നേതാജി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരഞ്ജീവി
text_fieldsഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പടച്ചട്ടയണിഞ്ഞ ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മദിനമാണിന്ന്. ഇന്ത്യൻ ജനത സ്നേഹാദരവുകളോടെ ദേശീയ നേതാക്കളെ ബാപ്പുജിയെന്നും ചാച്ചാജിയെന്നും ഗുരുജിയെന്നും വിളിച്ചപ്പോള്‍ നേതാവേ എന്നര്ഥത്തില് അഭിസംബോധന ചെയ്തത് സുഭാഷ് ചന്ദ്രബോസിനെ മാത്രമാണ്.
വിദ്യാര്ഥികാലഘട്ടത്തില്തന്നെ ദേശാഭിമാന പ്രചോദിതമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പലപ്പോഴും സ്കൂളില്‍നിന്നും കോളജില്‍നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു. ഒരു മധ്യവേനലവധിക്കാലത്ത് സുഭാഷ് വീട്ടുകാരോട് പറയാതെ ആത്മീയമാര്‍ഗത്തിലൂടെ ഇന്ത്യയുടെ ആത്മാവ് കണ്ടെത്താന്‍ ഒരു സാഹസിക യാത്ര നടത്തി. തന്റെ ആത്മതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍, കണ്ടുമുട്ടിയ ഋഷിവര്യന്മാര്ക്കോ സുഹൃത്തുക്കള്‍ക്കോ കഴിയാതെവന്നപ്പോള്‍ വീട്ടിലേക്ക് മടങ്ങി. ആഴത്തിലുള്ള വായനയും സ്വാമി വിവേകാനന്ദ ദര്‍ശനങ്ങളോടുള്ള താൽപര്യവും ബ്രിട്ടീഷുകാരോട് വര്‍ധിച്ചുവരുന്ന വിരോധവും മനസ്സിലാക്കിയ പിതാവ് ജാനകീനാഥ ബോസ് സുഭാഷിനെ നിര്‍ബന്ധിച്ച് ഐ.സി.എസ് പരീക്ഷക്കായി ഇംഗ്ലണ്ടിലേക്ക് അയച്ചു. നാലാം റാങ്കോടുകൂടി പരീക്ഷ പാസായെങ്കിലും ബ്രിട്ടീഷ് സര്‍ക്കാറിന് കീഴില്‍ ഒരു ഉദ്യോഗസ്ഥനായിരിക്കാന്‍ മനസ്സില്ലാത്തതിനാൽ ഐ.സി.എസ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.
1921 ജൂലൈ 16ന് ഇന്ത്യയിൽ വന്നശേഷം വീട്ടിലേക്ക് പോകുന്നതിനുമുമ്പ് മുംബൈയിലെത്തി മഹാത്മ ഗാന്ധിയെ സന്ദർശിച്ചു. നിയമനിഷേധ സമരങ്ങളിലൂടെ ബ്രിട്ടീഷുകാരെ തുരത്താമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ ആ 24 വയസ്സുകാരന് കഴിഞ്ഞില്ല. തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരന് അഗ്നി ഉള്ളില്‍ സൂക്ഷിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിനിധിയാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി കൊല്‍ക്കത്തയിൽ പോയി ചിത്തരഞ്ജന് ദാസിനോടൊപ്പം പ്രവര്‍ത്തിക്കാൻ നിർദേശിച്ചു. കൊല്‍ക്കത്തയിലെത്തിയ സുഭാഷ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.
കൊല്‍ക്കത്ത കോര്‍പറേഷന്റെ എക്സിക്യൂട്ടിവ് ഓഫിസറായും മേയറായും കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായും മാറിയ സുഭാഷ്, ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പം യുവനേതാക്കന്മാരില് പ്രമുഖനായി. തൊഴിലാളികളെയും യുവാക്കളേയും സംഘടിപ്പിക്കാന്‍ പ്രത്യേകം താൽപര്യമെടുത്ത അദ്ദേഹം 1931ല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ പ്രസിഡന്റായി.
കോണ്‍ഗ്രസില്‍ യുവാക്കളുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടിവന്ന മുപ്പതുകളുടെ ഒടുവില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പരിപാടികളിലാകെ സമൂലമായ മാറ്റം വരാന്‍ തുടങ്ങിയിരുന്നു. ബോസുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഗാന്ധിജിയുടെ പിന്തുണയോടെ 1938ല്‍ സുഭാഷ് ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിനെ ബ്രിട്ടീഷുകാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന വിപ്ലവസ്വഭാവമുള്ള സംഘടനയാക്കി മാറ്റാന്‍ സുഭാഷ് ശ്രമിച്ചതോടെ ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. 1939ല്‍ സുഭാഷിനെതിരായി ഗാന്ധിജി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടാഭി സീതാരാമയ്യയെ നാമനിര്‍ദേശം ചെയ്തു.
വാശിയേറിയ തെരഞ്ഞെടുപ്പില്‍ സുഭാഷ് ചന്ദ്രബോസ് ജയിച്ചു. പട്ടാഭിയുടെ പരാജയം തന്റെ പരാജയമാണെന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. യൂറോപ്പിന്റെ ചക്രവാളത്തില്‍ രണ്ടാം ലോക യുദ്ധത്തിന്റെ കേളികൊട്ട് ആരംഭിച്ചിരുന്ന സമയമായിരുന്നു അത്. ബ്രിട്ടന്കൂടി പങ്കെടുക്കുന്ന യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യയുടെ മോചനത്തിന് പ്രയോജനപ്പെടുത്തണമെന്നായിരുന്നു ബോസിന്റെ അഭിപ്രായം. എന്നാല്‍, ശത്രുവാണെങ്കിലും അപകടഘട്ടത്തില്‍ നില്ക്കുമ്പോള് കൂടുതല്‍ പ്രയാസപ്പെടുത്താന്‍ പാടില്ലായെന്ന നിലപാടായിരുന്നു ഗാന്ധിജിക്ക്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സുഭാഷ് തന്റെ ആശയഗതികളോട് യോജിക്കുന്നവരെ ചേര്‍ത്ത് പുതിയ സംഘടനയുണ്ടാക്കി-ഫോര്‍വേഡ് ബ്ലോക്ക്.
സാമ്രാജ്യത്വത്തോട് സന്ധിയില്ലാസമരം ദൗത്യമാക്കിയ ഫോര്‍വേഡ് ബ്ലോക്കിനെ ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചു. നേതാക്കളെയൊക്കെ അറസ്റ്റ് ചെയ്തു.
എന്നാല്‍, അതിസാഹസികമായി സുഭാഷ് ചന്ദ്രബോസ് വീട്ടുതടങ്കലില്‍നിന്ന് 1941 ജനുവരി 16ന് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടു. രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ആ സമയത്ത് അദ്ദേഹം ജര്മനിയിലേക്കാണ് പോയത്. പിന്നീട് സിംഗപ്പൂരിലെത്തി ഐ.എന്‍.എയും സ്വതന്ത്ര ഇന്ത്യ ഗവൺമെന്റും സംഘടിപ്പിച്ചു. 1943 ഒക്ടോബര്‍ 24ന് ആംഗ്ലോ-അമേരിക്കന്‍ ശക്തികള്‍ക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ സഹായത്തോടുകൂടി നടത്തിയ ആ യുദ്ധത്തില്‍ ജയിക്കാനായില്ലെങ്കിലും ബ്രിട്ടീഷുകാരുടെ പിന്മാറ്റം ത്വരിതപ്പെടുത്താന്‍ ഐ.എന്‍.എക്ക് കഴിഞ്ഞു.
1921 മുതല്‍ 1941 വരെയാണ് ഇന്ത്യയില്‍ സുഭാഷ് ചന്ദ്രബോസിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം. ഈ 20 വര്‍ഷത്തിനിടയില്‍ വിവിധ കാലയളവുകളിലായി അദ്ദേഹം 11 വര്‍ഷം ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ 'ചലോ ദില്ലി'എന്ന മുദ്രാവാക്യം ഇന്നും നീതിക്കുവേണ്ടിയുള്ള സമരങ്ങളുടെ പ്രഥമ കാഹളമാണ്.
ഐ.എന്‍.എയുടെ പടയോട്ടം വിജയത്തിലേക്ക് കുതിക്കുമ്പോഴാണ് 1945 ആഗസ്റ്റ് ആറിനും ഒമ്പതിനും അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിക്കുന്നത്. ജപ്പാന് കീഴടങ്ങിയതോടുകൂടി ഐ.എന്‍.എയും സേനാപിന്മാറ്റം ആരംഭിച്ചു.
അങ്ങനെ തായ്വാനിലെ തായ് ഹുക്കു വിമാനത്താവളത്തില്‍നിന്ന് മഞ്ചൂറിയ ലക്ഷ്യമാക്കി പറന്നുയര്‍ന്ന ജപ്പാന്റെ ബോംബര്‍ വിമാനം തകര്‍ന്ന് അദ്ദേഹം മരിച്ചുവെന്ന കഥയാണ് പിന്നീട് ലോകമറിഞ്ഞത്. എന്നാല്‍, അദ്ദേഹത്തിന്റെ തിരോധാനം അന്വേഷിച്ച ജസ്റ്റിസ് മുഖര്‍ജി കമീഷന് തെളിവുകള്‍ നിരത്തി കണ്ടെത്തിയത് ഇങ്ങനെയൊരു വിമാനാപകടം നടന്നിട്ടില്ല എന്നാണ്. നേതാജിയുടെ തിരോധാനം ഇന്നും ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സമസ്യയാണ്. അതിനാല്‍ നേതാജിയുടെ ജന്മദിനം മാത്രമാണ് ഭാരതീയര്‍ ആഘോഷിക്കുന്നത്. മൃത്യു ഇല്ലാത്ത നേതാവാണ് അദ്ദേഹം- ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരഞ്ജീവി.
(ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.