ജാതി സെൻസസ് നടത്തിയേ തീരൂ
text_fieldsജാതി സെൻസസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്നുവരുമ്പോൾ അതിനെ എതിർക്കുന്ന വർണാധികാര ശക്തികൾക്ക് ചുറ്റും ബഫർ സോണായി പ്രവർത്തിക്കുന്നു മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങൾ
അനീതിയെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടിവരുന്നത് നീതിയില്ലാത്ത ഒരു സാമൂഹികക്രമം നിലനിൽക്കുന്നതുകൊണ്ടാണ്. ചെറുതും വലുതുമായ അസംഖ്യം ജാതി വിഭാഗങ്ങളുടെ കൂട്ടായ്മയായ ഇന്ത്യയിൽ ജാതി ഒരു സാമൂഹിക യാഥാർഥ്യവും പൗരരുടെ അസ്ഥിത്വവുമാണ്.
അതുകൊണ്ടുതന്നെ ജാതി തിരിച്ചുള്ള കണക്കുകൾകൂടി ഉൾപ്പെടുന്ന സമഗ്രമായൊരു സാമൂഹിക-സാമ്പത്തിക സർവേ സാമൂഹിക പുരോഗതിക്ക് അനിവാര്യമാണ്. സ്വാതന്ത്ര്യ ലബ്ധിയുടെ തുടർച്ചയായി രാഷ്ട്രീയത്തെ ജനാധിപത്യവത്കരിച്ചുവെങ്കിലും, ഭൂമിയും പൊതുവിഭവങ്ങളടക്കമുള്ള സമ്പത്തിനെ ജനാധിപത്യവത്കരിക്കാൻ സാധിച്ചിട്ടില്ല. വിഭവം എന്നത് അധികാരംതന്നെയാണ്. അതിന്റെ നീതിയുക്തമായ വിതരണത്തിലൂടെ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ.
ജാതി സെൻസസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്നുവരുമ്പോൾ അതിനെ എതിർക്കുന്ന വർണാധികാര ശക്തികൾക്ക് ചുറ്റും ബഫർ സോണായി പ്രവർത്തിക്കുന്നു മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങൾ.
1990കൾക്ക് ശേഷം നടപ്പാക്കപ്പെട്ട സാമ്പത്തിക ഉദാരവത്കരണത്തെ പിൻപറ്റി ഭരണകൂടങ്ങൾ പ്രകൃതിവിഭവങ്ങൾ ഉൾപ്പെടെ പൊതുമുതൽ ഒഴുക്കി സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുമ്പോൾ പട്ടികവിഭാഗങ്ങൾക്ക് ഇത്തരം ഇടങ്ങളിൽ പ്രാതിനിധ്യം ലഭിക്കാൻ ഒരു പരിരക്ഷയും നിയമംമൂലം നിഷ്കർഷിക്കുന്നില്ല. ഭരണകൂടങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക നീതിയുടെ പക്ഷം നിൽക്കേണ്ടതാണ്. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല.
രാജ്യത്ത് മുന്നാക്ക സംവരണം നടപ്പാക്കപ്പെട്ടത് ഭരണകൂടങ്ങൾ ജാത്യാധിപത്യത്തിന് വിധേയപ്പെട്ടപ്പോഴാണ്. പാർലമെന്റ് പാസാക്കിയ മുന്നാക്ക സംവരണം ഒരു സാമൂഹിക പഠനങ്ങളുടെയും പിൻബലമില്ലാതെ അതിവേഗം നടപ്പാക്കിയ കേരള സർക്കാർ ജാതി സെൻസസ് വേണമെന്ന ആവശ്യത്തിനുമേൽ പുറംതിരിഞ്ഞു നിൽക്കുന്നു.
സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള മുന്നാക്കക്കാരിലെ ദരിദ്രരുടെ അവസ്ഥയിലെത്താൻപോലും കഴിയാത്തവരാണ് കേരളത്തിലെ പട്ടികവിഭാഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ട 30,000ത്തിലധികം കോളനികളിൽ ദലിതരും ആദിവാസികളും തളക്കപ്പെട്ടിരിക്കുകയാണ്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് നടന്നത് ആദ്യ സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് കർണാടകയിലാണ്. ആ റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ അവിടത്തെ മുന്നാക്കക്കാരായ ഭരണ-പ്രതിപക്ഷ എം.എൽ.എമാർ സംയുക്തമായി സർക്കാറിനെ സമ്മർദത്തിലാക്കുന്നു.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം ജാതി സെൻസസിനനുകൂലമായി വാചാലമാകുമ്പോൾ ഹിമാചലിലെ കോൺഗ്രസ് മുഖ്യമന്ത്രി പരസ്യമായി ജാതി സെൻസസിനെതിരെ രംഗത്തു വരുന്നു. തെക്കേയിന്ത്യയിൽ സാമൂഹിക നീതിയുടെ പക്ഷത്തു ചേരുന്ന സർക്കാറുകളുടെ എണ്ണം കൂടിവരുന്നു. ആന്ധ്രപ്രദേശ് കൂടി ജാതി സെൻസസ് ആരംഭിച്ചു കഴിഞ്ഞു. പല കാര്യങ്ങളിലും ആദ്യം നടപടി സ്വീകരിക്കുന്ന കേരളമാകട്ടെ, ഇക്കാര്യത്തിൽ അറച്ചുനിൽപാണ്.
1891ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ചത്. 1931 വരെ തുടർന്ന സെൻസസിലെ ജാതി തിരിച്ചുള്ള കണക്കെടുപ്പിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങൾ താൽപര്യം കാണിച്ചില്ല. അധികാര മേഖലകളിലും വിഭവങ്ങളുടെ പരമാധികാരത്തിലും അമർന്നിരിക്കുന്ന സവർണാധിപത്യത്തിന്റെ മൂലക്കല്ലിളക്കാൻ ജാതി സെൻസസ് വഴിയൊരുക്കുമെന്ന് അവർ അന്നേ ഭയപ്പെട്ടു.
1979ൽ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയാണ് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ സർവിസ് പ്രാതിനിധ്യത്തിന്റെ കണക്കെടുക്കാൻ ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തിൽ കമീഷൻ രൂപവത്കരിച്ചത്.
കണക്കുകൾ പുറത്തുവരുമ്പോഴേക്കും മൊറാർജി പ്രധാനമന്ത്രി പദത്തിന് പുറത്തായിരുന്നു. തുടർന്നു വന്ന ഇന്ദിര, രാജീവ് ഗാന്ധിമാർ മണ്ഡൽ കമീഷൻ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനോ നടപ്പിൽ വരുത്തുന്നതിനോ താൽപര്യമെടുത്തില്ല. 1990കളിൽ അധികാരത്തിൽ വന്ന പിന്നാക്ക ജനതയുടെ മിശിഹായെന്ന് വാഴ്ത്തപ്പെട്ട വി.പി. സിങ്ങിന്റെ ഭരണകാലത്താണ് മണ്ഡൽ ശിപാർശകൾ നടപ്പാക്കിയത്.
ഇതിന്റെ പേരിൽ രാജ്യത്തുണ്ടായ കലാപസദൃശ്യമായ സാഹചര്യം അധികമാരും മറക്കാനിടയില്ല. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർവിസിൽ 27 ശതമാനം സംവരണം നടപ്പാക്കപ്പെട്ട മണ്ഡൽ ശിപാർശകളുടെ തുടർച്ചയായി സാമൂഹിക സാമ്പത്തിക ജാതി സെൻസസ് കൂടി നടന്നിരുന്നെങ്കിൽ ഇന്ത്യയിലെ സമസ്ത മേഖലകളിലും വലിയ മാറ്റങ്ങൾക്കത് വഴിതെളിക്കുമായിരുന്നു.
2011ൽ ഡോ. മൻമോഹൻ സിങ്ങിന്റെ യു.പി.എ സർക്കാർ നടത്തിയ ജാതി തിരിച്ചുള്ള സെൻസസിലെ വിവരങ്ങൾ പുറംലോകത്തെത്തിയില്ല.
ഇന്നത്തെ മോദി സർക്കാർ ജാതി സെൻസസ് എന്ന വിഷയത്തിൽ താൽപര്യമില്ലാതെ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ ജാതി സെൻസസ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം ബിഹാറാണ്. അവിടെ പുറത്തുവന്ന വിവരങ്ങൾ എക്കാലവും സാമൂഹിക നീതിക്ക് തുരങ്കം വെക്കുന്ന വർണാധികാര ശക്തികളെ ഭ്രാന്തു പിടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴവർ ജാതി സെൻസസ് സാമൂഹിക ഐക്യം തകർക്കുമെന്ന പൊള്ളയായ വാദം ഉയർത്തി പ്രതിരോധിച്ച് ആധിപത്യം നിലനിർത്താനുള്ള ശ്രമത്തിലാണ്.
രാജ്യം വലിയ പുരോഗതിയിലേക്ക് പോകുമ്പോഴും വികസനത്തിന്റെ മുഖ്യധാര കാഴ്ചപ്പാടിൽ പാർശ്വവത്കൃത വിഭാഗങ്ങൾ എന്നും പുറത്താണ്. തുല്യതയും നീതിയും ഇല്ലാത്ത ഒരു സാമൂഹിക ഘടനയുടെ മുഖംമൂടിയായി ജനാധിപത്യം അങ്ങനെ നിലനിൽക്കുന്നു.
ഐക്യകേരളം രൂപവത്കരിച്ച് ഏഴ് പതിറ്റാണ്ടോടടുക്കുന്ന വേളയിൽ സാമൂഹിക സാമ്പത്തിക രംഗത്തെക്കുറിച്ചും പൊതുവിഭവങ്ങളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ഒരു ബ്ലൂപ്രിന്റ് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സമഗ്രമായൊരു സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് അനിവാര്യമാണെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്.
(കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.