പുതിയ ക്രിമിനൽ നിയമങ്ങൾ എന്തിന്?
text_fieldsഇന്നുമുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽവരുകയാണ്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) 1860, ക്രിമിനൽ നടപടിക്രമം (സി.ആർ.പി.സി) 1898, ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) 1872 എന്നിവ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്) 2023, ഭാരതീയ സാക്ഷ്യ അഥീനിയം (ബി.എസ്.എ) 2023 എന്നീ പേരുകൾ സ്വീകരിച്ച് നിർദിഷ്ട ഭേദഗതികളോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ജൂലൈ ഒന്നു മുതൽ പരാതികളിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കും. അതിനു മുമ്പ് രജിസ്റ്റർ ചെയ്ത കേസുകൾ പഴയപടിതന്നെയാണ് മുന്നോട്ടുപോവുക. ഫലത്തിൽ രാജ്യത്ത് ഒരേ വിഷയത്തിൽ രണ്ട് നിയമവ്യവസ്ഥകൾ പ്രാബല്യത്തിൽ ഉണ്ടാകുമെന്നാണ് മുൻ അഡീഷനൽ സോളിസിറ്റർ ജനറലും പ്രമുഖ അഭിഭാഷകയുമായ ഇന്ദിര ജയ് സിങ് ഇതേക്കുറിച്ച് പറഞ്ഞത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് നിർദോഷകരമായി വിശേഷിപ്പിക്കാവുന്ന ഒരു പരിഷ്കരണമല്ല വന്നിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകളും നിയമവ്യവസ്ഥകളും നീതിപീഠവും രാഷ്ട്രീയ കക്ഷികളും ഈ മാറ്റങ്ങളോട് സ്വീകരിച്ചിട്ടുള്ള സമീപനങ്ങളും നിരീക്ഷണങ്ങളും വ്യത്യസ്തമാണ്. ഈ ഭേദഗതികൾ ക്രിമിനൽ നീതിവ്യവസ്ഥയെ ആധുനികീകരിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നു.
ഇന്ത്യൻ സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റവും നിയമവ്യവസ്ഥയുടെ സ്ഥായീഭാവമായി മാറിയ കാലതാമസവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റത്തെ അദ്ദേഹം അനുകൂലിക്കുന്നത്. പരാതിക്കാരനും സാക്ഷികൾക്കും ഭേദപ്പെട്ട സംരക്ഷണം നൽകാനും സൈബർ കുറ്റങ്ങളെ അഭിമുഖീകരിക്കാനും പുതിയ നിയമത്തിന് കഴിയും എന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ അന്താരാഷ്ട്ര നിലവാരത്തോട് സമീകരിക്കുന്ന നിർണായക ചുവടുവെപ്പായി അവർ ഇതിനെ കാണുന്നു. കുറ്റങ്ങൾക്ക് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ, നടപടിക്രമങ്ങൾക്ക് കൃത്യമായ സമയക്രമം എന്നിവ മറ്റുചിലരും ഒരു ഗുണമായി ഉയർത്തിക്കാട്ടുന്നുണ്ട്. വിയോജിപ്പുകൾ, ആശങ്കകൾ
പൗരാവകാശ സംഘടനകളും നിയമജ്ഞരും ചില പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആക്ടിവിസ്റ്റുകളും ഈ മാറ്റങ്ങളോട് വിയോജിപ്പ് അറിയിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള വലിയ സാധ്യതയും അതിന്റെ ദോഷഫലങ്ങളും ഏറെ ആശങ്കയുളവാക്കുന്നതാണ്. ഉദാഹരണമായി, ചില കുറ്റങ്ങളുടെ പ്രഥമ വിവര റിപ്പോർട്ട് ചെയ്യുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തണം എന്ന് പുതുതായി നിർദേശിച്ചിരിക്കുന്നു.
ഇത് ദുർവഹവും പരാതിക്കാരന് നീതി ലഭിക്കുന്നതിന് തടസ്സവുമാണ്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ചും ഉള്ളതാണ് നിയമമെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ഇരു സഭകളിലെയും പ്രതിപക്ഷ എം.പിമാർ സസ്പെൻഷനിൽ ആയിരിക്കുമ്പോഴാണ് ബിൽ ചർച്ചക്കെടുത്തത്. ലോക്സഭയിൽ ബിൽ പാസാക്കുമ്പോൾ 141 എം.പിമാർ പുറത്ത് സസ്പെൻഷനിൽ ആയിരുന്നു. ഒരു വിമർശനാത്മക വിശകലനം ബില്ലിന്മേൽ നടന്നിട്ടില്ല. ഇത്രയും നിർണായകമായ ഒരു നിയമം പാസാക്കുമ്പോൾ ഉണ്ടാവേണ്ട ജനാധിപത്യ സംവാദം ഉണ്ടായില്ല. പുതിയ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നതാണ് എന്നാണ് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ പക്ഷം.
സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ റൗലറ്റ് ആക്ടിനോട് സമീകരിക്കാൻ തക്ക ഭയാനകമാണ് ഈ നിയമങ്ങളിലെ ചില വ്യവസ്ഥകൾ എന്ന ആക്ഷേപവുമുണ്ട്. സംശയിക്കപ്പെടുന്നവരെ വിചാരണ കൂടാതെ തടവിലിടാനും പൗരാവകാശങ്ങൾ ഗുരുതരമായി ഹനിക്കാനും ഇടയാക്കിയതിനാൽ റൗലറ്റ് നിയമം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമാന സ്വഭാവത്തിൽ, നിയമപാലകർക്ക് വിപുലമായ അധികാരങ്ങൾ നൽകിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ഒരാളെ സംശയിച്ച് അറസ്റ്റ് ചെയ്യാനും ചോദ്യംചെയ്യാനും ഭാരതീയ നാഗരിക് സുരക്ഷ സംഹിത വ്യവസ്ഥ ചെയ്യുന്നു. എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയ റൗലറ്റ് ആക്ടിന്റെ പ്രേതം പുതിയ നിയമനിർമാണത്തെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയാണ് അപകോളനീകരണം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് വരുന്ന നിയമം കോളനിവത്കരണത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചനകൾ.
പൗരന്മാരെ ശിക്ഷിക്കുക എന്നതിലുപരി അടിസ്ഥാന അവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുകയാണ് നിയമത്തിന്റെ കടമ. ഒരു കുറ്റാരോപിതനെ പൊലീസ് കസ്റ്റഡിയിൽ വെക്കാവുന്ന പരമാവധി കാലയളവ് നിലവിൽ 15 ദിവസമാണ്. അത് 60 മുതൽ 90 വരെ ദിവസങ്ങളായി വർധിപ്പിച്ചത് പൊലീസിന് അമിതാധികാരം നൽകും. ഇലക്ട്രോണിക് ഡിജിറ്റൽ തെളിവുകൾക്ക് കൂടുതൽ സ്വീകാര്യത കൽപിച്ചിരിക്കെ, അത്തരം തെളിവുകളുടെ വ്യാജനിർമിതിയും അവതരണവും നിയന്ത്രിക്കാൻ പുതിയ നിയമത്തിൽ പരിമിതമായ വകുപ്പുകളേ ഉള്ളൂ. സ്വേച്ഛാപരമായ തടവിൽനിന്നും പീഡനത്തിൽനിന്നും പൗരന്മാർക്ക് സംരക്ഷണം നൽകുന്ന നിലവിലെ നിയമത്തിൽ ആവോളം വെള്ളം ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.
ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങൾ നിലനിൽക്കെ ഈ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് പി.യു.സി.എൽ പോലെയുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ബംഗളൂരുവിൽ നടത്തിയ പ്രകടനത്തിൽ മൂന്ന് നിയമങ്ങളും നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ വിവിധ വിവരങ്ങൾ പുറത്തുവിടുന്നതും കൈവിലങ്ങ് അണിയിക്കുന്നതും ‘നിരപരാധിത്വത്തിന്റെ അനുമാന’(Presumption of Innocence)ത്തിന് നേരെയുള്ള ആക്രമണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രായോഗിക അനുഭവ സമ്പത്തും മുൻകാല കോടതി വിധികളും മറ്റും മുന്നിൽ വെച്ചുകൊണ്ട് മാത്രമേ ഒരു നിയമാവലിയുടെ ഗുണദോഷങ്ങൾ വിലയിരുത്താൻ കഴിയുകയുള്ളൂ. ആശങ്കകൾക്ക് പരിഹാരമായി കോടതികളുടെ നീതിയിലധിഷ്ഠിതമായ നിയമ വ്യാഖ്യാനങ്ങൾക്ക് കാതോർക്കുകയേ വഴിയുള്ളൂ.
(മുൻ അധ്യാപകനും കോഴിക്കോട് ഗവ. ലോ കോളജിലെ അവസാന വർഷ എൽഎൽ.ബി വിദ്യാർഥിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.