കാനഡ പഠന കുടിയേറ്റത്തിന് പുതിയ തടസ്സങ്ങൾ
text_fieldsകർശനമാക്കുന്ന നിയമങ്ങളും ജീവിതച്ചെലവിലെ വർധനയും വിദ്യാർഥികൾക്ക് വിനയാവും
ഇന്ത്യക്കാരുൾപ്പെടെ കുടിയേറ്റക്കാർ ഏറ്റവും കൂടുതലുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. വിസ നടപടികൾ ലളിതമായതിനാൽ വിദേശ വിദ്യാർഥികളുടെ പ്രിയ കേന്ദ്രവുമാണ്. വൻതോതിൽ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങളും നദികളുമുള്ള ഇവിടം ജലവൈദ്യുതി പദ്ധതിയിലും സമൃദ്ധമാണ്.
സ്വർണം, നിക്കൽ, യുറേനിയം എന്നിവയാണ് പ്രധാന കയറ്റുമതികൾ. ഉയർന്ന പ്രതിശീർഷ വരുമാനം, ഉന്നത ജീവിത നിലവാരം, ഹൈടെക് വ്യാവസായിക സമൂഹം എല്ലാമുള്ള, പൊതുവേ അമേരിക്കൻ രീതികൾ പിൻപറ്റുന്ന കാനഡയിൽ കഴിഞ്ഞ സെൻസസ് പ്രകാരം ജനസംഖ്യാ വളർച്ചയുടെ 0.834 ശതമാനത്തോളം പേർ കുടിയേറ്റക്കാരാണ്. 2007ൽ 2,500,000 ത്തോളം പേർ കാനഡയിലെത്തി. ഇതിൽ അധികം പേരും ചൈന, ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നാണ്.
കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാർഥികളുടെയും വരവ് വർധിച്ചതോടെ രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത സാഹചര്യം കുറച്ചുകാലമായുണ്ട്. പണപ്പെരുപ്പം മൂലം നിർമാണം മന്ദഗതിയിലായതോടെ പ്രതിസന്ധി രൂക്ഷമായി. ഭവന പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കനേഡിയൻ സർക്കാർ.
ഭരണകക്ഷിയായ ലിബറൽ പാർട്ടിയും വിദേശ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റകാര്യ മന്ത്രി മാർക്മില്ലർ ഇതുസംബന്ധിച്ച് സൂചന നൽകി. എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രവിശ്യാ ഭരണകൂടങ്ങളുമായി ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടക്കുന്നുണ്ട്.
പഠനത്തോടൊപ്പം ജോലി ചെയ്യാനും, പഠനം പൂർത്തിയാക്കിയാലും ജോലി തുടരാനും സാധിക്കുമെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തിരഞ്ഞെടുക്കാൻ വിദേശ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്. വിദ്യാർഥികളുടെ വിസാ നിരക്കിൽ സർക്കാർ ഏർപ്പെടുത്തിയ വർധന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് കാനഡ വിസ നേടാൻ കുറഞ്ഞത് 20,635 കനേഡിയൻ ഡോളർ (ഏകദേശം 12 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവിടണം. ഇന്ത്യൻ വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാവും കാനഡയുടെ പുതിയ തീരുമാനം.
സ്ഥിരവും താൽക്കാലികവുമായ വിസ ലഭിച്ച വിദ്യാർഥികളുടെ മേലാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. തൊഴിൽ സാധ്യതകൾ കുറയുന്നതും ടൊറന്റോ പോലുള്ള നഗരങ്ങളിലെ ഉയർന്ന ജീവിത ചെലവുമെല്ലാം സൗകര്യം കുറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കാൻ അവരെ നിർബന്ധിതരാക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ എട്ടു ലക്ഷത്തിൽപരം വിദേശ വിദ്യാർഥികളാണ് കാനഡയിലുണ്ടായിരുന്നത്. 2012ൽ ഇത് 2,75,000 ആയിരുന്നു.
എന്നാൽ, നിയന്ത്രണങ്ങളും പുതിയ നടപടിക്രമങ്ങളുമെല്ലാം നിഷ്ഫലമാവുന്ന രീതിയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം വർധിച്ചിരിക്കുകയാണെന്നാണ് എമിഗ്രേഷൻസ് മന്ത്രിയുടെ വിലയിരുത്തൽ.
യു.കെ, യു.എസ്, അയർലൻഡ്, ഇറ്റലി, ആസ്ട്രേലിയ, ജർമനി, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം അടുത്തിടെ വിദ്യാർഥി വിസക്കും മറ്റും ഫീസ് ഉയർത്തുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദേശികൾക്ക് ഫ്രാൻസിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള നിയമങ്ങളും വ്യവസ്ഥകളും അവിടത്തെ സർക്കാറും കർശനമാക്കിയിട്ടുണ്ട്.
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കഴുത്തറുപ്പൻ പലിശക്ക് വിദ്യാഭ്യാസ വായ്പയെടുത്തും വിദേശത്ത് പഠിക്കാൻ പോവുക എന്ന ചിന്താരീതിയിൽ മാറ്റം വരുത്താൻ ഈ നിയന്ത്രണങ്ങൾ വഴിയൊരുക്കുമോ എന്ന കാര്യം ഉറപ്പില്ല. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൂടുതൽ നിക്ഷേപം നടത്തി ഗുണമേന്മയാർന്ന ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്തുതന്നെ സൗകര്യമൊരുക്കുകയാണ് ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ഏറ്റവും ശക്തമായ മാർഗം.
പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിൻവാങ്ങുകയും വിഭാഗീയ ചിന്തകൾക്കും കച്ചവട ശക്തികൾക്കും ഈ രംഗത്തെ തുറന്നു കൊടുക്കുകയും ചെയ്യുന്നതാണ് വിദേശ വിദ്യാഭ്യാസത്തെ ശരണം പ്രാപിക്കാൻ നമ്മുടെ കുട്ടികൾക്ക് കൂടുതൽ പ്രേരണയേകുന്നത് എന്ന് മറക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.