ക് എെൻറ ഹൃദയംഗമമായ നന്ദി.’’
സഹിഷ്ണുതയുടെ വഴിത്താര
രാഹുൽ ഗാന്ധി
ഒേട്ടറെ ഇന്ത്യക്കാരെപ്പോലെ ഞാനും ഒരു ആദർശവാദിയാണ്. ഇൗ രാജ്യത്തെക്കുറിച്ച്, ജനങ്ങളെക്കുറിച്ച്, മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് 13 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്. കഴിഞ്ഞവർഷങ്ങളിൽ നിരന്തരം സഞ്ചരിച്ചു. ഒേട്ടറെ ആളുകളോട് സംസാരിച്ചു. എന്നെപ്പോലെ, നിങ്ങളിൽ പലരും ആദർശവാദികളാണെന്ന് ബോധ്യമായി.
എങ്കിലും നമ്മളിൽ പലർക്കും ഇന്നത്തെ രാഷ്ട്രീയത്തിൽ നിരാശയാണ്. കനിവും സത്യവുമില്ലാെത്താരു രാഷ്ട്രീയമാണ് നാം കാണുന്നത്. രാഷ്ട്രീയം ജനങ്ങളുടേതാണ്. അടിച്ചമർത്തുകയും നിശ്ശബ്ദരാക്കുകയും കരുത്തുചോർത്തുകയും ചെയ്യുന്ന ചട്ടക്കൂടുകൾ ഇല്ലാതാക്കാൻ ജനങ്ങൾക്കുള്ള ഏറ്റവും വലിയ ആയുധമാണ് രാഷ്ട്രീയം. എന്നാൽ, ഇന്ന് രാഷ്ട്രീയം ജനസേവനത്തിനല്ല. ജനങ്ങളുടെ ഉന്നതിക്കല്ല, അവരെ ഞെരിക്കാനാണ് അത് ഉപയോഗിച്ചുവരുന്നത്.
34ാം വയസ്സിൽ രാഷ്ട്രീയത്തിൽ വന്നത്, അടിച്ചമർത്തലിനെതിരെ പോരാടിയ എനിക്കു മുമ്പുള്ള തലമുറയെ ശ്രദ്ധിച്ചാണ്. 13 വർഷം മുമ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, ഇന്ത്യയെ പരിവർത്തനം ചെയ്യുന്നൊരു ഉണർവിെൻറ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസ്സും മാന്യതയും ഉറപ്പുവരുത്തി ആഗോളതലത്തിൽതന്നെ പ്രതിധ്വനിക്കുന്ന ഒരു മാതൃകയാണ് ആഗ്രഹിച്ചത്.
പാവപ്പെട്ടവർക്കും ദുർബലർക്കുമൊപ്പംനിന്ന് അധികാര ഗോപുരങ്ങളെ വെല്ലുവിളിക്കുന്ന നിമിഷംതന്നെ, ആക്രമിക്കപ്പെടുമെന്നും തോൽപിക്കാൻ എല്ലാ നിലക്കും ശ്രമിക്കുമെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അവർ നുണയുടെ കെട്ടഴിക്കും; വസ്തുതകൾ വളച്ചൊടിക്കും. ഇന്ത്യയെ ദരിദ്രമാക്കുന്ന ചട്ടക്കൂടുകളാണ് ഇന്ന് അധികാരത്തിലിരിക്കുന്നവരെ പരുവപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ കോൺഗ്രസ് 21ാം നൂറ്റാണ്ടിലേക്കാണ് വഴിനടത്തിയതെങ്കിൽ, പ്രധാനമന്ത്രി നമ്മെ പിന്നോട്ടടിക്കുന്നു. ആെരന്ന് നോക്കി കശാപ്പുചെയ്യുന്ന, വിശ്വാസങ്ങൾ നോക്കി തല്ലിച്ചതക്കുന്ന, ഭക്ഷണത്തിെൻറ പേരിൽ കൊല്ലുന്ന മധ്യകാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.
വൃത്തികെട്ട അതിക്രമങ്ങൾ ലോകത്തിനുമുന്നിൽ നമ്മെ നാണംകെടുത്തുന്നു. സ്നേഹം, സഹാനുഭൂതി എന്നിവയിൽ രൂപപ്പെടുത്തിയതാണ് നമ്മുടെ ചരിത്രവും തത്ത്വശാസ്ത്രവും. എന്നാൽ, അത് ഇത്തരം ഭയാനകതകൾകൊണ്ട് നശിപ്പിക്കുകയാണ്. നമ്മുടെ മഹത്തായ രാജ്യത്തിന് ഉണ്ടാക്കിവെച്ചിരിക്കുന്ന മാനഹാനി തീർത്തെടുക്കാൻ കഴിയുന്നതല്ല. സ്വാതന്ത്ര്യവും അവകാശങ്ങളും ജനങ്ങൾക്ക് നിഷേധിച്ച ഒരു കാലത്തെ കാഴ്ചപ്പാടുകളാണ് ഇതത്രയും. ജനങ്ങൾക്ക് ശബ്ദമില്ലാതിരുന്ന കാലം. എതിർക്കാനും വിയോജിക്കാനും അവകാശമില്ലാതിരുന്ന കാലം. എന്നാൽ, നമ്മുടെ രാജ്യം കെട്ടിപ്പടുത്തത് സ്വാതന്ത്ര്യവും അവകാശങ്ങളും അടിത്തറയാക്കിയാണ്.
സൗഹാർദമില്ലാതെയും വ്യവസായങ്ങൾ കെട്ടിപ്പടുക്കാമെന്ന് സ്വപ്നം കാണാൻ നമ്മൾ നിർബന്ധിക്കപ്പെടുന്നു. എല്ലാറ്റിെൻറയും ഉത്തരം ഒരേയൊരു മനുഷ്യൻ മാത്രമാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. വ്യക്തിമഹത്ത്വത്തിനുവേണ്ടി യുക്തിയും വൈദഗ്ധ്യവും പരിചയസമ്പന്നതയുമൊക്കെ മാറ്റിവെക്കാമെന്നു വന്നിരിക്കുന്നു. ഒരാളുടെ പ്രതിച്ഛായാ നിർമാണത്തിനുവേണ്ടിയാണ് നമ്മുടെ വിദേശനയമെന്നുപോലും വന്നിരിക്കുന്നു.
ഇൗ പിന്തിരിപ്പൻ ശക്തികളുടെ ചെയ്തികൾ ശരി എന്ന മട്ടിൽ വിജയിക്കില്ല. ശരിയുടെ പക്ഷത്തു നിൽക്കുന്നുവെന്ന പേരിലും അവർ വിജയിക്കില്ല. ശക്തരാണ് എന്നതുകൊണ്ടു മാത്രമാണ് അവരുടെ വിജയം. കൃത്രിമമായി നിർമിച്ചെടുത്തതാണ് അവരുടെ ശക്തി. തൊടുന്ന എല്ലാറ്റിനെയും അത് കളങ്കപ്പെടുത്തുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. അവർ കോൺഗ്രസിനെ ആക്രമിക്കുകയും ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. നമ്മൾ പിന്തിരിഞ്ഞാൽ മാത്രമാണ് അവർക്ക് നമ്മെ കതോൽപിക്കാൻ ഴിയുക. അവർക്ക് വെല്ലുവിളി ഉയർത്തിനിൽക്കുക. അവരുടെ ദേഷ്യവും പകയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു.
നമ്മുടെ രാജ്യത്തോടും ജനങ്ങളോടുമുള്ള വാഗ്ദാനത്തിൽനിന്ന് കോൺഗ്രസ് ഒരിക്കലും പിന്നോട്ടില്ല. ഇന്ത്യയുടെ കഴിഞ്ഞകാലേത്താടും വർത്തമാനത്തോടും ഭാവികാലത്തോടും നമുക്ക് എക്കാലവും പ്രതിബദ്ധതയുണ്ട്. നമ്മുടെ പ്രതിബദ്ധത ഇതാണ്: ഒാരോ ഇന്ത്യക്കാരെൻറയും ശബ്ദത്തെ നമ്മൾ പരിരക്ഷിക്കും. ജനാധിപത്യ സ്വപ്നങ്ങളോ സമ്പാദ്യങ്ങളോ ഇല്ലാതാകാൻ നാം അനുവദിക്കില്ല. അതിനായി ഞാനും ഒാരോ കോൺഗ്രസുകാരനും നിലകൊള്ളും. ഇന്ത്യയുടെ ഒാരോ കോണിലുമുള്ള, എല്ലാ മതവിഭാഗങ്ങളിലുംപെട്ട, എല്ലാ പ്രായത്തിലുമുള്ള ജനങ്ങൾ തമ്മിൽ സംഭാഷണങ്ങൾ നടക്കുന്നതിന് കോൺഗ്രസ് വഴിയൊരുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സംഭാഷണങ്ങൾ സ്നേഹത്തിലേക്കും മമതയിലേക്കും നയിക്കുന്നതാകണം.
ഒരിക്കൽ തീ ആളിയാൽ പിന്നെ കെടുത്തുന്നത് എളുപ്പമല്ല. അത് ബി.ജെ.പിക്കാരെ മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. വിദ്വേഷത്തിെൻറയും ഹിംസയുടെയും തീ പടർത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. അത് നിയന്ത്രിക്കാൻ രാജ്യത്ത് കോൺഗ്രസിനു മാത്രമേ കഴിയൂ. അവർ തകർക്കും; നമ്മൾ കെട്ടിപ്പടുക്കും. അവർ തീ കൊടുക്കും; നമ്മൾ കെടുത്തും. കോൺഗ്രസ് ഒരു പുരാതന ആശയമാണ്. പ്രപഞ്ചത്തിലെ ഏറ്റവും പുരാതനമായ ആശയത്തെയാണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്നാണ് ബി.ജെ.പി പറഞ്ഞുവിശ്വസിപ്പിക്കുന്നത്. അതല്ല സത്യം. ചരിത്രപരമായിത്തന്നെ ഇന്ത്യയിൽ ഏറ്റുമുട്ടിയ രണ്ട് വിചാരധാരകളുണ്ട്: അഹം എന്ന ആശയം ഒരു വശത്ത്; മറ്റുള്ളവരുടെ ആശയം മറുഭാഗത്ത്. സ്വാർഥതയുടെ പോരാളികളാണ് ബി.ജെ.പി. അവർക്ക് എത്രത്തോളം കഴിയും? എത്രകാലം അവർക്ക് അധികാരം സംരക്ഷിക്കാൻ സാധിക്കും? അവരുടേതെന്ന് അവർ കരുതുന്നത് മറ്റുള്ളവർ എടുക്കുന്നത് തടുക്കാൻ അവർക്ക് എങ്ങനെ കഴിയും? സ്വന്തമായി പോരാടാൻ കഴിയാത്തവർക്കുവേണ്ടി കോൺഗ്രസ് പോരാടും. സാഹോദര്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ് നമ്മുടെ പോരാട്ടം. സ്വാതന്ത്ര്യ പോരാട്ടത്തിെൻറയും വികാരം അതായിരുന്നു. അതാണ് ഇന്നും കോൺഗ്രസിെൻറ രക്തത്തിലുള്ളത്.
യോജിക്കാൻ കഴിയാത്തപ്പോൾതന്നെ, ബി.ജെ.പിക്കാരെയും സഹോദരീ സഹോദരന്മാരായി നമ്മൾ കാണുന്നു. കോൺഗ്രസ് മുക്ത ഭാരതമാണ് അവരുടെ ലക്ഷ്യം. എന്നാൽ, എല്ലാവരെയും ഉൾച്ചേർക്കുന്നതിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടുമുള്ള ആദരം ബി.ജെ.പിയോടു പോലുമുണ്ട്.
രാഷ്ട്രീയത്തിൽ പ്രവർത്തിച്ച 13 വർഷങ്ങൾക്കിടയിൽ എനിക്ക് ഡോ. മൻമോഹൻസിങ്, പ്രസിഡൻറ് സോണിയ ഗാന്ധി, മറ്റു മുതിർന്ന നേതാക്കൾ എന്നിവരിൽനിന്ന് കേൾക്കാനും പഠിക്കാനും അവസരമുണ്ടായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ അന്തസ്സാർന്ന രീതിയിലാണ് അവർ കോറിയിട്ടത്. അവരുടെ മാർഗനിർദേശങ്ങൾക്ക് നന്ദി. മഹാരഥന്മാരുടെ നിഴൽപറ്റിയാണ് എക്കാലവും സഞ്ചരിക്കുന്നതെന്ന ബോധ്യത്തോടെ, അങ്ങേയറ്റം വിനയാന്വിതനായി ഇൗ പദവി ഞാൻ ഏറ്റെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.