തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്
text_fieldsപിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർക്കാർ ഭരണമേറ്റ് ഒരു വർഷം പൂർത്തിയാകുന്നതിനിടയിൽ രണ്ടു മന്ത്രിമാർക്കാണ് സ്ഥാനമൊഴിയേണ്ടിവന്നത്. രാജികൾ ഈ സർക്കാറിെൻറ പ്രതിച്ഛായയെ മോശമാക്കിയെന്ന അഭിപ്രായമുണ്ടായേക്കാം. എന്നാൽ, ഇ.പി. ജയരാജെൻറയും എ.കെ. ശശീന്ദ്രെൻറയും ഉടൻ രാജിയിലൂടെ ധാർമികതയും അന്തസ്സും ഉയർത്തിപ്പിടിക്കാൻ പിണറായി സർക്കാറിന് കഴിഞ്ഞു. ആരോപണവിധേയരെ മന്ത്രിസ്ഥാനങ്ങളിലിരുത്തി മോശം പേര് സമ്പാദിക്കാനില്ലെന്നു മാത്രമല്ല, താൻ ഉദ്ദേശിക്കുന്ന രീതിയിൽ മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജനങ്ങളോട് വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഇതിലൂടെ സാധിച്ചു. ഉചിതസമയത്ത് ഉചിതമായ തീരുമാനം. മികച്ച സർക്കാറിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇതാണ്.
അതേസമയം, ഇ.പി. ജയരാജനു പകരം മന്ത്രിക്കസേരയിലെത്തിയ എം.എം. മണിയുടെ വിവാദ പരാമർശങ്ങൾ സർക്കാറിന് ഗുണം ചെയ്തില്ല. മണിയുടെ പ്രവൃത്തികളെ മുഖ്യമന്ത്രി ന്യായീകരിച്ചത് വളരെ ദോഷം വരുത്തുകയും ചെയ്തു. പൊതുതാൽപര്യം സംരക്ഷിക്കാൻ നിയമാനുസൃതം പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി മണി നടത്തിയ പരാമർശങ്ങൾ ഒരു മന്ത്രിക്ക് ചേരുന്നതേ അല്ലാതായിപ്പോയി. ജനങ്ങളുടെ ക്ഷേമത്തിനായി പൊതുമുതൽ സംരക്ഷിക്കേണ്ട മന്ത്രി തന്നെ സർക്കാർ നടപടികൾക്കെതിരെ തിരിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. മൂന്നാർ വിഷയത്തിൽ മണിയുടെ നിലപാടിനെ അപലപിക്കുകയും ആ നിലപാട് തെറ്റായിപ്പോയെന്ന് പറയുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. എന്നാൽ, മന്ത്രിയെയും എം.എൽ.എയെയും പ്രാദേശിക നേതൃത്വത്തെയും ന്യായീകരിച്ചത് ഉചിതമായില്ല.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിെൻറ കാര്യത്തിൽ സർക്കാറിന് വ്യക്തമായ നേട്ടം അവകാശപ്പെടാൻ കഴിയില്ലെന്നു മാത്രമല്ല, ഇതുവരെയുള്ള പ്രവർത്തനംകൊണ്ട് ആദ്യഘട്ടത്തിൽ ലഭിച്ച പ്രശംസ ഇല്ലാതാവുകയും ചെയ്തു. പൊതുനന്മയെ ലക്ഷ്യംെവച്ച് അനധികൃത കൈയേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുകയും പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ ആ പ്രദേശത്തെ സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾക്ക് കൈകൊടുക്കുകയും ചെയ്തിരുന്നെങ്കിൽ ഒന്നാം വാർഷികത്തിലെ പൊൻതൂവലായി മൂന്നാർ മാറുമായിരുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ ഇനിയും സമയമുണ്ട്. മൂന്നാറിനെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെയും ഗവൺമെൻറിെൻറയും ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഇനിയുള്ള നാളുകളിലെങ്കിലും േകരളം പ്രതീക്ഷിക്കുന്നുണ്ട്.
ഒരു മുന്നണിസംവിധാനത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഘടകകക്ഷികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ല. എന്നു മാത്രമല്ല അതിന്മേൽ ആരോഗ്യകരമായ തുറന്ന ചർച്ചകൾ ഉണ്ടാകുന്നത് സംസ്ഥാനത്തിന്നും ജനങ്ങൾക്കും ഗുണകരമാണ്. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം നല്ലതാണെന്ന് കണ്ണുമടച്ച് പറയുന്ന വ്യവസ്ഥിതി ഒരു ജനാധിപത്യസമ്പ്രദായത്തിന് അനുയോജ്യമല്ല. അതുകൊണ്ടുതന്നെ സി.പി.എമ്മും സി.പി.ഐയും തമ്മിൽ പലപ്പോഴും ഉണ്ടാകുന്ന പരസ്യ വാഗ്വാദങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.
ആദ്യത്തെ ഒരു കൊല്ലം കൊണ്ടുതന്നെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാൻ ഈ മന്ത്രിസഭക്ക് കഴിഞ്ഞു. ഇതുവരെ ഗതിമുട്ടിനിന്നിരുന്ന ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിയും വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ദേശീയ ഹൈവേ നാലുവരിയായും ആറുവരിയായും വികസിപ്പിക്കാനുമുള്ള പരിശ്രമവും അഭിനന്ദനീയമാണ്. കഴിഞ്ഞ 40 വർഷമായി സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങിയ റോഡ് വികസനത്തിന് വേഗം കൈവന്നിരിക്കുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി, നെടുമ്പാശ്ശേരി വിമാനത്താവള വികസനം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഭരണയന്ത്രം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിെൻറ ഉദാഹരണങ്ങളാണിവ. ഈ അടുത്ത് തിരുവനന്തപുരം നഗരത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ശ്രമങ്ങളും ഇതിൽപെടും. എത്ര ബുദ്ധിമുട്ടേറിയ പദ്ധതിയാണെങ്കിലും സർക്കാറും ഉദ്യോഗസ്ഥരും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചാൽ ഫലം ഉണ്ടാക്കാമെന്ന് തെളിയിക്കുന്നത് ശുഭോദർക്കമാണ്.
ഈ സർക്കാറിെൻറ ആദ്യകാലത്ത് വിജിലൻസിെൻറ അതിരുവിട്ട പ്രവർത്തനങ്ങൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഹൈകോടതിയുടെ ഇടപെടലിനു ശേഷമാണെങ്കിലും, അൽപം വൈകിയാണെങ്കിലും ഇക്കാര്യത്തിൽ ഒരു പരിഹാരമുണ്ടാക്കിയത് സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയിട്ടുണ്ട്. വലതുകൈയുടെ പ്രവർത്തനം ഇടതുകൈ തടസ്സപ്പെടുത്തുന്ന നിഷേധാത്മക അന്തരീക്ഷം ഇല്ലാതായി. രണ്ടുമാസം മുമ്പായിരുന്നെങ്കിൽ നെയ്യാറിൽനിന്ന് വെള്ളം കൊണ്ടുവരാനുള്ള പ്രവൃത്തികൾ തുടങ്ങുന്ന ദിവസംതന്നെ രാവിലെ അതിലെ ഉദ്യോഗസ്ഥന്മാരുടെയും മന്ത്രിയുടെയും വീട്ടുപടിക്കൽ വിജിലൻസുകാർ പ്രത്യക്ഷപ്പെടുകയും റെയ്ഡ് നടത്തി, രേഖകളും ഫയലുകളും പിടിച്ചെടുക്കുകയും ചെയ്തു എന്നും മറ്റുമുള്ള ബ്രേക്കിങ് ന്യൂസുമാകും ഉണ്ടാവുക.
വെള്ളമല്ല വിവാദവും ചളിതെറിപ്പിക്കലും മാത്രം എന്നതാവുമായിരുന്നു ഒരേയൊരു ഫലം. സർക്കാർ കാര്യങ്ങൾ കാര്യക്ഷമമായും സത്യസന്ധമായും നിർവഹിക്കുന്ന ഭരണാധികാരികൾക്കും ഏജൻസികൾക്കും ഭയമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്ന അന്തരീക്ഷം ഉണ്ടായിവരുന്നുണ്ട്. അത് തുടർന്നും നിലനിർത്തിയെങ്കിൽ മാത്രമേ സർക്കാറിെൻറ പ്രവർത്തനം ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുകയുള്ളൂ.
ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ മുഖ്യമന്ത്രി മുൻകൈയെടുത്ത് കേന്ദ്രസർക്കാറുമായും പ്രധാനമന്ത്രിയുമായും നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചത് നല്ലൊരു ചുവടുവെപ്പായിരുന്നു. ആ അന്തരീക്ഷം തുടരുന്നത് പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. ഇതര സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിലും ഈ പക്വസമീപനം കാണുന്നുണ്ട്. തമിഴ്നാടുമായി ജലം പങ്കിടുന്നതിലും മുല്ലപ്പെരിയാർ, പറമ്പിക്കുളം, ആളിയാർ പ്രശ്നങ്ങളിലും സങ്കുചിതമായി കാര്യങ്ങളെ കാണാതെ വസ്തുതകൾ മനസ്സിലാക്കി മുന്നോട്ടുപോകാൻ ശ്രമിക്കുന്നത് അംഗീകരിക്കേണ്ടതു തന്നെയാണ്.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബവുമായി ഒത്തുചേരണമെന്ന മുഖ്യമന്ത്രിയുടെ നിർദേശമാണ് മറ്റൊരു പ്ലസ്. ഉദ്യോഗസ്ഥരും ഭരണകർത്താക്കളും തമ്മിൽ നല്ലൊരു ബന്ധം സ്ഥാപിക്കാൻ ഇത് വഴിയൊരുക്കും. അതുപോലെതന്നെ പല കാര്യങ്ങളിലും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും അവരുടെ അഭിപ്രായങ്ങൾ തേടാനും മുഖ്യമന്ത്രി തയാറാകുന്നതും ശുഭസൂചനയാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനുമെല്ലാം ട്രഷറി വഴി മാത്രം വിതരണം ചെയ്യണമെന്ന ഏകപക്ഷിയമായ സർക്കാർ ഉത്തരവ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയായി. ഈ നിർദേശം തികച്ചും അനുചിതവും അപ്രായോഗികവുമാണ്. അഞ്ചു ലക്ഷം വരുന്ന പെൻഷൻകാരുടെയും അത്രയുംതന്നെ സർക്കാർ ജീവനക്കാരുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനോ എല്ലാ ധനകാര്യ ഇടപാടുകളും മുന്നോട്ടുകൊണ്ടുപോകാനോ ട്രഷറിക്ക് സാധിക്കില്ലെന്നത് പകൽ വെളിച്ചംപോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് മുമ്പ് ഇത് ബാങ്കുകൾ വഴിയാക്കിയത്. അതിൽനിന്ന് ഇപ്പോൾ പിന്നോട്ടുപോകുന്നത് ആത്മഹത്യാപരമാണ്.
അതിനാൽ ഇപ്പോഴത്തെ തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രിക്ക് ഞാൻതന്നെ എഴുതിയിരുന്നു. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്കുള്ള യാത്രയാവണം ഇനിയുള്ള നാലുവർഷം കേരളത്തിേൻറത്. അതിനുള്ള ഇച്ഛാശക്തിയും കാര്യശേഷിയും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകട്ടെ. ഇതുവരെയുള്ള കോട്ടങ്ങൾ പരിഹരിച്ച് ജനക്ഷേമകരമായ നേട്ടങ്ങൾ കൈവരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ സർക്കാറിന് സാധിക്കട്ടെയെന്ന് ജനപക്ഷത്തു നിന്നുകൊണ്ട് ആശംസിക്കുന്നു.
(കേരള മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.