ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയിലെ തട്ടിപ്പിെൻറ ശൃംഖല
text_fieldsഇന്ത്യയിലെ ബാങ്കിങ് സ്ഥാപനങ്ങൾ കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ നിരവധി തട്ടിപ്പുകൾക്കു വിധേയമായിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചന. വെട്ടിപ്പുകളുടെ എണ്ണത്തിലെ വർധനയേക്കാൾ ഏറെ ആശങ്കയുളവാക്കുന്നത് അവ കണ്ടെത്തുന്നതിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതിലും ശിക്ഷാനടപടികളെടുക്കുന്നതിലുമുള്ള കാലവിളംബവും വീഴ്ചകളുമാണ്.
2018-2019 സാമ്പത്തികവർഷം കണ്ടെത്തിയ മൊത്തം വെട്ടിപ്പ് തുകയുടെ വലുപ്പം 2019-20 ആയതോടെ ഏകദേശം ഇരട്ടിയായി ഉയർന്ന് 1,85,000 ദശലക്ഷം രൂപയിലെത്തി. ഇതിനിടെ, വെട്ടിപ്പുകളുടെ എണ്ണത്തിലുണ്ടായ വർധന 28 ശതമാനത്തോളമായിരുന്നു. മാത്രമല്ല, വെട്ടിപ്പുകളിലൂടെ നഷ്ടമായ തുക പിന്നിട്ട ഏതാനും വർഷങ്ങൾക്കിടയിൽ റീകാപ്പിറ്റലൈസേഷെൻറ പേരിൽ ഖജനാവിൽനിന്നുള്ള നികുതിവരുമാനം വിനിയോഗിച്ച് പൊതുമേഖല ബാങ്കുകളിലേക്ക് ഒഴുക്കിയ തുകക്ക് തുല്യമാണെന്നു കൂടി റിപ്പോർട്ട് വ്യക്തമാക്കുന്നു.
തികച്ചും അവിശ്വസനീയമെങ്കിലും വസ്തുതാപരമായ കണ്ടെത്തലാണിതെന്ന് ആർ.ബി.ഐ കാലാകാലങ്ങളിൽ പുറത്തുവിടുന്ന ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ പഠനങ്ങൾ പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടുന്നതാണിത്. അതിവിപുലമായ ഡേറ്റാബേസും നേരിട്ടുള്ള റിപ്പോർട്ടിങ്ങുകൾ വഴി ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകളുമൊക്കെ വെച്ചാണ് ഇൗ റിപ്പോർട്ടുകൾ തയാറാക്കുന്നത്. ഇത്രയെല്ലാമായിട്ടും വെട്ടിപ്പുകൾ പെരുകിവരുന്നതിനുള്ള കാരണമെന്താണ്? പഠനറിപ്പോർട്ട് തയാറാക്കാൻ ചുമതല ഏറ്റെടുക്കുന്നവർ കണക്കുകൾ പെരുപ്പിച്ചുകാണിക്കുന്നതാണോ വെട്ടിപ്പുകളുടെ എണ്ണത്തിലുണ്ടാകുന്ന തുടർച്ചയായ വർധനക്ക് ഇടയാക്കുന്നത്? അൽപം വിശദമായി പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണിതെല്ലാം.
ബിസിനസുമായി ബന്ധപ്പെട്ട തിരിമറികളും തട്ടിപ്പുകളും അന്വേഷിക്കുന്ന, ആഗോളതല ഏജൻസിയുടെ മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെടുന്നത്, തട്ടിപ്പുകളുടെ എണ്ണത്തിലെ പെരുപ്പം വലിയൊരളവിൽ സാങ്കേതികമാണ് എന്നാണ്. വെട്ടിപ്പുകൾ നടക്കുന്നുണ്ടാകാം. എന്നാൽ, അവ കൃത്യമായി കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ പതിവില്ല. ഈ വിധത്തിലുണ്ടാകുന്ന സാങ്കേതിക കാരണങ്ങളാലാണ് പലപ്പോഴും വെട്ടിപ്പുകൾ സംബന്ധിച്ച അതിശയോക്തിപരമായ പ്രചാരണങ്ങൾ നടക്കുന്നതത്രെ.
സാധാരണ 100 കോടിയോ അതിലേറെയോ തുകകൾക്കുള്ള വെട്ടിപ്പുകളാണ് നടക്കുന്നതെങ്കിൽ, അവ കണ്ടെത്താനും ഉറപ്പുവരുത്താനും ഏഴു വർഷം വരെ കാലതാമസമുണ്ടാവാനിടയുണ്ട്. ബാങ്ക് മാനേജ്മെൻറിന് താൽപര്യം പരമാവധി 'ക്ലീൻ ബാലൻസ് ഷീറ്റ്' തയാറാക്കുന്നതിനായിരിക്കുമല്ലോ. ഈ ലക്ഷ്യം മുൻനിർത്തി തട്ടിപ്പുകാരെ കണ്ടെത്തുകയും അവർ നടത്തിയ വെട്ടിപ്പ് തുക തിട്ടപ്പെടുത്തുകയും ചെയ്ത ശേഷം തുക തിരിച്ചുപിടിക്കാൻ കഴിയുന്നതെല്ലാം നിയമാനുസൃതമായോ അല്ലാതെയോ സ്വീകരിക്കുകയായിരിക്കും അവർ ചെയ്യുക.
ഇതിനുശേഷം മാത്രമായിരിക്കും ബന്ധപ്പെട്ട കടബാധ്യത കിട്ടാക്കടമായോ നഷ്ടപ്പെട്ട തുക വെട്ടിപ്പിെൻറ ഭാഗമായോ പ്രഖ്യാപിക്കപ്പെടുക. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ ബാങ്കുകൾ നടപ്പാക്കിവരുന്ന ഈ പ്രക്രിയതന്നെയാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നതും അധികൃതരോട് ശിപാർശ ചെയ്യുന്നതും. ഏറെക്കാലമായി ഇന്ത്യയിൽ നടന്നുവരുന്നതും ഇതുതന്നെ.
വായ്പാതിരിച്ചടവ് വരുത്തിയ തുകയിൽ എത്രമാത്രം മനഃപൂർവം വീഴ്ചവരുത്തിയവരുടേതായുണ്ടെന്നും എത്രമാത്രം അപ്രതീക്ഷിതമായ നഷ്ടത്തെ തുടർന്ന് വീഴ്ചവരുത്തിയവരുടേതായുണ്ടെന്നും കൃത്യമായി കണ്ടെത്തുന്നതിൽ സംഭവിക്കുന്ന കാലതാമസത്തിന് ബാങ്കുകൾ തന്നെ ബാധ്യത ഏറ്റെടുത്തേ മതിയാകൂ. ഇത്തരമൊരു പ്രക്രിയ പ്രാവർത്തികമാക്കുന്നതിെൻറ പേരിൽ നിരവധി ബാങ്കുകൾ ലക്ഷക്കണക്കിന് രൂപയാണ് മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസന നിക്ഷേപമേഖലയിൽ മുടക്കിയിരിക്കുന്നതും.
എന്നാൽ, ഇതിെൻറ ഫലമായി വെട്ടിപ്പുകൾ കാലവിളംബമില്ലാതെ കണ്ടെത്തി റിപ്പോർട്ട് ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യവുമല്ല. ബാങ്കിങ് സാങ്കേതികവിദ്യ മേഖലയിലുള്ളവർ പറയുന്നത്, ഇന്ത്യയിലെ പൊതുമേഖല ബാങ്കുകൾ ഡിജിറ്റൽ സാങ്കേതികവിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒട്ടേറെ മുന്നോട്ട് യാത്രചെയ്തിട്ടുണ്ടെങ്കിലും യഥാർഥ വെട്ടിപ്പുകാരെ കണ്ടെത്തുന്നതിൽ പരിമിതമായ തോതിൽപോലും വിജയിച്ചിട്ടില്ലെന്നാണ്. ശേഖരിക്കപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ശാസ്ത്രീയവിശകലനം നടത്തി തട്ടിപ്പുകാരിലേക്കെത്താൻ ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ടെന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്.
ബാങ്കിങ് വ്യവസ്ഥയുടെ അപാകതകളാണ് വെട്ടിപ്പുകൾക്കിടയാക്കുന്നതെങ്കിലും ഈ യാഥാർഥ്യം അംഗീകരിക്കാൻ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് (എഫ്.എസ്.ആർ ജൂൺ 2020) തയാറാക്കുന്ന ആർ.ബി.ഐ ഉന്നതന്മാർ സന്നദ്ധമാകുന്നില്ല. ഈ അപാകത നിലവിലുണ്ടെന്നതിൽ തെല്ലും ആശങ്കയും അവർ പ്രകടിപ്പിക്കുന്നില്ല. 2020-21ലേക്കുള്ള വാർഷികറിപ്പോർട്ടിൽ പോലും ആർ.ബി.ഐ ഇതേപ്പറ്റി ഒരു ചെറിയ പരാമർശം നടത്തിയതിലപ്പുറം ഒന്നും ചെയ്തിട്ടില്ല. അതേസമയം, 2019ലെ ധനകാര്യ സ്ഥിരത റിപ്പോർട്ടിൽ 2000-2001നും 2017-18നും ഇടക്ക് ബാങ്ക് വെട്ടിപ്പുകളിൽ 90.6 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല, 2018-19നും 2019-20നും ഇടക്കു മാത്രം ഉണ്ടായിരിക്കുന്ന വെട്ടിപ്പ് വർധനയുടെ മൂല്യം 97.3 ശതമാനമാണെന്നും കാണുന്നു.
നിസ്സാരമായൊരു കാലയളവിൽ ഇത്ര ഭീമമായ വർധന എങ്ങനെയുണ്ടായി എന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഏറ്റവുമൊടുവിൽ ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ 2019 സെപ്റ്റംബർ 27ന് വിളിച്ചുചേർത്ത യോഗത്തിലാണ് ബാങ്ക് വെട്ടിപ്പുകൾ ഇന്നത്തെ നിലയിൽ തുടരാൻ അനുവദിച്ചുകൂടെന്നും ഖജനാവിലെത്തുന്ന നികുതിദായകരുടെ സമ്പാദ്യം വിനിയോഗിച്ചുള്ള പൊതുമേഖല ബാങ്കുകളുടെ മൂലധന ശാക്തീകരണപ്രക്രിയക്ക് വിരാമമിടണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്തദാസ് തുറന്നുപറഞ്ഞത്.
ഫിനാൻഷ്യൽ സ്റ്റെബിലിറ്റി-ഡെവലപ് കൗൺസിലുകളുടെ സംയുക്ത യോഗമായിരുന്നു ഇതിന് വേദിയൊരുക്കിയതും. വെട്ടിപ്പുകൾക്ക് അടിയന്തരനടപടികളിലൂടെ അന്ത്യം കുറിക്കണമെന്നും വെട്ടിപ്പുകൾ നടന്ന ഉടൻതന്നെ അവ കണ്ടെത്താനും പ്രതികൾക്കെതിരെ നിയമനടപടികളെടുക്കാനും മാത്രമല്ല, വഴിവിട്ട നടപടികൾക്കെതിരെ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനങ്ങൾ ഉടനടി സജ്ജമാക്കാനും പ്രസ്തുത യോഗം തീരുമാനങ്ങളെടുത്തിരുന്നതാണ്. ഇത്തരം ഘട്ടങ്ങളിൽ അതിശക്തമായ ജാഗ്രത ബാങ്കിങ് റെഗുലേറ്റർ എന്ന നിലയിൽ ആർ.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും തീരുമാനമുണ്ടായിരുന്നു. ഓരോ പൊതുമേഖല ബാങ്ക് മാനേജ്മെൻറിനും ഇക്കാര്യത്തിൽ ബാധ്യതയുണ്ടെന്നു മാത്രമല്ല, ഇതിൽ വീഴ്ചവരുത്തുന്ന മാനേജർമാർക്കെതിരെ വൻ തുകകൾ പിഴ ചുമത്തണമെന്നും യോഗത്തിൽ തീരുമാനമുണ്ടായിരുന്നതാണ്. എന്നാൽ, ഇതൊന്നും ഫലത്തിൽ നടന്നില്ല. എല്ലാം കടലാസിൽ ഒതുങ്ങി.
അതിശക്തവും കാര്യക്ഷമവുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ പൊതുമേഖല ബാങ്കിങ് വ്യവസ്ഥ അത്രതന്നെയോ അതിലേറെയോ ബലഹീനവുമാണ് എന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. 2019 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് (എഫ്.എസ്.ആർ) വെളിവാക്കുന്നത്, ആ ധനകാര്യ വർഷത്തിൽ പൊതുമേഖല ബാങ്കുകളുടെ വെട്ടിപ്പുകൾ മൊത്തം വെട്ടിപ്പുകളുടെ 89.8 ശതമാനവും സ്വകാര്യ ബാങ്കുകളുടേത് 9.2 ശതമാനവും വിദേശ ബാങ്കുകളുടേത് 0.4 ശതമാനവും വരുമെന്നാണ്.
എന്നാൽ, ഈ കണ്ടെത്തലൊന്നും ബാങ്ക് മാനേജ്മെൻറുകളെയോ ബാങ്ക് റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നതരെയോ ഒരുവിധത്തിലും അലോസരപ്പെടുത്തിയതായി അറിയില്ല. അവർക്കൊന്നും എതിരായി ഒരുവിധ ശിക്ഷാനടപടിയും കേന്ദ്ര ധനമന്ത്രാലയത്തിൽനിന്നോ കേന്ദ്ര സർക്കാറിൽനിന്നോ സ്വീകരിക്കപ്പെടുകയുമുണ്ടായില്ല. വെറും 100 കോടി രൂപ വരുന്ന വെട്ടിപ്പിനെതിരെ കർശന നടപടികളുണ്ടാകുമെന്ന വ്യവസ്ഥയുണ്ടെന്നാണ് പറഞ്ഞുകേട്ടിരുന്നതെങ്കിലും നീരവ് മോദിയും മൊഹുൽ ചോക്സിയും ചേർന്ന് 20,000 കോടി രൂപയോളം വളരെ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന പഞ്ചാബ് നാഷനൽ ബാങ്കിനെ വെട്ടിച്ച് രാജ്യം വിട്ടെങ്കിലും അവർക്കെതിരായ ശിക്ഷാനടപടികൾ ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്.
മാനേജ്മെൻറിനെതിരെ എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ല. ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾ സംഘടിതമായി ഒരുക്കുന്ന ചതികളുടെയും വെട്ടിപ്പുകളുടെയും വലയിൽനിന്നു ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയെ രക്ഷിക്കാൻ മോദി ർക്കാർ സന്നദ്ധമാകുമെന്ന പ്രതീക്ഷയും പുലർത്തേണ്ടതില്ല. കാരണം, സർക്കാറും ഇതിെൻറ ഭാഗംതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.