Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right നാറ്റോയുടെ പുതിയ...

 നാറ്റോയുടെ പുതിയ നയതന്ത്ര ഭാഷ്യം 

text_fields
bookmark_border
 നാറ്റോയുടെ പുതിയ നയതന്ത്ര ഭാഷ്യം 
cancel

രണ്ടാം ലോക യുദ്ധത്തിലുണ്ടായ ദുരനുഭവങ്ങളാണ് അമേരിക്കയെയും സഖ്യരാഷ്​ട്രങ്ങളെയും സൈനിക കൂട്ടായ്മകളിലൂടെ ഒന്നിച്ചുനിൽക്കാനും പരസ്പരം സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും പ്രേരിപ്പിച്ചത്. 1949ൽ ബ്രസൽസ് ആസ്ഥാനമായി രൂപംകൊണ്ട ‘നാറ്റോ’ സൈനികസഖ്യം തന്നെയാണ് ഇതിൽ മുഖ്യം. അമേരിക്കയുടെയും യൂറോപ്യൻ രാഷ്​ട്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ളൊരു നടപടിയായിരുന്നു ഇത്. സോവിയറ്റ് യൂനിയ​​​െൻറ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു ഇതി​​​െൻറ ലക്ഷ്യം. എന്നാൽ, ഇന്ന് സോവിയറ്റ് യൂനിയൻ നിലവിലില്ല. റഷ്യയുടെ നയങ്ങളും നിലപാടുകളും മാറിയിരിക്കുന്നു. വ്ലാദ്മിർ പുടിൻ ഡോണൾഡ്  ട്രംപുമായി പ്രത്യേകം അടുപ്പമുള്ള ആളുമാണ്. എങ്കിൽ പിന്നെ നാറ്റോ  സൈനിക സഖ്യത്തി​​​െൻറ പ്രസക്തിയെന്താണ് ? 

കഴിഞ്ഞ നൂറ്റാണ്ടി​​​െൻറ അന്ത്യദശകം, സോവിയറ്റ് യൂനിയ​​​െൻറ തിരോധാനവുമായി ബന്ധപ്പെട്ട് പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. ശീതസമര പ്രക്രിയക്ക് വിരാമമായത് ചേരിപ്പോരിനു അന്ത്യം കുറിച്ചു. ഇത് അന്താരാഷ്​ട്ര രംഗത്ത് സവിശേഷ ചലനങ്ങളുളവാക്കി. പശ്ചിമ യൂറോപ്പിലെ പല രാഷ്​ട്രങ്ങളും പ്രതിരോധ ബജറ്റ് വെട്ടിച്ചുരുക്കി. സൈനികരുടെ എണ്ണം കുറക്കാൻ നടപടി സ്വീകരിച്ചു. ജർമനി 1989ൽ ഉണ്ടായിരുന്ന പന്ത്രണ്ട്   ഡിവിഷൻ സൈന്യത്തി​​​െൻറ നാലിലൊന്നു മാത്രമാണ് ഇപ്പോൾ നിലനിർത്തുന്നതെന്നറിയുന്നു. ജനങ്ങൾ യുദ്ധം ഇഷ്​ടപ്പെടുന്നവരല്ലല്ലോ. പ്രതിരോധ ബജറ്റ് വെട്ടിച്ചുരുക്കാനും ജീവിതസൗകരൃങ്ങൾ മെച്ചപ്പെടുത്താനുമാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ഏകധ്രുവ ലോകവ്യവസ്ഥ നിലവിൽവന്നത് പുതിയ പ്രശ്നങ്ങൾക്കുള്ള നാന്ദി കുറിച്ചിരിക്കുന്നു. ആണവായുധങ്ങളുടെ നിർമാണവും വിപണനവും വ്യവസായവത്​കരിച്ച അമേരിക്കയുടെ നയതന്ത്രം യുദ്ധങ്ങൾ അനിവാര്യമാക്കുന്നതാണ്. യഥാർഥത്തിൽ, ലോകരാഷ്​ട്രങ്ങളുടെ ആകെയുള്ള സൈനികച്ചെലവി​​​െൻറ പന്ത്രണ്ട് ശതമാനം ഇപ്പോൾതന്നെ ‘നാറ്റോ’ ചെലവഴിക്കുന്നുണ്ടത്രെ! എന്നാൽ, ട്രംപ്​ യൂറോപ്യൻ യൂനിയൻ രാഷ്​ട്രങ്ങളോടാവശ്യപ്പെടുന്നതു സൈനിക ബജറ്റ് വർധിപ്പിക്കണമെന്നും ചുരുങ്ങിയപക്ഷം ദേശീയ വരുമാനത്തി​​​െൻറ രണ്ടു ശതമാനം ഓരോ രാഷ്​ട്രവും ഇതിനായി മാറ്റിവെക്കണമെന്നുമാണ്. ഇത് ലോകസമാധാനത്തിനു ഭീഷണിയാണെങ്കിലും അമേരിക്കയുടെ ആണവായുധക്കമ്പനികളെ തൃപ്തിപ്പെടുത്തുന്നതും അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതുമാണ്. 

 ‘നാറ്റോ’  വിപുലീകരണം കൊണ്ട് ഇതുമാത്രമേ ഇന്ന് സാധ്യമാകുകയുള്ളൂ. അൽബേനിയ, ​ക്രൊയേഷ്യ, മാസിഡോണിയ എന്നീ രാഷ്​ട്രങ്ങൾ അംഗത്വത്തിനായി കാത്തിരിക്കുന്നുണ്ട്. ഇവയെല്ലാം നേരത്തെ റഷ്യയുടെ ഭാഗമായിരുന്ന കിഴക്കൻ യൂറോപ്യൻ രാഷ്​ട്രങ്ങളാണെന്നതും ശ്രദ്ധേയമാണ്. ‘ദി ലോസ് ആഞ്​ജലസ് ടൈംസി’ൽ ആൻഡ്രിയോ ബെക്കറീഷ് (Andrew Barcerich) അഭിപ്രായപ്പെട്ടതുപോലെ ഈ രാഷ്​ട്രങ്ങളെല്ലാം വൻശക്തികളുടെ (അമേരിക്കയുടെ) കരങ്ങളിൽ പാവകളായി മാറും. ട്രംപ്​ ആഗ്രഹിക്കുന്നതും അതുതന്നെ.

 ‘നാറ്റോ’ സമ്മേളനം തുടങ്ങിയതുതന്നെ സ്വരച്ചേർച്ചയില്ലാതെയാണ്. ബെൽജിയത്തിലെ അമേരിക്കൻ അംബാസഡറുടെ വസതിയിൽ പ്രാതൽ കഴിച്ചുകൊണ്ടിരിക്കെ, ട്രംപ്​  ജർമനിക്കെതിരെ വിമർശനങ്ങളുയർത്തി തുടക്കം കുറിച്ചു. ഇന്ധനങ്ങൾക്കുവേണ്ടി റഷ്യക്കു വൻതുകയാണ് ജർമനി നൽകുന്നത്. എന്നാൽ, പ്രതിരോധാവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് ദേശീയ വരുമാനത്തി​​​െൻറ 1.24 ശതമാനം മാത്രമാണ്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാത്രമല്ല, ചൈനയുമായും ജർമനി ഈയിടെ വ്യാപാരകരാറിൽ  ഒപ്പുവെച്ചിരിക്കുന്നു. എന്നാൽ, അമേരിക്കയുമായുള്ള വാണിജ്യബന്ധത്തിലാകട്ടെ തൂക്കം അമേരിക്കക്കു അനുകൂലവുമല്ല. യൂറോപ്യൻ യൂനിയനിലെ ഏറ്റവും ശക്തവും സമ്പന്നവുമായ  രാഷ്​ട്രമാണ് ജർമനി. 

അതുകൊണ്ട് തന്നെ  ‘നാറ്റോ’ സമ്മേളനവേദി സഖ്യകക്ഷികളെ വിരട്ടാനുള്ള അവസരമായി ദുരുപയോഗം ചെയ്തത് ആരെയും തൃപ്തിപ്പെടുത്താൻ സഹായിക്കുന്ന നടപടിയായിരുന്നില്ല. ‘നാറ്റോ’ സഖ്യത്തിനെതിരെയുള്ള സൈനിക ഭീഷണിയോ, അന്താരാഷ്​ട്ര രംഗത്തെ ഭീകരവാദമോ ആയിരുന്നു ചർച്ചചെയ്യപ്പെട്ടതെങ്കിൽ അതു മനസ്സിലാക്കാമായിരുന്നു. എന്നാൽ, അംഗലാ ​െമർകലി​​​െൻറ വിവേകപൂർണമായ മറുമൊഴിയാണ് വിവാദങ്ങൾ ഒഴിവാക്കിയത്. തുടർന്ന് ട്രംപിനു  മറുപടി നൽകി ജർമനിയുടെ വിദേശകാര്യ മന്ത്രി ഹൈകോ മാസ് (Heiko Maas) ട്വിറ്ററിൽ കുറിച്ചു: ‘ജർമനി റഷ്യയുടെയോ അമേരിക്കയുടെയോ തടവറയിലല്ല; ഞങ്ങൾ സ്വതന്ത്രലോകത്തി​​​െൻറ ഭാഗവും അതി​​​െൻറ സംരക്ഷകരുമാണ്.’ ഏതായാലും അഭിപ്രായഭിന്നതകൾ സ്വാഭാവികമാണെന്ന ‘നാറ്റോ’ സെക്രട്ടറി ജനറൽ സ്​റ്റോൾടൻ ബർഗി​​​െൻറ വാക്കുകളിൽ അതൊതുങ്ങി.

പ്രതീക്ഷിച്ചതുപോലെ, ഇറാൻ, റഷ്യ, ഉത്തര കൊറിയ എന്നീ രാഷ്​ട്രങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾതന്നെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. സിറിയയിൽ റഷ്യയുടെ വെല്ലുവിളി അമേരിക്കയുടെ സ്വൈരം​ കെടുത്തിയിട്ടുണ്ട്. ഇറാൻ ദീർഘദൂര മിസൈലുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ​ത്രെ! അവയുടെ ശേഷിയും കൃത്യതയും അലോസരപ്പെടുത്തുന്നതു ഇസ്രായേലിനെയാണ്. ഉത്തര കൊറിയയും എളുപ്പം വഴങ്ങുന്ന കൂട്ടത്തിലല്ല. ഏതായാലും, ഇതെല്ലാം പരിഗണിച്ചു തന്നെയാവണം അവസാനം അംഗരാഷ്​ട്രങ്ങളെല്ലാം ജി.ഡി.പി യുടെ രണ്ടു ശതമാനം പ്രതിരോധ ആവശ്യങ്ങൾക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. 2024 ൽ ലക്ഷ്യം കാണണമെന്നും അതോടെ എല്ലാ  രാഷ്​ട്രങ്ങളും ‘നാറ്റോ’ സൈന്യത്തി​​​െൻറ ചെലവുകൾ സന്തുലിതമായി പങ്കുവെക്കണമെന്നും തീരുമാനിക്കപ്പെട്ടു.

പുതിയ ലോകസാഹചര്യങ്ങൾ ‘നാറ്റോ’ വി​​​െൻറ ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടു. റഷ്യ ശക്തിപ്പെട്ടുവരുകയാണ്. കിഴക്കൻ യൂറോപ്പിലും, മിഡിൽഇൗസ്​റ്റിലും അവർ പിടിമുറുക്കുന്നു. മാത്രമല്ല, അയൽ രാഷ്​ട്രങ്ങളുടെമേൽ റഷ്യ നടത്തുന്ന സമ്മർദങ്ങൾ സംഘർഷങ്ങൾക്ക് വഴിവെക്കുന്നതായും അവ ‘നാറ്റോ’വിനു അവഗണിക്കാവുന്നതല്ലെന്നും അഭിപ്രായമുയർന്നു. 2008ൽ ജോർജിയയിലും 2014ൽ യു​ക്രെയ്​നിലും റഷ്യ നടത്തിയ സൈനിക നടപടികളിൽ യൂറോപ്യൻ യൂനിയൻ അംഗങ്ങളെല്ലാം ആകുലരാണ്. അതുകൊണ്ടു തന്നെ, അംഗരാഷ്​ട്രങ്ങൾക്കിടയിൽ കൂടുതൽ ഐക്യദാർഢ്യവും സഹകരണവും പ്രകടമാവേണ്ട സന്ദർഭമാണിത്. എന്നാൽ, അങ്ങനെയൊരു സംയോജിത ശ്രമത്തിന് മുൻകൈയെടുക്കുന്നതിനു പകരം നിലനിൽക്കുന്ന സഹകരണ മനോഭാവം തന്നെയും ഇല്ലായ്മചെയ്യുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഏതു പ്രശ്നവും കച്ചവടമനഃസ്ഥിതിയോടെ, സാമ്പത്തിക നേട്ടങ്ങൾ മുന്നിൽ കണ്ടു കൈകാര്യം ചെയ്യുന്ന നവലിബറൽ അമേരിക്കൻ സാമ്പത്തിക നയങ്ങളെയാണ്  ട്രംപ്​ പ്രതിനിധാനംചെയ്യുന്നത്. എന്തിനും ‘അമേരിക്ക മുന്നിൽ’ എന്ന് മുദ്രാവാക്യം മുഴക്കി തെരഞ്ഞെടുപ്പ് ജയിച്ച ട്രംപ്​ യൂറോപ്യൻ രാജ്യങ്ങളുമായും ചൈനയുമായും വാണിജ്യ മത്സരത്തിലേർപ്പെട്ടിരിക്കുകയാണ്. ത​​​െൻറ ചൊൽപടിക്കു വഴങ്ങാത്ത രാഷ്​ട്രങ്ങളെ നിർബന്ധിച്ചു വരുതിയിൽ നിർത്താനുള്ള തന്ത്രങ്ങളെല്ലാം ട്രംപി​​​െൻറ കൈവശമുണ്ട്. ബ്രസൽസിലേക്കു പുറപ്പെടുന്നതിന്നു മുമ്പുതന്നെ ഇത് വ്യക്തമാക്കപ്പെട്ടിരുന്നു. ‘നാറ്റോ’ സമ്മേളനത്തിൽ മൂന്നു കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടതായി അദ്ദേഹം പ്രസ്താവിച്ചത് ഓർക്കുന്നു. അതിൽ പ്രഥമ ഗണനീയം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി നികത്തുക എന്നതായിരുന്നു.

അമേരിക്കക്കു യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ 151 ബില്യൺ ഡോളറി​​​െൻറ കമ്മിയുണ്ടത്രെ. ലാഭം കൊയ്യുന്ന രാഷ്​ട്രങ്ങളിലൊന്നാണ് ജർമനി. കൂടാതെ, ചൈന കടുത്ത മത്സരം കാഴ്ചവെക്കുന്നു. ഇത് തരണം ചെയ്യേണ്ടതാണ്. രണ്ടാമത്തേത്, ‘നാറ്റോ’വിലെ അംഗരാഷ്​ട്രങ്ങളെ സൈനികച്ചെലവുകൾ  തുല്യമായി വഹിക്കുന്നതിനു നിർബന്ധിക്കുകയെന്നതായിരുന്നു. ഇതു രണ്ടും  അനായാസേന   നേടിയെടുക്കാൻ ട്രംപിനു സാധിച്ചിരിക്കുന്നു. മുഖം ചുളിച്ചും ശണ്​ഠകൂടിയും കാര്യം നേടുകയെന്നതും നയതന്ത്രത്തി​​​െൻറ ഭാഗമാണെന്ന് വിശ്വസിക്കേണ്ടി വരുന്നു. 

‘നാറ്റോ’ സമ്മേളനത്തിൽ ആദ്യവസാനം അംഗങ്ങളെല്ലാം റഷ്യയുയർത്തുന്ന ഭീഷണിയെക്കുറിച്ചും അവരുടെ സൈനിക സാന്നിധ്യം ഉളവാക്കുന്ന സംഘർഷങ്ങളെക്കുറിച്ചുമാണല്ലോ വാചാലരായത്. അതിനാൽ, തുടർന്നു പുടിനുമായി അന്താരാഷ്​ട്ര വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നത് യൂറോപ്യൻ രാഷ്​ട്രങ്ങളുടെ നീരസത്തിന്​ ഇടനൽകുന്ന കാര്യമാണ്. ഇതിലൂടെ പശ്ചിമ യൂറോപ്പിലെ കൊമ്പൻ സ്രാവുകളെ ഒന്നുകൂടി  പരുവപ്പെടുത്താമെന്നാണ്  ട്രംപ്​ കണക്കുകൂട്ടുന്നത്.

യൂറോപ്യൻ രാഷ്​ട്രങ്ങൾ പല പ്രശ്നങ്ങളുടെയും ചുഴിയിലകപ്പെട്ടിരിക്കുകയാണ്. അഭയാർഥി പ്രവാഹം, വർധിച്ചുവരുന്ന വംശീയപ്രശ്നങ്ങൾ, സാമ്പത്തികമാന്ദ്യം, അതിലെല്ലാമുപരി ശക്തമായൊരു നേതൃത്വത്തി​​​െൻറ അഭാവം ഇതെല്ലാം അവരുടെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നു. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടു തന്നെയാവണം ട്രംപ്​ കരുക്കൾ നീക്കിയത്. നയതന്ത്രപാടവമൊന്നും അവകാശപ്പെടാനില്ലെങ്കിലും കാര്യം നേടാൻ ട്രംപ്​ മിടുക്കനാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. യൂറോപ്യൻ യൂനിയനെ മൂലക്കിരുത്തിയാൽ അമേരിക്കയുടെ അപ്രമാദിത്വം ഒന്നുകൂടി പ്രകടമാവും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleputinAngela Merkelnatomalayalam newsDonald Trump
News Summary - New diplomatic Language of NATO - Article
Next Story