പുതിയ ബില്‍ കര്‍ഷകെൻറ മരണക്കുരുക്ക്
text_fieldsകര്‍ഷകരുടെ ഉൽപന്നങ്ങള്ക്ക് സര്‍ക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില (minimum support price) പൊതു സംഭരണം (public procurement) പൊതുവിതരണ സംവിധാനം ( public distribution sysytem) എന്നീ ബലവത്തായ മൂന്നു തൂണുകളിലാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നത്്. ഇവ മൂന്നിനെയും തകർത്ത് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ കുത്തകകള്‍ക്കും ദല്ലാളന്മാര്ക്കും അടിയറവെക്കുകയും കര്ഷകന് മരണക്കുരുക്കൊരുക്കുകയുമാണ് ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷികബില്ലുകൾ.
ഇന്ത്യയുടെ മഹത്തായ പാര്‍ലമെൻററി പാരമ്പര്യത്തോടുള്ള വെല്ലുവിളികൂടിയായിരുന്നു സെപ്റ്റംബര്‍ 20 ന് രാജ്യസഭയില്‍ അരങ്ങേറിയത്്. ഏതു ബില്ലും നിയമമാകുന്നതിനുമുമ്പ് പാര്‍ലമെൻറിൽ ചര്‍ച്ചകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്. എന്നാല്‍, ഒരു മര്യാദയും കാട്ടാതെ ബില്ലുകള്‍ ഏകപക്ഷീയമായി േകന്ദ്രം പാസാക്കി. എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ എം.പിമാരെ ജനാധിപത്യവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തു. ഇന്ത്യന്കര്ഷകനെ കോർപറേറ്റ് ഭീമന്മാരുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് സർക്കാർ ചെയ്തത്.
താങ്ങുവില ഇല്ലാതാകുന്നു
താങ്ങുവില വിളവുകള്‍ക്ക് ഒരു നിശ്ചിത വില ഉറപ്പുവരുത്താൻ കർഷകരെ സഹായിക്കുന്നു. എന്നാല്‍, ഇൗ ബില്ലുകൾ പാസായതോടെ താങ്ങുവില അവസാനിക്കും. കര്‍ഷകര്‍ക്കും അവരുടെ ഉല്പന്നങ്ങൾ വാങ്ങാനെത്തുന്നവര്‍ക്കും ഒരേ വിലപേശല്‍ ശക്തിയുണ്ടാക്കുകയാണ് ഇൗ ബില്ലുകള്‍ പാസാക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്തത്. 2003 ലെ കാര്ഷികോൽപന്ന കമ്പോള സമിതി (Agriculture Produce Marketing Committee) നിയമത്തിലെ വ്യവസ്ഥകൾ ഇല്ലായ്മ ചെയ്യുകയാണ് പുതിയ നിയമം.
അതത് പ്രദേശത്തെ വിലനിലവാരം കണക്കിലെടുത്ത് കാര്ഷികോൽപന്നങ്ങള്ക്ക് വില നിശ്ചയിക്കുന്നത് എ.പി.എം.സിയാണ്. ഒാരോ പ്രദേശത്തെ മണ്ഡികൾ എന്ന മാർക്കറ്റുകളില്‍ പ്രാദേശികനിലവാരമനുസരിച്ച്് കാര്‍ഷികവിളകള്‍ അെല്ലങ്കില്‍ ഉൽപന്നങ്ങള് വില്‍ക്കുകയായിരുന്നു പതിവ്. ഈ പ്രാദേശികവിപണികളെ പൂർണമായും തകര്‍ക്കുകയാണ് ഈ ബിൽ. പുതിയ വ്യവസ്ഥപ്രകാരം ഉൽപന്നങ്ങള് വില്‍ക്കുന്നയിടമാണ് കേമ്പാളം. വില്ക്കുന്നവനല്ല വാങ്ങുന്നവനാണ് വില നിശ്ചയിക്കുന്നതെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. വന്കിടകമ്പനികള് തന്നിഷ്ടപ്രകാരം വിപണികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതോടെ കഴുത്തറപ്പന്‍ മത്സരത്തില്‍ നിന്ന് സാധാരണ കൃഷിക്കാരന് പിന്‍വാങ്ങേണ്ടി വരും.
കരാര്‍ കൃഷിയുടെ വരവ്
പുതിയ ബില്ലുകൾ പ്രോത്സാഹിപ്പിക്കുന്ന കരാർകൃഷി പരമ്പരാഗതമേഖലയെ പൂർണമായും തകര്‍ക്കും. വിത്തും വളവും തീരുമാനിക്കുന്നത് കുത്തകകമ്പനിയാണ്. കാര്‍ഷികമേഖലയുടെ കരുത്തു തന്നെ വൈവിധ്യമാണ്. കരാര്‍കൃഷി ഇൗ വൈവിധ്യത്തെ മാത്രമല്ല, പരമ്പരാഗത വിത്തിനങ്ങളെയും ഇല്ലാതാക്കും. ഇന്ത്യയില്‍ കരാര്‍ കൃഷി നേരത്തേയുണ്ടെങ്കിലും ബിൽ നിയമമാകുന്നതോടെ കരാര്‍കൃഷി കൂടുതല്‍ വ്യാപിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ പതിയപ്പതിയെ ഇല്ലാതാവും. ഭക്ഷ്യോൽപന്ന വിലനിയന്ത്രണമുള്പ്പെടെ കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള വിപുലമായ അധികാരങ്ങള്‍ ദുര്‍ബലപ്പെടുമെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്്.
കേരളത്തിനും ആഘാതം
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യാനുള്ള അനുമതിയും കരാര്‍ കൃഷിയുമൊക്കെ കേരളത്തിലെ കാര്‍ഷികമേഖലക്കും വലിയ ആഘാതമാണ്. ചെറുകിട ഇടത്തരം നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനത്ത്് കരാര്‍കൃഷി പ്രോത്സാഹിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. ചെറുകിട കര്‍ഷകരുടെ ഭൂമി നിസ്സാര വിലയ്ക്ക് കരാര്‍ കമ്പനികള്‍ എടുക്കാനും കര്‍ഷകര്‍ക്ക് അധ്വാനത്തിന് അനുസൃതമായ വില ഉൽപന്നങ്ങള്ക്ക് നൽകാതിരിക്കാനും ഇടയുണ്ട്.
കേരളത്തില്‍ വളരെ ശക്തമായി നിലനില്‍ക്കുന്ന സഹകരണ മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയുടെ സ്വതന്ത്രമായ കാര്‍ഷിക പ്രവര്‍ത്തനത്തിന് തുരങ്കം വെക്കുന്ന നിര്‍ദേശങ്ങളും ഈ ബില്ലിലുണ്ട്. മാത്രമല്ല, കാര്‍ഷികമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ അധികാരം ഗണ്യമായ തോതില്‍ കുറയാനും അതു വഴി കൂടുതല്‍ കേന്ദ്ര ഇടപെടലുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.